ADVERTISEMENT

ജയ്പൂർ∙ സച്ചിൻ പൈലറ്റിനെ രാജസ്ഥാൻ ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്നും പിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്നും നീക്കം ചെയ്തു. സച്ചിനൊപ്പം നിൽക്കുന്ന മന്ത്രിമാരായ വിശ്വേന്ദ്രസിങ്, രമേശ് മീണ എന്നിവരേയും മന്ത്രി സ്ഥാനത്തുനിന്നു നീക്കം ചെയ്തു. മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ അധ്യക്ഷതയിൽ കൂടിയ പാർട്ടി നിയമസഭാ കക്ഷി യോഗത്തിനു ശേഷമാണ് തീരുമാനം. 

പിസിസി അധ്യക്ഷ സ്ഥാനത്തേക്കു പുതിയ ആളെ നിയമിച്ചതായി അറിയിച്ച കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല അറിയിച്ചു. ഗോവിന്ദ് സിങ് ദോത്സാരെയാണ് പുതിയ പിസിസി അധ്യക്ഷൻ. യൂത്ത് കോൺഗ്രസ്, സേവാദൾ സംസ്ഥാന അധ്യക്ഷന്മാരെയും നീക്കം ചെയ്തതായും പുതിയ ആളുകളെ നിയമിച്ചതായും അറിയിച്ചു. നീക്കം ചെയ്തവർ ഇരുവരും സച്ചിൻ പൈലറ്റിന്റെ അനുയായികൾ ആയിരുന്നു.

രാവിലെ വിളിച്ചുചേർത്ത് കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിൽ സച്ചിൻ പങ്കെടുത്തിരുന്നില്ല. ബിജെപിയുമായി ചേർന്ന് സച്ചിൻ ഗൂഢാലോചന നടത്തിയെന്ന് കോൺഗ്രസ് ആരോപിച്ചു. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ കേന്ദ്ര പ്രതിനിധികളായ അവിനാശ് പാണ്ഡെ, അജയ് മാക്കൻ എന്നിവരും നിയമസഭാ കക്ഷി യോഗത്തിൽ സന്നിഹിതരായിരുന്നു. 

200 അംഗങ്ങളുള്ള രാജസ്ഥാൻ നിയമസഭയിൽ 107 എംഎൽഎമാരാണ് കോൺഗ്രസിനുള്ളത്. 10 സ്വതന്ത്ര എംഎൽഎമാരുടെയെങ്കിലും പിന്തുണയുമുണ്ട്. ബിജെപിക്ക് 72 എംഎൽഎമാരാണുള്ളത്. രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടിയുടെ 3 എംഎൽഎമാരുടെ പിന്തുണയും ബിജെപിക്കുണ്ട്. ആരെയും പിന്തുണയ്ക്കാതെ സിപിഐ, ബിടിപി പാർട്ടികൾക്ക് രണ്ടും എംഎൽഎമാരുണ്ട്.

കർണാടകയിലും മധ്യപ്രദേശിലും സർക്കാർ രൂപീകരിച്ചെങ്കിലും കോൺഗ്രസിന് ഭരണം നഷ്ടമാവുകയായിരുന്നു. നാലു മാസം മുൻപ് മധ്യപ്രദേശിൽ ജ്യോതിരാദിത്യ സിന്ധ്യയും അണികളും പാർട്ടി വിട്ടതിനു പിന്നാലെയായിരുന്നു കമൽനാഥ് സർക്കാർ വീണത്. കർണാടകയിൽ ബിജെപിയുടെ യെദിയൂരപ്പ സർക്കാരാണ് അധികാരത്തിലെത്തിയത്.

English Summary: Sachin Pilot Sacked As Rajasthan Deputy Chief Minister, State Congress Chief

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com