ADVERTISEMENT

തിരുവനന്തപുരം∙ വയലിനിസ്റ്റ് ബാലഭാസ്കർ അപകടത്തിൽപ്പെട്ട സ്ഥലത്ത് സ്വർണക്കടത്തു കേസിലെ പ്രതി സരിത്ത് ഉണ്ടായിരുന്നതായി കലാഭവൻ സോബി. മാധ്യമങ്ങളിലൂടെ ഫോട്ടോ കണ്ടപ്പോഴാണ് അപകടസ്ഥലത്ത് സരിത്തുണ്ടായിരുന്നതായി തിരിച്ചറിഞ്ഞതെന്നും സോബി പറയുന്നു. 

ബാലഭാസ്കറിന്റെ കാർ അപകടത്തിൽപ്പെട്ട സ്ഥലത്തുകൂടി പോയപ്പോൾ ദുരൂഹ സാഹചര്യത്തിൽ ചിലരെ കണ്ടതായി സോബി ക്രൈംബ്രാഞ്ചിനോടു പറ‍ഞ്ഞങ്കിലും അന്വേഷണം മുന്നോട്ടുപോയില്ല. പിന്നീട് ഡിആർഐ ചില സ്വർണക്കടത്തുകാരുടെ ഫോട്ടോകൾ കാണിക്കുകയും സോബി അതിലൊരാളെ തിരിച്ചറിയുകയും ചെയ്തിരുന്നു. സരിത്തിന്റെ ഫോട്ടോ കൂട്ടത്തിൽ ഇല്ലായിരുന്നു. നയതന്ത്ര സ്വർണക്കടത്ത് വിവാദമാകുകയും സരിത്ത് അറസ്റ്റിലാകുകയും ചെയ്തപ്പോഴാണു സരിത്തിനെ തിരിച്ചറിഞ്ഞതെന്നു സോബി പറയുന്നു. വയലിനിസ്റ്റ് ബാലഭാസ്കർ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെടുമ്പോൾ സംഭവ സ്ഥലത്തുണ്ടായിരുന്നവരിൽ ചിലർ സ്വർണക്കടത്തുമായി ബന്ധമുള്ളവരാണെന്നു സ്ഥിരീകരിച്ച ഡിആർഐ അന്വേഷണം നടത്തിവരികയാണ്. 25 കിലോ സ്വർണം കടത്തിയ സംഘത്തിൽ മുൻ മാനേജർ ഉൾപ്പെട്ടതോടെയാണു ബാലഭാസ്കറിന്റെ മരണത്തിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചത്.

2018 സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെയാണു ബാലഭാസ്കറും ഭാര്യയും കുട്ടിയും സഞ്ചരിച്ചിരുന്ന വാഹനം പള്ളിപ്പുറത്തിനടുത്തു നിയന്ത്രണംവിട്ട് റോഡരികിലുള്ള മരത്തിലിടിച്ചത്. കുട്ടി അപകടസ്ഥലത്തും ബാലഭാസ്കര്‍ ചികില്‍സയ്ക്കിടയിലും മരിച്ചു. ഭാര്യയ്ക്കും വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അര്‍ജുനും പരുക്കേറ്റിരുന്നു. അപകടം നടന്ന് 10 മിനിറ്റിനകം താൻ അതുവഴി കടന്നുപോയെന്നാണു സോബി ക്രൈംബ്രാഞ്ചിനു നൽകിയ മൊഴി. ബാലഭാസ്കറിന്റെ വണ്ടിയാണ് അപകടത്തിൽപ്പെട്ടതെന്ന് ആ സമയത്ത് അറിയില്ലായിരുന്നു. അപകടസ്ഥലത്തു തിരക്കുണ്ടായിരുന്നു. തന്റെ വാഹനം മുന്നോട്ടുപോയപ്പോൾ ഇടതു വശത്ത് ഒരാൾ ഓടുന്നതു കണ്ടു. വലതു വശത്ത് ഒരാൾ ബൈക്ക് തള്ളുന്നു. അപകടത്തിൽപ്പെട്ടവരുടെ സ്വന്തക്കാരാണെന്നു കരുതി വാഹനത്തിന്റെ വേഗം കുറച്ചു. അവർ കൈ കാണിച്ചില്ല. അവരെ കണ്ടപ്പോൾ പന്തികേട് തോന്നി. മുന്നോട്ടുപോയപ്പോൾ കുറച്ച് ആളുകൾ വണ്ടിയുടെ ബോണറ്റിൽ അടിച്ച് വണ്ടിയെടുത്ത് മാറ്റാൻ ആക്രോശിച്ചു. ലൈറ്റിന്റെ വെട്ടത്തിൽ അവരുടെ മുഖം വ്യക്തമായി കണ്ടു. ചുവന്ന ടീഷർട്ട് ധരിച്ച് കണ്ണട വച്ചൊരാൾ റോഡിന്റെ സൈഡിൽനിന്നത് സരിത്താണെന്നാണു സോബിയുടെ വാദം. സരിത് പോക്കറ്റിൽ കൈയ്യിട്ട് കൂട്ടത്തിൽനിന്നു മാറി നിൽക്കുകയായിരുന്നു. മറ്റെല്ലാവരും തെറിവിളിച്ചപ്പോൾ സരിത് തെറിവിളിച്ചില്ല. ഇതാണ് ആ രൂപം പെട്ടെന്ന് ഓർമിക്കാൻ കാരണമെന്നും സോബി പറയുന്നു. 

ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ടു വെളിപ്പെടുത്തലുകൾ നടത്തിയ കലാഭവൻ സോബിയെ ഡിആർഐ വിളിച്ചുവരുത്തി സ്വർണക്കടത്തുമായി ബന്ധമുള്ള 32 പേരുടെ ഫോട്ടോ പരിശോധനയ്ക്കായി നൽകിയിരുന്നു. വിമാനത്താവളത്തിലൂടെ സ്വർണം കടത്തിയ കേസിൽ വിദേശത്ത് ഒളിവിൽ കഴിയുന്നവരുടേയും കാരിയർമാരായി പ്രവർത്തിച്ച 10 സ്ത്രീകളുടെയും ഫോട്ടോകൾ കൂട്ടത്തിലുണ്ടായിരുന്നു. അതിൽ ഒരാളെ സോബി തിരിച്ചറിഞ്ഞു. ബാലഭാസ്കര്‍ സഞ്ചരിച്ച വാഹനം ഓടിച്ചത് ഡ്രൈവര്‍ അര്‍ജുനാണെന്ന ഫൊറന്‍സിക് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, അപകടത്തില്‍ ദുരൂഹതകളില്ലെന്നാണു ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. പിന്നീട് കേസ് സിബിഐ ഏറ്റെടുത്തു.

അതേസമയം, കലാഭവൻ സോബിയുടെ വെളിപ്പെടുത്തൽ അന്വേഷിക്കണമെന്ന് ബാലഭാസ്ക്കറിന്റെ അച്ഛൻ ആവശ്യപ്പെട്ടു. മരണത്തിൽ ദുരൂഹത ഉണ്ടെന്ന വാദത്തിൽ ഉറച്ചുനിൽക്കുന്നു. മകനെ ബലിയാടാക്കി സ്വർണം കടത്തിയതാണോ എന്ന് അന്വേഷണ വിധേയമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlight: Violinist Balabhaskar, Kalabhavan Sobi, Diplomatic Baggage Gold Smuggling, Sarith, 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com