ADVERTISEMENT

ന്യൂഡല്‍ഹി ∙ രാഹുല്‍ ബ്രിഗേഡിലെ ഏറ്റവും വിശ്വസ്തരായ രണ്ടു യുവനേതാക്കള്‍ മാസങ്ങളുടെ മാത്രം വ്യത്യാസത്തില്‍ പാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ത്തിയതിന്റെ കടുത്ത അങ്കലാപ്പിലാണ് കോണ്‍ഗ്രസ് നേതൃത്വം. ജ്യോതിരാദിത്യ സിന്ധ്യക്കു പിന്നാലെ സച്ചിന്‍ പൈലറ്റ് കൂടി വിട്ടുപോയാല്‍ ഒരു സംസ്ഥാനം കൂടി കോണ്‍ഗ്രസിന്റെ കൈയില്‍നിന്നു വഴുതിപ്പോകും.

30 എംഎല്‍എമാരുടെ പിന്തുണ അവകാശപ്പെടുന്ന സച്ചിന്‍ പൈലറ്റ് ഡല്‍ഹിയിലെത്തിയിട്ടും നേരിട്ടു കൂടിക്കാഴ്ച നടത്താന്‍ രാഹുല്‍ ഗാന്ധിയോ സോണിയ ഗാന്ധിയോ ഇതുവരെ തയാറായിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഉപമുഖ്യമന്ത്രി കൂടിയായ സച്ചിന്‍ പൈലറ്റ് ഒമ്പതു ദിവസം മുന്‍പാണ് പാര്‍ട്ടി നിയോഗിച്ച മധ്യസ്ഥരുമായി ചര്‍ച്ച നടത്തിയത്. 

ഏതെങ്കിലും തരത്തില്‍ ധാരണയായതിനു ശേഷം പൈലറ്റിനെ നേരിട്ടു കണ്ടാല്‍ മതിയെന്നാണ് രാഹുലിന്റെയും സോണിയയുടെയും തീരുമാനമെന്നാണ് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ മുഖ്യമന്ത്രിപദത്തെ കുറിച്ചു വിലപേശല്‍ നടത്താന്‍ പാടില്ലെന്ന നിലപാടിലാണ് രാഹുലും സോണിയയും. ഇക്കാര്യം വിശ്വസ്തര്‍ വഴി പൈലറ്റിനെ അറിയിച്ചിട്ടുണ്ട്.

പൈലറ്റ് ചെറുപ്പമാണെന്നും ഭാവിയില്‍ മുഖ്യമന്ത്രിയാവാന്‍ കഴിയുമെന്നും മധ്യസ്ഥര്‍ അദ്ദേഹത്തെ അറിയിച്ചു. എന്നാല്‍ ഇക്കുറി മുഖ്യമന്ത്രിപദത്തില്‍ കുറഞ്ഞൊരു വിട്ടുവീഴ്ചയ്ക്കുമില്ലെന്നാണ് പൈലറ്റിന്റെ മറുപടി. 2018 ല്‍ മുഖ്യമന്ത്രിപദത്തിലുള്ള അവകാശവാദം പിന്‍വലിച്ച് ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്ത തന്നോടു വിവേചനപരമായാണ് മുഖ്യമന്ത്രി അശോക് ഗെലോട്ട് പെരുമാറുന്നതെന്നാണ് പൈലറ്റിന്റെ ആരോപണം.

ഉപമുഖ്യമന്ത്രിപദം, സംസ്ഥാന അധ്യക്ഷപദവി, അഞ്ച് മന്ത്രിമാരുടെ ചുമതല എന്നിവയാണ് പൈലറ്റിനു നല്‍കിയിരിക്കുന്നത്. മധ്യപ്രദേശില്‍ മാര്‍ച്ചില്‍ 22 എംഎല്‍എമാരുമായി ജ്യോതിരാദിത്യ സിന്ധ്യ പാര്‍ട്ടി വിട്ട് ബിജെപിയിലെത്തിയ സമയത്തു തന്നെ പൈലറ്റും ബിജെപി നേതൃത്വവുമായി ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നുവെന്നാണു സൂചന. സിന്ധ്യയും ചര്‍ച്ചകളുടെ ഭാഗമായിരുന്നു. പഴയ സഹപ്രവര്‍ത്തകനായ പൈലറ്റ് പാര്‍ട്ടിയില്‍ ഒതുക്കപ്പെടുന്നതിലും പീഡിപ്പിക്കപ്പെടുന്നതിലും ഖേദമുണ്ടെന്ന് കഴിഞ്ഞ ദിവസം സിന്ധ്യ ട്വിറ്ററില്‍ കുറിച്ചു. കഴിവിനും യോഗ്യതയ്ക്കും കോണ്‍ഗ്രസില്‍ വലിയ വിലയില്ലെന്നാണു തെളിയിക്കുന്നതെന്നും സിന്ധ്യ ആരോപിച്ചു.

രാജ്യസഭാ തിരഞ്ഞെടുപ്പു വേളയില്‍ സച്ചിന്‍ കോണ്‍ഗ്രസ് വിടുമെന്നാണു ബിജെപി കുരുതിയിരുന്നത്. കഴിഞ്ഞ മാസം രാജസ്ഥാനില്‍ മൂന്നു രാജ്യസഭാ സീറ്റിലേക്കു തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. കോണ്‍ഗ്രസ് എംഎല്‍എമാരെ കോടികള്‍ നല്‍കി വിലയ്‌ക്കെടുക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്നു അശോക് ഗെലോട്ട് ആരോപിച്ചിരുന്നു. എന്നാല്‍ പൈലറ്റ് ഇതു തള്ളിക്കളഞ്ഞു. മൂന്നു സീറ്റില്‍ രണ്ടെണ്ണം കോണ്‍ഗ്രസ് ജയിക്കുകയും ചെയ്തു. പാര്‍ട്ടിയിലെ പടലപ്പിണക്കം മൂർച്ഛിക്കുന്നതിനെക്കുറിച്ചു കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനു ധാരണയുണ്ടായിരുന്നു.

എന്നാല്‍ പൈലറ്റിനെ കാണും മുന്‍പ് ഒരു പൊതുധാരണയുണ്ടാക്കാന്‍ കഴിയാത്ത നിലയിലാണു നേതൃത്വം. സോണിയയും രാഹുലും ഒരു വര്‍ഷത്തോളമായി കാണാന്‍ അനുവാദം നല്‍കിയിരുന്നില്ലെന്ന് സിന്ധ്യ പാര്‍ട്ടി വിട്ടപ്പോള്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഏതു സമയത്തും തന്റെ വീട്ടിലേക്കു വരാന്‍ കഴിയുന്ന ആളുകളില്‍ ഒരാളാണ് സിന്ധ്യ എന്നായിരുന്നു രാഹുലിന്റെ പ്രതികരണം. ഇപ്പോള്‍ സിന്ധ്യയുടെ വഴിയേ പൈലറ്റും സോണിയയെും രാഹുലിനെയും കാണാനാവാതെ പാര്‍ട്ടിയില്‍നിന്നു പുറത്തേക്കു പോകുമോ എന്നാണു രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. 

2018-ല്‍ രാജസ്ഥാനിലും മധ്യപ്രദേശിലും കോണ്‍ഗ്രസ് ബിജെപിയെ തറപറ്റിച്ച് ഞെട്ടിപ്പിക്കുന്ന വിജയം കൈപ്പിടിയില്‍ ഒതുക്കിയപ്പോള്‍ ദേശീയ രാഷ്ട്രീയത്തില്‍ തിരിച്ചുവരവിന്റെ തുടക്കമാണെന്നു പലരും വിലയിരുത്തി. എന്നാല്‍ രണ്ടു വര്‍ഷത്തിനിപ്പുറം അധികാരത്തര്‍ക്കത്തിന്റെ പേരില്‍ ഒരു സംസ്ഥാനം കൈവിട്ടു പോകുകയും മറ്റൊന്ന് വഴുതിക്കൊണ്ടിരിക്കുകയും ചെയ്യുന്നതിന്റെ ആശങ്കയിലാണു ദേശീയ നേതൃത്വം.

2018ല്‍ രാഹുലിന്റെ ഇടപെടലില്‍ മധ്യപ്രദേശില്‍ കമല്‍നാഥും രാജസ്ഥാനില്‍ അശോക് ഗെലോട്ടും മുഖ്യമന്ത്രിമാരായി. മറ്റു പദവികള്‍ നല്‍കിയ സിന്ധ്യയെയും പൈലറ്റിനെയും അനുനയിപ്പിച്ചെങ്കിലും രാഹുല്‍ അധ്യക്ഷസ്ഥാനത്തുനിന്നു മാറിയതോടെ കലഹം മൂർച്ഛിക്കുകയായിരുന്നു.

English Summary: Why Gandhis Have Not Met Sachin Pilot

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com