ADVERTISEMENT

ലോക വിപണികളെല്ലാം ഒരു തിരുത്തലിലേക്ക് തിരിഞ്ഞ ആഴ്ചയാണ് കടന്നുപോയത്. കൊറോണ വാക്സിൻ വിജയകഥകളും ഉത്തേജന പാക്കേജുകളും ഉണ്ടായിട്ടും അമേരിക്കൻ വിപണിക്ക് കഴിഞ്ഞയാഴ്ചയും കാര്യമായ നേട്ടമുണ്ടാക്കാനായില്ല. ത്രൈമാസ ഫലപ്രഖ്യാപനങ്ങളിലെ ആശങ്കകളും ഉത്തേജന പാക്കേജ് സംബന്ധിച്ച അനിശ്ചിതത്വങ്ങളും കൊറോണ വ്യാപനവും യുഎസ്-ചൈന നയതന്ത്ര തർക്കങ്ങളും തിരിച്ചടിയായി. മോശം ജോബ് ഡേറ്റയും അപകടമുണ്ടാക്കി. ടെക് ഓഹരികളിലെ വൻവിൽപനയും ആഴ്ചാവസാനം കെണിയായി.

ടെക് സൂചികയായ നാസ്ഡാക് ആഴ്ചയിലെ നാല് ദിവസവും നഷ്ടത്തിലായിരുന്നു. അഞ്ചു ശതമാനത്തിനടുത്താണ് സൂചികയുടെ നാലു ദിവസത്തെ നഷ്ടം. 1677 ഡോളർ വരെ മുന്നേറിയ ടെസ്‌ലയുടെ ഓഹരി വില 1417 ഡോളറിലേക്ക് വീണെങ്കിലും ആമസോൺ, എൻവീഡിയ, മൈക്രോസോഫ്റ്റ് മുതലായ ഓഹരികൾ വെള്ളിയാഴ്ച തിരികെ കയറിയത് വീഴ്ചയുടെ കാഠിന്യം കുറച്ചു. അമേരിക്കൻ ‘ടെക് ബബിൾ’ ഇനിയും പൊട്ടുന്നത് ഏഷ്യൻ വിപണികൾക്കും ക്ഷീണമായേക്കും. ഓഹരി വിപണിയിലെ കഴിഞ്ഞയാഴ്ചയുടെ ഏറ്റക്കുറച്ചിലുകളും വരും ആഴ്ചയുടെ പ്രതീക്ഷകളും പങ്കുവയ്ക്കുകയാണു ബഡ്ഡിങ് പോർട്ഫോളിയോ ഇൻവെസ്റ്റ്മെന്റ് കൺസൽട്ടന്റ് അഭിലാഷ് പുറവൻതുരുത്തിൽ.

ലോകവിപണികളിൽ ഇന്ത്യൻ സൂചികകൾ മാത്രമാണ് കഴിഞ്ഞവാരം നേട്ടമുണ്ടാക്കിയത്. വിദേശ നിക്ഷേപകർ 7788 കോടി രൂപയുടെ അധികം ഇറക്കിയതും റിലയൻസിനുണ്ടായ കുതിപ്പും ബാങ്കിങ്, എനർജി, ഐടി മേഖലകളുടെ മുന്നേറ്റവും സെൻസെക്‌സ് സൂചികയ്ക്ക് 2 ശതമാനം മുന്നേറ്റം നൽകി. ഇന്ത്യൻ കമ്പനികളുടെ ത്രൈമാസ ഫലങ്ങൾ ഭേദപെട്ടതാണെന്നും കോവിഡ് ഭീഷണി ഒഴികെ മറ്റെല്ലാം ക്രമമാണെന്നതും ഇന്ത്യൻവിപണിക്ക് അനുകൂലമാണ്. ക്രൂഡ് വില 40 ഡോളറിനടുത്ത് തന്നെ കെട്ടിയിട്ടതുപോലെ നിൽക്കുന്നതും ഇന്ത്യൻ വിപണിക്ക് അനുകൂലമായി. എങ്കിലും നഷ്ടത്തിൽ അവസാനിച്ച അമേരിക്കൻ വിപണികളുടെ ചുവടുപിടിച്ച് ഇന്ത്യൻ വിപണിയും മന്ദഗതിയിലായിരിക്കും അടുത്ത ആഴ്ചയിൽ വ്യാപാരമാരംഭിക്കുക.

Stock Market
പ്രതീകാത്മക ചിത്രം

സ്വർണം

കഴിഞ്ഞ ആഴ്ചയിൽ വിലയിരുത്തിയതു പോലെ സ്വർണം പുതിയ ഉയരങ്ങൾ താണ്ടി. 1901.60 ഡോളറാണ് രാജ്യാന്തര വിപണിയിൽ ഒരു ഔൺസ് സ്വർണത്തിന്റെ പുതിയവില. ഈ ആഴ്ച തന്നെ സ്വർണം സർവകാല റെക്കോർഡ് തിരുത്തുകയും 1950 ഡോളറിനടുത്ത് ക്രമപ്പെടുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. സ്വർണവില മുന്നേറുന്നതിനും വളരെ വേഗത്തിലാണ് ഇന്ത്യൻ ഗോൾഡ് ഓഹരികളുടെ മുന്നേറ്റം. മണപ്പുറം, മുത്തൂറ്റ്, ടൈറ്റാൻ, ഫെഡറൽ ബാങ്ക് ഓഹരികൾ ശ്രദ്ധിക്കുക.

പൊതുമേഖല വിറ്റഴിക്കൽ

സർക്കാർ പിന്തുണയോടെ അവതരിച്ച സ്വകാര്യബാങ്കുകളുടെ കടന്നുവരവോടെ പ്രതാപം നഷ്ടപെട്ട പൊതുമേഖലാ ബാങ്കുകളിൽ ഇനിയും ബാക്കിയായ 12 എണ്ണത്തിൽ നിന്ന് അഞ്ചണ്ണം മാത്രം നിലനിർത്തി മറ്റുള്ളവയുടെ സർക്കാർ ഓഹരികൾ വിറ്റഴിക്കാനുള്ള തീരുമാനത്തിനായി കാക്കുകയാണ് വിപണി. ബാങ്ക് ഓഫ് ഇന്ത്യ, സെൻട്രൽ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, യൂക്കോ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് എന്നിവയാണ് വിറ്റഴിക്കപ്പെടുമെന്ന് കരുതുന്ന ബാങ്കുകൾ. മറ്റു പൊതുമേഖലാ സ്ഥാപനങ്ങളുടെയും വിൽപന പ്രഖ്യാപനങ്ങൾ അടുത്തു തന്നെ ഉണ്ടായേക്കാം.

ബിപിസിഎൽ, ഐഒസി, എൻഎംഡിസി, കോൾ ഇന്ത്യ, കണ്ടെയ്നർ കോർപറേഷൻ, ബിഇഎൽ, എച്ച്എഎൽ, ഭെൽ, ഭാരത് ഡൈനാമിക്സ് ലിമിറ്റഡ്, ബിഇഎംഎൽ മുതലായവയും പിന്നാലെതന്നെ സ്വകാര്യവത്കരിക്കപ്പെടുമെന്ന് വിപണി പ്രതീക്ഷിക്കുന്നു. ദീർഘകാല നിക്ഷേപകരെ സംബന്ധിച്ചിടത്തോളം സ്വകാര്യവൽകരണത്തിന്റെ സ്വർണഖനിയാണ് മുന്നിൽ. വിവേകപൂർണമായ അതിദീർഘകാല നിക്ഷേപം വലിയ നേട്ടം സമ്മാനിക്കുമെന്നുറപ്പുള്ള അവസരമാണ് ഇന്ത്യൻ നിക്ഷേപകന് കൈവന്നിരിക്കുന്നത്.

ഓഹരിയും സെക്ടറുകളും

∙ ആക്റ്റീവ് ഫാർമസ്യൂട്ടിക്കൽ ഇൻഗ്രേഡിയന്റ്സ് (എപിഐ) തദ്ദേശീയമായി ഉൽപാദിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്രസർക്കാർ 6940 കോടി രൂപയുടെ പ്രൊഡക്‌ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) സ്‌കീം ആരംഭിച്ചത് ഇന്ത്യൻ ഫാർമ മേഖലക്ക് വലിയ പ്രോത്സാഹനമാണ്. ഗ്രാന്യൂൾസ്, ലോറസ് ലാബ്സ്, സൺ ഫാർമ, അജന്ത ഫാർമ, ഡിവിസ് ലാബ്‌സ്, ജൂബിലന്റ് ലൈഫ് സയൻസ്, ബയോകോൺ മുതലായ എപിഐ നിർമാതാക്കൾക്ക് വിപണിയിൽ മുന്നേറ്റം ലഭിച്ചുകഴിഞ്ഞു. ഓഹരികൾ ഇനിയും ലാഭകരമാണ്. ഇതേ മാതൃകയിൽ മറ്റൊരു 3420 കോടിരൂപ മെഡിക്കൽ ഉപകരണ നിർമാണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഇൻസെന്റീവ് സ്‌കീമിലേയ്ക്ക് മാറ്റിയതും ചൈനയുമായുള്ള ഫാർമ യുദ്ധത്തിന് ഇന്ത്യ തയാറാകുന്നതിന്റെ ഭാഗമായിതന്നെയാണ്.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

∙ സിഎൽഎസ്എ ഇന്ത്യൻ ഓഹരികളിൽ വലിയ പ്രതീക്ഷയാണ് വച്ചിരിക്കുന്നത്. എയർടെലിന് 710 രൂപയും ആക്സിസ് ബാങ്കിന് 600 രൂപയും ഏഷ്യൻ പെയിന്റ്‌സിന് 1900 രൂപയും എച്ച്ഡിഎഫ്സി ലൈഫിന് 675 രൂപയും ഐസിഐസിഐ പ്രുഡൻഷ്യലിന് 500 രൂപയുമാണ് ഹോങ്കോങ് ആസ്ഥാനമായ നിക്ഷേപക സ്ഥാപനത്തിന്റെ ലക്ഷ്യം.

∙ ജെപി മോർഗൻ എച്ച്ഡിഎഫ്സിക്ക് 2100 രൂപയും കോൾ ഇന്ത്യയ്ക്ക് 192 രൂപയുമാണ് ലക്ഷ്യം ഉറപ്പിച്ചിരിക്കുന്നത്.

∙ മികച്ച മൺസൂണിന്റെ പിൻബലത്തിൽ അടുത്ത ഉത്സവകാലത്ത് വാഹന വിപണി ശക്തിപ്പെടുമെന്ന പ്രത്യാശയാണ് ഓട്ടോ നിർമാതാക്കൾക്കുള്ളത്. ഹീറോ, ടിവിഎസ്, ഐഷർ, ബജാജ് ഓട്ടോ, മാരുതി എന്നിവ അടുത്ത ആറുമാസം കൈവശം വയ്ക്കുന്നതിനായി അടുത്ത ഇറക്കത്തിൽ സ്വന്തമാക്കി തുടങ്ങാവുന്നതാണ്.

∙ ഹിന്ദുസ്ഥാൻ യുണിലിവർ മികച്ച ആദ്യഫലം പുറത്തുവിട്ടത് എഫ്എംസിജി മേഖലയ്ക്ക് ഉണർവേകി. കമ്പനി മുൻവർഷത്തിൽ നിന്ന് 6.8% വർധനവോടെ 1880 കോടി രൂപയുടെ അറ്റാദായം നേടിയെങ്കിലും ഓഹരി വിപണി മുന്നേറ്റം നേടിയില്ല. എച്ച്‍യുഎൽ ഓഹരി ദീർഘകാല നിക്ഷേപത്തിനായി പരിഗണിക്കാം. ഐടിസി, മാരികോ, ഡാബർ, എന്നീ എഫ്എംസിജി ഓഹരികളും പരിഗണിക്കാം.

∙ എസിസി പ്രതീക്ഷിച്ചതിലും മികച്ച ആദ്യഫലം പുറത്തുവിട്ടത് സിമന്റ് ഓഹരികൾക്ക് അനുകൂലമാണ്. സിഎൽഎസ്എ ഓഹരിക്ക് 1675 രൂപ ലക്ഷ്യം കാണുന്നു.

∙ സ്റ്റീൽ സ്ട്രിപ്പ് വീൽസിന് അമേരിക്കൻ യൂറോപ്യൻ ഓർഡറുകൾ ലഭിച്ചുകൊണ്ടിരിക്കുന്നത് ഓഹരിക്ക് അനുകൂലമാണ്.

∙ ലോക്ഡൗൺ കാലഘട്ടത്തിലും മുൻ വർഷത്തിൽ നിന്നും 52% വർധനവോടെ 1137 കോടി രൂപയുടെ വരുമാനവും, 14% വർധനവോടെ 393 കോടി രൂപയുടെ അറ്റാദായവും എസ്ബിഐ കാർഡ് സ്വന്തമാക്കിയത് വിപണിക്ക് ആവേശമായി. ഓഹരി ദീർഘകാല നിക്ഷേപത്തിന് പരിഗണിക്കുക.

∙ ബജാജ് ഫൈനാൻസ് കഴിഞ്ഞ പാദത്തിൽ വരുമാന വളർച്ച നേടിയില്ലെങ്കിലും ആസ്തിമൂല്യം വർധിച്ചതും ഈ പാദത്തിൽ വരുമാനം വർധിക്കുന്നതും അനുകൂലമാണ്. ഓഹരിക്ക് മോർഗൻ സ്റ്റാൻലി 3835 രൂപയാണ് ലക്ഷ്യം കാണുന്നത്.

∙ ഐസിഐസിഐ പ്രുഡൻഷ്യലും എസ്ബിഐ ലൈഫും അറ്റാദായത്തിൽ ലാഭമുണ്ടാക്കിയപ്പോൾ പുതിയ പ്രീമിയം അടവ് കുറഞ്ഞത് തിരിച്ചടിയാണ്. ലൈഫ് ഇൻഷുറൻസ് കമ്പനിയേക്കാൾ അസറ്റ് മാനേജ്‌മന്റ് കമ്പനികൾ വരും പാദങ്ങളിൽ ലാഭമുണ്ടാക്കിയേക്കാം.

Stock Market
പ്രതീകാത്മക ചിത്രം

∙ യൂറോപ്യൻ, അമേരിക്കൻ, ജാപ്പനീസ് സാമ്പത്തിക ഉത്തേജന പാക്കേജുകൾ പ്രഖ്യാപിക്കപ്പെട്ടേക്കാമെന്നത് ഇന്ത്യൻ മെറ്റൽ ഓഹരികൾക്ക് അനുകൂലമാകും എന്നും കരുതുന്നു. ജിൻഡാൽ സ്റ്റീൽ, ജെഎസ്ഡബ്ല്യു സ്റ്റീൽ, നാൽകോ, ഹിൻഡാൽകോ, ടാറ്റ സ്റ്റീൽ എന്നിവ ശ്രദ്ധിക്കുക. ജിൻഡാൽ സ്റ്റീൽ 9.4കോടി നഷ്ടത്തിൽനിന്നും 183.1 കോടി രൂപ ലാഭത്തിലേക്ക് കയറിയതും മൊത്തവരുമാനം 12% മാത്രം കുറഞ്ഞതും മെറ്റൽ ഓഹരികൾക്ക് അനുകൂലമാണ്. കമ്പനിയുടെ കടബാധ്യത കുറയുകയാണ്.

∙ സിഎസ്ബി നിക്ഷേപ സമാഹരണത്തിലൂടെ 7.5%വും സ്വർണ വായ്പയിൽ 28.3%വും വളർച്ച കഴിഞ്ഞ പാദത്തിൽ നേടിയത് ഓഹരിയെ ആകർഷകമാക്കുന്നു. മറ്റേതെങ്കിലും പഴയ സ്വകാര്യ ബാങ്കിനെ ഏറ്റെടുക്കാനായി പദ്ധതി തയാറാക്കുന്നതും ഓഹരിക്ക് അനുകൂലമാണ്.

∙ ജുൻജുൻവാല ഫെഡറൽ ബാങ്കിലും ഇന്ത്യൻ ഹോട്ടൽസിലും ഓഹരി പങ്കാളിത്തം വർധിപ്പിച്ചത് ഇന്ത്യൻ ഓഹരികൾക്കും വിപണിയിൽ പ്രിയം വർധിപ്പിച്ചു. ഓഹരികൾ നിക്ഷേപത്തിനായി പരിഗണിക്കാം. 70 രൂപയാണ് ഫെഡറൽ ബാങ്കിന്റെ ലക്ഷ്യവില.

∙ എജിആർ പെനാൽറ്റി വിഷയത്തിൽ സുപ്രീംകോടതി അടുത്ത മാസം വിധിപറയാനിരിക്കെ 2014 -2015 കാലത്തെ 833 കോടിയുടെ നികുതി തിരികെ ലഭിക്കാൻ വിധിയായത് ഐഡിയ വോഡഫോണിന് അനുകൂലമാണ്. 2018 ഓഗസ്റ്റിൽ ഐഡിയയും വോഡഫോണും തമ്മിൽ ലയിക്കുമ്പോൾ 408 ദശലക്ഷം വരിക്കാരുമായി ഇന്ത്യയിൽ ഒന്നാം സ്ഥാനത്തായിരുന്ന ഐഡിയ വോഡഫോൺ ഇപ്പോൾ 27.57%വിപണി വിഹിതവുമായി റിലയൻസ് ജിയോ ഇൻഫോകോമിനും(33.47%) എയർടെലിനും (28.31%) പിന്നിൽ മൂന്നാം സ്ഥാനത്താണ്. കമ്പനിയുടെ സബ്സ്ക്രൈബർ ബേസ് കുറയുന്നത് ആശങ്കയാണ്. എങ്കിലും പിഴ തുക അടയ്ക്കാനായി 10 വർഷത്തിലധികം കാലാവധി ലഭിക്കുന്നത് ഓഹരിക്ക് അനുകൂലമാകുമെന്ന് നിരീക്ഷിക്കുന്നു. അനുകൂലമായ കോടതി വിധിക്കുശേഷം മാത്രമാകും നിക്ഷേപകർ കമ്പനിയെ പരിഗണിക്കുക.

∙ ഐസിഐസിഐ സെക്യൂരിറ്റീസിന്റെ വരുമാനം 41.3% വർധിച്ച് 546 കോടിരൂപയും അറ്റാദായം 69.7% വർധനവോടെ 193.1കോടി രൂപയുമായത് ഓഹരിക്ക് അനുകൂലമാണ്. ഓഹരിവിപണിയിലേക്ക് നിക്ഷേപം കൂടുന്നതും കൂടുതൽ ഡിമാറ്റ് അക്കൗണ്ടുകൾ തുറക്കപെടുന്നതും കൂടുതൽ ആകർഷകമാക്കുന്നുണ്ട്. ജിയോജിത്, മോത്തിലാൽ ഒസ്വാൾ എന്നിവയും പരിഗണിക്കാം.

∙ എൽ ആൻഡ് ടിയുടെ മോശം ആദ്യപാദഫലങ്ങൾ കണ്ട് നിക്ഷേപകർ നിരാശരാകേണ്ടതില്ല. അടുത്ത ഇറക്കത്തിൽ ഓഹരി ഒരു വർഷം മുന്നിൽ കണ്ട് നിക്ഷേപം ആരംഭിക്കുക. അടുത്ത പാദങ്ങളിൽ കമ്പനിയുടെ പ്രവർത്തനഫലങ്ങൾ കൂടുതൽ ആകർഷകമായേക്കും. സിഎൽഎസ്എ ഓഹരിക്ക് 1280 രൂപ ലക്ഷ്യം കാണുന്നു.

∙ ബജാജ് ഓട്ടോയുടെ ഒന്നാംപാദ ഫലം പ്രതീക്ഷിച്ചതിലും മെച്ചമാണ്. ഓട്ടോ ഓഹരികൾക്ക് അനുകൂലമാണ്.

Stock-Market-Stock-Exchange
പ്രതീകാത്മക ചിത്രം

∙ അറ്റാദായം 53% വളർച്ചയോടെ റാലിസ് ഇന്ത്യ മുന്നേറുന്നത് വളം, കീടനാശിനി ഓഹരികളെ കൂടുതൽ ആകർഷകമാക്കുന്നു. കൊറൊമാൻഡാൽ ഇന്റർനാഷനൽ, യുപിഎൽ എന്നിവയും റാലീസിനൊപ്പം ആകർഷകമാണ്.

∙ സിൻജിൻ അടുത്ത പാദങ്ങളിൽ വൻ വളർച്ച നേടുമെന്ന് കമ്പനി വൃത്തങ്ങൾ അവകാശപ്പെടുന്നു. കഴിഞ്ഞ പാദത്തിൽ കമ്പനിയുടെ ലാഭം 19% കുറഞ്ഞെങ്കിലും ഉയർന്ന എബിറ്റ് മാർജിൻ (32%) കമ്പനിക്കനുകൂലമാണ്.

∙ പിഎൻബി ഹൗസിങ് ഫിനാൻസിന് മോർഗൻ സ്റ്റാൻലി 290 രൂപ ലക്ഷ്യം കാണുന്നു. പിഎൻബി ഹൗസിങ് ഫിനാൻസ് പ്രതീക്ഷയ്ക്ക് അപ്പുറമുള്ള ആദ്യപാദ പ്രവർത്തനഫലമാണ് പ്രഖ്യാപിച്ചത്. കമ്പനി മുൻവർഷത്തിൽ നിന്നും 5% മാത്രം കുറഞ്ഞ് 257 കോടി രൂപ അറ്റാദായം പ്രഖ്യാപിച്ചു.

∙ ആമസോൺ, റിലയൻസ് ജിയോ മാർട്ടിൽ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് സ്വന്തമാക്കാനൊരുങ്ങുന്നു എന്ന വാർത്ത റിലയൻസ് ഓഹരിക്ക് മുന്നേറ്റം നൽകി കഴിഞ്ഞു. ഓഹരിക്ക് 2200 രൂപ അടുത്ത ലക്ഷ്യമാണ്. 2500 രൂപ ഓഹരിക്ക് ഷോർട് ടേം ലക്ഷ്യം കാണാവുന്നതാണ്.

∙ പിഎൻസി ഇൻഫ്രാടെകിന് 1547 കോടി രൂപയുടെ നാഷനൽ ഹൈവേ പ്രൊജക്റ്റ് ലഭ്യമായത് ഓഹരിക്ക് അനുകൂലമാണ്.

∙ ബയോകോൺ 14.6% വരുമാന വളർച്ച നേടിയെങ്കിലും ഓഹരി വിപണിയിൽ തിരിച്ചടി നേരിട്ടു. ഓഹരി ദീർഘകാല നിക്ഷേപത്തിന് അനുകൂലമാണ്

∙ എയു സ്മാൾ ഫിനാൻസ് ബാങ്ക് 200 കോടിയുടെ അറ്റാദായം നേടി. കമ്പനിയുടെ പലിശവരുമാനം 30%, എയുഎം 17% വളർച്ച നേടിയത് ഓഹരിക്ക് അനുകൂലമാണ്. അതിദീർഘകാല നിക്ഷേപത്തിന് ഓഹരി തീർച്ചയായും പരിഗണിക്കുക.

∙ എച്ച്സിസിയുമായി ചേർന്ന് ഗുജറാത്തിൽ 4000 കോടിക്ക് മുകളിലുള്ള കരാർ സ്വന്തമാക്കിയത് ദിലീപ് ബിൽഡ്കോണിന് അനുകൂലമാണ്. ഇൻഫ്രാ ഓഹരികൾ ദീർഘകാല നിക്ഷേപത്തിനായി പോർട്ട്ഫോളിയോകളിൽ ഉൾപ്പെടുത്താവുന്നതാണ്. എൽ ആൻഡ് ടി, ദിലീപ് ബിൽഡ്കോൺ, അശോക ബിൽഡ്കോൺ, ജെകെ കുമാർ ഇൻഫ്രാ, എച്ച്സിസി, പിഎൻസി ഇൻഫ്രാ എന്നിവ പരിഗണിക്കാം.

∙ റൊസാരി ബയോടെക് ആദ്യദിനം തന്നെ 89% മുന്നേറി 803 രൂപയിൽ വ്യാപാരമവസാനിപ്പിച്ചത് വരാനിരിക്കുന്ന ഐപിഒ കൾക്കും അനുകൂലമാണ്. റാഹേജ ഗ്രൂപ്പ് നേതൃത്വം നൽകുന്ന മൈൻഡ് സ്പേസിന്റെ ഐപിഒ തിങ്കളാഴ്ച മുതൽ ആരംഭിക്കുകയാണ്. ഇന്ത്യയിലെ പ്രധാനപട്ടണങ്ങളിൽ മികച്ച ഓഫിസ് സംവിധാനങ്ങളൊരുക്കുന്ന കമ്പനിയുടെ പ്രധാന ഉപഭോക്താക്കൾ ഫെയ്സ്ബുക്, ആമസോൺ, ക്വാൽകം, യുബിഎസ്, ജെപിമോർഗൻ, ആക്സഞ്ചർ മുതലായ ആഗോള ഭീമന്മാരാണ്. 274-275 രൂപയാണ് ഇഷ്യൂ പ്രൈസ്.

കൂടുതൽ വിവരങ്ങൾക്ക്: ഇമെയിൽ– buddingportfolios@gmail.com, WhatsApp: 8606666722

Content Highlight: Market Analysis, Sensex, Nifty, Stock Exchange

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com