ADVERTISEMENT

മോസ്‌കോ ∙ വര്‍ഷങ്ങളോളം ലൈംഗികമായി പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും പിതാവിനെ മൂന്നു സഹോദരിമാര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയ സംഭവത്തില്‍ മോസ്‌കോ കോടതി വിചാരണ ആരംഭിച്ചു. രണ്ടു വര്‍ഷം മുമ്പാണു റഷ്യയെ ഞെട്ടിപ്പിച്ച സംഭവമുണ്ടായത്. മൂത്ത സഹോദരിമാരായ ക്രിസ്റ്റീന (19), ആഞ്ചലീന (18) എന്നിവരെ ഒരുമിച്ചും കൊലപാതക സമയത്ത് പ്രായപൂര്‍ത്തി ആയിട്ടില്ലാതിരുന്ന ഇളയ സഹോദരി മരിയയെ (17) പിന്നീടുമാവും വിചാരണ ചെയ്യുകയെന്ന് അഭിഭാഷകര്‍ പറഞ്ഞു.

പ്രതികരിക്കുക അല്ലെങ്കില്‍ പിതാവിന്റെ കൈകൊണ്ടു മരിക്കുക എന്നീ രണ്ടു മാര്‍ഗങ്ങള്‍ മാത്രമാണു പെണ്‍കുട്ടികള്‍ക്കുണ്ടായിരുന്നതെന്ന് അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. ഗാര്‍ഹിക, ലൈംഗിക പീഡനം സഹിക്കവയ്യാതെയാണ് പെണ്‍കുട്ടികള്‍ കടുംകൈ ചെയ്തതെന്ന വാദവുമായി അവരെ പിന്തുണച്ച് ഒട്ടേറെ ആളുകളാണ് രംഗത്തുള്ളത്. 2018 ജൂലൈ 27-നാണ് മോസ്‌കോയിലെ ഫ്ലാറ്റിന്റെ സ്‌റ്റെയര്‍കെയ്‌സില്‍ മിഖായേല്‍ ഖച്ചതുര്യാന്റെ മൃതദേഹം കണ്ടെത്തിയത്.

നെഞ്ചിലും കഴുത്തിലും പലതവണ കുത്തേറ്റ പാടുകളുണ്ടായിരുന്നു. മരണത്തിനു മണിക്കൂറുകള്‍ക്കു മുമ്പ് ഒരു മാനസികാരോഗ്യ കേന്ദ്രത്തില്‍നിന്നു ചികിത്സ കഴിഞ്ഞുമടങ്ങിയെത്തിയതായിരുന്നു മിഖായേല്‍. ഉടനെ മൂന്നു പെണ്‍മക്കളെയും നിരത്തി നിര്‍ത്തി ശകാരിക്കുകയും മുഖത്ത് കുരുമുളക് സ്‌പ്രേ ചെയ്യുകയും ചെയ്തുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ആസ്തമ ഉണ്ടായിരുന്ന ക്രിസ്റ്റീന കുഴഞ്ഞുവീണു.

അന്നു രാത്രിയാണ് പിതാവിനെ വകവരുത്താന്‍ മൂവരും ഒറ്റക്കെട്ടായി തീരുമാനിച്ചത്. ഉറങ്ങിക്കിടന്ന മിഖായേലിനെ കത്തിയും ചുറ്റികയും കൊണ്ട് ആക്രമിച്ചു. കണ്ണില്‍ അതേ കുരുമുളക് സ്‌പ്രേ ചെയ്ത ശേഷമായിരുന്നു ആക്രമണം. പിതാവാണ് ആദ്യം ആക്രമിച്ചതെന്നു വരുത്തിത്തീര്‍ക്കാനും ശ്രമിച്ചു. പിറ്റേന്ന് അറസ്റ്റിലായ ശേഷം, കൊന്നത് ഞങ്ങളാണെന്ന് അവര്‍ ഏറ്റുപറഞ്ഞു.

30 ഓളം തവണ കത്തി കൊണ്ട് അയാളെ കുത്തി, കൂടം കൊണ്ട് തലയ്ക്കടിച്ചു. ശരീരത്തില്‍ കുരുമുളക് സ്‌പ്രേ തളിച്ചു. അയാള്‍ പിടഞ്ഞു മരിക്കുന്നത് നോക്കിനിന്നു. മരിച്ചെന്ന് ഉറപ്പായപ്പോള്‍ പൊലീസില്‍ വിളിച്ച് ശാന്തമായി കാര്യം പറഞ്ഞു. കരുതിക്കൂട്ടി കൊലപാതകം ചെയ്തുവെന്ന കുറ്റമാണു സഹോദരിമാര്‍ക്കെതിരെ ചുമത്തിയതെന്നും അന്വേഷണം പൂർത്തിയായെന്നും അന്വേഷണ കമ്മിറ്റി അറിയിച്ചിരുന്നു.

പെണ്‍കുട്ടികളെ ശിക്ഷിക്കുന്നതിനെതിരെ പ്രതിഷേധമുയരുമ്പോഴും അവർക്കു ശിക്ഷ ലഭിക്കുക തന്നെ വേണം എന്ന നിലപാടിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. കൗണ്‍സിലിങ്ങാണു വേണ്ടതെന്നു പ്രതിഷേധക്കാര്‍ പറയുന്നു. കൊലപാതകികളല്ല, ഗാര്‍ഹിക പീഡനത്തിന്റെ ഇരകളാണ് പെണ്‍കുട്ടികളെന്നും വീടിനകത്തെ പീഡനം പുറത്തുപറയാനാകാതെ സഹിക്കേണ്ടി വന്ന അവസ്ഥയുണ്ടായെന്നും അമ്മയോടു പോലും ആശയവിനിമയം നടത്താനുള്ള സാഹചര്യം ബോധപൂര്‍വം തടഞ്ഞതായും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

2014 മുതല്‍ ലൈംഗിക പീഡനം

ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നുവെന്നു കാണിച്ച് വര്‍ഷങ്ങള്‍ക്കു മുന്‍പ് മിഖായേലിന്റെ ഭാര്യ പൊലീസിനെ സമീപിച്ചുവെങ്കിലും കേസെടുക്കാനോ അന്വേഷിക്കാനോ തയാറായില്ല. കുടുംബപ്രശ്‌നമെന്ന നിലയില്‍ ഒത്തുതീര്‍പ്പിനു ശ്രമിക്കാനായിരുന്നു മറുപടി. അതിനുശേഷം അവരെ മിഖായേല്‍ വീട്ടില്‍നിന്ന് അടിച്ചിറക്കി. അമ്മയുമായി യാതൊരു ബന്ധവും പുലര്‍ത്തരുതെന്ന് പെണ്‍കുട്ടികള്‍ക്കു താക്കീത് നല്‍കി.

വീട്ടില്‍ പൂട്ടിയിട്ട് പെണ്‍കുട്ടികളെ ഇയാള്‍ 2014 മുതല്‍ ലൈംഗികമായി പീഡിപ്പിക്കുമായിരുന്നു. വീട്ടുജോലികളില്‍ വീഴ്ച വരുത്തിയാല്‍ അതിക്രൂരമായി മര്‍ദിക്കും. കുരുമുളക് സ്‌പ്രേ മുഖത്തും ശരീരത്തിലും അടിക്കും. പുറംലോകവുമായി ഇവര്‍ക്കു ബന്ധമില്ലായിരുന്നു. ക്രൂര പീഡനങ്ങള്‍ക്കു വിധേയരായ ഇവരുടെ മനോനിലയില്‍ സാരമായ തകരാര്‍ സംഭവിച്ചതായി പെണ്‍കുട്ടികളുടെ അഭിഭാഷകര്‍ പറയുന്നു. സംഭവം നടന്ന അന്നും മിഖായേല്‍ പെണ്‍മക്കളെ ഉപദ്രവിച്ചിരുന്നു.

ഫ്ലാറ്റ് ശരിയായി വൃത്തിയാക്കിയില്ലെന്ന് ആരോപിച്ചു പെണ്‍കുട്ടികളെ തലങ്ങുംവിലങ്ങും ആക്രമിച്ചു. ഏറെ നേരത്തെ ഉപദ്രവത്തിനു ശേഷം മുറിയില്‍ കിടന്നുറങ്ങിയ മിഖായേലിനെ വിളിച്ചുണര്‍ത്തി മുഖത്ത് പെണ്‍കുട്ടികള്‍ കുരുമുളക് സ്‌പ്രേ അടിച്ചു. കൂടം കൊണ്ട് തലയ്ക്ക് അടിച്ചും കത്തികൊണ്ട് കുത്തിയും മരണം ഉറപ്പിച്ചു. കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമാണ് ഇതെന്നും ആക്രമിക്കാന്‍ പദ്ധതിയിട്ട് ആയുധങ്ങളുമായാണു പെണ്‍കുട്ടികള്‍ പിതാവിനെ സമീപിച്ചതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.

പെണ്‍കുട്ടികളുടെ ആക്രമണം സ്വയരക്ഷയ്ക്കു വേണ്ടിയുള്ളതാണെന്നും തുടര്‍ച്ചയായ ലൈംഗിക, മാനസിക പീഡനം അവരുടെ മനോനില തകര്‍ത്തിരുന്നെന്നും അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. പെണ്‍കുട്ടികള്‍ക്കു വേണ്ടി പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ടെങ്കിലും അവര്‍ ശിക്ഷിക്കപ്പെടാനാണു സാധ്യതയെന്ന് അഭിഭാഷകന്‍ അലക്‌സി ലിപ്റ്റ്‌സര്‍ പറഞ്ഞു. മൂന്ന് സഹോദരിമാരും മൂന്നു വീടുകളിലാണ് താമസിക്കുന്നത്. ഇവര്‍ക്കു പരസ്പരം കാണാനും സംസാരിക്കാനും വിലക്കുണ്ട്.

English Summary: Three sisters killed their father. Despite a history of abuse, they're facing murder charges

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com