ADVERTISEMENT

ക്യാപ്റ്റൻ പ്രിൻസ് ജോസിന് അന്നത്തെ ആ 15 മിനിറ്റ് ഏറെ വിലപ്പെട്ടതായിരുന്നു. കാർഗിൽ മലനിരകളിൽ തമ്പടിച്ച പാക്ക് പട്ടാളത്തെ തുരത്താനുള്ള ചരിത്ര നിയോഗത്തിൽ നഷ്ടപ്പെടുന്ന ഓരോ നിമിഷത്തിന്റെയും വില ജീവനാണെന്നു തിരിച്ചറിഞ്ഞ ധീരപോരാളി. 

ശ്വാസം മാത്രമുള്ള ആ 15 മിനിറ്റ്. ഓർമവച്ച നാൾ മുതലുള്ള ഓർമകളിലെ ഓർക്കാനിഷ്ടമില്ലാത്ത ശൂന്യത. തണുത്തുറഞ്ഞ സാൻഡോ ടോപ്പിൽ അതിസാഹസികമായ മുന്നേറ്റത്തിലായിരുന്നു. കനൽച്ചൂടോടെ തെറിച്ചുവന്നൊരു ചീള് ശക്തിയിൽ മുഖത്തടിച്ചപ്പോൾ കാൽതെന്നി. ഉരുണ്ടുപോയി വീണത് 300 അടി താഴ്ചയിൽ. രാജ്യം പ്രാർഥനയോടെ ഉണരുന്ന പുലരിയിൽ കൊടുംതണുപ്പിനെ വകവയ്ക്കാതെ ശത്രുവിന്റെ താവളങ്ങളിലേക്കുള്ള പടയൊരുക്കത്തിലായിരുന്നു ഞങ്ങൾ. നേരം പരപരാ വെളുത്തു തുടങ്ങുന്നു. ഓർക്കാപ്പുറത്തായിരുന്നു ശത്രുവിന്റെ ഷെല്ലാക്രമണം. പാറക്കൂട്ടത്തിലേക്കാണു വീണത്. ബോധമറ്റിരുന്നു. ബഡ്ഡി സൈനികൻ കുതിച്ചെത്തി പ്രാഥമിക ശുശ്രൂഷ നൽകി ജീവിതത്തിലേക്ക് ഉണർത്തി. വിശ്രമിക്കാനുള്ള നേരമായിരുന്നില്ല അത്. വീണ്ടും പോർക്കളത്തിലേക്ക്..’

പാക്കിസ്ഥാനെ തുരത്തി ഇന്ത്യൻ പട്ടാളം കാർഗിലിൽ വിജയക്കൊടി നാട്ടിയതിന്റെ 21–ാം വാർഷികമാണിന്ന്. 1999 ജൂലൈ 26ന് കാർഗിൽ ഇന്ത്യൻ സേന തിരിച്ചുപിടിച്ചതിന്റെ ചരിത്രദിനം. കാർഗിൽ വിജയ് ദിനത്തിൽ, മലനിരകളിലെ ത്രസിപ്പിക്കുന്ന അങ്കത്തിന്റെ നേർക്കഥ പറയുകയാണു കോട്ടയം ചങ്ങനാശ്ശേരി സ്വദേശി മേജർ പ്രിൻസ് ജോസ് (47). കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത നിരവധി മലയാളികളെ നമുക്കറിയാം.  ‘ഓപറേഷൻ വിജയ്’ എന്നറിയപ്പെട്ട കാർഗിൽ ദൗത്യം സഫലമാക്കാൻ ആദ്യം മല കയറി വഴിയൊരുക്കിയവരുടെ കൂട്ടത്തിലാണു പ്രിൻസ് ജോസിന്റെ സ്ഥാനം. സംസാരിക്കുമ്പോൾ, കാർഗിലിലെ വീര്യത്തിനു രാജ്യം സമ്മാനിച്ച രാഷ്ട്രപതിയുടെ സേനാമെഡൽ അദ്ദേഹത്തിന്റെ കയ്യിലിരുന്നു തിളങ്ങി.

∙ ആട്ടിടയന്മാർ തെളിച്ച വഴി

1999 മേയ് 3. കൂട്ടം തെറ്റിയ യാക്കുകളെ തേടിപ്പോയ രണ്ട് ഇടയന്മാരാണ് അതാദ്യം കണ്ടത്. ബടാലിക് പ്രദേശത്തെ മലമുകളിൽ ആൾപ്പെരുമാറ്റം. ജമ്മു കശ്മീരിലെ കാര്‍ഗില്‍ ജില്ലയില്‍ നിയന്ത്രണരേഖയോടടുത്ത് ആയുധധാരികളായ അപരിചിതരുടെ സാന്നിധ്യമാണ് ആ ആട്ടിടയന്മാർ  കണ്ടത്. മുന്‍പ് ഇത്തരം സംഭവം ഉണ്ടായിട്ടില്ലാത്തതിനാല്‍ അവര്‍ തൊട്ടടുത്തുള്ള സൈനിക കേന്ദ്രത്തില്‍ വിവരം അറിയിച്ചു. ശ്രീനഗറില്‍നിന്ന് ഏകദേശം 205 കിലോമീറ്ററുണ്ട് കാര്‍ഗിലിലേക്ക്. ശൈത്യകാലത്തു മൈനസ് 30 ഡിഗ്രി വരെ തണുപ്പ് താഴുന്ന, ഹിമാലയന്‍ മലനിരകളാല്‍ ചുറ്റപ്പെട്ട തന്ത്രപ്രധാന ഇടം.

കാലാവസ്ഥ മോശമായതിനാലും തണുപ്പുകാലത്തു നുഴഞ്ഞുകയറ്റം കുറവായതിനാലും ആട്ടിടയന്‍മാര്‍ ചൂണ്ടികാട്ടിയ മേഖലകളില്‍ പട്രോളിങ് കുറവായിരുന്നു. ഇന്ത്യന്‍ ഭൂപ്രദേശങ്ങള്‍ പിടിച്ചടക്കുകയെന്ന വ്യാമോഹത്തിൽ പാക്ക് പട്ടാള മേധാവി പർവേസ് മുഷറഫ് കശ്മീരിലേക്ക് അയച്ച നുഴഞ്ഞുകയറ്റക്കാരായിരുന്നു അവർ. മേയ് രണ്ടാംവാരം ക്യാപ്റ്റന്‍ സൗരഭ് കാലിയയുടെ നേതൃത്വത്തില്‍ അഞ്ചംഗ സംഘം സ്ഥലത്തേക്കു പോയി. അവര്‍ മടങ്ങിവന്നില്ല. നുഴഞ്ഞുകയറ്റക്കാര്‍ അതിർത്തി കടന്നെത്തിയതായി സൈന്യത്തിനു മനസ്സിലായി. അവരെ വേഗത്തില്‍ പുറത്താക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു പട്ടാളം. തൊട്ടുപിന്നാലെയാണു കാര്‍ഗിലില്‍ വിവിധ ഭാഗങ്ങളില്‍ ശത്രുവിന്റെ സാന്നിധ്യമുണ്ടെന്ന സ്ഥിരീകരണം ലഭിച്ചത്. നൂറു കണക്കിനു പാക്ക് സൈനികര്‍ തീവ്രവാദികളോടൊപ്പം കാര്‍ഗിൽ മലനിരകളില്‍ താവളമുറപ്പിച്ചെന്ന രഹസ്യാന്വേഷണ വിവരവും വന്നു.

Prince-Jose-Kargil-War-1
കാർഗിലിലെ പോരാട്ടത്തിനിടെ മേജർ പ്രിൻസ് ജോസും സഹസൈനികരും

ചെറിയ സൈനിക നീക്കത്തിലൂടെ ഇവരെ പുറത്താക്കാന്‍ കഴിയില്ലെന്നു തിരിച്ചറിഞ്ഞ സേന, വലിയ സൈനിക നടപടിക്ക് തുടക്കമിട്ടു. അതാണ് ഓപ്പറേഷന്‍ വിജയ്. രണ്ടു ലക്ഷത്തോളം സൈനികർ പങ്കെടുത്ത യുദ്ധം. 30,000 പേര്‍ നേരിട്ട് അങ്കത്തട്ടിൽ അടരാടി. അർധസൈനിക വിഭാഗങ്ങളും പ്രത്യേക സൈനിക വിഭാഗങ്ങളും വ്യോമസേനയും പങ്കാളികളായി. പ്രതീക്ഷിച്ചതിലും കരുത്തരായിരുന്നു ശത്രു. തന്ത്രപ്രധാന മേഖലകളില്‍ നിലയുറപ്പിക്കാനായത് അവരുടെ ശക്തി കൂട്ടി. ഉയരത്തിന്റെ മുൻതൂക്കമുള്ള മലമുകളിൽ നിലയുറപ്പിച്ച ശത്രുവിനെതിരെ താഴ്‍വാരത്തുനിന്നു പൊരുതേണ്ട അവസ്ഥ. രണ്ട് ഇന്ത്യൻ വ്യോമസേനാ വിമാനങ്ങള്‍ പാക്ക് സൈന്യത്തിന്റെ പിന്തുണയോടെ നുഴഞ്ഞുകയറ്റക്കാര്‍ വെടിവച്ചിട്ടതോടെ യുദ്ധത്തിനു കാഹളം മുഴങ്ങി.

∙ മോഹിച്ചു, പട്ടാളക്കാരനായി

കണ്ടങ്കരി കെ.എൽ.ജോസിന്റെയും റോസമ്മയുടെയും ഏഴു മക്കളിൽ ഇളയവനാണ് ഞാൻ. പട്ടാളക്കാരനാകണം എന്നായിരുന്നു മോഹം. സ്വാതന്ത്ര്യ സമരസേനാനി ഗ്രിഗറി കണ്ടങ്കരിയുടെ സഹോദരപുത്രനു രാജ്യസ്നേഹം രക്തത്തിൽ അലിഞ്ഞുചേർന്നതാണല്ലോ. സെന്റ് ജോസഫ്സ് എൽപി സ്കൂളിൽനിന്നു തിരുവനന്തപുരം കഴക്കൂട്ടത്തെ സൈനിക സ്കൂളിൽ തുടർ വിദ്യാഭ്യാസം. സ്കൂളിലെ ഫുട്ബോൾ ടീമിൽ അംഗമായിരുന്നു, നല്ല സൈക്ലിസ്റ്റുമായിരുന്നു. ക്ലാസിൽ അടങ്ങിയിരിക്കുന്നതിനേക്കാൾ പുറത്തുള്ള കളികളും സാഹസിക വിനോദങ്ങളുമാണു സന്തോഷിപ്പിച്ചത്. അവിടെ പഠിപ്പിച്ചിരുന്ന ജാട്ട് റെജിമെന്റിലെ ക്യാപ്റ്റൻ പോൾ ബാസ്റ്റിൻ കുടുംബസുഹൃത്തായിരുന്നു. സൈനിക സ്കൂളിൽ എനിക്ക് ആറു വർഷം സീനിയറായിരുന്നു ബാസ്റ്റിൻ. അദ്ദേഹം 1984 ബാച്ചും ഞാൻ 1990 ബാച്ചും. ബാസ്റ്റിനാണു സൈന്യത്തിൽ അണിചേരാൻ പ്രേരണയായത്. 

‘ബിഗ് ബ്രദർ’ എന്നു വിളിച്ചിരുന്ന ക്യാപ്റ്റൻ ബാസ്റ്റിൻ പാരാ കമാൻഡോ ആയിരുന്നു. ഇന്ത്യൻ സേനയിലെ എലീറ്റ് സ്പെഷൽ ഫോഴ്‍സ് ആയ ഒൻപതാം റെജിമെന്റിലെ അംഗം. ആഴക്കടലിലെ നീന്തലിലായിരുന്നു സ്പെഷലൈസ് ചെയ്തിരുന്നത്. ബാസ്റ്റിന്റെ ധീരകഥകൾ എന്റെ മനസ്സിൽ പട്ടാളക്കാരന്റെ യൂണിഫോം തയ്പ്പിച്ചു. വെള്ളത്തിനടിയിലെ അഭ്യാസത്തിനിടെ ക്യാപ്റ്റൻ ബാസ്റ്റിനു ജീവൻ നഷ്ടപ്പെട്ടത് അറിഞ്ഞപ്പോൾ, ഞാൻ ശപഥമെടുത്തു: എനിക്കും 9 പാരാ സ്പെഷൽ ഫോഴ്സിന്റെ ഭാഗമാകണം, ഇന്ത്യയുടെ ധീരപുത്രനാകണം. ചങ്ങനാശേരി എസ്ബി കോളജിൽനിന്ന് ബിഎസ്‌സി പാസായി 1995 ൽ സൈന്യത്തിൽ ചേർന്നു.

Prince-Jose-Kargil-War-2
കാർഗിലിലെ പോരാട്ടത്തിനിടെ മേജർ പ്രിൻസ് ജോസും സഹസൈനികരും

പാരാ സ്പെഷൽ ഫോഴ്സിന്റെ ഭാഗമാകാൻ സ്വയംസന്നദ്ധനായി. ക്ലേശകരവും സങ്കീർണവുമായ പരിശീലനത്തിനൊടുവിൽ ആ മോഹം പൂവണിഞ്ഞു. ഫോഴ്സിന്റെ കമാൻഡോ വിങ്ങിന്റെ ക്യാപ്റ്റനുമായി. പർവതാരോഹണത്തിലും മിടുക്ക് കാട്ടിയപ്പോൾ സൈന്യം ആഗ്രയിൽ പാരാ ജംപിങ്ങിൽ പരിശീലനം നൽകി. 1999 മേയ് 28ന് കശ്മീരിൽനിന്നു സുപ്രധാന വിളിയെത്തി. ദ്രാസ് മേഖലയ്ക്ക് എട്ടു കിലോമീറ്റർ അകലെ പൺഡ്രാസിലായിരുന്നു കമാൻഡോസ് ഉൾപ്പെട്ട എന്റെ സംഘത്തിന്റെ ആദ്യ ക്യാംപ്. പ്രദേശത്തെക്കുറിച്ചുള്ള ധാരണ കുറവായിരുന്നതിനാൽ ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെയാണു നുഴഞ്ഞുകയറ്റക്കാർ കയ്യടക്കിയ മേഖലകളിലേക്കു സംഘം നീങ്ങിയത്.

∙ രാത്രിയിലെ മലകയറ്റം

ദുര്‍ഘടമായ ഭൂപ്രകൃതിയാണു കാര്‍ഗിലിലേത്. കുന്നുകള്‍ നിറഞ്ഞ പ്രദേശം. ഗതാഗത സൗകര്യങ്ങള്‍ കുറവ്. ലേയില്‍നിന്നു ശ്രീനഗറിലേക്കുള്ള ദേശീയപാതപോലും രണ്ടുവരി. ഈ റോഡ് കൃത്യമായി ലക്ഷ്യമിടാനാകുന്ന കുന്നുകളില്‍ നുഴഞ്ഞുകയറ്റക്കാരും പാക്ക് പട്ടാളവും താവളമുറപ്പിച്ച് വെടിവയ്പ് തുടങ്ങിയതോടെ സൈനിക നീക്കം തടസ്സപ്പെട്ടു. ഉയരങ്ങളിലുള്ള പാക്ക് സൈന്യത്തിനായിരുന്നു മേധാവിത്തം. ഗ്രനേഡ് ലോഞ്ചറുകളും മോര്‍ട്ടാറുകളും വിമാനങ്ങളെ വെടിവച്ചിടാന്‍ കഴിയുന്ന തോക്കുകളുമായി സര്‍വ സജ്ജരായിരുന്നു അവർ. യുദ്ധം ജയിക്കാന്‍ ദേശീയപാതയിലൂടെയുള്ള സൈനിക നീക്കം സാധാരണ രീതിയിലാക്കണമായിരുന്നു. അതിനു പാക്ക് നിയന്ത്രണ പോസ്റ്റുകള്‍ മോചിപ്പിക്കണം.

ലഡാക്കിലുള്ള ഇന്ത്യൻ സൈന്യത്തിന്റെ ജീവനാഡിയാണു ശ്രീനഗറിൽനിന്നു കാർഗിലും ദ്രാസും കടന്നു ലേയിലേക്കുള്ള റോഡ്. ലഡാക്കിലെ ആയിരക്കണക്കിനു സൈനികർക്കു ഭക്ഷണവും ഇന്ധനവും വെടിക്കോപ്പും എത്തിക്കുന്നത് ഈ വഴിയിലൂടെയാണ്. ഇന്ത്യൻ സൈനിക വാഹനങ്ങൾ മലമുകളിലെ പാക്ക് സൈനികർക്കു കാണാനാവും. അവർ നൽകുന്ന വിവരമനുസരിച്ച് ആക്രമിച്ചു തകർക്കാം. ലഡാക്കിനെ ഒറ്റപ്പെടുത്തി പിടിച്ചെടുക്കുകയാണു ഉദ്ദേശ്യമെന്നു വ്യക്തമായി. ഉയരത്തിലിരിക്കുന്ന ശത്രുവിനെ ഒഴിപ്പിക്കുക എളുപ്പമല്ല. ഒരു യന്ത്രത്തോക്കും നല്ലൊരു നായയും ഉണ്ടെങ്കിൽ ഒരാൾക്കു കുന്നിൻമുകളിലിരുന്ന് ഒരു ബറ്റാലിയൻ സൈന്യത്തെ ചെറുക്കാനാവുമെന്നാണു സൈനികതന്ത്രത്തിലെ ചൊല്ല്.

Prince-Jose-Kargil-War
കാർഗിലിലെ പോരാട്ടത്തിനിടെ മേജർ പ്രിൻസ് ജോസും സഹസൈനികരും

നിയന്ത്രണ രേഖയ്ക്കു രണ്ടു കിലോമീറ്റർ വരെ അടുത്തെത്തിയ ഞങ്ങളുടെ സംഘത്തിനു സാൻഡോ കുന്നുകളിൽനിന്ന് ആക്രമണം നടത്താനായിരുന്നു ആദ്യം നിർദേശം കിട്ടിയത്. എകെ 58 തോക്ക്, ഗ്രനേഡുകൾ, റോക്കറ്റ് ലോഞ്ചറുകൾ, സ്ഫോടക വസ്തുക്കൾ, കുറച്ചു ഭക്ഷണം എന്നിവയും ചുമലിലേറ്റി രാത്രികളിലായിരുന്നു മലകയറ്റം. ഇന്ത്യൻ സൈന്യത്തെ കണ്ടതോടെ പാക്ക് പട്ടാളം വെടിവയ്പ് ആരംഭിച്ചു. കൂടെയുണ്ടായിരുന്ന കമാൻഡോ സഫറുദ്ദീന്റെ കാലിൽ വെടിയേറ്റു. തൽക്കാലത്തേക്കു ഞങ്ങൾ പാറയിടുക്കിൽ രക്ഷ തേടി. പിന്നിലായി വരുന്ന വലിയ സൈനിക സംഘത്തെ ശത്രുവിന്റെ സാന്നിധ്യം വയർലസിലൂടെ അറിയിച്ചു. താഴെനിന്ന് ഇന്ത്യ ആക്രമിച്ചു. പ്രത്യാക്രമണത്തിന് കരുത്ത് കൂടുതലായിരുന്നു.

ഈ ഷെല്ലാക്രമണത്തിൽ ആലപ്പുഴ സ്വദേശി രാധാകുമാർ വീരമൃത്യു വരിച്ചു. കാര്‍ഗിലിലെ പോയിന്റ് 4590 പോസ്റ്റില്‍നിന്നു നോക്കുമ്പോഴാണു ദേശീയപാത വ്യക്തമായി ശത്രു സൈന്യത്തിനു കാണാന്‍ കഴിയുന്നത്. പോയിന്റ് 5353 ആയിരുന്നു കാര്‍ഗില്‍ മേഖലയിലെ ഉയരം കൂടിയ പോസ്റ്റ്. കരസേനാ മേധാവി ജനറൽ വി.പി.മാലിക് വ്യോമസേനയുടെ സഹായം തേടി. വ്യോമസേനയെ ഉപയോഗിച്ചാൽ പൂർണ യുദ്ധമുണ്ടായേക്കുമെന്നു വ്യോമസേനാ മേധാവി അനിൽ ടിപ്നിസ് പറഞ്ഞു. പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി ഇതിനു സമ്മതം നൽകി; നമ്മുടെ സേന നിയന്ത്രണരേഖ കടക്കാൻ പാടില്ലെന്ന നിബന്ധനയിൽ. ശത്രുവിനെ വശങ്ങളിൽ നിന്നോ പിന്നിൽ നിന്നോ പ്രഹരിക്കരുത്, മുന്നിൽ നിന്നു മാത്രം. ശത്രുവിനു ഭക്ഷണവും വെടിക്കോപ്പും എത്തിച്ചുകൊടുക്കുന്ന പാക്ക് താവളങ്ങൾ ആക്രമിക്കാനും പാടില്ല !

∙ നിർണായകമായ സാൻഡോ ടോപ്

ഓപ്പറേഷൻ വിജയ് ഇന്ത്യയ്ക്ക് അനുകൂലമാക്കി ചരിത്രത്താളിൽ എഴുതിച്ചേർത്തതിലെ നിർണായക പേരുകളിലൊന്നാണു സാൻഡോ ടോപ് (Sando Top). മറ്റൊന്നു ടൈഗർ ഹിൽ (Tiger Hill). ദ്രാസ് സെക്ടറിൽ ഹിമാലയത്തിന്റെ ഭാഗമായ, സമുദ്രനിരപ്പിൽനിന്ന് 14,000 അടി ഉയരമുള്ള ഭൂപ്രദേശമാണു സാൻഡോ ടോപ്. വാസയോഗ്യമല്ലാത്ത അപൂർവം സൈനിക പോയിന്റുകളിലൊന്ന്. വേനൽക്കാലത്തു മൈനസ് 5 മുതൽ മൈനസ് 9 വരെയാണു താപനില. ശീതകാലത്തു കാലാവസ്ഥ ഇതിനേക്കാൾ രൂക്ഷമാകും. ഈ മലനിരകളിലൂടെ സാഹസികമായി കയറികൊണ്ടിരുന്നപ്പോഴാണ് ഒരു മഞ്ഞുമതിൽ പ്രത്യക്ഷപ്പെട്ടത്. ഇതിൽകയറി റോപ് ഉറപ്പിച്ചാൽ മാത്രമേ പിന്നിലുള്ള മറ്റു സൈനികസംഘത്തിനു മലകയറാനാകൂ.

mirage-2000-kargil-war

പർവതാരോഹണം അറിയാവുന്ന വിദഗ്ധരാണ് ഈ വേളയിൽ ആവശ്യം. അരുണാചൽ പ്രദേശിലെ മൗണ്ട് ഗോറിച്ചെൻ കയറിയ പരിചയം ഉള്ളതിനാൽ ദൗത്യം ഞാനേറ്റെടുത്തു. 70 ഡിഗ്രി ചെരിവുള്ള മഞ്ഞുമലയിൽ റോപ്പ് ഉറപ്പിച്ചു. അപ്പോഴേക്കും നേരെ വെളുത്തു. സമീപത്തെ പർവതപ്രദേശത്തുകൂടെ സാൻഡോ ടോപ്പിലേക്ക് പാക്ക് സൈന്യവും കയറി വരുന്നുണ്ട്. സാൻഡോ ടോപ്പും 5368 പോയിന്റും ബന്ധിക്കുന്ന പർവതത്തിട്ടയിലൂടെ ഇരുരാജ്യത്തിലെയും സൈന്യം പരസ്പരം മിന്നായം പോലെ കണ്ടു. അവർ അവരുടെ പട്ടാളപ്പടയെ അലറിവിളിച്ചു. അടുത്ത നിമിഷം പാക്ക് പട്ടാളം എത്തി, തുടർച്ചയായി വെടിവയ്പും ബോംബാക്രമണവും തുടങ്ങി. ശത്രുവിനോട് ഏറ്റുമുട്ടാനുള്ള അംഗബലം കുറവായിട്ടും നമ്മൾ തിരിച്ചടിച്ചു.

പാക്കിസ്ഥാന്റെ മോർട്ടാർ ഷെല്ലുകൾ ഇന്ത്യൻ സൈനികരെ ലക്ഷ്യമാക്കി പൊട്ടിത്തെറിച്ചു. മഞ്ഞും സ്ഫോടനങ്ങളിലെ പൊടിയും മൂലം അന്തരീക്ഷത്തിൽ കറുത്ത പുക നിറഞ്ഞു. ഷെല്ലുകളിലൊന്നു ഞങ്ങളുടെ തൊട്ടടുത്താണു ചിന്നിച്ചിതറിയത്. 13 ഇന്ത്യൻ പട്ടാളക്കാർ കൊല്ലപ്പെട്ടു. തെറിച്ചുവന്നൊരു ചീള് ശക്തിയിൽ എന്റെയും മുഖത്തടിച്ചു. നില തെറ്റി. കാൽതെന്നി 300 അടി താഴ്ചയിലേക്കു ഉരുണ്ടുവീണു. ഇത് ജീവിതത്തിന്റെ അവസാനമാണെന്നു തോന്നിപ്പോയി. പാറക്കൂട്ടങ്ങൾക്കിടയിൽ വീണ എന്നെ കണ്ടെത്തി രക്ഷിക്കാൻ ബഡ്ഡിക്ക് അരമണിക്കൂർ വേണ്ടിവന്നു. പ്രാഥമിക ശുശ്രൂഷ നൽകി ബോധം വീണ്ടെടുത്തു. പക്ഷേ 15 മിനിറ്റ് നേരത്തേക്ക് ഓർമനഷ്ടമുണ്ടായി.

പിന്നീട് ഓർമ തിരിച്ചുകിട്ടി. മേൽച്ചുണ്ട് രണ്ടായി മുറിഞ്ഞിരുന്നു. കാൽമുട്ടിനും പരുക്കു പറ്റി. ഇതൊന്നും വകവയ്ക്കാതെ ഗുരുതരമായി പരുക്കേറ്റ സഹസൈനികരെ താഴെയുള്ള ബേസ് ക്യാംപിൽ എത്തിച്ചു, മെഡിക്കൽ ശുശ്രൂഷകൾ നൽകി. നമ്മൾ ആക്രമണം നടത്തിയതിനെ തുടർന്നു പാക്ക് പട്ടാളത്തിനു സാൻഡോ ടോപ്പിൽ തുടരാനായില്ല. അതിനു തൊട്ടടുത്തായിരുന്നു അവരുടെ മദർ ബേസ്. അവിടേക്കുള്ള ആഡം ചാനല്‍ (administrative channel) മുറിക്കുക എന്നതായിരുന്നു ഞങ്ങളെയേൽപ്പിച്ച ദൗത്യം. അതു പൂർണമായി, വിജയകരമായി നടപ്പാക്കി.

വലിയ സൈന്യസംഘത്തിന് ഈ സ്ഥലം കൈമാറിയ ശേഷം ഞങ്ങൾ അടുത്ത മലനിരകൾ തിരിച്ചുപിടിക്കാൻ യാത്ര തുടർന്നു. സുലു ടോപ് ആയിരുന്നു അടുത്ത ലക്ഷ്യം. അവിടെയും ശക്തമായ ആക്രമണത്തിന് നമ്മൾ മുൻകയ്യെടുത്തു. ഒടുവിൽ സുലു ടോപ്പും പാക്കിസ്ഥാനിൽനിന്നു ഇന്ത്യ പിടിച്ചെടുത്തു. മനസ്സ് മുറുകിയ ആ നേരങ്ങളിൽ സാറ്റലൈറ്റ് ഫോണിലൂടെ രാത്രിയിൽ ചങ്ങനാശേരിയിലെ വീട്ടിലേക്ക് ഇടയ്ക്കു വിളിക്കും. അപ്പനോടും അമ്മയോടും സംസാരിക്കുന്നതായിരുന്നു ഏക ആശ്വാസം.

പ്രിൻസിന്റെ ബാറ്റിൽ പെർഫോമൻസ് റിപ്പോർട്ടിൽ കമാൻഡിങ് ഓഫിസർ കേണൽ ജോൺ ഡി ബ്രിട്ടോ ഇങ്ങനെ കുറിച്ചു: ‘ഊർജസ്വലനും ചെറുപ്പക്കാരനുമായ ഈ ഓഫിസർ 70 ഡിഗ്രി ചെരിഞ്ഞ മഞ്ഞുപാളിയിൽ റോപ് ഉറപ്പിക്കുന്നതിനിടെ ശത്രുവിന്റെ സായുധാക്രമണത്തിൽ 300 അടി താഴ്ചയിലേക്കു മറിഞ്ഞു. അരമണിക്കൂറോളം അബോധാവസ്ഥയിലായി. ബോധം വീണ്ടെടുത്തപ്പോൾ 15 മിനിറ്റ് നേരം സ്മൃതിനഷ്ടവുമുണ്ടായി. എന്നിട്ടും പരുക്കുകൾ വകവയ്ക്കാതെ വീണ്ടും ആക്രമണത്തിനു തയാറായി. പ്രശംസനീയമായ പ്രകടനമാണിത്’.

∙ ടൈഗർ ഹില്ലിൽ നാട്ടിയ ദേശീയപതാക‌‍

Kargil war

1999 ജൂണ്‍ 19ന് രാത്രി ഇന്ത്യന്‍ കരസേന തോലോലിങിലെ ആക്രമണം ആംരംഭിച്ചതു മുതല്‍ ജൂലൈ നാലിനു ടൈഗര്‍ ഹില്‍ പിടിക്കുന്നതുവരെയുള്ള സമയമായിരുന്നു കാർഗിൽ യുദ്ധത്തിൽ ഏറെ നിര്‍ണായകം. ടൈഗര്‍ ഹില്‍ പിടിക്കാതെ യുദ്ധം ജയിക്കാനാകില്ലെന്ന് അറിയാമായിരുന്നു. തൊട്ടുവടക്കുള്ള താവളത്തില്‍നിന്ന് അഞ്ചു നുഴഞ്ഞുകയറ്റ മാര്‍ഗങ്ങളായിരുന്നു ഹില്ലിലേക്ക്. ടൈഗര്‍ ഹില്ലിനു രണ്ടു ശിഖരപ്രദേശങ്ങളാണ് ഉണ്ടായിരുന്നത്. കിഴക്കന്‍ റിഡ്ജും പടിഞ്ഞാറന്‍ റിഡ്ജും. കിഴക്കന്‍ റിഡ്ജ് തോലോലിങ് ഭാഗത്തേക്കും പടിഞ്ഞാറന്‍ റിഡ്ജ് മഷ്കോ താഴ്‌വരയിലേക്കുമാണ് നീണ്ടുകിടക്കുന്നത്. തോലോലിങും ഹംപും പിടിച്ചശേഷം ഇന്ത്യന്‍ സൈന്യത്തിന്റെ പ്രധാന ലക്ഷ്യമായിരുന്നു ടൈഗര്‍ഹില്‍ പിടിക്കുക എന്നത്.

നാഷനല്‍ ഹൈവേയുടെ നിയന്ത്രണത്തില്‍ വലിയ പങ്കില്ലായിരുന്നെങ്കിലും മഷ്കോയിലേക്കുള്ള നുഴഞ്ഞുകയറ്റം നിയന്ത്രിച്ചിരുന്നത് ടൈഗര്‍ ഹില്ലിലെ ശത്രു താവളമായിരുന്നു. ഇന്ത്യന്‍ സൈന്യത്തിന്റെ അൻപത്തിയാറാം ബ്രിഗേഡിന്റെ നീക്കങ്ങൾ മലമുകളിലിരുന്നു ശത്രുവിനു കാണാനും കഴിയുമായിരുന്നു. ടൈഗര്‍ഹില്‍ പിടിക്കാന്‍ പ്രധാന പങ്കുവഹിച്ചതു പീരങ്കിപടയാണ്. ബൊഫോഴ്സ് പീരങ്കികള്‍ ഹില്ലിലേക്കു തുടര്‍ച്ചയായി ആക്രമണം നടത്തി. ബ്രിഗേഡിയര്‍ അമര്‍ ഔളിന്റെ നേതൃത്വത്തിലുള്ള സേന തോലോലിങ് പിടിച്ചതോടെ അവിടെനിന്നുള്ള റോക്കറ്റ് ലോഞ്ചറുകള്‍ ടൈഗര്‍ ഹില്‍ ആക്രമണത്തിനായി മാറ്റി. ശത്രുവിന്റെ പ്രഹരശേഷി കുറഞ്ഞപ്പോള്‍ നാഗാ റെജിമെന്റിനെയും സി റെജിമെന്റിനേയും കിഴക്കന്‍ റിഡ്ജില്‍ താവളമുറപ്പിക്കാനായി കയറ്റിവിട്ടു.

ഭാരമേറുമെന്നതിനാൽ റേഷന്‍പോലും എടുക്കാതെ പരമാവധി ആയുധങ്ങള്‍ ചുമലിലേറ്റിയാണു സൈന്യം മലകയറിയത്. പോരാട്ടത്തിന്റെ അവസാനഘട്ടം ജൂലൈ മൂന്നിനു വെളുപ്പിന് 5.15ന് ആരംഭിച്ചു. ഇന്ത്യ ശക്തമായ പീരങ്കി ആക്രമണം നടത്തി. 7.30ന് പാക്ക് ഭാഗത്തുനിന്നു തിരിച്ചടിയുണ്ടായി. ഇന്ത്യ ആക്രമണം തുടര്‍ന്നു. ഉച്ചയോടെ ഇന്ത്യന്‍ സൈനികര്‍ മലമുകളിലെത്താറായപ്പോള്‍ ആക്രമണം നിര്‍ത്തിവച്ചു. ജൂലൈ നാലിനു വെളുപ്പിന് ഇന്ത്യൻ സേന ടൈഗര്‍ഹില്ലിനു മുകളിലെത്തി. രാവിലെ ഏഴോടെ സൈനികരുടെ സന്ദേശമെത്തി - ടൈഗര്‍ ഹില്‍ പിടിച്ചു. അവിടെ ഇന്ത്യന്‍ സൈനികര്‍ ത്രിവർണ പതാക ഉയര്‍ത്തി ആഘോഷിച്ചു. താഴെ സൈന്യം പീരങ്കിയില്‍ മൂന്നു തവണ ആഘോഷവെടി പൊട്ടിച്ചു. കാര്‍ഗിലില്‍ തുടങ്ങിയ ആഘോഷം വൈകിട്ടോടെ ഇന്ത്യ മുഴുവന്‍ പടര്‍ന്നു.

∙ നാടിന്റെ വീരനായകനായുള്ള വരവ്

Prince-Jose-Kargil-War-3
കാർഗിൽ യുദ്ധത്തിനു ശേഷം നാട്ടിലെത്തിയ പ്രിൻസ് ജോസിനെ സ്വീകരിക്കുന്ന മാതാപിതാക്കളും സുഹൃത്തുക്കളും (അന്നത്തെ പത്രങ്ങളിൽ വന്ന ചിത്രങ്ങൾ)

യുദ്ധത്തിനും ചികിത്സകൾക്കും ശേഷം ഒന്നര മാസത്തെ അവധിയെടുത്ത് ഐലൻഡ് എക്സ്പ്രസിൽ ചങ്ങനാശേരി റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയപ്പോൾ വീരപരിവേഷത്തോടെയാണു നാട് സ്വീകരിച്ചത്. തോളിലേറ്റിയും ദേശീയ പതാകയേന്തി മുദ്രാവാക്യം വിളിച്ചും സുഹൃത്തുക്കളും നാട്ടുകാരും ആഘോഷിച്ചു. പൂമാലകളണിഞ്ഞ്, താളമേളങ്ങളുടെ അകമ്പടിയോടെ തുറന്ന ജീപ്പിൽ വീട്ടിലേക്കു നീങ്ങുമ്പോൾ വഴിയോരം നിറയെ നാട്ടുകാർ ജയ് വിളിച്ചു നിന്നു. മേലാസകലം അഭിമാനത്തിന്റെ കോരിത്തരിപ്പ് പടർന്നു. നാടു കാക്കുന്ന സൈനികനു നാട്ടാരുടെ ബഹുമാനം കലർന്ന സ്നേഹത്തിൽ കൂടുതൽ വലിയ പുരസ്കാരം ജീവിതത്തിൽ കിട്ടാനുണ്ടോ?

സേനയിൽനിന്നു മേജറായി വിരമിച്ച പ്രിൻസ് ജോസ്, ഭാര്യ ഹെൻസി ജോസ്, മക്കളായ തെരേസ ജോസ് (പ്ലസ് വൺ), ലൂയിസ് ജോസ് (ആറാം ക്ലാസ്) എന്നിവരോടൊപ്പം ഇപ്പോൾ മിഡിൽ ഈസ്റ്റിലാണ്. മക്കൾ രണ്ടുപേരും സൈനികസേവനം തിരഞ്ഞെടുത്താൽ സന്തോഷമെന്നു പറയുന്ന ഇദ്ദേഹത്തിന് ഇനിയൊരു ജന്മമുണ്ടെങ്കിൽ ഇന്ത്യൻ സൈനികനായിത്തന്നെ ജീവിക്കണമെന്നാണ് ആഗ്രഹം.

Major-Prince-Jose-Family
പ്രിൻസ് ജോസ്, ഭാര്യ ഹെൻസി ജോസ്, മക്കളായ തെരേസ ജോസ്, ലൂയിസ് ജോസ്.

ഇത്രയും ആത്മസംതൃപ്തി നൽകുന്ന മറ്റൊരു ജോലിയും കണ്ടിട്ടില്ലെന്നു പ്രിൻസ് പറയുന്നു. ഒരു ദശാബ്ദമായി കാർഗിൽ വിജയ ദിനം പ്രിൻസിന് ഇരട്ടിമധുരം കൂടിയാണ്. 2009 ജൂലൈ 26ന് ആണു മകൻ ലൂയിസ് ജനിച്ചത്. മകന്റെ 11–ാം പിറന്നാളും മാതൃരാജ്യത്തിന്റെ 21–ാം വിജയാഘോഷവുമാണ് ഇത്തവണ. കോവിഡ് എല്ലാവരെയും വീട്ടിലിരുത്തിയപ്പോൾ മക്കളെ ചേർത്തുപിടിച്ചു പ്രിൻസ് ആ കഥ പറയും; മോർട്ടാർ ഷെല്ലുകളുടെ നിലയ്ക്കാത്ത പ്രകമ്പനത്തിന്റെ അകമ്പടിയോടെ.

English Summary: On Kargil Vijay Diwas, Major Prince Jose shares unforgettable experiences during the 1999 Kargil War

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com