'പ്രതികളെ കുടുക്കിയ അനീഷിനെ മാറ്റിയത് വൃത്തികെട്ട രാഷ്ട്രീയം'; വന്‍ പ്രതിഷേധം

Aneesh-P-Rajan
അനീഷ് പി.രാജൻ
SHARE

തിരുവനന്തപുരം∙ വിമാനത്താവളത്തിലെ ‘നയതന്ത്ര’ സ്വർണക്കടത്തു കേസ് അന്വേഷിക്കുന്ന കസ്റ്റംസ് സംഘത്തിനു നേതൃത്വം നൽകിയിരുന്ന ജോയിന്റ് കമ്മിഷണർ അനീഷ് പി. രാജനെ സ്ഥലംമാറ്റിയതിനെതിരെ വാട്സാപ് ഗ്രൂപ്പുകളിൽ ഉദ്യോഗസ്ഥരുടെ പ്രതിഷേധം. കേസുമായി ബന്ധപ്പെട്ട അനീഷിന്റെ പ്രതികരണത്തിൽ ബിജെപി നേതൃത്വവും കോൺഗ്രസടക്കമുള്ള പാർട്ടികളും അതൃപ്തി പ്രകടിപ്പിച്ചതിനു പിന്നാലെയാണ് നാഗ്പുരിലേക്കു സ്ഥലംമാറ്റിയത്. ഇന്നലെ ജോലിയിൽനിന്ന് വിടുതൽ വാങ്ങിയ അനീഷ് പി. രാജന് കൊച്ചി ഓഫിസിൽ സ്നേഹനിർഭരമായ യാത്രയയപ്പാണ് സഹപ്രവർത്തകർ നൽകിയത്. മധുരവിതരണവും ഉണ്ടായിരുന്നു. ഉന്നത ഉദ്യോഗസ്ഥരടക്കമുള്ളവർ ചടങ്ങിൽ പങ്കെടുത്തു.

കേന്ദ്രസർക്കാരിന്റെ നടപടിക്കെതിരെ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വിവിധ വാട്സാപ് ഗ്രൂപ്പുകളിൽ വലിയ പ്രതിഷേധമാണ് ഉണ്ടാകുന്നത്. രാഷ്ട്രീയ നേതൃത്വത്തിന്റെ കളിപ്പാവകളാകാനാണ് ഉദ്യോഗസ്ഥരുടെ വിധിയെന്നായിരുന്നു ഒരു പ്രതികരണം. ജോലിയെയും സഹപ്രവർത്തകരെയും നൂറു ശതമാനം സ്നേഹിക്കുകയും വകുപ്പിനു നേട്ടമുണ്ടാക്കുകയും ചെയ്ത ഉദ്യോഗസ്ഥനെ മാറ്റിയതിന് എന്തു ന്യായീകരണം പറഞ്ഞാലും അംഗീകരിക്കാൻ ബുദ്ധിമുട്ടാണെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥൻ വാട്സാപ്പിൽ കുറിച്ചു. സ്വർണക്കടത്തു കേസിലെ 14 പ്രതികളെ ഇത്രയും വേഗം പിടിച്ച ഉദ്യോഗസ്ഥനെ മാറ്റിയത് വൃത്തികെട്ട രാഷ്ട്രീയമാണെന്നായിരുന്നു മറ്റൊരു പ്രതികരണം. മികച്ച പ്രവർത്തനങ്ങൾക്കുള്ള വേൾഡ് കസ്റ്റംസ് ഓർഗനൈസേഷന്റെ അവാർഡ് അനീഷ് പി.രാജനു ലഭിച്ച ഫോട്ടോ അടിക്കുറിപ്പുകളോടെ സഹപ്രവർത്തകർ വാട്സാപ് ഗ്രൂപ്പുകളില്‍ ഷെയർ ചെയ്തു. രാഷ്ട്രീയം പിടിമുറുക്കിയാൽ എങ്ങനെ ജോലി ചെയ്യാൻ കഴിയുമെന്ന ആശങ്കയും ഉദ്യോഗസ്ഥർ പങ്കുവച്ചു. ഇന്നലെ കൊച്ചിയിൽ നടന്ന യാത്രയയപ്പു ചടങ്ങിൽ പങ്കെടുത്ത ഉന്നത ഉദ്യോഗസ്ഥർ അനീഷ് പി.രാജന്റെ ജോലിയിലുള്ള മികവിനെ പ്രശംസിച്ചു.

സ്വർണക്കടത്തു കേസിലെ പ്രതികള്‍ക്കായി മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് ഇടപെടലുണ്ടായെന്ന ബിജെപി നേതൃത്വത്തിന്റെ ആരോപണം അനീഷ് പി.രാജൻ നിഷേധിച്ചതാണ് രാഷ്ട്രീയ വിവാദമായത്. സ്വർണക്കടത്തു കേസിലെ പ്രതികളെ രക്ഷിക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് ആരെങ്കിലും വിളിച്ചോ എന്ന് മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോഴാണ് അങ്ങനെ ഉണ്ടായിട്ടില്ലെന്ന് അനീഷ് പി.രാജൻ പറഞ്ഞത്. അനീഷിന്റെ സഹോദരൻ സിപിഎം പ്രവർത്തകനാണെന്നു ചൂണ്ടിക്കാട്ടി പരാതികൾ കേന്ദ്രത്തിനു മുന്നിലെത്തിയതിനു പിന്നാലെയാണ് സ്ഥലം മാറ്റം. അടുത്തമാസം പത്തിനു മുൻപ് നാഗ്പുരിൽ ജോലിയിൽ പ്രവേശിക്കണമെന്നാണ് സ്ഥലംമാറ്റ ഉത്തരവിൽ പറയുന്നത്. 2008 ബാച്ച് ഉദ്യോഗസ്ഥനാണ് അനീഷ്.

English Summary: Staff furious over Customs officer Aneesh P Rajan's transfer, Diplomatic baggage gold smuggling case, Kerala gold smuggling

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA