ADVERTISEMENT

കൊച്ചി ∙ കേരളത്തിലെ സ്വർണക്കടത്ത് കേസ് അത്യന്തം ഗൗരവത്തോടെ വീക്ഷിച്ചു കേന്ദ്ര സർക്കാർ. അന്വേഷണ പുരേ‍ാഗതി ദിനംപ്രതി കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരിട്ടു നിരീക്ഷിക്കുന്നതായി സർക്കാർ വൃത്തങ്ങൾ പറഞ്ഞു. കേസ് എത്രത്തേ‍ാളം ഗൗരവമായി കേന്ദ്രം എടുക്കുന്നുണ്ടെന്നതിന്റെ സൂചനയാണ് ഇതെന്ന് അന്വേഷണ ഏജൻസികൾ ചൂണ്ടിക്കാട്ടുന്നു.

സ്വർണക്കടത്തു മാത്രമല്ല, വർഷങ്ങളായി രാജ്യരക്ഷയെ ബാധിക്കുന്ന തരത്തിൽ പ്രവർത്തിക്കുന്ന വലിയ ശൃംഖലയുടെ ഭാഗമാണിതെന്നാണു നിരീക്ഷണം. അതിനു വ്യക്തത വരുത്തുന്ന രീതിയിൽ വിവിധ ഏജൻസികളുടെ സഹായത്തേ‍ാടെയാണ് എൻഐഎ അന്വേഷണം. കടത്ത് പിടികൂടിയതിന്റെ രണ്ടാമത്തെ ദിവസം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡേ‍ാവലിന്റെ ഇടപെടലേ‍ാടെയാണു അന്വേഷണ ചിത്രം മാറിയത്.

തുടർന്ന് കേരളവുമായി ബന്ധപ്പെട്ട പ്രധാന സ്വർണകടത്തു കേസുകളുടെ ഫയൽ വിളിപ്പിച്ച ആഭ്യന്തര മന്ത്രാലയം അതിന്റെ രാഷ്ട്രീയ ബന്ധങ്ങൾ സംബന്ധിച്ചു ഉയർന്ന ആരേ‍ാപണങ്ങളും പരിശേ‍ാധിച്ചു. സംഘടിത സ്വർണക്കടത്ത് ഉണ്ടാക്കുന്ന സാമൂഹിക പ്രത്യാഘാതങ്ങളെക്കുറിച്ച് എൻഫേ‍ാഴ്സ്മെന്റ്, ആദായനികുതി വകുപ്പ് മുതിർന്ന ഉദ്യേ‍ാഗസ്ഥരും യേ‍ാഗത്തിൽ വിശദീകരിച്ചു. ധന, വിദേശകാര്യ മന്ത്രിമാരും ആഭ്യന്തര വകുപ്പ് ഉന്നത ഉദ്യേ‍ാഗസ്ഥരും പങ്കെടുത്ത, ആറിന് വൈകിട്ടു നടന്ന യേ‍ാഗത്തിന്റെ അടിസ്ഥാനത്തിൽ 7ന് ആഭ്യന്തരമന്ത്രി അമിത് ഷാ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒ‍ാഫിസുമായി വിഷയം ചർച്ചചെയ്തു.

പ്രധാനമായും കേരളത്തിലെ 3 വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ടു 10 വർഷത്തിനിടെയുണ്ടായ സ്വർണക്കടത്തു കേസുകളുടെ വിവരം കസ്റ്റംസ്, ഡിആർഐ ഏജൻസികൾ മന്ത്രാലയത്തിനു കൈമാറി. അതിന്റെ വേരുകളും ഇപ്പേ‍ാഴത്തെ സംഭവവുമായി എന്തെങ്കിലും ബന്ധമുണ്ടേ‍ാ എന്നും പരിശേ‍ാധിക്കുമെന്നാണു സൂചനകൾ. കേരളത്തിൽ എൻഐഎ അന്വേഷിച്ച തീവ്രവാദ കേസുകളുടെ ഫയലുകളും വിളിപ്പിച്ചിട്ടുണ്ട്.

കേന്ദ്ര ഇന്റലിജൻസ്, റേ‍ാ എന്നീ ഏജൻസികൾ നൽകിയ റിപ്പേ‍ാർട്ടിലെ വ്യക്തമായ സൂചനകൾ കൂടി കണക്കിലെടുത്താണ് അന്വേഷണം ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) കൈമാറിയത്. ഭീകരപ്രവർത്തനത്തിന് സ്വർണക്കടത്തിലൂടെ സമ്പാദിച്ചപണം ഉപയേ‍ാഗിച്ചുവെന്നാണു നിഗമനം. ദിവസവും എൻഐഎ മേധാവി മുഖേനയാണു മന്ത്രാലയത്തിന്റെ അന്വേഷണത്തിന്റെ വിലയിരുത്തൽ. കേസിലെ പ്രധാനപ്രതികളെന്നു സംശയിക്കുന്നവർ പിടിയിലായതേ‍ാടെ എൻഫേ‍ാഴ്സ്മെന്റ് വിഭാഗവും അടുത്തദിവസം അന്വേഷണം ആരംഭിക്കും.

English Summary: Union Home Ministry monitoring Diplomatic Baggage Gold Smuggling case probe updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com