ADVERTISEMENT

‘എന്റെ കയ്യീന്ന് കൊണ്ടുപോയി.. 1992ൽ ഞാൻ എഴുതിയ പാട്ടാണത്. പക്ഷേ അതെന്റെ കയ്യീന്ന് കൊണ്ടുപോയി..’ പല അഭിമുഖങ്ങളിലും ജിതേഷ് കക്കിടിപ്പുറം കണ്ണീരോടെ പറഞ്ഞ വാക്കുകളാണ്. ‘കൈതോല പായ വിരിച്ച്..’ എന്ന പാട്ട്, മലയാളി പാടിപ്പതിഞ്ഞ നാടൻ പാട്ടുകളുടെ പട്ടികയിൽ ഉൾപ്പെടുത്തി ചുണ്ടിൽ കൊണ്ടു നടക്കുമ്പോഴാണ് അതെന്റെ പാട്ടാണെന്ന് ജിതേഷ് 26 വർഷങ്ങൾക്കിപ്പുറം തുറന്നുപറഞ്ഞത്. അത്രമാത്രം പ്രശസ്തി പാട്ടിന് ലഭിച്ചിട്ടും അതെഴുതിയ പാട്ടുകാരന് ഒന്നും കിട്ടാതെ പോയി. അവിടെനിന്ന് നാടൻപാട്ടിന്റെ ലോകത്ത് എല്ലാം നേടിയെടുക്കുമ്പോഴാണ് അപ്രതീക്ഷിതമായി മരണം അദ്ദേഹത്തെ തേടിയെത്തിയത്.

1992ൽ ചേട്ടന്റെ കുട്ടിയായ ശ്രുതിയുടെ കാതുകുത്ത് കല്യാണം കണ്ടപ്പോൾ എഴുതിയ പാട്ടായിരുന്നു അത്. പിന്നീട് കലോൽസവങ്ങളിൽ കുട്ടികൾക്ക് പഠിപ്പിച്ചുകൊടുത്തു. സംസ്ഥാന കലോൽസവത്തിൽ ഈ പാട്ടിന് സമ്മാനം കിട്ടിയപ്പോഴും അതെന്റെ വരികളാണെന്ന് എങ്ങും രേഖപ്പെടുത്തിയില്ല എന്ന് അദ്ദേഹം തുറന്നുപറഞ്ഞിട്ടുണ്ട്. തന്റെ പാട്ടിനെല്ലാം ആത്മാവുണ്ട് എന്ന് പാടിയും പറഞ്ഞും അദ്ദേഹം പലതവണ തെളിയിച്ചിട്ടുണ്ട്. ആ പാട്ടുകൾ കേൾക്കുന്ന ആരും അതു സമ്മതിച്ചുപോകും.

‘പാലം ..പാലം നടപ്പാലം..’ എന്ന ഗാനവും അത്തരത്തിലൊന്നാണ്. ഒരു യാത്രക്കിടെ കുറ്റിപ്പുറം പാലത്തിന് സമീപത്തുള്ള ഒരു ഷാപ്പിൽ ഇരിക്കുമ്പോൾ കേട്ട കഥയിൽ നിന്നാണ് ആ പാട്ട് എഴുതിയത്. കുറ്റിപ്പുറം പാലത്തിന്റെ കഥയിൽ ഒരു മനുഷ്യനെ കരുനിർത്തിയിട്ടുണ്ടെന്ന കഥ ഷാപ്പിലിരുന്ന് പ്രായമുള്ള വ്യക്തികൾ പറഞ്ഞു. ഇതു കേട്ടിരുന്ന ജിതേഷ് അതിൽ തന്റെ ഭാവന കൂടി ചേർത്താണ് ആ പാട്ട് തയാറാക്കിയത്. ഇന്ന് ലക്ഷങ്ങളാണ് ആ പാട്ട് കണ്ടിരിക്കുന്നത്.

ശനിയാഴ്ച പുലർച്ചെയാണ് ആത്മാവുള്ള പാട്ടുകൾ ബാക്കി വച്ച് അദ്ദേഹം വിട വാങ്ങിയത്. കരൾ സംബദ്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം കോവിഡ് പരിശോധനകൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടു നൽകും.

English Summary : Folk Singer Jithesh Kakkidippuram life story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com