ADVERTISEMENT

കൊച്ചി∙ ഇന്നലെ കസ്റ്റംസ് ഓഫിസിലെത്തി കീഴടങ്ങിയ മൂവാറ്റുപുഴ സ്വദേശി ജലാൽ വർ‍ഷങ്ങളായി കേരള പൊലീസും കസ്റ്റംസും അന്വേഷിക്കുന്ന പിടികിട്ടാപ്പുള്ളി. രാജ്യത്തേയ്ക്ക് വിവിധ വിമാനത്താവളങ്ങൾ വഴി സ്വർണം കടത്തുന്നതിന് ആളുകളെ നിയോഗിച്ചിരുന്നത് ജലാലാണെന്നാണ് കസ്റ്റംസ് തിരിച്ചറിഞ്ഞിട്ടുള്ളത്.

കേരളത്തിലെ വിമാനത്താവളങ്ങൾക്കു പുറമേ ചെന്നൈ, മുംബൈ, ബെംഗളുരു വിമാനത്താവളങ്ങളിലൂടെ നിരവധി ആളുകളെ നിയോഗിച്ച് ഇയാൾ സ്വർണം കടത്തിയിട്ടുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. അതുകൊണ്ടു തന്നെ ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. ഇതിനിടെ അന്വേഷണത്തിന്റെ മുന തന്നിലേയ്ക്ക് നീളുന്നത് തിരിച്ചറിഞ്ഞാണ് ഇന്നലെ രണ്ടു പേർക്കൊപ്പം കസ്റ്റംസ് ഓഫിസിലെത്തി ഉദ്യോഗസ്ഥനു മുമ്പാകെ കീഴടങ്ങിയത്.

നെടുമ്പാശേരി കസ്റ്റംസ് ഉദ്യോഗസ്ഥൻ സ്വർണക്കടത്ത് കേസിൽ പ്രതിയാക്കപ്പെട്ട സംഭവത്തിലും ജലാലിന് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് അന്വേഷണ സംഘം ഇദ്ദേഹത്തെ തിരഞ്ഞിരുന്നു. രണ്ടു വർഷം മുമ്പ് തിരുവനന്തപുരം വിമാനത്താവളം വഴി ജലാൽ അഞ്ചു കിലോ സ്വർണം കടത്തിയതായി സമ്മതിച്ചിട്ടുണ്ട്. വിവിധ വിമാനത്താവളങ്ങളിലൂടെ ജലാൽ 60 കോടി രൂപയുടെ സ്വർണം കടത്തിയിട്ടുണ്ടെന്നാണ് വിവരം.

നിലവിൽ പിടിയിലുള്ള മലപ്പുറം പെരിന്തൽമണ്ണ സ്വദേശി റമീസുമായി  ജലാലിന് അടുത്തബന്ധമുണ്ടെന്ന് കസ്റ്റംസ് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ഇവിടെ എത്തുന്ന സ്വർണം എവിടെ, ആർക്ക് കൈമാറണം എന്ന കാര്യത്തിൽ കൃത്യമായ ധാരണയുള്ളത് ഇവർക്ക് രണ്ടു പേർക്കുമാണ്. അതുകൊണ്ടു തന്നെ ഇവരിൽ എത്തിയ സ്വർണം ഏതു രീതിയിൽ ചെലവഴിക്കപ്പെട്ടു എന്നതിനെക്കുറിച്ച് അറിയാനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

തിരുവനന്തപുരം യുഎഇ കോൺസുലേറ്റിന്റെ നയതന്ത്ര ബാഗിലൂടെ കൊണ്ടു വന്ന സ്വർണം റമീസ് എന്നയാൾക്ക് കൈമാറാനുള്ളതായിരുന്നു എന്നാണ് അറിയുന്നത്. അതു പേലെ നേരത്തെ കടത്തിക്കൊണ്ടുവന്ന 27 കിലോ സ്വർണം റമീസിന് ലഭിച്ചിട്ടില്ലെന്നാണ് മൊഴി. അങ്ങനെയെങ്കിൽ ഈ സ്വർണം എവിടെ പോയെന്നും കണ്ടെത്തേണ്ടതുണ്ട്. സന്ദീപിനെയും സ്വപ്നയെയും ചോദ്യം ചെയ്യുന്നതിലൂടെ ഇതിനെക്കുറിച്ചുള്ള വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥർ.

English Summary: Muvattupuzha native Jalal is wanted criminal in gold smuggling

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com