ADVERTISEMENT

തിരുവനന്തപുരം∙ സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ സമ്പാദ്യത്തേക്കുറിച്ച് കസ്റ്റംസിന്റെ അന്വേഷണം. ശിവശങ്കറിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് സ്വപ്നയ്ക്കൊപ്പം ബാങ്കില്‍ ലോക്കര്‍ അക്കൗണ്ട് തുറന്നതെന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴി കേന്ദ്രീകരിച്ചാണ് പരിശോധന. കെ.ടി.റമീസ് ശിവശങ്കറിന്റെ ഫ്ലാറ്റിലെത്തിയോ എന്നതില്‍ ദേശീയ അന്വേഷണ ഏജന്‍സിയും തെളിവ് ശേഖരിച്ച് തുടങ്ങി. സ്വപ്നയെയും സന്ദീപിനെയും 21വരെ റിമാന്‍ഡ് ചെയ്തു.

സ്വപ്നയുടെ തിരുവനന്തപുരത്ത രണ്ട് ബാങ്ക് ലോക്കറുകളില്‍ നിന്നായി ഒരു കോടി രൂപയും ഒരു കിലോയോളം സ്വര്‍ണവും എന്‍ഐഎ കണ്ടെടുത്തിരുന്നു. ഇതില്‍ ഒരു ലോക്കര്‍ അക്കൗണ്ട് സ്വപ്നയുടെയും ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെയും സംയുക്ത പേരിലുള്ളതാണ്.

ശിവശങ്കറിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഇത്തരത്തില്‍ ജോയിന്റ് അക്കൗണ്ട് എടുത്തതെന്നാണ് അക്കൗണ്ടന്റ് കസ്റ്റംസിനോട് പറഞ്ഞത്. ഇതിന്റെ നിജസ്ഥിതിയാണ് കസ്റ്റംസ് ആദ്യമായി പരിശോധിക്കുന്നത്. മൊഴി ശരിയെങ്കില്‍ സ്വപ്നയുടെ സാമ്പത്തിക ഇടപാടിലും സമ്പാദ്യത്തിലും ശിവശങ്കറിനും പങ്കെന്നതിന് തെളിവായി ഇതു മാറുമെന്നും കണക്കുകൂട്ടുന്നു.

അതിനിടെ, തീവ്രവാദബന്ധം സംശയിക്കുന്ന പ്രതികളിലൊരാളായ കെ.ടി.റമീസുമായി ശിവശങ്കറിന് അടുപ്പമുണ്ടെന്ന സൂചനകള്‍ എന്‍ഐഎയ്ക്കും ലഭിച്ചു. വെള്ളിയാഴ്ച ശിവശങ്കറിന് അപ്പാര്‍ട്ട്മെന്റുള്ള ഫ്ലാറ്റിൽ റമീസിനെ എത്തിച്ച് തെളിവെടുത്തത് ഇതിന്റെ ഭാഗമെന്നാണ് വിലയിരുത്തല്‍.

എന്നാല്‍ ശിവശങ്കറിന്റെ അപ്പാര്‍ട്ട്മെന്റിലാണോ സ്വപ്നയുടെ ഭര്‍ത്താവിന്റെ അപ്പാര്‍ട്ട്മെന്റിലാണോ റമീസിനെ എത്തിച്ചതെന്ന് എന്‍ഐഎ വ്യക്തമാക്കിയിട്ടില്ല. റമീസുമായി അടുപ്പമെന്ന് തെളിഞ്ഞാല്‍ ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യും. അതേസമയം കസ്റ്റംസിന്റെ കസ്റ്റഡി കാലാവധി പൂര്‍ത്തിയായതോടെ സ്വപ്നയെയും സന്ദീപിനെയും 21 വരെ റിമാന്‍ഡ് ചെയ്തു. ഇതോടെ ഇരുവരെയും കേന്ദ്രീകരിച്ചുള്ള രണ്ട് അന്വേഷണസംഘത്തിന്റെ ആദ്യഘട്ട ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാവുകയാണ്.

English Summary: Customs Probe on Sivasankar Assets

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com