ADVERTISEMENT

ന്യൂഡൽഹി∙ അതിർത്തിയിൽ സംഘർഷാവസ്ഥ അയവില്ലാതെ തുടരവെ ടിക്ടോക് ഉൾപ്പെടെ 59 ചൈനീസ് ആപ്പുകൾ നിരോധിച്ചതിനു പിന്നാലെ നിരോധിത ആപ്പുകളുടെ 47 ക്ലോൺ പതിപ്പുകൾ കൂടി കേന്ദ്രസർക്കാർ നിരോധിച്ചു. ക്ലോൺ പതിപ്പുകൾ പ്ലേ സ്റ്റോറുകളിൽ ഉൾപ്പെടെ ലഭ്യമായ സാഹചര്യത്തിലാണു നടപടി. നിരോധിച്ച ആപ്പുകളുടെ പട്ടിക ഉടൻ പുറത്തുവിടുമെന്നാണ് വിവരം. ഇവയ്ക്കു പുറമേ കൂടുതൽ ആപ്പുകൾക്കെതിരെ കേന്ദ്രസർക്കാർ നടപടിക്ക് ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ.

രാജ്യത്ത് ഏറ്റവും പ്രചാരത്തിലുള്ള ഗെയിമായ പബ്ജിയും ഇ-കൊമേഴ്സ് പ്ലാറ്റ് ഫോമായ അലിഎക്സ്പ്രസ്,ഗെയിം ആപ്പായ ലൂഡോ വേൾഡ് ഉൾപ്പെടെ 275ൽ അധികം ആപ്പുകൾ സർക്കാർ നിരീക്ഷിക്കുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചൈനീസ് കമ്പനികളുടെ ആപ്പുകള്‍ക്ക് പുറമേ ചൈനീസ് ബന്ധമുള്ള ആപ്പുകളേയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവയ്ക്കു നിരോധനം ഏർപ്പെടുത്തിയേക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.

ഈ ആപ്പുകൾ ഏതെങ്കിലും വിധത്തിൽ ദേശീയ സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്നുണ്ടോയെന്നും വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്നുണ്ടോയെന്നും സർക്കാർ പരിശോധിക്കുകയാണ്. സുരക്ഷ കണക്കിലെടുത്ത് ചില ചൈനീസ് ആപ്പുകൾക്ക് ഇന്ത്യ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും ചില ആപ്പുകൾ വ്യക്തി വിവരങ്ങൾ പങ്കുവയ്ക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നിരോധനം അടക്കമുള്ള കടുത്ത നടപടികൾ ആലോചിക്കുന്നതെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

141 എംഐ ആപ്പുകള്‍, കാപ്പ്കട്ട്, ഫെസ്‌യു, സിലി, റെസ്സോ, യൂ ലൈക്ക്, ചൈനീസ് ടെക് ഭീമന്‍മാരായ മെയ്റ്റു, എല്‍ബിഇ ടെക്ക്, പെര്‍ഫക്ട് കോര്‍പ്, സിന കോര്‍പ്, നെറ്റീസ് ഗെയിംസ്, യൂസൂ ഗ്ലോബല്‍ എന്നിവരുടെ ആപ്പുകളും പട്ടികയിലുണ്ട്. ദക്ഷിണ കൊറിയൻ വിഡിയോ ഗെയിം കമ്പനിയായ ബ്ലൂഹോളിന്റെ അനുബന്ധ സ്ഥാപനമാണ് പബ്ജി വികസിപ്പിച്ചതെങ്കിലും ചൈനീസ് ഇന്റര്‍നെറ്റ് കമ്പനി ടെന്‍സെന്റിന്റെ പിന്തുണ പബ്ജിക്കുണ്ട്. ചൈനീസ് ആപ്പുകൾക്കൊപ്പം ൈചനീസ് ബന്ധമുള്ള ആപ്പുകളും നേരത്തെ തന്നെ കേന്ദ്ര നിരീക്ഷണത്തിലാണ്.

രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും പ്രതിരോധ സംവിധാനത്തിനും ദേശസുരക്ഷയ്ക്കും ക്രമസമാധാനത്തിനും ദേശസുരക്ഷയ്ക്കും ക്രമസമാധാനത്തിനും വെല്ലുവിളി ഉയർത്തുന്നുവെന്നു ചൂണ്ടിക്കാട്ടിയാണു ടിക്ടോക് ഉൾപ്പെടെ 59 ചൈനീസ് ആപ്പുകൾ ഇന്ത്യ നിരോധിച്ചത്. ജൂൺ 15നു ലഡാക്കിൽ നടന്ന ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതിനു പിന്നാലെ ബോയ്കോട്ട് ചൈന’ പ്രചാരണം ഇന്ത്യയിൽ ശക്തമായിരുന്നു.

English Summary: After ban on 59 Chinese apps, 275 more on radar; list includes PubG, Resso

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com