ADVERTISEMENT

ന്യൂഡല്‍ഹി ∙ ചൈനയുടെ എതിര്‍പ്പു തള്ളി മലബാര്‍ നാവിക അഭ്യാസത്തിന് ഇക്കുറി ഓസ്‌ട്രേലിയയെ കൂടി ക്ഷണിച്ച ഇന്ത്യയുടെ നടപടി രാജ്യാന്തര പ്രതിരോധ രംഗങ്ങളിൽ സജീവ ചർച്ചകൾക്കു തിരികൊളുത്തുന്നു. അതിര്‍ത്തിയില്‍ ചൈനീസ് സൈന്യം പിന്മാറ്റം തുടരുന്നതിനിടെയാണ് മലബാര്‍ നാവിക അഭ്യാസത്തില്‍ ഇക്കുറി ഏതൊക്കെ രാജ്യങ്ങള്‍ ഇന്ത്യക്കൊപ്പം ബംഗാള്‍ ഉള്‍ക്കടലില്‍ അണിനിരക്കും എന്ന ചര്‍ച്ച സജീവമായത്. അമേരിക്കയും ജപ്പാനുമാണ് ഇന്ത്യയ്ക്കൊപ്പം സാധാരണയായി ഈ നാവിക അഭ്യാസത്തില്‍ പങ്കെടുക്കാറുള്ളത്.

ഓസ്ട്രേലിയ കൂടി അണിനിരക്കുന്നതോടെ ഇന്ത്യ, ജപ്പാൻ, യുഎസ് എന്നിവയ്ക്കൊപ്പം നാലു രാജ്യങ്ങളും ഉൾപ്പെടുന്ന ഖ്വാദ് ഗ്രൂപ്പിലെ നാവികസേനകൾ ഒന്നിക്കാനുള്ള അവസരമാണ് ഒരുങ്ങുന്നത്. ഈ വർഷം അവസാനത്തോടെ ബംഗാൾ ഉൾക്കടലാണ് നാവിക അഭ്യാസത്തിന് വേദിയാകുക. 2004 ൽ സൂനാമി ദുരിതാശ്വാസത്തിനായാണ് അമേരിക്ക, ഇന്ത്യ, ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങവ്‍ ഒന്നിച്ച് ഖ്വാദ് സഖ്യം രൂപീകരിച്ചത്. 2007 ൽ സഖ്യം വീണ്ടും പുനരുജ്ജീവിപ്പിച്ചു. ലഡാക്ക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മേഖലയിലെ സമുദ്രത്തിൽ നാലു രാജ്യങ്ങൾ ഒന്നിക്കുന്ന സംയുക്ത നാവികാഭ്യാസം ചൈനയ്ക്ക് മേൽ സമ്മർദ്ദമുയർത്തുന്നതാണ്.

PTI7_17_2017_000264B
2017ലെ മലബാര്‍ നാവിക അഭ്യാസത്തിൽ നിന്ന്

ഇതിനു മുന്‍പ് 2007-ലാണ് മലബാര്‍ നാവിക അഭ്യാസത്തില്‍ ഓസ്‌ട്രേലിയ പങ്കെടുത്തത്. എന്നാൽ അന്നു ശക്തമായ എതിര്‍പ്പാണ് ചൈനയുടെയും യുപിഎ സഖ്യസര്‍ക്കാരിന്റെ ഭാഗമായിരുന്ന ഇടതുകക്ഷികളുടെയും ഭാഗത്തുനിന്ന് ഉണ്ടായത്. 13 വര്‍ഷങ്ങള്‍ക്കിപ്പുറം ചൈനീസ് വ്യാളി ലഡാക്കില്‍ ഇന്ത്യയെയും സെന്‍കാക്കുവില്‍ ജപ്പാനെയും വാണിജ്യയുദ്ധത്തില്‍ ഓസ്‌ട്രേലിയയേയും ദക്ഷിണ ചൈനാ കടലില്‍ അമേരിക്കയെയും വരിഞ്ഞുമുറുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പുതിയ മലബാര്‍ നാവിക അഭ്യാസമെന്നതും ശ്രദ്ധേയം.

‘രാഷ്ട്രീയ’ തിരയിളക്കത്തിൽ 2007 ലെ നാവികാഭ്യാസം

2007-ല്‍ യുപിഎ സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ ജപ്പാന്‍, ഓസ്‌ട്രേലിയ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളെ നാവിക അഭ്യാസത്തിനായി ഇന്ത്യ ക്ഷണിച്ചതു വന്‍ രാഷ്ട്രീയ കോലാഹലങ്ങള്‍ക്കാണ് ഇടയാക്കിയത്. അമേരിക്ക ഉള്‍പ്പെടെ അഞ്ചു രാജ്യങ്ങള്‍ ബംഗാള്‍ ഉള്‍ക്കടലില്‍ സംയുക്ത പരിശീലന പരിപാടി സംഘടിപ്പിക്കാനുള്ള നീക്കം സജീവമാക്കിയതോടെ ചൈന അതൃപ്തിയുമായി രംഗത്തിറങ്ങി. ഒരു 'ഏഷ്യന്‍ നാറ്റോ' രൂപീകരിക്കാനുള്ള നീക്കമാണിതെന്നായിരുന്നു ചൈനയുടെ കുറ്റപ്പെടുത്തൽ.

PTI7_17_2017_000263B
2017ലെ മലബാര്‍ നാവിക അഭ്യാസത്തിൽ നിന്ന്

അന്ന് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സഖ്യസര്‍ക്കാരിലെ പ്രധാനഭാഗമായ ഇടതുകക്ഷികളും രൂക്ഷമായ എതിര്‍പ്പുമായി രംഗത്തിറങ്ങിയതോടെ വിഷയത്തിന് രാഷ്ട്രീയമാനവും കൈവന്നു. ഇതോടെ അന്നത്തെ പ്രതിരോധ മന്ത്രി എ.കെ ആന്റണി വിഷമവൃത്തത്തിലായി. ഇടതു പാര്‍ട്ടികള്‍ എതിര്‍പ്പുമായി തെരുവിലിറങ്ങിയതോടെ ഒരു ഘട്ടത്തില്‍ നാവിക അഭ്യാസം മാറ്റിവയ്‌ക്കേണ്ടിവരുമെന്ന അവസ്ഥ വരെയെത്തി കാര്യങ്ങള്‍. എന്നാല്‍ നാവികസേന കടുത്ത നിലപാട് സ്വീകരിച്ചതോടെ നാവിക അഭ്യാസം മാറ്റമില്ലാതെ നടന്നു. അമേരിക്കയുമായുള്ള തന്ത്രപ്രധാന പങ്കാളിത്തം ഇന്ത്യക്കു തിരിച്ചടിയാകുമെന്നായിരുന്നു സിപിഎം പൊളിറ്റ് ബ്യൂറോയുടെ നിലപാട്.

യുഎസ്, ജപ്പാന്‍ ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ തമ്മില്‍ നിലവിലുള്ള പ്രതിരോധ സഹകരണത്തില്‍ ഇന്ത്യ പങ്കാളിയാവുന്നത് അപകടമാണെന്നും മലബാര്‍ നാവിക അഭ്യാസത്തിനെതിരെ ജാഥകള്‍ സംഘടിപ്പിക്കുമെന്നും അന്ന് സിപിഎം അറിയിച്ചു. 2008-ലും അമേരിക്കന്‍ ആണവകപ്പലുകള്‍ മലബാര്‍ നാവിക അഭ്യാസത്തില്‍ പങ്കെടുക്കുന്നതിനെതിരെ സിപിഎം പൊളിറ്റ് ബ്യൂറോ പ്രസ്താവന പുറത്തിറക്കിയിരുന്നു. ഇന്ത്യൻ തുറമുഖങ്ങളില്‍ അമേരിക്കന്‍ ആണവകപ്പലുകള്‍ എത്താന്‍ മന്‍മോഹന്‍ സര്‍ക്കാര്‍ അനുവദിക്കരുതെന്നും സിപിഎം ആവശ്യപ്പെട്ടു. ഇറാന്‍, അഫ്ഗാന്‍, ഇറാഖ് എന്നിവിടങ്ങളില്‍ സൈനിക നടപടികളുമായി മുന്നോട്ടുപോകുന്ന അമേരിക്കയുമായി ഇന്ത്യ സഹകരിക്കരുതെന്നായിരുന്നു പാര്‍ട്ടിയുടെ അന്നത്തെ ആവശ്യം.

PTI7_17_2017_000289B
2017ലെ മലബാര്‍ നാവിക അഭ്യാസത്തിൽ നിന്ന്

ഇതോടെ അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങളുമായി നടപ്പാക്കാന്‍ ഉദ്ദേശിച്ച നിരവധി പ്രതിരോധ സഹകരണ പദ്ധതികളില്‍നിന്ന് യുപിഎ സര്‍ക്കാരിനു പിന്നോട്ടു പോകേണ്ടിവന്നതായി പ്രതിരോധവിദഗ്ധര്‍ വിലയിരുത്തുന്നു. നാവികമുന്നേറ്റത്തിൽ നീണ്ട 13 വര്‍ഷമാണ് ഇത്തരത്തിൽ ഇന്ത്യക്കു നഷ്ടമായതെന്നാണ് പ്രതിരോധ രംഗത്തെ വിദഗ്ധരുടെ വിലയിരുത്തല്‍.

നാവിക കുതിപ്പിൽ വാൽകുത്തി ചാടിയ ചൈനീസ് വ്യാളി

പിന്നിട്ട ദശാബ്ദത്തിൽ ശക്തമായ കുതിപ്പാണ് ചൈനീസ് നാവികസേന നടത്തിയത്. ഇപ്പോള്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെ നിര്‍ണായക സ്വാധീനം കൂടിയാണ് ചൈന. ആഫ്രിക്കൻ വൻകരയുടെ കിഴക്കേ മുനമ്പിലുള്ള ജിബൂട്ടിയില്‍ ചൈനയ്ക്കു പുറത്തുള്ള ആദ്യ നാവികകേന്ദ്രം അവർ തുറന്നു. ചൈനയുടെ ‘സ്ട്രിങ് ഓഫ് പേൾസ്’ പദ്ധതിയുടെ ഭാഗമായിരുന്നു ഇത്. ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപ് രാഷ്ട്രങ്ങളെയും അതിനോടു ചേർന്നുള്ള രാജ്യങ്ങളെയും കൂട്ടിയിണക്കി ആവശ്യമെങ്കിൽ ഇന്ത്യയെ വളയാനും ചൈനയ്ക്ക് ഇതിലൂടെ അവസരമൊരുങ്ങി.

PTI7_17_2017_000264B
2017ലെ മലബാര്‍ നാവിക അഭ്യാസത്തിൽ നിന്ന്

പാക്കിസ്ഥാനിലെ കറാച്ചിയും ഗദ്വാറും ഉപയോഗിക്കാനും ചൈനയ്ക്കു സ്വാതന്ത്ര്യമുണ്ട്. തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിന്റെ കവാടത്തില്‍ തുറമുഖനിര്‍മാണത്തിന് ചൈനയ്ക്ക് അനുമതി നല്‍കാന്‍ ഇറാന്‍ ആലോചിക്കുന്നതായും ഇതിനിടെ റിപ്പോര്‍ട്ടുകളുണ്ട്.  ശ്രീലങ്ക, മ്യാൻമർ, ബംഗ്ലദേശ് എന്നിവിടങ്ങളിൽ തുറമുഖങ്ങളിൽ വാണിജ്യസഹകരണം എന്ന പേരിനു മറവിൽ ചൈന നടത്തുന്ന വൻനിക്ഷേപങ്ങൾക്കു പിന്നിലും ചൈനീസ് നാവികസേനയുടെ മുന്നേറ്റം എന്ന ഗൂഢപദ്ധതി കൂടിയുണ്ടെന്നാണ് വിലയിരുത്തൽ.

യുഎസ് കൈപിടിച്ച് മോദി, ലഡാക്ക് എന്ന പാഠം

2014-ല്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമാണ് ഇന്ത്യ-യുഎസ് പ്രതിരോധ സഹകരണം കൂടുതല്‍ ശക്തമാക്കാനുള്ള നടപടികള്‍ പുരോഗമിച്ചത്. 2015-ല്‍ മലബാര്‍ നാവിക അഭ്യാസത്തിനു ജപ്പാനെ കളത്തിലിറക്കിയ മോദി സര്‍ക്കാര്‍ ഇപ്പോള്‍ ഓസ്‌ട്രേലിയയെ കൂടി ക്ഷണിക്കാനുള്ള നീക്കത്തിലാണ്.

ചൈനയെ പിണക്കാതിരിക്കുന്നതാണ് ഉചിതമെന്നാണ് പിന്നിട്ട ചില മാസങ്ങൾക്കു മുൻപു വരെ ഇന്ത്യ ചിന്തിച്ചിരുന്നത്. എന്നാല്‍  അനുഭവം മറിച്ചായിരുന്നു. സൗഹൃദ മുഖമണിഞ്ഞ ശത്രു തന്നെയാണ് അയൽവക്കത്തെ ചൈനയെന്നാണ് ലഡാക്കിൽ ജൂണിലുണ്ടായ സംഘർഷം ഇന്ത്യയുടെ പ്രതിരോധ കേന്ദ്രങ്ങളിൽ ഉറപ്പിച്ച തിരിച്ചറിവ്.

ഹിമാലയത്തിലും ഇന്ത്യന്‍ മഹാസമുദ്രത്തിലും ഒരുപോലെ ഇന്ത്യക്കു കനത്ത വെല്ലുവിളി ഉയര്‍ത്താന്‍ പാകത്തില്‍ ചൈന മാറിക്കഴിഞ്ഞതായാണ് പ്രതിരോധകേന്ദ്രങ്ങളുടെ വിലയിരുത്തൽ. മലബാര്‍ നാവിക അഭ്യാസത്തിനു ഓസ്‌ട്രേലിയയെ ക്ഷണിക്കാനുള്ള നീക്കം ചൈനയെ കൂടുതൽ ക്രിയാത്മകമായി പ്രതിരോധിക്കാനുള്ള ഇന്ത്യയുടെ നടപടികളിലെ പുതിയ ചുവടുവയ്പായാണ് പ്രതിരോധ വിദഗ്ധര്‍ വിലയിരുത്തുന്നതും.

മലബാർ നാവിക അഭ്യാസം

1992 മുതലാണ് യുഎസ്, ഇന്ത്യ നാവികസേനകൾ ഒരുമിച്ച് മല‌ബാർ നാവിക അഭ്യാസം എന്ന പേരിൽ സംയുക്ത നാവിക പരിശീലനം ആരംഭിച്ചത്. 2004 മുതൽ മറ്റു ഏഷ്യൻ രാജ്യങ്ങളെയും ഇതിൽ ഉൾപ്പെടുത്താൻ തീരുമാനമായി. മുങ്ങിക്കപ്പലുകളും പോർവിമാനങ്ങളുമെല്ലാം പങ്കെടുക്കുന്ന നാവിക അഭ്യാസമാണിത്.

അന്തർവാഹിനികൾ തമ്മിലുള്ള മോക് യുദ്ധങ്ങൾ, വിസിറ്റ് ബോർഡ് തിരയൽ, പിടിച്ചെടുക്കൽ, വായുവിലേക്കും കരയിലേക്കുമുള്ള മിസൈൽ ആക്രമണ പരിശീലനം, നിരീക്ഷണ പാടവം ഉറപ്പിക്കൽ, പരസ്പരമുള്ള കപ്പൽ സന്ദർശനങ്ങൾ, കായിക മൽസരങ്ങൾ, തുറമുഖങ്ങൾക്കു സമീപം നടത്തുന്ന സാമൂഹിക ഇടപെടലുകൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.

2007 ൽ ജപ്പാൻ, സിംഗപ്പൂർ എന്നീ രാജ്യങ്ങൾക്കൊപ്പം ഓസ്ട്രേലിയയും ഈ അഭ്യാസത്തിൽ പങ്കെടുക്കുന്നത് ചൈന എതിർത്തിരുന്നു. 2015 ൽ ജപ്പാൻ ഈ നാവിക അഭ്യാസത്തിൽ ഉൾപ്പെടുന്നതിനെതിരെയും ചൈന എതിർപ്പ് രേഖപ്പെടുത്തിയിരുന്നു. 

2017 ലേത് ഇരുപത്തിയൊന്നാം പതിപ്പ്

മലബാര്‍ സംയുക്ത നാവിക അഭ്യാസത്തിന്റെ 21-ാം പതിപ്പാണ് 2017ല്‍ നടന്നത്. എട്ട് ദിവസം നീണ്ടു നിന്ന ഈ അഭ്യാസത്തിൽ കടലില്‍നിന്നുള്ള വ്യോമാക്രമണങ്ങളെ തടയാനുള്ള പരിശീലനവും അന്തര്‍വാഹിനികളില്‍നിന്നുള്ള ഭീഷണി നേരിടാനുള്ള പരിശീലനവുമാണ് പ്രധാനമായും ഉൾപ്പെടുത്തിയിരുന്നത്. ഇന്ത്യ, യുഎസ്, ജപ്പാന്‍ നാവിക സേനകളുടെ പുത്തന്‍ സാങ്കേതികവിദ്യകളും യുദ്ധോപകരണങ്ങളും ജലയാനങ്ങളും അണിനിരന്നു. നാവിക അഭ്യാസമായ മലബാറില്‍ പങ്കെടുക്കാന്‍ യുഎസില്‍നിന്ന് എണ്ണായിരത്തിലേറെ നാവികരാണ് എത്തിയത്. ജപ്പാനില്‍ നിന്ന് ആയിരത്തിനടുത്തു നാവികരും. നൂറിലേറെ യുദ്ധവിമാനങ്ങളും സൈനിക ഹെലികോപ്റ്ററുകളും അഭ്യാസപ്രകടനത്തിന്റെ ഭാഗമായി. ഇന്ത്യയുടെയും യുഎസിന്റെയും രണ്ട് അന്തര്‍വാഹിനികളും അഭ്യാസപ്രകടനത്തില്‍ പങ്കാളികളായി. ഇന്ത്യന്‍ നാവിക സേനയുടെ വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രമാദിത്യയും നാവികസേനയുടെ 10 യുദ്ധക്കപ്പലുകളുമാണു പങ്കെടുത്തത്. ഐഎന്‍എസ് ജലശ്വാ, ഐഎന്‍എസ് സഹ്യാദ്രി, ഐഎന്‍എസ് രണ്‍വീര്‍, ഐഎന്‍എസ് ശിവാലിക്, ഐഎന്‍എസ് ജ്യോതി, ഐഎന്‍എസ് കൃപാണ്‍, ഐഎന്‍എസ് കോറ, ഐഎന്‍എസ് കമോര്‍ത്ത, ഐഎന്‍എസ് കാഡ്മാട്, ഐഎന്‍എസ് സുകന്യ എന്നിവയാണ് ആഭ്യാസപ്രകടനങ്ങളില്‍ പങ്കെടുത്ത മറ്റ് കപ്പലുകള്‍.

ഇതു കൂടാതെ ഐഎന്‍എസ് സിന്ധുധ്വജ് എന്ന അന്തര്‍വാഹിനിയും മലബാര്‍ അഭ്യാസപ്രകടനത്തില്‍ വരവറിയിച്ചു. യുഎസ്എസ് നിമിറ്റ്‌സ് എന്ന വിമാനവാഹിനി കപ്പലിന്റെ നേതൃത്വത്തിലുള്ള സ്ട്രൈക്കർ സംഘമാണ് മലബാര്‍ പരിശീലനത്തിനായി യുഎസില്‍നിന്ന് എത്തിയത്. നിമിറ്റ്‌സിന് അകമ്പടി സേവിക്കുന്ന യുഎസ്എസ് പ്രിന്‍സ്റ്റണ്‍, യുഎസ്എസ് ഹൊവാര്‍ഡ്, യുഎസ്എസ് ഷൗപ്, യുഎസ്എസ് പിന്‍കിനി, യുഎസ്എസ് കിഡ് എന്നീ യുദ്ധക്കപ്പലുകളും യുഎസ്എസ് ജാക്‌സണ്‍വില്ലേ എന്ന അന്തര്‍വാഹിനിയും പരിശീലനത്തില്‍ പങ്കെടുത്തു. നിമിറ്റ്‌സില്‍ 5,000 നാവികരാണുള്ളത്. ലോകത്തിലെ ഏറ്റവും വലിയ യുദ്ധക്കപ്പലുകളിലൊന്നായ ജെഎസ് ഇസുമോയും ജെഎസ് സസാനമിയുമാണ് 2017 ലെ അഭ്യാസത്തിൽ ജപ്പാനെ പ്രതിനിധീകരിച്ചത്.

English Summary: Will India Invite Australia to the Malabar Naval Exercise?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com