ADVERTISEMENT

കൊച്ചി ∙ കെഎസ്ഇബിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് ഹാക്കർമാർ മോഷ്ടിച്ചത് അഞ്ചു കോടി രൂപ വിലമതിക്കുന്ന വിവരങ്ങൾ എന്ന് അവകാശവാദം. വെറും മൂന്നു മണിക്കൂർ കൊണ്ടാണ് മൂന്നു ലക്ഷം പേരുടെ വിവരങ്ങൾ ഹാക്കർമാർ കവർന്നത്. കെഎസ്ഇബി വെബ്സൈറ്റിൽ നൂണ്ടു കയറി വിവരങ്ങൾ പകർത്തി വിവരങ്ങൾ വിഡിയോ രൂപത്തിലാക്കി ഫെയ്സ്ബുക് പേജിലൂടെ പങ്കുവച്ചതോടെ വിവരം പുറംലോകമറിഞ്ഞു. ഇന്നു രാവിലെ ആറു മണിയോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഗൂഗിൾ ഡോക്യുമെന്റായി വിവരങ്ങളെല്ലാം വേറെയും നൽകിയിട്ടുണ്ട്. എല്ലാ ജില്ലകളിലെയും വിവരങ്ങൾ ഉൾപ്പെടുന്നതാണ് ഈ ഡോക്കുമെന്റ് ഫയൽ. അതേസമയം, വിവരം പുറത്തു വന്നതോടെ കെഎസ്ഇബി ഓൺലൈൻ പേമെന്റ് സംവിധാനം നിർത്തി വച്ചിരിക്കുകയാണ്.

കെഎസ്ഇബിയുടെ വെബ്സൈറ്റിലെ കനത്ത സുരക്ഷാ വീഴ്ച ചൂണ്ടിക്കാണിക്കുകയാണ് സംഘത്തിന്റെ ലക്ഷ്യം. ഒരു ഉപഭോക്താവിന്റെ മുഴുവൻ വിവരങ്ങളും ഇത്തരത്തിൽ ഹാക്ക് ചെയ്തെടുക്കാവുന്ന അവസ്ഥയാണ് ഇപ്പോൾ കെഎസ്ഇബി വെബ്സൈറ്റ്. കെഎസ്ഇബി സെക്‌ഷൻ ഓഫിസിലെ ആപ്ലിക്കേഷനിൽ പോലും ഉപഭോക്താവിന്റെ ഇത്ര അധികം വിവരം നൽകിയിട്ടില്ല. എന്നിട്ടും ഒരു വിദഗ്ധന് പുറത്തുനിന്ന് ഇത് ലളിതമായി മോഷ്ടിക്കാമെന്നും ഹാക്കർമാർ പറയുന്നു. ഈ വിവരങ്ങൾക്ക് ഇപ്പോൾ അ‍ഞ്ചു കോടി രൂപ വില ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. എന്നാൽ ഡേറ്റാ മോഷണത്തിന് വിൽപന ലക്ഷ്യമില്ലാത്തതിനാൽ മൂന്നു ലക്ഷം പേരുടെ മാത്രം വിവരങ്ങൾ എടുത്ത് മോഷണം മതിയാക്കുകയായിരുന്നത്രേ.

സെർവറിന്റെ സുരക്ഷാ വീഴ്ച പരിഹരിക്കാൻ മൂന്നാഴ്ചയാണ് കെഎസ്ഇബിക്ക് ഹാക്കർമാർ നൽകിയിരിക്കുന്നത്. അത് ചെയ്തില്ലെങ്കിൽ വിവരങ്ങൾ നഷ്ടപ്പെടുമെന്ന മുന്നറിയിപ്പും നൽകുന്നുണ്ട്. ‘ആര് ഡിസൈൻ ചെയ്തതാണെലും കുന്നംകുളം സാധനവും ഡോളറിൽ പണവും മേടിച്ചിട്ടുണ്ട് .. പണം ഞങ്ങളുടെ ആയതുകൊണ്ടാണ് 3 മാസം ടൈം തന്നത് "റീഡിസൈൻ" ചെയ്യാൻ’ – ഫെയ്സ്ബുക് പോസ്റ്റിൽ പറയുന്നു. കെഹാക്കേഴ്സിന്റെ ഔദാര്യമായി ഒരു സൗജന്യ വിൻഡോസ് ആപ്ലിക്കേഷനും അറ്റാച്ച് ചെയ്ത് നൽകിയിട്ടുണ്ട് സംഘം. കെഎസ്ഇബി ബിൽ ഡെസ്കിന്റെ നന്മയ്ക്കു വേണ്ടിയാണിത് എന്നും പോസ്റ്റിൽ പറയുന്നു.

ആരാണ് കെഹാക്കേഴ്സ്

12 വർഷത്തിലേറെയായി സോഫ്റ്റ്‌വെയർ, ഡേറ്റാ സുരക്ഷ, നെറ്റ് വർക്കിങ് എന്നീ മേഖലകളിൽ ജോലി ചെയ്യുന്ന വിദഗ്ധരാണ് സംഘത്തിലുള്ളതെന്ന് കെ ഹാക്കേഴ്സ് അവകാശപ്പെടുന്നു. ഒരു ദിവസം 20 മണിക്കൂർ വരെ ജോലിക്കായി ചെലവഴിക്കുന്നുണ്ട്. വിവര മോഷണം പണമുണ്ടാക്കാനല്ലെന്നും ഇവർ പറയുന്നു. ‘ഇതൊരു പ്രതിഷേധമാണ്, കാലഹരണപ്പെട്ട സമരമുറകളോട് കെഹാക്കേഴ്സിനു താൽപര്യം ഇല്ല, അതായത് പൊതുമുതൽ നശിപ്പിക്കുക , ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം മുടക്കുക തുടങ്ങിയവ. പൊതുമേഖലാ സ്ഥാപനങ്ങളിലും തദ്ദേശ വകുപ്പിലും ഭരണ സിരാ കേന്ദ്രത്തിലും ഉന്നത മാനേജ്മെന്റ് തലത്തിൽ വരേണ്ടത് സ്റ്റേജ് കാണുമ്പോ, ചാനലിൽ കേറുമ്പോ, വാ തോരാതെ സംസാരിക്കുന്നവരെ അല്ല. പകരം അതാതു മേഖലകളിൽ കഴിവുള്ളവരും ദീർഘ വീക്ഷണം ഉള്ളവരും വിദ്യാഭ്യാസ യോഗ്യത ഉള്ളവരും ആയിരിക്കണം. ഇത് ഒരു രാഷ്ട്രീയ സംഘടനയ്ക്കും എതിരെ ഉള്ള സമരമല്ല, കാലഹരണപ്പെട്ട സിസ്റ്റത്തിനെതിരെയുള്ള സമരമാണ്. നമ്മുടെ നാട് ആകണം ലോകത്തിനു തന്നെ മാതൃക, പക്ഷേ ഇപ്പോ എങ്ങനെ ആകരുത് എന്നുള്ളതിന് മാതൃക ആണ്.’ – കെ ഹാക്കേഴ്സ് പറയുന്നു.

അടുത്തത്:

ഇനി അടുത്ത ഹാക്കിങ് ഇതിലും വലിയതായിരിക്കുമെന്ന് കെ ഹാക്കേഴ്സ് മനോമ ഓൺലൈനോടു പ്രതികരിച്ചു. പാർട്ട് എട്ട് എന്നാണ് അതിന് പേരിട്ടിരിക്കുന്നത്. കെഎസ്ഇബി ഡേറ്റ ഹാക്ക് ചെയ്തത് പാർട്ട് 9 എന്ന പേരിലാണ്.

English Summary: KSEB website hacked

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com