sections
MORE

കുവൈത്തിനു മേൽ ഭീതി കരിമ്പടം പുതച്ച നാളുകൾ; ‘യുദ്ധങ്ങളുടെ മാതാവിന്’ 30

Gulf War Rare Pics
ഗൾഫ് യുദ്ധത്തിനൊടുവിൽ ഇറാഖ് തീയിട്ട കുവൈത്തിന്റെ എണ്ണപ്പാടങ്ങളിലൊന്ന് (ഫയല്‍ ചിത്രം)
SHARE

1990 ഓഗസ്റ്റ് 2 അർധരാത്രി; കുവൈത്ത് മറക്കില്ല ആ ദിനം, ലോകവും. സദ്ദാം ഹുസൈന്റെ നേതൃത്വത്തിൽ ഒരു ലക്ഷത്തിലേറെ ഇറാഖി സൈനികരും എഴുനൂറോളം യുദ്ധ ടാങ്കുകളുമാണ് അന്ന് കുവൈത്തിന്റെ അതിർത്തി പോസ്റ്റുകൾ തകർത്ത് രാജ്യത്തേക്ക് അധിനിവേശം നടത്തിയത്. 1980 സെപ്റ്റംബറിൽ ഇറാനെ ആക്രമിച്ചതിനു ശേഷം സദ്ദാം നടത്തിയ മറ്റൊരു അയൽ രാജ്യ ആക്രമണം എന്നതിൽനിന്നു മാറി ആ ഏകാധിപതിയുടെ ജീവൻ തന്നെ നഷ്ടപ്പെടുത്തുന്നതിലേക്കു നയിക്കുന്നതായിരുന്നു യുദ്ധകാഹളം മുഴക്കിയുള്ള ആ യാത്ര. ഗൾഫ് യുദ്ധം എന്നു കുപ്രസിദ്ധമായ ഇറാഖ്–കുവൈത്ത് യുദ്ധം നടന്ന് 16 വർഷം കഴിഞ്ഞപ്പോഴാണ് സദ്ദാമിനെ കുറ്റവാളിയായി മുദ്രകുത്തി ഇറാഖ് തൂക്കിലേറ്റിയത്. മധ്യപൂർവദേശത്തെ രാഷ്ട്രീയ–സാമ്പത്തിക–സാമൂഹിക അവസ്ഥകളിൽ അത്രയേറെ അലയൊലികൾ സൃഷ്ടിക്കാൻ പോന്നതായിരുന്നു ഗൾഫ് യുദ്ധം. 

1979 ജൂലൈയിൽ സദ്ദാം പ്രസിഡന്റ് പദവിയിലെത്തിയതിനു പിന്നാലെയായിരുന്നു അതുവരെയുള്ള സൗഹൃദങ്ങളെല്ലാം മറന്ന് ഇറാനെ ഇറാഖ് ആക്രമിച്ചത്. ഇസ്ലാമിക വിപ്ലവത്തിനു പിന്നാലെ അയൽരാജ്യം അട്ടിമറി നടത്തുമെന്ന സംശയക്കണ്ണോടെ കാര്യങ്ങളെ ഇറാഖ് നോക്കിക്കണ്ടതിന്റെ ബാക്കിപത്രമായിരുന്നു യുദ്ധം. താരതമ്യേന ദുർബലരായ ഇറാനെ എളുപ്പത്തിൽ തോൽപിക്കാനാകുമെന്നു കരുതി ആക്രമിച്ച സദ്ദാമിന്റെ സൈന്യത്തെ പക്ഷേ അതിശക്തമായി പ്രതിരോധിക്കുകയാണ് ഇറാൻ ചെയ്തത്. 1980 മുതൽ 1988 വരെ അതു നീണ്ടു. ഇരുപക്ഷത്തും നാശനഷ്ടങ്ങളല്ലാതെ ആത്യന്തികമായ വിജയം ആര്‍ക്കും ലഭിക്കാത്ത അവസ്ഥയായി. ഒടുവിൽ യുഎൻ ഇടപെട്ടാണ് വെടിനിർത്തൽ കരാർ ഒപ്പിട്ടത്.

DJIBOUTI-GULF-WAR-FRANCE
യുദ്ധകാലത്ത് ഫ്രഞ്ച് സൈനികൻ കുവൈത്തിൽ (1990ലെ ചിത്രം)

യുദ്ധം ഇറാഖിനുണ്ടാക്കിയ നഷ്ടം ചെറുതൊന്നുമായിരുന്നില്ല. ഇറാനെതിരെ വിജയം അവകാശപ്പെടാനാകാത്തതിന്റെ നാണക്കേട് ഒരു വശത്ത്. സാമ്പത്തിക മാന്ദ്യം മറുവശത്ത്. ഇന്ധന ഉൽപാദനം കുറച്ച് അതുവഴി വില വർധിപ്പിക്കാനായിരുന്നു സദ്ദാമിന്റെ നീക്കം. അങ്ങനെ ഇന്ധന വിൽപനയിലൂടെ രാജ്യത്തിന്റെ നഷ്ടം തിരികെ പിടിക്കാമെന്നും പ്രതീക്ഷിച്ചു. എന്നാൽ പ്രധാന എണ്ണ ഉൽപാദകരായ കുവൈത്ത് ഇതു നിരാകരിക്കുക മാത്രമല്ല ഒപെക് കൂട്ടായ്മയിൽ ഇറാഖിന്റെ നീക്കത്തെ എതിർക്കുകയും ചെയ്തു. വൻതോതിൽ കുവൈത്ത് പെട്രോൾ ഉൽപാദനം ആരംഭിച്ചതോടെ വില കൂട്ടിയുള്ള ഇന്ധനവിൽപനയെന്ന സദ്ദാമിന്റെ സ്വപ്നവും പൊലിഞ്ഞു. 

യുദ്ധകാലത്ത് 140 കോടി ഡോളർ സഹായമാണ് കുവൈത്ത് സദ്ദാമിനു നൽകിയത്. ഇത് കുവൈത്ത് എഴുതിത്തള്ളുമെന്നാണ് സദ്ദാം കരുതിയെങ്കിലും അതുണ്ടായില്ല, പണം തിരികെ നൽകാനും കുവൈത്ത് ആവശ്യപ്പെട്ടു. ചരിത്രാതീത കാലം മുതൽ കുവൈത്ത് ഇറാഖിന്റെ ഭാഗമായ ഭൂപ്രദേശമാണെന്നായിരുന്നു സദ്ദാമിന്റെ വാദം. സാമ്പത്തികമായി തകരുന്ന ഇറാഖിനെ രക്ഷിക്കാൻ കുവൈത്ത് അധിനിവേശം എന്ന മാരകമായ പദ്ധതിക്കും അങ്ങനെ സദ്ദാം രൂപംകൊടുത്തു. തർക്കം കൊഴുപ്പിക്കുന്നതിന്റെ ഭാഗമായി ഇറാഖിൽനിന്ന് കുവൈത്ത് അനധികൃതമായി എണ്ണ ചോർത്തുന്നുവെന്നു വരെ സദ്ദാം ആരോപിച്ചു. കുവൈത്ത് ഇതിനെ അതിശക്തമായി എതിർത്തു. 

FILES-IRAQ-KUWAIT-WAR
യുദ്ധകാലത്ത് ഫ്രഞ്ച് ഹെലികോപ്ടറുകൾ കുവൈത്തിൽ (1990ലെ ചിത്രം)

രണ്ടു രാജ്യങ്ങളും തമ്മിലുണ്ടായിരുന്ന ചില്ലറ തർക്കങ്ങൾ സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ ഇടപെടലിലൂടെ സമവായത്തിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടയിലാണു മുന്നറിയിപ്പില്ലാതെ സദ്ദാമിന്റെ പട്ടാളം കുവൈത്തിൽ പ്രവേശിച്ചത്. ഇറാഖിന്റെ പത്തൊൻപതാമത്തെ പ്രവിശ്യയാക്കി കുവൈത്തിനെ മാറ്റുമെന്നായിരുന്നു സദ്ദാമിന്റെ പ്രഖ്യാപനം. പക്ഷേ കുവൈത്തിനെ ലോകഭൂപടത്തിൽനിന്നു തന്നെ തുടച്ചുമാറ്റുകയാണു സദ്ദാമിന്റെ ലക്ഷ്യമെന്നു വ്യക്തമാക്കുന്നതായിരുന്നു പിന്നീടുള്ള നീക്കങ്ങൾ. ഓഗസ്റ്റ് രണ്ടിനു രാവിലെ ഇറാഖ് സൈന്യത്തിന്റെ ബൂട്ടൊച്ചകളാണ് കുവൈത്ത് നിവാസികളെ വിളിച്ചുണർത്തിയത്. ചെറുത്തുനിൽപ്പിനുള്ള സാവകാശം പോലും ലഭിക്കാതെ മരവിച്ചുപോയി അന്നു കുവൈത്ത്. 

പലായനത്തിന്റെ, ഭീതിയുടെ നാളുകൾ

ഇന്ത്യക്കാരുൾപ്പെടെയുള്ള വിദേശികളും സ്വദേശികളും ഒരുപോലെ ജീവഭയത്തിൽ കഴിഞ്ഞ നാളുകൾ. സെപ്റ്റംബർ ആദ്യവാരത്തോടെ പലായനം ആരംഭിച്ചു. കുവൈത്ത് തങ്ങളുടെ പ്രവിശ്യ മാത്രമാണെന്ന് ഇറാഖ് പ്രഖ്യാപിച്ചതോടെ സ്ഥാനപതിയെ നിലനിർത്താൻ പോലും ഇന്ത്യയ്ക്കു കഴിയാതെവന്നു. കുവൈത്തിൽ കുടുങ്ങിയവരെ ഇന്ത്യയിൽ എത്തിക്കുക ദുഷ്കര ദൗത്യമായി. അന്ന് ഫലപ്രദമായ ഇടപെടലിലൂടെ ഇന്ത്യക്കാരുടെ യാത്രാ ക്രമീകരണങ്ങൾക്കു നേതൃത്വം നൽകിയത് മലയാളിയായ ടൊയോട്ട സണ്ണി ഉൾപ്പെടെയുള്ളവരായിരുന്നു. കുവൈത്തിൽനിന്നു ബഗ്ദാദ് വഴി ജോർദാൻ അതിർത്തിയിലേക്ക് ഇറാഖ് സർക്കാർ ബസ് സർവീസ് ഏർപ്പെടുത്തി. ഒക്ടോബർ അവസാനം വരെ ഈ ഒഴിപ്പിക്കൽ തുടർന്നു. കൂട്ടപ്പലായനത്തിന്റെ നാളുകളായിരുന്നു പിന്നീടങ്ങോട്ട്. 

FILES-IRAQ-KUWAIT-WAR
യുദ്ധകാലത്തെ പലായനം. ഇറാഖ്–ജോർദാൻ അതിർത്തിയിലെ കാഴ്ച (1990)

ഇന്ത്യക്കാർ എന്ന വ്യാജേന ചില കുവൈത്തികളെയും ജോർദാനിൽ എത്തിച്ചിരുന്നു. സ്വദേശികൾ അറബ് വേഷം ഉപേക്ഷിച്ചു പാന്റ്സും ഷർട്ടുമണിഞ്ഞ കാലം. കുവൈത്തിലെ രണ്ടു മന്ത്രിമാരെ സ്വന്തം സ്ഥലത്തു പാർപ്പിച്ചു രക്ഷപ്പെടുത്തിയ ഇന്ത്യൻ കുടുംബവുമുണ്ടെന്നും ടൊയോട്ട സണ്ണി ഓര്‍മിച്ചിരുന്നു. കുവൈത്തിനെ മുച്ചൂടും മുടിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇറാഖി സൈന്യത്തിന്റെ പ്രവർത്തനങ്ങൾ. വെടിവയ്പിനും മിസൈലാക്രമണത്തിനും പുറമെ കൊള്ളയും കൊള്ളിവയ്പും വരെ അവർ ആയുധമാക്കി. കുവൈത്ത് എയർവേസിന്റെ വിമാനങ്ങൾ മോഷ്ടിച്ച് ഇറാഖിലേക്കു കടത്തി. സാധാരണക്കാരന്റെ അവശ്യ ഭക്ഷണമായ ഖുബൂസ് വരെ മോഷണപ്പട്ടികയിലുണ്ടായിരുന്നു! 

അതിനിടെ രാജകുടുംബാംഗങ്ങൾ ഉൾപ്പെടെ കൊല്ലപ്പെട്ട വാർത്തകളുമെത്തി. കുവൈത്ത് ഭരണാധികാരികൾ അതിർത്തി കടന്ന് സൗദിയിലേക്കു രക്ഷപ്പെട്ടിരുന്നു. അവർ പ്രവാസി സർക്കാരിന് രൂപം നൽകി അവിടെനിന്നു നടത്തിയ നീക്കങ്ങൾ ലോകരാജ്യങ്ങളുടെ പിന്തുണ സമാഹരിക്കാനും കുവൈത്തിനു സഹായകരമായി. അമീർ ഷെയ്ഖ് ജാബർ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്, കിരീടാവകാശി ഷെയ്ഖ് സാദ് അൽ അബ്ദുല്ല അൽ സാലെം അൽ സബാഹ് എന്നിവർ തന്ത്രപരമായ നീ‍ക്കങ്ങൾക്കു ചുക്കാൻ പിടിച്ചു. ഭൂരിപക്ഷം രാജ്യങ്ങളും സദ്ദാമിന്റെ നീക്കത്തിനെതിരെയായിരുന്നു. ഒരുതരത്തിലും നീതീകരിക്കാനാകാത്ത പ്രവൃത്തിയായി സദ്ദാമിന്റെ നീ‍ക്കത്തെ ലോകം കണ്ടു. 

FILES-IRAQ-KUWAIT-WAR
ഇറാഖ്–ജോർദാൻ അതിർത്തി കടക്കാനെത്തിയവർ. യുദ്ധകാലത്തെ കാഴ്ച.

കുവൈത്ത് വിട്ടുപോകുന്നതിന് യുഎൻ രക്ഷാസമിതി ഇറാഖിന് അന്ത്യശാസനം നൽകിയിട്ടും സദ്ദാം അയഞ്ഞില്ല. 1990 ഡിസംബറിൽ യുഎന്നിന്റെ നേതൃത്വത്തിൽ സൈനിക നടപടി ആരംഭിച്ചു. 1991 ജനുവരിയിൽ യുഎസിന്റെയും ബ്രിട്ടന്റെയും നേതൃത്വത്തിൽ സഖ്യസേന വിഷയത്തിൽ ഇടപെട്ടു. ‘ഓപറേഷൻ ഡെസെർട്ട് സ്‌റ്റോം’ എന്നു പേരിട്ട സൈനിക നടപടിയിൽ മുപ്പതിലേറെ രാജ്യങ്ങൾ പങ്കാളികളായി. സദ്ദാമിന്റെ പട്ടാളം കുവൈത്തിന്റെ വസ്‌തുവകകൾ ഒന്നൊന്നായി തകർത്തു മുന്നേറുകയായിരുന്നു. കെട്ടിടങ്ങൾക്കു പലതിനും തീയിട്ടു. പാലങ്ങൾ തകർത്തു. തന്ത്രപ്രധാന കേന്ദ്രങ്ങളിലെല്ലാം ഇറാഖ് സൈന്യം കാവൽനിന്നു. 

‘യുദ്ധങ്ങളുടെ മാതാവ്’

ബന്ദികളാക്കപ്പെട്ട പാശ്‌ചാത്യരെ ഉപയോഗിച്ചു മനുഷ്യമതിൽ തീർത്ത് പ്രതിരോധിക്കുമെന്നായിരുന്നു സദ്ദാം ഹുസൈന്റെ പ്രഖ്യാപനം. അതുകൊണ്ടുതന്നെ കരയുദ്ധം ദുഷ്‌കരമായിരിക്കുമെന്നതിനാൽ വ്യോമാക്രമണം തിരഞ്ഞെടുക്കുകയായിരുന്നു സഖ്യസേന. അതിലൂടെ ഇറാഖിന്റെ സൈനിക ശേഷി ദുർബലപ്പെടുത്തുകയായിരുന്നു സഖ്യസേനയുടെ ആദ്യലക്ഷ്യം. ജനുവരി 16നു പുലർച്ചെ സഖ്യസേന ബോംബാക്രമണം തുടങ്ങി. ‘യുദ്ധങ്ങളുടെ മാതാവ്’ എന്നു വിശേഷിപ്പിച്ചു പ്രതിരോധത്തിനായുള്ള പ്രഖ്യാപനം സദ്ദാം ഹുസൈന്റെ ഭാഗത്തുനിന്നും ഉണ്ടായി. ഇറാഖിന്റെ സുപ്രധാന സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ബോംബുകൾ പതിച്ചു. ഇറാഖിന്റെ വ്യോമസേനാ താവളങ്ങളും വിമാനവേധ സംവിധാനങ്ങളുമെല്ലാം പടിപടിയായി സഖ്യസേന തകർത്തു.

FILES-IRAQ-KUWAIT-WAR
ഇറാഖിന്റെ മൈനുകളിൽതട്ടി ഈജിപ്തിന്റെ യുദ്ധ ടാങ്കുകളിലൊന്ന് പൊട്ടിത്തെറിക്കുന്നു (ഫയൽ ചിത്രം 1990)

യുദ്ധം മുറുകിയപ്പോൾ ഇസ്രയേലിനു നേരെ ഇറാഖിന്റെ മിസൈൽ പറന്നു. ഇസ്രയേലിന്റെ പ്രതികരണം മുസ്‌ലിം രാജ്യങ്ങളെ ഇറാഖിന് അനുകൂലമാക്കും എന്നതായിരുന്നു സദ്ദാം ഹുസൈന്റെ ലക്ഷ്യം. അതുണ്ടായില്ല. സഖ്യസേന ഉറച്ചുനിന്നു. വ്യോമാക്രമണത്തിൽ ഇറാഖിന്റെ പ്രതിരോധ സംവിധാനങ്ങൾ മിക്കതും തകർക്കപ്പെട്ടു എന്നായതോടെ സഖ്യസേന കരയുദ്ധത്തിലേക്കു നീങ്ങി. ഫെബ്രുവരി 23ന് ആരംഭിച്ച കരയുദ്ധത്തിൽ ഇറാഖിന്റെ പ്രതിരോധം കൂടുതൽ ദുർബലമായി.

യുഎസ് ജനറൽമാർ പ്രതീക്ഷിച്ചതിലും വേഗത്തിൽ ഇറാഖിലേക്കു മുന്നേറാൻ സഖ്യസേനയ്‌ക്കു കഴിഞ്ഞു. യുഎസിന്റെയും ബ്രിട്ടന്റെയും ഫ്രാൻസിന്റെയും സൈന്യം ദുർബലമായ ഇറാഖ് സൈന്യത്തെ അതിവേഗം തുരത്തി. ഒൻപതു ലക്ഷത്തിലേറെ സഖ്യസൈനികരാണ് നാലാഴ്ചയ്ക്കിടെ ഇറാഖിനെതിരെ പോരാടാൻ രംഗത്തെത്തിയത്. ഏറിയ പങ്ക് പോരാട്ടവും ഇറാഖ്–സൗദി അതിർത്തിയിലൂടെയായിരുന്നു. ഫെബ്രുവരി 28ന് യുദ്ധം അവസാനിച്ചതായുള്ള യുഎസ് പ്രസിഡന്റ് ജോർജ് ബുഷ് സീനിയറിന്റെ പ്രഖ്യാപനം വരുന്നതുവരെ അതിരൂക്ഷമായ പോരാട്ടമായിരുന്നു കുവൈത്ത് കണ്ടത്.

FILES-IRAQ-KUWAIT-WAR
യുദ്ധകാലത്ത് സൗദി സൈനികൻ കുവൈത്തിൽ (1990ലെ ചിത്രം)

കുവൈത്ത് യുദ്ധത്തിനും അതിനു ശേഷവും നടന്ന ആക്രമണങ്ങളിലും കുട്ടികൾ ഉൾപ്പെടെ ജീവൻ നഷ്‌ടപ്പെട്ടവർക്കു കണക്കില്ല. പിന്മാറ്റത്തിനിടെ ഇറാഖ് സൈന്യം മറ്റൊന്നുകൂടി ചെയ്തു– കുവൈത്തിലെ എഴുനൂറോളം എണ്ണക്കിണറുകൾക്കു തീയിട്ടു. ഫലമോ, കുവൈത്തിന്റെ കരയും ആകാശവും കടലും കരിമ്പടമണിഞ്ഞതു പോലെയായി. ആകാശത്ത് ആശങ്കയുടെ ആ കരിമ്പുക പടർന്നതു പോലെത്തന്നെയായിരുന്നു ജനങ്ങളുടെ മനസ്സിലും. ഇനി എങ്ങനെ ഒരു തിരിച്ചു വരവ് സാധ്യമാകും? 

സദ്ദാമിന്റെ വധത്തിലേക്ക്...

ഗൾഫ് രാഷ്‌ട്രീയത്തെ മാറ്റിമറിച്ച യുദ്ധത്തോടെ സദ്ദാം ഹുസൈനും ഇറാഖും ലോക രാഷ്‌ട്രീയത്തിൽ ഒറ്റപ്പെട്ടു. പക്ഷേ യുദ്ധത്തിനു ശേഷവും സദ്ദാമിന്റെ ഭീഷണി തുടർന്നിരുന്നു. മാത്രവുമല്ല, യുഎൻ മുന്നറിയിപ്പ് വകവയ്ക്കാതെ മാരക നശീകരണ ആയുധങ്ങളും ജൈവായുധങ്ങളും ഉൾപ്പെടെ ഇറാഖ് വികസിപ്പിച്ചെടുക്കുന്നതിന്റെ സൂചനകളും ലഭിച്ചു തുടങ്ങി. നിരീക്ഷണ സംഘത്തെ അയയ്ക്കാൻ യുഎൻ അനുമതി ചോദിച്ചെങ്കിലും ഇറാഖ് സമ്മതിച്ചില്ല. അതോടെ വിഷയത്തിൽ യുഎസ് വീണ്ടും ഇടപെട്ടു. 1998ൽ യുഎസ് പ്രസിഡന്റ് ബിൽ ക്ലിന്റൻ ‘ഓപറേഷൻ ഡെസെർട്ട് ഫോക്സിലൂടെ’ ഇറാഖിലെ തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങളിൽ ബോംബാക്രമണത്തിന് ഉത്തരവിട്ടു. എന്നിട്ടും ആയുധ പരിശോധനയ്ക്ക് യുഎൻ നിരീക്ഷണ സംഘത്തെ രാജ്യത്തേക്കു പ്രവേശിപ്പിക്കാൻ ഇറാഖ് വിസമ്മതിച്ചു. 

FILES-SAUDI-IRAQ-KUWAIT-WAR-ANNIVERSARY
ഇറാഖിന്റെ മൈനുകൾ നശിപ്പിക്കുന്ന ബ്രിട്ടിഷ് സംഘം (യുദ്ധകാലത്തെ ചിത്രം–1990)

പതിയെപ്പതിയെ മേഖല ശാന്തമായിത്തുടങ്ങി. ഇറാഖുമായി വ്യാപാരകരാറുകൾക്കു വരെ അയൽ രാജ്യങ്ങൾ തയാറായി. അതിനിടെയായിരുന്നു 2001ലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണം. അൽ ഖായിദ ഉള്‍പ്പെടെ ഭീകര സംഘടനകൾക്ക് ഇറാഖ് സഹായം നൽകുന്നുവെന്ന് അന്നത്തെ പ്രസിഡന്റ് ജോർജ് ഡബ്ല്യു ബുഷ് പ്രഖ്യാപിച്ചു. 2003 മാർച്ച് 17ന് 48 മണിക്കൂറിനകം ഇറാഖ് വിടാൻ പ്രസിഡന്റ് സദ്ദാമിന് യുഎസിന്റെ മുന്നറിയിപ്പെത്തി. യുഎസിന്റെ യുദ്ധ പ്രഖ്യാപനത്തെ ഫ്രാൻസ്, ജർമനി, റഷ്യ എന്നീ രാജ്യങ്ങൾ ഉൾപ്പെടെ അന്ന് എതിർത്തെങ്കിലും മാർച്ച് 20ന് യുഎസ് യുദ്ധവിമാനങ്ങൾ ഇറാഖിനു മുകളിൽ വട്ടമിട്ടു പറന്നു. സദ്ദാം ഉന്നത യോഗങ്ങൾ നടത്തുന്നുവെന്നു സംശയിച്ചിരുന്ന ബങ്കറുകൾ തകർത്തായിരുന്നു തുടക്കം. 

IRAQ-ANNIVERSARY-BAATH-SADDAM
സദ്ദാം ഹുസൈൻ (1980കളിലെ ചിത്രം)

രണ്ടാം ഗൾഫ് യുദ്ധമെന്നറിയപ്പെട്ട ആ പോരാട്ടത്തിലൂടെ സദ്ദാമിന്റെ ജന്മനഗരമായ തിക്രിത് 2003 ഏപ്രിൽ 13ന് യുഎസ് സൈന്യം പിടിച്ചെടുത്തു. 2003 ഡിസംബർ 13ന് സദ്ദാമും പിടിയിലായി. 2004 ജൂണിൽ അദ്ദേഹത്തെ ഇറാഖ് അധികൃതർക്കു കൈമാറി. വിവിധ കുറ്റങ്ങൾ ചുമത്തി 2006 ഡിസംബർ 30നു തൂക്കിലേറ്റുകയും ചെയ്തു. കുവൈത്തിനെ ആക്രമിക്കാനുള്ള തീരുമാനമാണ് സദ്ദാമിന്റെ പതനത്തിലേക്കു നയിച്ചതെന്നാണ് ഇന്നും ഭൂരിഭാഗം മധ്യപൂർവദേശ നിരീക്ഷകരും വിലയിരുത്തുന്നത്. 

FILES-IRAQ-KUWAIT-WAR
കുവൈത്തിലെ എണ്ണപ്പാടങ്ങൾക്ക് ഇറാഖ് തീയിട്ടപ്പോൾ (1991ലെ ചിത്രം)

ഇറാഖ് ആക്രമണത്തിനൊടുവിൽ പഴയ കുവൈത്തിന്റെ അസ്ഥിപഞ്ജരം മാത്രമായിരുന്നു ബാക്കിയുണ്ടായിരുന്നത്. അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ കുവൈത്ത് പതിറ്റാണ്ടുകളോളം പിന്നിലായി. എണ്ണക്കിണറിലെ തീയണയ്ക്കുന്നതു മുതൽ കുടിവെള്ളം എത്തിക്കുന്നതുവരെ എല്ലാ കാര്യവും ഒന്നിൽനിന്നു തുടങ്ങേണ്ട അവസ്ഥ. എന്നാൽ ഷെയ്‌ഖ് ജാബർ അൽ അഹമ്മദ് അൽ ജാബർ അൽ സബയുടെ നേതൃത്വത്തിൽ കുവൈത്തിൽ വീണ്ടുമൊരു യുഗം പിറക്കുകയായിരുന്നു. രാജ്യത്തെ പുനഃസൃഷ്ടിക്കാനുള്ള ദൗത്യത്തിൽ കുവൈത്തിനുവേണ്ടി ലോകമൊന്നാകെ രംഗത്തിറങ്ങി. അതിനിടെ മലയാളി പ്രവാസികൾ ഉൾപ്പെടെ ഒഴിഞ്ഞുപോയവർ തിരിച്ചുവന്നു തുടങ്ങി. കുവൈത്തിന്റെ പുനരുദ്ധാരണത്തിൽ കൈമെയ് മറന്ന് പ്രവാസികളും പങ്കുചേർന്നു. 

FILES-IRAQ-KUWAIT-WAR
കുവൈത്തിലെ എണ്ണപ്പാടങ്ങൾക്ക് ഇറാഖ് തീയിട്ടപ്പോൾ (1991ലെ ചിത്രം)

1.71 ലക്ഷത്തോളം ഇന്ത്യക്കാരുണ്ടായിരുന്നു അധിനിവേശ കാലത്ത് കുവൈത്തിൽ. ഇന്നത് പത്തു ലക്ഷത്തോളമായിരിക്കുന്നു–കുവൈത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹം. ഇരുരാജ്യങ്ങളും തമ്മിൽ ഇന്നും മികച്ച ബന്ധം തുടരുകയും ചെയ്യുന്നു. മധ്യപൂർവദേശത്തെ സാമ്പത്തിക ആസ്‌ഥാനമായി കുവൈത്തിനെ മാറ്റുകയെന്ന ഭരണകൂടത്തിന്റെ ലക്ഷ്യത്തിലേക്കുള്ള പ്രവർത്തനങ്ങളും സജീവമാണ്. പരസ്പരമുള്ള സന്ദർശനങ്ങളും സഹകരണ കരാറുകളും ഉൾപ്പെടെ ഇറാഖ്– കുവൈത്ത് ഭരണകൂടങ്ങളും നിലവിൽ സൗഹൃദത്തിലാണ്. മധ്യപൂർവദേശം കണ്ട ഏറ്റവും രൂക്ഷ യുദ്ധത്തിന്റെ കറുത്ത പുക പതിയെ രാജ്യങ്ങൾക്കിടയിൽനിന്നു മറനീക്കിയിരിക്കുന്നു– മൂന്നു പതിറ്റാണ്ടിനപ്പുറം അവിടെ സമാധാനത്തിന്റെ വെളുത്ത പതാക പാറിപ്പറക്കുന്നു...

English Summary: Operation Desert Storm: 30 Years Since the First Gulf War between Iraq and US-led coalition army

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA