ADVERTISEMENT

എൻഐഎ ദക്ഷിണേന്ത്യയിൽ നിന്നുള്ള ആദ്യ എസ്പിയായിരുന്ന ടി.കെ.രാജ്മോഹൻ വിശദീകരിക്കുന്നു


മുംബൈ ഭീകരാക്രമണത്തിനു ശേഷമാണ് എൻഐഎ നിയമം 2008ൽ യുപിഎ സർക്കാർ പാസാക്കിയത്. ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) നിലവിൽ വന്നത് 2009 ജനുവരി ഒന്നിന്. ഏജൻസിയുടെ ആസ്ഥാനം ഡൽഹി. കൊച്ചി ഉൾപ്പെടെ 8 ശാഖകൾ. കഴിഞ്ഞ ജൂലൈ വരെ അന്വേഷിച്ചത് 272 കേസുകൾ. 199 എണ്ണത്തിൽ കുറ്റപത്രം സമർപ്പിച്ചു. 51 എണ്ണത്തിൽ കോടതി വിധി പുറപ്പെടുവിച്ചു. 46 എണ്ണത്തിൽ ശിക്ഷ നടപ്പാക്കി. രാജ്യത്തെവിടെയും തീവ്രവാദവുമായി ബന്ധപ്പെട്ട സംഭവങ്ങൾ ഏജൻസിക്ക് അന്വേഷിക്കാം. രാജ്യത്തിന്റെ പരമാധികാരം, സുരക്ഷ, അഖണ്ഡത തുടങ്ങിയവയെ ബാധിക്കുന്ന കേസുകളും അന്വേഷണ പരിധിയിൽ വരും. ആയുധം, ലഹരിമരുന്ന്, കള്ളനോട്ട്, കള്ളപ്പണം, സ്വർണക്കടത്ത് കേസുകളും ഉൾപ്പെടും

? കേരളത്തിൽ എൻഐഎ കേസുകൾ നിലവിലുണ്ടോ.

കേരളത്തിൽ ഇത്തരം മുപ്പതോളം കേസുകൾ നിലവിൽ അന്വേഷിച്ചു വരുന്നുവെന്നാണ് വിവരം.

? കേസ് അന്വേഷിക്കുന്ന രീതി

സംസ്ഥാന സർക്കാരിൽനിന്നു ലഭിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലോ, കേന്ദ്ര സർക്കാരിനു നേരിട്ടോ കേസുകൾ എൻഐഎക്കു വിടാം. കസ്റ്റംസ് അന്വേഷിക്കുന്ന കേസുകൾ കൈമാറുന്ന രീതിയുമുണ്ട്. രാജ്യത്തിന്റെ ഏതു ഭാഗത്തു നിന്നും തീവ്രവാദം സംബന്ധിച്ച പ്രവർത്തനങ്ങളുടെ വിവരം ലഭിച്ചാൽ ഈ ഏജൻസി അന്വേഷിക്കും. ഏതൊക്കെ കേസുകളാണ് അന്വേഷിക്കേണ്ടതെന്നു രണ്ടു ജഡ്‌ജിമാരടങ്ങിയ സമിതിയാണു തീരുമാനിക്കുക. പരാതിയോ വിവരങ്ങളോ ലഭിച്ചാൽ ഏഴു ദിവസത്തിനകം ജഡ്‌ജിമാർ അതിൽ തീരുമാനമെടുക്കും. അന്വേഷണം ഉടൻ ആരംഭിക്കുകയും ചെയ്യും. ആയുധ നിർമാണം, ആയുധക്കടത്ത്, നിരോധിത ആയുധങ്ങൾ കൈവശം വയ്ക്കുന്നത് എന്നിവ അന്വേഷണപരിധിയിൽ ഉണ്ട്.

? രാജ്യദ്രോഹിയായും ഭീകരനായും പ്രഖ്യാപിക്കാൻ അവകാശമുണ്ടോ

സംഘടനകളെ മാത്രമല്ല വ്യക്തിയെയും ഭീകരനായി പ്രഖ്യാപിക്കാൻ എൻഐഎയ്ക്ക് അധികാരം ഉണ്ട്. കൂടുതൽ അധികാരങ്ങൾ നൽകുന്ന വിധം എൻഐഎ നിയമവും യുഎപിഎ നിയമവും (നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം) ഭേദഗതി ചെയ്യാനുള്ള ബില്ലുകൾക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്. അതിനാൽ ഇന്ത്യക്കാർ ഉൾപ്പെടുന്ന വിദേശത്തെ ഭീകര പ്രവർത്തനങ്ങളിലും കേസെടുക്കാൻ അധികാരം ഉണ്ട്. സൈബർ കുറ്റകൃത്യങ്ങളും മനുഷ്യക്കടത്തും ഉൾപ്പെടെയുള്ള വിഷയങ്ങളും എൻഐഎക്ക് അന്വേഷിക്കാനാകും.

? വിദേശ രാജ്യങ്ങളിലെ കേസുകൾ

വിദേശ രാജ്യങ്ങളിൽ ഇന്ത്യയുടെ എംബസി, വിദേശ ഇന്ത്യക്കാർ എന്നിവർക്കു നേരെയുണ്ടാകുന്ന തീവ്രവാദ ആക്രമണങ്ങൾ എന്നിവ അന്വേഷിക്കാൻ എൻഐഎയ്ക്ക് അധികാരം ഉണ്ട്. ഇതിനായി വിദേശ രാജ്യങ്ങളുടെ സഹകരണം നയതന്ത്രതലത്തിൽ ഉറപ്പാക്കും.

? സ്വർണക്കടത്ത് രാജ്യദ്രോഹക്കുറ്റമാണോ

സ്വർണക്കടത്ത് കൊണ്ടു ലഭിക്കുന്ന പണം ഉപകരിക്കുന്നത് കൂടുതലും തീവ്രവാദ ബന്ധത്തിനാണ്. ഇതിൽ നിന്നുള്ള കള്ളപ്പണത്തിന്റെ ക്രയവിക്രയം രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുന്നതിനാൽ ഇത് രാജ്യദ്രോഹ പട്ടികയിലാണ്.

? കേരളത്തിൽ എൻഐഎ യൂണിറ്റ് എവിടെയൊക്കെ.

കൊച്ചിയിൽ മാത്രം. 2 കോടതികൾ ഇതിനായി പ്രവർത്തിക്കുന്നുണ്ട്. ജഡ്ജിയെ നിയമിക്കാനുള്ള അധികാരം ഹൈക്കോടതി ചീഫ് ജസ്റ്റിസിനാണ്. കൊച്ചി യൂണിറ്റിന്റെ പരിധിയിലാണ് തമിഴ്നാട്, കർണാടക, പുതുച്ചേരി സംസ്ഥാനങ്ങളും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com