ADVERTISEMENT

തിരുവനന്തപുരം∙ സ്വര്‍ണക്കടത്തുകേസ് അട്ടിമറിക്കാന്‍ സിപിഎം ശ്രമിക്കുന്നെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കോണ്‍ഗ്രസില്‍ നിന്നു തല്‍ക്കാലം സര്‍സംഘ്ചാലകിനെ ആവശ്യമില്ലെന്നും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി നടത്തുന്ന സമരത്തില്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് മുതിർന്ന ബിജെപി നേതാവ് ഒ. രാജഗോപാൽ തിരുവനന്തപുരത്ത് നടത്തിയ ഉപവാസ സമരത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. 

സ്വർണക്കടത്തു കേസിലെ പ്രതികൾക്ക് സിപിഎം നിയമസഹായം നൽകുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു. ഇതിനുവേണ്ടി സിപിഎം ബന്ധമുള്ള അഭിഭാഷകർ എറണാകുളത്ത് ക്യാംപ് ചെയ്യുന്നുണ്ട്. യുഎപിഎ കേസ് നിലനിൽക്കില്ലെന്നാണ് പ്രതികളുടെ സിപിഎം ബന്ധമുള്ള അഭിഭാഷകർ വാദിക്കുന്നത്. സ്വപ്ന സുരേഷിനെ കസ്റ്റഡിയിൽ വാങ്ങാനുള്ള കേരള പൊലീസിന്റെ തീരുമാനം ദുരൂഹമാണ്. തെളിവുകൾ നശിപ്പിച്ച് പ്രതികളെ രക്ഷിക്കാനുള്ള നീക്കമാണിത്. കൊടിയേരി ബാലകൃഷ്ണൻ ആർഎസ്എസ്- കോൺഗ്രസ് ബന്ധം ആരോപിക്കുന്നത് സ്വർണക്കടത്ത് കേസിൽ നിന്നും ശ്രദ്ധതിരിക്കാനാണെന്നും സുരേന്ദ്രൻ പറഞ്ഞു. 

മുഖ്യമന്ത്രിയെ ന്യായീകരിക്കാൻ കോടിയേരിക്ക് എന്ത് ധാർമ്മികതയാണുള്ളത്? ദുബായിൽ കോടിയേരിയുടെ മകൻ അറബിക്ക് കൊടുക്കാനുള്ള 13 കോടിയുടെ സാമ്പത്തിക ഇടപാട് ഒത്തുതീർപ്പാക്കിയത് ആരാണ്? എങ്ങനെയാണു മകന്റെ പേരിൽ മഹാരാഷ്ട്രയിലുള്ള ഡിഎൻഎ കേസ് ഒതുക്കിയത്. ഇരയായ സ്ത്രീ ആവശ്യപ്പെട്ട അഞ്ചുകോടി രൂപ കൊടുത്തോ എന്നതിന് അദ്ദേഹം മറുപടി പറയണം. രാഷ്ട്രീയ ധാർമ്മികതയും സദാചാരവും പ്രസംഗിക്കാൻ ഒരു സിപിഎം നേതാവിനും യോഗ്യതയില്ല. കോൺഗ്രസിൽ നിന്നൊരു സർസംഘചാലകിനെ ഞങ്ങൾക്കു വേണ്ട. രമേശ് ചെന്നിത്തലയുടെ വിജിലൻസ് കേസുകൾ അട്ടിമറിച്ചത് സിപിഎമ്മിന്റെ സർക്കാരാണ്. കുഞ്ഞാലിക്കുട്ടി അടക്കമുള്ള യുഡിഎഫ് നേതാക്കളെ എല്ലാ കാലത്തും സംരക്ഷിക്കുന്നത് സിപിഎം നേതൃത്വമാണെന്നും സുരേന്ദ്രൻ പറഞ്ഞു.

വീണ്ടും അധികാരത്തിലെത്താനുള്ള സിപിഎമ്മിന്റെ ശ്രമം വിജയിക്കില്ലെന്ന് ഒ.രാജഗോപാല്‍ പറഞ്ഞു. പിണറായി വിജയന്‍ അഴിമതിയുടെ ആള്‍രൂപമാണെന്നു സമരം ഉദ്ഘാടനം ചെയ്ത ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ഭൂപേന്ദ്ര യാദവ് പറഞ്ഞു. കേന്ദ്രമന്ത്രി വി. മുരളീധരന്‍ അടക്കമുള്ള നേതാക്കള്‍ വരും ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ ഉപവസിക്കും.

English Summary : BJP State President K Surendran against Pinarayi Vijayan and CPM in Gold Smuggling Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com