sections
MORE

കോടികളുടെ വെട്ടിപ്പില്‍ അമ്പരന്ന് ട്രഷറി ജീവനക്കാര്‍; ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

money-fraud-1
SHARE

തിരുവനന്തപുരം∙ വിരമിച്ച ഉദ്യോഗസ്ഥന്റെ പാസ്‌വേഡ് ഉപയോഗിച്ചു വഞ്ചിയൂർ സബ് ട്രഷറിയിലെ സർക്കാർ അക്കൗണ്ടിൽനിന്ന് 2 കോടിയോളം രൂപ വെട്ടിപ്പു നടത്തിയ ജീവനക്കാരനെ സസ്പെൻഡ് ചെയ്തു. സീനിയർ അക്കൗണ്ടന്റ് ബിജുലാലിനെയാണ് സസ്പെൻഡ് ചെയ്തത്. ഇയാൾക്കെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചു. ജില്ലാ ട്രഷറി ഓഫിസർ സിറ്റി പൊലീസ് കമ്മിഷണർക്കു പരാതി നൽകിയതിനെത്തുടർന്നു വഞ്ചിയൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബിജുലാൽ ഉപയോഗിച്ച കംപ്യൂട്ടർ പരിശോധനയ്ക്കായി കൊണ്ടുപോയി.

ജില്ലാ ട്രഷറി ഓഫിസർ ഷാനവാസ് പ്രാഥമിക റിപ്പോർട്ട് ട്രഷറി ഡയറക്ടർക്ക് സമർപ്പിച്ചതിനെത്തുടർന്നാണ് ബിജുലാലിനെ സസ്പെൻഡ് ചെയ്തത്. വഞ്ചിയൂർ സബ് ട്രഷറി ഓഫിസർ സ്ഥാനത്തുനിന്നും വിരമിച്ച ഉദ്യോഗസ്ഥന്റെ പാസ്‍വേഡ് ഉപയോഗിച്ച് ബിജുലാൽ തന്റെയും ഭാര്യയുടേയും അക്കൗണ്ടിലേക്കു പണം മാറ്റിയെന്നു റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ട്രഷറിയുടെ ചരിത്രത്തിൽ ആദ്യമായി നടന്ന തട്ടിപ്പിന്റെ അമ്പരപ്പിലാണ് ഉദ്യോഗസ്ഥർ. രണ്ടുകോടിയെന്നാണ് പ്രാഥമിക നിഗമനമെങ്കിലും ഇതുകൂടാൻ സാധ്യതയുണ്ടെന്നു ഉദ്യോഗസ്ഥർ സൂചന നൽകുന്നു.

ഉദ്യോഗസ്ഥന്റെ പെൻ നമ്പർ (പെര്‍മനന്റ് എംപ്ലോയി നമ്പര്‍) പരിശോധിച്ചാൽ മാത്രമേ വേറെ അക്കൗണ്ടുകളിലേക്കു പണം മാറ്റിയിട്ടുണ്ടോ എന്ന് അറിയാൻ കഴിയൂ. തട്ടിപ്പു നടത്താൻ എങ്ങനെയാണ് ബിജുലാലിനു പാസ്‌വേഡ് ലഭിച്ചതെന്ന കാര്യത്തിൽ അധികൃതർക്കു വ്യക്തതയില്ല. സബ് ട്രഷറി ഓഫിസർ പാസ്‌വേഡ് ഉപയോഗിക്കുമ്പോൾ ഉദ്യോഗസ്ഥൻ മറഞ്ഞുനിന്നു കണ്ടിരിക്കാമെന്നാണ് അധികൃതർ പറയുന്നത്.

ട്രഷറിയിലെ ഐഎസ്എംസി (ഇൻഫർമേഷൻ സിസ്റ്റം മാനേജ്മെന്റ് സെൽ) വിഭാഗത്തിന്റെ വീഴ്ചയാണ് തട്ടിപ്പു നടക്കാൻ കാരണമെന്ന് ആക്ഷേപമുണ്ട്. വിരമിച്ച ഉദ്യോഗസ്ഥന്റെ പാസ്‌വേഡ് ഇല്ലാതാക്കിയിരുന്നെങ്കിൽ തട്ടിപ്പ് നടക്കില്ലായിരുന്നുവെന്ന് ഉന്നത ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. മേയ് മാസത്തിലാണ് വഞ്ചിയൂർ സബ് ട്രഷറി ഓഫിസറായിരുന്ന ഉദ്യോഗസ്ഥൻ വിരമിച്ചത്. അതിനുശേഷം അദ്ദേഹത്തിന്റെ പാസ്‌വേഡ് മറ്റൊരാൾ ഉപയോഗിച്ചിട്ടും തടയാൻ സെല്ലിനു കഴിഞ്ഞില്ല.

ആറുമാസം മുൻപാണ് ബിജുലാൽ വഞ്ചിയൂർ സബ് ട്രഷറി ഓഫിസിലെത്തുന്നത്. സർക്കാർ അക്കൗണ്ടിൽനിന്ന് തന്റെ ട്രഷറി അക്കൗണ്ടിലേക്കു ഘട്ടംഘട്ടമായി ബിജുലാൽ‌ തുക മാറ്റി. പിന്നീട് തന്റെയും ഭാര്യയുടേയും പേരിലുള്ള സ്വകാര്യ ബാങ്കിലെ അക്കൗണ്ടുകളിലേക്കു തുക മാറ്റുകയായിരുന്നു. തുക മാറ്റുന്നതിനായി ട്രാന്‍സാക്‌ഷൻ നമ്പർ ജനറേറ്റ് ചെയ്തതിനുശേഷം പിന്നീട് റദ്ദാക്കിയതും റിസർവ് ബാങ്ക് ഡിപ്പോസിറ്റ് ടാലിയാകാത്തതും സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ശ്രദ്ധിച്ചതോടെയാണ് തട്ടിപ്പു പുറത്തായത്.

English Summary : Employee suspended for embezzling Rs 2 crore from retired officer's account 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA