ADVERTISEMENT

ജയ്പുർ ∙ രാജസ്ഥാൻ കോണ്‍ഗ്രസ് നിയമസഭാ കക്ഷിയിൽ ഭൂരിപക്ഷ പിന്തുണ ഉറപ്പിച്ച് അശോക് ഗെലോട്ട്. പാർട്ടിയുടെ 107 എംഎൽഎമാരിൽ 97പേരും പങ്കെടുത്ത യോഗം മുഖ്യമന്ത്രി അശോക് ഗെലോട്ടിനു പിന്തുണ പ്രഖ്യാപിച്ചു. സ്വതന്ത്ര എംഎൽഎമാരിൽ 10 പേരുടെ കൂടി പിന്തുണ ഉറപ്പാക്കിയതോടെ സർക്കാർ താഴെ വീഴുന്നതിനുള്ള സാധ്യതകൾ വിരളമായി. കൂറുമാറ്റ സാധ്യതകൾക്കു തടയിടുന്നതിന്റെ ഭാഗമായി സർക്കാരിനെ പിന്തുണയ്ക്കുന്ന എംഎൽഎമാരെ നിയമസഭാകക്ഷി യോഗത്തിനുശേഷം നഗരത്തിനു പുറത്തെ ഹോട്ടലിലേക്കു മാറ്റി. 

സ്ഥാനമാനങ്ങൾക്കു വേണ്ടിയല്ല തന്റെ പോരാട്ടം എന്നു വ്യക്തമാക്കിയ സച്ചിൻ പൈലറ്റ് തന്റെ അനുയായികളോടൊപ്പം യോഗത്തിൽ നിന്നു വിട്ടു നിന്നു. ഡൽഹിക്കു സമീപം ഹോട്ടലിൽ തങ്ങുന്ന അദ്ദേഹം ബിജെപിയിലേക്കില്ലെന്ന് ആവർത്തിച്ചു വ്യക്തമാക്കുകയും പ്രാദേശിക പാർട്ടി രൂപീകരിക്കുമെന്നുള്ള വാർത്തകൾ നിഷേധിക്കുകയും ചെയ്തു. ഞായറാഴ്ച രാത്രി മുഴുവൻ നീണ്ട രാഷ്ട്രീയ നാടകങ്ങൾക്കൊടുവിലാണ് മുഖ്യമന്ത്രിയുടെ വസതിയിൽ കോൺഗ്രസ് എംഎൽഎമാരുടെ യോഗം ചേർന്നത്. തിങ്കളാഴ്ച പുലർച്ചെ രണ്ടരക്കു നടത്തിയ വാർത്താസമ്മേളനത്തിൽ തനിക്കു 109 എംഎൽഎമാരുടെ പിന്തുണയുള്ളതായി മുഖ്യമന്ത്രി അവകാശപ്പെട്ടു.

രാവിലെ 10.30നു നിയമസഭാകക്ഷി യോഗം ചേരുമെന്നും അതിനായി വിപ്പ് നൽകിയതായും അറിയിച്ചു. തുടർന്നായിരുന്നു ഉച്ചയോടെ എംഎൽഎമാരുടെ യോഗം ചേർന്നത്. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും പങ്കെടുത്തു. ഇതിനു മുന്നോടിയായി മാധ്യമങ്ങളെ കണ്ട സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി അശോക് പാണ്ഡെ, കേന്ദ്ര നേതാക്കളായ രൺദീപ് സിങ് സുർജേവാല, അജയ് മാക്കൻ എന്നിവർ സച്ചിനടക്കം നേതാക്കൾക്കായി വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്നും ഏതു പ്രശ്നം ഉണ്ടെങ്കിലും പാർട്ടിക്കുള്ളിൽ ചർച്ച ചെയ്തു പരിഹരിക്കാവുന്നതേയുള്ളൂവെന്നും പറഞ്ഞു.

സച്ചിനുമായി കെ.സി.വേണുഗോപാൽ അടക്കം പാർട്ടിയുടെ മുതിർന്ന നേതാക്കൾ നേരിട്ടു സംസാരിക്കുന്നുണ്ടെന്നും അദ്ദേഹം ബിജെപിയിലേക്കു പോകുമെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്നും അറിയിച്ചു. എന്നാൽ സച്ചിൻ ക്യാംപിൽ നിന്ന് ഇതു സംബന്ധിച്ച അറിയിപ്പുകൾ ഒന്നും ഉണ്ടായിട്ടില്ല. 

ആദായനികുതി റെയ്ഡ്

രാജസ്ഥാനിൽ കോണ്‍ഗ്രസ് ഭിന്നതകൾക്കിടയിൽ മുഖ്യമന്ത്രി അശോക് ഗെലോട്ടുമായി അടുപ്പമുള്ള രണ്ടു ബിസിനസ് കേന്ദ്രങ്ങളിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി. കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് രാജീവ് അറോറയുടെ അംമ്രപാലി ഗ്രൂപ്പ്, ഇപ്പോൾ എംഎൽഎമാരെ പാർപ്പിച്ചിരിക്കുന്ന ഹോട്ടൽ ഗ്രൂപ്പിന്റെ ഉടമ ധർമേന്ദ്ര റാത്തോഡ് എന്നിവരുടെ സ്ഥാപനങ്ങളിലായിരുന്നു റെയ്ഡ്. 

ഇൻകം ടാക്സ്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സിബിഐ എന്നിവ ബിജെപിയുടെ മൂന്നു ഉപഘടകങ്ങളായി മാറിയിരിക്കുകയാണെന്നു ഇതേക്കുറിച്ചു കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല പ്രതികരിച്ചു. രാജസ്ഥാനിൽ സർക്കാരിനെ അട്ടിമറിക്കൽ പരാജയപ്പെട്ടതോടെ ഇൻകം ടാക്സിനു പിന്നാലെ മറ്റു രണ്ടു വിഭാഗങ്ങളും റെയ്ഡുമായി എത്തുമെന്നും അദ്ദേഹം പറഞ്ഞു.

പിന്തുണ പിൻവലിച്ച് ഭാരതീയ ട്രൈബൽ പാർട്ടി

ഭാരതീയ ട്രൈബൽ പാർട്ടി (ബിടിപി) രാജസ്ഥാനിൽ കോണ്‍ഗ്രസ് സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു. രണ്ട് എംഎൽഎമാരാണു പാർട്ടിക്കുള്ളത്. നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പു നടന്നാൽ വിട്ടുനിൽക്കാൻ എംഎൽഎമാർക്കു പാർട്ടി പ്രസിഡന്റ് മഹേഷ്ഭായ് വസാവ വിപ്പു നൽകി. കോൺഗ്രസിന്റെ ഏതെങ്കിലും വിഭാഗത്തേയോ ബിജെപിയേയോ പിന്തുണയ്ക്കരുതെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ മാസം നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി എംഎൽഎമാർ കോൺഗ്രസിന് അനുകൂലമായി വോട്ടു ചെയ്തിരുന്നു. ഇതിനിടെ കോൺഗ്രസിന്റെ നിയമസഭാകക്ഷി യോഗം ചൊവ്വാഴ്ച വീണ്ടും ചേരുമെന്നു രൺദീപ് സിങ് സുർജേവാല അറിയിച്ചു. രാവിലെ 10നു നടക്കുന്ന യോഗത്തിൽ സച്ചിൻ പൈലറ്റ് അടക്കമുള്ള എല്ലാ എംഎൽഎമാരോടും പങ്കെടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

English Summary: Gehlot has Enough Numbers; MLAs Shifted to Hotel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com