ADVERTISEMENT

ന്യൂഡൽഹി ∙ നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണം സംബന്ധിച്ച അന്വേഷണത്തിൽ വഴിത്തിരിവ്. സുശാന്തുമായി ബന്ധപ്പെട്ട് 15 കോടി രൂപയുടെ ‘സംശയാസ്പദ ഇടപാട്’ നടന്നെന്ന സൂചനയെ തുടർന്നു സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേസിൽ ഇടപെട്ടെന്നാണു പുറത്തുവരുന്ന വിവരം.

സുശാന്തിന്റെ കാമുകി റിയ ചക്രവർത്തിയുടെ സഹോദരനുമായി ബന്ധപ്പെട്ട ഇടപാട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നടന്റെ പിതാവ് നൽകിയ പരാതിയുടെ വിശദാംശങ്ങൾ ഇഡി തേടി. 34 കാരനായ സുശാന്തിനെ കഴിഞ്ഞ മാസം മുംബൈയിലെ അപ്പാർട്ട്മെന്റിലാണു മരിച്ച നിലയിൽ കണ്ടെത്തിയത്. സിനിമയിലെയും പ്രത്യേകിച്ചു ബോളിവുഡിലെയും സ്വജനപക്ഷപാതത്തെ കുറിച്ചുള്ള ചർച്ചകൾക്കു സുശാന്തിന്റെ മരണം വഴിയൊരുക്കി.

സുശാന്തിന്റെ പിതാവ് കെ.കെ.സിങ് ബിഹാർ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ റജിസ്റ്റർ ചെയ്ത പ്രഥമ വിവര റിപ്പോർട്ടിന്റെ (എഫ്ഐആർ) പകർപ്പ് ഉൾപ്പെടെയുള്ള വിവരങ്ങൾ ഇഡി ശേഖരിച്ചു. റിയ, സഹോദരൻ, മറ്റ് കുടുംബാംഗങ്ങൾ എന്നിവരുൾപ്പെടെ ആറു പേരെയാണ് എഫ്‌ഐ‌ആറിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. സുശാന്തിനെ സാമ്പത്തികമായി വഞ്ചിച്ചുവെന്നും മാനസികമായി ഉപദ്രവിച്ചത് ആത്മഹത്യയിലേക്ക് നയിച്ചതായും എഫ്ഐആറിൽ ആരോപിക്കുന്നു.

sushant-singh-rhea-chakraborty
സുശാന്ത്, റിയ ചക്രവർത്തി

15 കോടി രൂപയുടെ ‘സംശയാസ്പദ ഇടപാട്’ എഫ്‌ഐ‌ആറിൽ പരാമർശിക്കുന്നുണ്ട്. ഇതാണ് ഇഡിയുടെ കണ്ണ് ഈ കേസിൽ പതിയാൻ കാരണം. കള്ളപ്പണം വെളുപ്പിക്കൽ പോലുള്ള സാധ്യതകകളിൽ അന്വേഷണം തുടങ്ങി. സാമ്പത്തിക കുറ്റകൃത്യവുമായി ബന്ധപ്പെട്ട പിഎംഎൽഎ കേസ് ചുമത്തിയിട്ടില്ല. ബിഹാർ പൊലീസിലെ വിവരങ്ങളും ഇഡിയുടെ പ്രാഥമിക അന്വേഷണത്തിനും ശേഷമായിരിക്കും കേസ് സംബന്ധിച്ചു തീരുമാനമെടുക്കുകയെന്ന് ഏജൻസി വൃത്തങ്ങൾ എൻഡിടിവിയോടു പറഞ്ഞു.

സുശാന്തിന്റെ മരണം സംബന്ധിച്ച അന്വേഷണം സിബിഐയ്ക്കു കൈമാറണമെന്ന ഹർജി സുപ്രീം കോടതി തള്ളിയിരുന്നു. ‘പൊലീസിന്റെ ജോലി ചെയ്യാൻ അനുവദിക്കുക’ എന്നായിരുന്നു ചീഫ് ജസ്റ്റിസ് എസ്‌.എ.ബോബ്ഡെ പറഞ്ഞത്. കേസ് സിബിഐക്കു കൈമാറുന്നതിൽ തർക്കമില്ലെന്നു മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് പറഞ്ഞിരുന്നു. കേസ് സിബിഐക്ക് കൈമാറണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് നടി റിയ ചക്രവർത്തി അഭ്യർഥിച്ചിരുന്നു.

sushant-rhea-chakraborty
സുശാന്ത്, റിയ ചക്രവർത്തി

കേസ് പട്നയിൽനിന്നു മുംബൈയിലേക്കു മാറ്റാൻ റിയ നൽകിയ ഹർജിയിൽ തീരുമാനമെടുക്കും മുമ്പ് തനിക്കു പറയാനുള്ളതു കേൾക്കണമെന്ന് പറഞ്ഞ് സുശാന്തിന്റെ പിതാവ് സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഇതിനു ബിഹാർ സർക്കാർ പിന്തുണ നൽകി. റിയ, സംവിധായകനും നിർമാതാവുമായ സഞ്ജയ് ലീല ബൻസാലി, നിർമാതാക്കളായ ആദിത്യ ചോപ്ര, ശേഖർ കപൂർ, സംവിധായകൻ മുകേഷ് ഛബ്ര, നിരൂപകൻ രാജീവ് മസന്ദ് എന്നിവരുൾപ്പെടെ 40 ഓളം പേരുടെ മൊഴി ഇതുവരെ രേഖപ്പെടുത്തി.

English Summary: Was Money Laundered? In Sushant Singh Rajput Case, A New Angle

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com