ഇരട്ടി വലുപ്പം, രണ്ടിനു പകരം അഞ്ച് താഴിക കുടങ്ങൾ; വാസ്തുവിസ്മയമാകും രാമക്ഷേത്രം

Ayodhya
അയോധ്യയിൽ സരയു നദിക്കരയിൽ ആരതി തൊഴുന്നവർ (ഫയൽ ചിത്രം)
SHARE

അഹമ്മദാബാദ് ∙ അയോധ്യയിൽ നിർമിക്കാനൊരുങ്ങുന്ന രാമക്ഷേത്രത്തിനു നേരത്തെ തീരുമാനിച്ചിരുന്നതിന്റെ ഇരട്ടിയോളം വലുപ്പമുണ്ടാകുമെന്നു വാസ്തുശിൽപി. നഗര ശൈലിയിലുള്ള വാസ്തുവിദ്യയിൽ, കൂടുതൽ ഭക്തരെ ഉൾക്കൊള്ളുന്നതിനായി രണ്ടിനുപകരം അഞ്ച് താഴികക്കുടങ്ങൾ ഉണ്ടായിരിക്കുമെന്നും ആർക്കിടെക്റ്റ് ചന്ദ്രകാന്ത് സോംപുര പറഞ്ഞു.

‘സുപ്രീംകോടതി വിധിക്ക് ശേഷം ക്ഷേത്രത്തിന്റെ രൂപകൽപന പരിഷ്കരിച്ചു. നേരത്തേ ആസൂത്രണം ചെയ്തതിന്റെ ഇരട്ടി വലുപ്പത്തിലാണ് ഇപ്പോൾ പണിയുന്നത്. ഇപ്പോൾ ശ്രീകോവിലിനു മുകളിൽ ഒരു ഗോപുരം, രണ്ടെണ്ണത്തിനു പകരം അഞ്ച് താഴികക്കുടങ്ങൾ എന്നിവ ഉണ്ടാകും. ക്ഷേത്രത്തിന്റെ ഉയരം മുൻ രൂപകൽപനയേക്കാൾ കൂടുതലായിരിക്കും.’– 77കാരനായ ചന്ദ്രകാന്ത് സോംപുര വ്യക്തമാക്കി. 200 ഓളം ക്ഷേത്രങ്ങൾ രൂപകൽപന ചെയ്ത ക്ഷേത്ര വാസ്തുശിൽപികളുടെ കുടുംബമാണു സോംപുരയുടേത്.

30 വർഷം മുമ്പ് വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി) നേതാവ് അശോക് സിംഗാളാണു രാമക്ഷേത്രത്തിന് രൂപരേഖ തയാറാക്കാൻ ആവശ്യപ്പെട്ടത്. 1990ൽ ആദ്യമായി അയോധ്യയിലെ പ്രദേശം സന്ദർശിച്ചപ്പോൾ, സുരക്ഷാ കാരണങ്ങളാൽ ടേപ്പ് പോലും അകത്തേക്കു പ്രവേശിപ്പിച്ചില്ല. കാലടിപ്പാട് ഉപയോഗിച്ചാണ് അന്ന് അളവെടുത്തതെന്നു സോംപുര ഓർമിച്ചു. ഈ രൂപകൽപന അടിസ്ഥാനമാക്കി തൊണ്ണൂറുകളിൽ വിഎച്ച്പി അയോധ്യയിൽ കല്ലുകൾ കൊത്തുപണി ചെയ്യുന്ന യൂണിറ്റ് സ്ഥാപിച്ചു.

‘ഇപ്പോൾ അഞ്ച് താഴികക്കുടങ്ങൾ ഉണ്ടാകും. അതിന് രണ്ടു കാരണങ്ങളുണ്ട്- ഒന്നാമതായി, ഇപ്പോൾ ക്ഷേത്രത്തിന് ഭൂമി ക്ഷാമമില്ല. രണ്ടാമത്തേത്, വളരെയധികം വാർത്താപ്രാധാന്യം നേടിയതോടെ ധാരാളം ഭക്തർ ദിവസവും ക്ഷേത്രം സന്ദർശിക്കുമെന്നാണു പ്രതീക്ഷ. അവരെ ഉൾക്കൊള്ളുന്നതിനായി വലുപ്പം കൂട്ടേണ്ടിവന്നു.’– സോംപുര പറഞ്ഞു. മകൻ ആശിഷ് ആണു പുതുക്കിയ പദ്ധതി ജൂണിൽ ട്രസ്റ്റിനു മുന്നിൽ അവതരിപ്പിച്ചത്. ഇതിന് അംഗീകാരവും കിട്ടി.

Proposed-Ram-Temple-in-Ayodhya

ശ്രീരാമന്റെ ജന്മസ്ഥലത്ത് നിർമിക്കുന്നതിനാൽ മറ്റേതു പദ്ധതിയേക്കാളും സവിശേഷകരമാണ് രാമക്ഷേത്രമെന്നും സോംപുര വാർത്താ ഏജൻസിയോടു പറഞ്ഞു. സോമനാഥ ക്ഷേത്രത്തിന്റെ പുനർ രൂപകൽപന മുത്തച്ഛൻ പ്രഭാശങ്കർ സോംപുരയാണു നിർവഹിച്ചത്. അഞ്ച് താഴികക്കുടങ്ങളുള്ള ക്ഷേത്രം അപൂർവമാണെന്നും ക്ഷേത്ര വാസ്തുവിദ്യയുടെ അടിസ്ഥാനത്തിൽ ഏറ്റവും മികച്ച ആരാധനാലയമായി രാമക്ഷേത്രം വികസിപ്പിക്കുമെന്നും സോംപുര പറഞ്ഞു.

ക്ഷേത്രത്തിന്റെ ഭൂമിപൂജ ഓഗസ്റ്റ് അഞ്ചിനു പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ക്ഷേത്ര നിർമാണം പൂർത്തിയാക്കുകയാണു ലക്ഷ്യമെന്നു മേൽനോട്ടം വഹിക്കുന്ന ശ്രീറാം ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് അംഗങ്ങൾ പറഞ്ഞു.

English Summary: Ram temple to be grander than planned earlier: Architect

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA