ADVERTISEMENT

ന്യൂഡൽഹി∙ ഇന്ത്യയുടെ സാംസ്കാരിക പൈതൃകം ലോകം മുഴുവൻ അറിയപ്പെടുന്നതാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ. അയോധ്യയെയും ശ്രീരാമനെയും കുറിച്ചുള്ള നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലിയുടെ പ്രസ്താവനയ്ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം.

ശ്രീരാമൻ നേപ്പാൾ സ്വദേശിയായിരുന്നുവെന്നും യഥാർഥ അയോധ്യ നേപ്പാളിലാണെന്നുമാണ് ഒലി കഴിഞ്ഞ ദിവസം പറഞ്ഞത്. തെക്കൻ നേപ്പാളിലെ തോറിയിലാണു രാമൻ ജനിച്ചത്. ഇന്ത്യയിൽ അയോധ്യ എവിടെ എന്നതിലും തർക്കമുണ്ട്. എന്നാൽ നേപ്പാളിലാണ് അയോധ്യ എന്നതിൽ ഞങ്ങൾക്ക് ഒരു തർക്കവുമില്ല. കഠ്മണ്ഡുവിൽനിന്ന് 135 കിലോമീറ്റർ സഞ്ചരിച്ചാലെത്തുന്ന ബിർഗുഞ്ചിനടുത്താണു ഹിന്ദുമത വിശ്വാസ പ്രകാരമുള്ള അയോധ്യ. ശ്രീരാമനു സീതയെ നൽകിയതു നേപ്പാളാണ്. വസ്തുതകൾ അപഹരിക്കപ്പെട്ടെന്നും അടിച്ചമർത്തപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒലിയുടെ ഈ പ്രസ്താവനയ്ക്കെതിരെ ബിജെപിയും കോൺഗ്രസും പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു. ഒലിയുടെ മാനസികനില തെറ്റിയിരിക്കുകയാണെന്നു കോൺഗ്രസും ഒലിക്കു മാനസിക പ്രശ്നമാണെന്നു ബിജെപിയും കുറ്റപ്പെടുത്തി. അയോധ്യയിലെ സന്ന്യാസി സമൂഹവും വിമർശനമുയർത്തിയിരുന്നു.

വിമർശനമുയർന്നതോടെ വിശദീകരണവുമായി നേപ്പാൾ ഭരണകൂടം രംഗത്തെത്തി. രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും ആരുടെയും മനോവികാരത്തെ മുറിവേൽപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി. അയോധ്യയുടെ പ്രധാന്യത്തെയോ സംസ്കാരത്തെയോ വിലകുറച്ചുകാണുന്നതായിരുന്നില്ല ഒലിയുടെ പ്രസ്താവന. ശ്രീരാമനെക്കുറിച്ചും ജന്മസ്ഥലത്തെക്കുറിച്ചും ഒട്ടേറെ ഐതിഹ്യങ്ങൾ നിലവിലുണ്ട്. ഇവയെക്കുറിച്ചു വിശദമായ പഠനങ്ങൾ നടത്തണമെന്നതിലേക്ക് വിരൽ ചൂണ്ടുകയായിരുന്നു അദ്ദേഹമെന്നും നേപ്പാൾ വിദേശകാര്യമന്ത്രാലയം വിശദീകരണക്കുറിപ്പിൽ പറയുന്നു.

English Summary: "Our Heritage Known All Over World": Foreign Ministry On Nepal PM Remark

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com