ADVERTISEMENT

കിഴക്കൻ ലഡാക്കിലെ അപായംനിറഞ്ഞ മലനിരകളിൽ കാത്തിരിപ്പിന്റെ കളി തുടരുകയാണ്. ഓരോ ദിവസവും റേഷനും തണുപ്പിനെ അതിജീവിക്കാനുള്ള വസ്ത്രങ്ങളും മണ്ണെണ്ണയും മരുന്നുകളും തുടങ്ങി ദിവസം എന്തൊക്കെ വസ്തുക്കൾ ആവശ്യമുണ്ടോ അതെല്ലാം കഠിന പാത താണ്ടിയാണ് സംഘർഷസ്ഥലത്തേക്ക് എത്തുന്നത്. 40,000 ഇന്ത്യൻ സൈനികർ വരുന്ന ശൈത്യകാലത്തെ നേരിടാൻ ഒരുങ്ങുന്നു. മൈനസ് 20 ഡിഗ്രി സെൽഷ്യസ് വരെ എത്താവുന്ന തരത്തിലുള്ള ശീതകാലമാണ് ഇവിടെ അനുഭവപ്പെടുന്നത്.

കഴിഞ്ഞ 12 ആഴ്ചയായി ഇന്ത്യൻ – ചൈനീസ് സേനാംഗങ്ങൾ ഇവിടെ മുഖാമുഖം നിൽക്കുകയാണ്. നാലു തവണത്തെ സൈനിക കമാൻഡർ തല ചർച്ചകളും രണ്ടു തവണത്തെ ഡബ്ല്യുഎംസിസി യോഗങ്ങളും അജിത് ഡോവലും വാങ് യിയും തമ്മിൽ നടത്തിയ വിർച്വൽ യോഗത്തിനു ശേഷവും ഒരു ചോദ്യം ബാക്കി നിൽക്കുന്നു: എത്രനാൾ ഈ മുഖാമുഖ സംഘർഷം നിലനിൽക്കും?

ഇന്ത്യൻ ഭാഗത്ത് ഇതിന് ഒരൊറ്റ മറുപടിയേ ഉള്ളൂ. തൽസ്ഥിതി തുടരുന്നതുവരെ ഇന്ത്യൻ സേനാംഗങ്ങൾ അവിടെത്തന്നെയുണ്ടാകും. അതായത്, ഏപ്രിൽ മധ്യത്തിനുമുൻപ് ചൈനീസ് സൈന്യം എവിടെയാണോ നിന്നത് അങ്ങോട്ടേക്ക് തിരികെപ്പോയതിനുശേഷം മാത്രമേ ഇന്ത്യ പിൻവാങ്ങൂ – നോർത്തേൺ കമാൻഡിന്റെ ജിഒസി ഇൻ ചാർജ് ലഫ്. ജന. വൈ.കെ. ജോഷി ദേശീയമാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഗൽവാൻ താഴ്‌വരയിലും ഹോട്ട് സ്പ്രിങ്സിലും ചെറിയതോതിൽ പിന്മാറ്റം ഉണ്ടായിട്ടുണ്ട്. എന്നാൽ പാംഗോങ് തടാകം പിപി17 ഗോഗ്ര എന്നിവിടങ്ങളിൽ ഒരുതരിപോലും പിന്നോട്ടുപോകാൻ ചൈന ഒരുങ്ങിയിട്ടില്ല. ഇരുവിഭാഗങ്ങളും ഒരുപോലെ വിട്ടുവീഴ്ച ചെയ്താൽ മാത്രമേ കാര്യങ്ങൾ മുന്നോട്ടുപോകുകയുള്ളൂ. രാജ്യത്തിന്റെ പ്രാദേശിക സമഗ്രതയിൽ വിട്ടുവീഴ്ച ചെയ്യാനാകില്ല. അതിർത്തിയിൽ സമാധാനം കൊണ്ടുവരാനുള്ള കാര്യങ്ങൾ ആത്മാര്‍ഥതയോടെ ചെയ്യുമ്പോഴും ഏതു പ്രതികൂല സാഹചര്യത്തെയും നേരിടാൻ നാം സജ്ജരാണെന്നും ജോഷി വ്യക്തമാക്കുന്നു.

കാർഗിൽ ആണോ ലഡാക്ക് ആണോ ഏറ്റവും വെല്ലുവിളി നിറഞ്ഞതെന്ന ചോദ്യത്തിന് ആപ്പിളുകളെയും ഓറഞ്ചുകളെയും താരതമ്യം ചെയ്യുന്നതുപോലെയാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അന്നത്തെ കാലത്ത് കാർഗിലിലെ പോയിന്റ് 4875 ആയിരുന്നു വെല്ലുവിളി. ഇന്നത്തെ കാലത്ത് ലഡാക്കിലെ യഥാർഥ നിയന്ത്രണരേഖയും. 1999ൽ കാർഗിലിലെ സാഹചര്യം നമ്മുടെ തൃപ്തിക്ക് അനുസരിച്ചാണ് അവസാനിപ്പിച്ചത്. ലഡാക്കിലും അതുതന്നെയാകും സംഭവിക്കുക.

English Summary: Efforts in Eastern Ladakh to Continue Till Status Quo Ante Achieved: Lt Gen Yk Joshi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com