ADVERTISEMENT

കോവിഡ് പോസിറ്റീവ് എന്ന് സംശയം തോന്നിയപ്പോൾ കുവൈത്തിലെ മാധ്യമപ്രവർത്തനത്തിന് ഇടവേള നൽകി നാട്ടിലേക്ക്... നേരെ കണ്ണൂരിലെ ആശുപത്രിയിൽ. അടുത്ത ബെഡ്ഡിലെ രോഗിയുടെ മരണം മുതൽ ആതുര സേവനത്തിന്റെ അപൂർവ മാതൃകകൾ വരെ മുഖാമുഖം കണ്ട 2 ആഴ്ചയിലൂടെ... മാധ്യമപ്രവർത്തകനായ എ.എം.ഹസ്സന്റെ കുറിപ്പ്.

‘കോവിഡ്, കോവിഡ്’ എന്നെഴുതിയെഴുതി അവസാനം കോവിഡ് വാർഡിൽ എത്തിയതാണ്. കൗൺസലിങ്ങിനായി വിളിച്ച വനിതാ ഡോക്ടർ ഇതു കേട്ടപ്പോൾ മനസ്സു തണുപ്പിക്കുന്ന ചിരിയാണ് ആദ്യം സമ്മാനിച്ചത്. കോവിഡ് സ്ഥിരീകരിച്ചു പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയായിരുന്നു കൗൺസലിങ്ങിന് ഡോക്ടറുടെ വിളി.

‘‘ഒന്നുകൂടി വ്യക്തമായി പറയാമോ?’’–  ഡോക്ടറുടെ ചോദ്യം.

‘‘കോവിഡ്, കോവിഡ് എന്നെഴുതിയെഴുതി അവസാനം കോവിഡ് വാർഡിൽ എത്തിപ്പെട്ടു ഡോക്ടർ, ഫെബുവരി അവസാനം തൊട്ട് ജൂൺ പകുതിവരെ ഞാൻ ഏറ്റവും കൂടുതൽ ഉപയോഗിച്ച വാക്ക് കോവിഡ് എന്നതാണ്.’’

സത്യമാണ്. ഫെബ്രുവരി 24 നാണ് കുവൈത്തിൽ കോവിഡ്19 സാന്നിധ്യം ആദ്യം റിപ്പോർട്ട് ചെയ്തത്. അന്നുതൊട്ട് പത്രത്തിലേക്ക് അയച്ച വാർത്തകളിൽ നിറഞ്ഞുനിന്നത് ‘കോവിഡ്’ എന്ന വാക്ക്.

കോവിഡ് വന്ന വഴി

corona-virus-hongkong

കോവിഡ് വ്യാപനം കൂടിയപ്പോൾ ലോക്ഡൗണും കർഫ്യുവുമൊക്കെയായി ആദ്യമേ പ്രതിരോധം ശക്തമാക്കിയ രാജ്യമാണ് കുവൈത്ത്. താമസസ്ഥലത്തുനിന്ന് പുറത്തിറങ്ങാതെ മൂന്നുമാസത്തോളം മുൻ‌കരുതൽ നടപടികളുമായി സഹകരിക്കുകയും ചെയ്തു. ജൂൺ ആദ്യവാരമാണ് കഥ മാറിയത്.

റൂമിൽ ഒരാൾക്കുണ്ടായ പനി ബാക്കി നാലു പേരെയും പിടികൂടി. പാരസെറ്റമോളും ആന്റിബയോട്ടിക്കുമായി കഴിഞ്ഞ ദിവസങ്ങൾ. പനിയും ചുമയും കൂടി. നെഞ്ചിൽ കഫക്കെട്ടുള്ളതായും ശ്വാസകോശത്തിൽ ഓക്സിജന്റെ സഞ്ചാരതോത് കുറയുന്നതായും ലഭ്യമായ ചികിത്സാക്കുറിപ്പുകളിലൂടെ മനസിലാക്കാനായി. കോവിഡുമായി ബന്ധപ്പെടുത്തിയാൽ തള്ളിക്കളയാനാകാത്ത ലക്ഷണങ്ങൾ. നെഞ്ചിന്റെ എക്സ്‌റേ സുഹൃത്തായ ഡോക്ടർക്ക് അയച്ചു. ന്യുമോണിയയെക്കുറിച്ച് അദ്ദേഹത്തിന്റെ മുന്നറിയിപ്പ് കൂടിയായതോടെ കോവിഡ് പിടികൂടിക്കഴിഞ്ഞുവെന്ന ചെറിയൊരു ഭയം മനസിൽ കയറി.

കോവിഡ് ബാധിച്ച് കുവൈത്തിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്ന ഏതാനും ആളുകളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അവരുടെ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ ആവശ്യപ്രകാരം അന്വേഷിക്കേണ്ടി വന്നിട്ടുണ്ട്. ആശുപത്രികളിലെ മലയാളികളായ ജീവനക്കാരുമായുള്ള  സൗഹൃദം വഴി നെഞ്ചിലെ കഫക്കെട്ട്, ഓക്സിജൻ സാച്ചുറേഷനിലെ വ്യതിയാനം തുടങ്ങിയ ലക്ഷണങ്ങളെക്കുറിച്ച് ചെറിയ ധാരണയുണ്ടാകാനും അത്തരം അന്വേഷണങ്ങൾ സഹായിച്ചു.

ഇതെല്ലാം വച്ച് സ്വന്തം കാര്യം അവലോകം ചെയ്തപ്പോൾ അപകടസൂചന മിന്നി.  എങ്ങനെയെങ്കിലും നാട്ടിലേക്കെന്ന ആലോചനയ്ക്ക് ശരീരോഷ്മാവ് തടസ്സമാകുന്നു. ചാർട്ടേഡ് വിമാനങ്ങൾ പലതിലും ശ്രമിച്ചുനോക്കി. അവസാനം ജസീറ എയർവെയ്സിലെ മുതിർന്ന ഉദ്യോഗസ്ഥന്റെ സഹായത്തോടെ ജൂൺ 20ന് കണ്ണൂരിലേക്ക് ടിക്കറ്റ് തരപ്പെടുത്തി. കോവിഡ് സാധ്യതയെക്കുറിച്ച് നാട്ടിൽ ഭാര്യയെ വിളിച്ച് സൂചന നൽകുകയും ഭയപ്പെടാനൊന്നുമില്ലെന്ന് ധൈര്യപ്പെടുത്തുകയും ചെയ്‌തു. ഒന്നും അറിയിക്കാതെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടാൽ അവർക്കുണ്ടാകുമായിരുന്ന ആധി ഒഴിവാക്കാൻ വേറെ വഴിയില്ലായിരുന്നു.

പകച്ചുപോയ ദിനങ്ങൾ

corona-virus-spread

ചുമ കാരണം ഫോൺ എടുക്കാൻ പോലും വയ്യാത്ത സ്ഥിതി. അധികമാരെയും അറിയിക്കാതെയുള്ള യാത്ര. നാട്ടിലെത്തിയാലുള്ള ക്വാറന്റീൻ വീട്ടിൽ വേണ്ടെന്ന് ആദ്യമേ തീരുമാനിച്ചു. പകരം ഹോട്ടൽ ക്വാറന്റീൻ ആലോചിച്ചുവെങ്കിലും എവിടെയായാലും അടുത്ത ദിവസം ആശുപത്രിയിലേക്ക് പോകേണ്ടിവരുമെന്നത് ഉറപ്പായിരുന്നു. അതിനാൽ വിമാനത്താവളത്തിൽനിന്ന് നേരെ ആശുപത്രിയിലേക്ക് തന്നെ പോകാമെന്ന് ഉറപ്പിച്ചു.

കണ്ണൂർ വിമാനത്താവളത്തിലെ ഹെൽത്ത് ഡസ്കിലെത്തി ചികിത്സ വേണമെന്ന കാര്യം അങ്ങോട്ട് ആവശ്യപ്പെട്ടു. അവർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെത്തിച്ചു. അടുത്ത പകൽ നെഞ്ചിന്റെ എക്സ്‌റേ എടുത്തു, കോവിഡ് പരിശോധനയ്ക്കുള്ള സ്രവവും.

നെഞ്ചിൽ നല്ല കഫക്കെട്ടുണ്ടെന്നും ചികിത്സ വേണമെന്നും അറിയിപ്പ് വന്നു. വൈകിട്ടോടെ ആംബുലൻസിൽ പരിയാരം മെഡിക്കൽ കോളജിൽ. പരിയാരത്ത് ആംബുലൻസ് ഇറങ്ങിയ ഉടൻ സിടി സ്കാനിങ്. അഞ്ചരക്കണ്ടിയിൽ നിന്നുമെടുത്ത സ്രവ പരിശോധനാ റിപ്പോർട്ട് എത്തിയിട്ടില്ലാത്തതിനാൽ കോവിഡ് സംശയിക്കപ്പെടുന്നവർക്കായുള്ള ‘ഐസി‌യു’വിൽ ആയിരുന്നു പ്രവേശനം. ഈ ഗണത്തിൽ‌പ്പെട്ട ഒൻപതു പേരുണ്ടായിരുന്നു അവിടെ. ആശുപത്രിയിൽ ഇറങ്ങി ഐസിയുവിലേക്ക് ചക്രക്കസേരയിൽ ഇരുന്നുള്ള യാത്രയ്ക്കിടെ ഇടനാഴികളിൽ ചിലരുടെയൊക്കെ നോട്ടത്തിന് ദഹിപ്പിക്കാൻ ശക്തിയുള്ളതുപോലെ. അവരെയൊക്കെ ദുരിതത്തിലാക്കാൻ വന്നവനെന്ന തോന്നൽ ധ്വനിപ്പിക്കുംവിധമുള്ള രൂക്ഷമായ നോട്ടം.

Corona Virus | Covid 19

ഐസിയുവിൽ എത്തിയതോടെയാണ് ആശ്വാസം തോന്നിയത്. ഡോക്ടർമാരും നഴ്സുമാരും അക്ഷരാർഥത്തിൽ രോഗികളെ ഹൃദയത്തോട് ചേർക്കുകയായിരുന്നു. 14 ദിവസം ആശുപത്രിയിൽ കിടന്നു. മൂന്നു വാർഡുകളിലായി ഒട്ടേറെ ഡോക്ടർമാരുടെയും നഴ്സുമാരുടെയും സേവനം. പക്ഷേ, ആശുപത്രിയിൽ നിന്നിറങ്ങുമ്പോൾ അവരുടെ മുഖത്തു നോക്കി ഒരു നന്ദിവാക്ക് പറയാനായില്ല. എല്ലാവരും പിപി‌ഇ കിറ്റിനകത്തായിരുന്നു.

രോഗം സ്ഥിരീകരിച്ചവരുടെ ഐസിയു

കോവിഡ് പോസിറ്റീവ് ആണെന്ന് റിപ്പോർട്ട് വന്നതിനെ തുടർന്ന് നാലാം ദിവസം കോവിഡ് പോസിറ്റീവ് രോഗികളുടെ ഐസിയുവിലേക്ക് മാറ്റം. രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ സാമൂഹിക അകലമൊക്ക കർശനമായിരിക്കുമെന്ന് മനസിലോർത്തു. എന്നാൽ ഐസിയുവിലുണ്ടായിരുന്ന നഴ്സുമാർ ഞെട്ടിച്ചു കളഞ്ഞു.

ഒരകലവും പാലിക്കാതെ ഇത്രയടുത്ത് ഇടപഴകുന്നതിലെ ധൈര്യം എന്തെന്ന ചോദ്യത്തിന് ഒരു നഴ്സിന്റെ മറുപടി - ‘‘സുരക്ഷയ്ക്കും പ്രതിരോധത്തിനുമായി നൽകിയ പിപി‌ഇ കിറ്റ് ധരിച്ചിട്ടും അകലം പാലിച്ചാൽ പിന്നെ മനുഷ്യത്വം എന്നൊക്കെ പറയുന്നതിന് എന്താണ് സാർ അർഥം?’’ ജീവൻ പണയം വച്ചും രോഗികളെ പരിചരിക്കുന്ന അവരൊക്കെ തന്നെയാണ് ഭൂമിയിലെ മാലാഖമാർ എന്ന് മനസ് മന്ത്രിച്ചു.

Corona Virus | Covid 19

പിപി‌‌ഇ കിറ്റിനകത്ത് ശരിക്കും ശ്വാസം മുട്ടുന്നവരാണ് നഴ്സുമാർ. ആദ്യ കാൽ മണിക്കൂർ പ്രശ്നമില്ല. അതു കഴിയുന്നതോടെ അവരുടെ അവശത രോഗികൾക്കും മനസിലാകും. മുഖം മറയ്ക്കുന്ന മാസ്കിലൂടെ പുറത്തുവരുന്ന ശ്വാസവായു കിറ്റിലെ ലെൻസിനെ മൂടും. പിന്നെ കണ്ണുകാണുന്നതും ചെവി കേൾക്കുന്നതും പ്രയാസമാകും. കിഴക്ക് നിന്ന് വിളിച്ചാൾ പടിഞ്ഞാറോട്ട് നോക്കിപ്പോകും അവർ. കാഴ്ചയില്ലാത്ത കാര്യം അവരുടെ നടപ്പിലും പ്രകടമാകും. എന്നാലും കൃത്രനിവഹണത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലാതെ വാർഡിൽ ജാഗരൂകരായി അവർ നിലക്കൊള്ളും.

പാവം നഴ്സുമാർ. രക്തത്തിലെ ഗ്ലൂക്കോസിന്റെ തോതെടുക്കാൻ ഗ്ലൂക്കോമീറ്ററുമായി എത്തുന്ന നഴ്സ് കൈവിരലിൽ നീഡിൽ കുത്തുമ്പോൾ അറിയാം അവർ അനുഭവിക്കുന്ന പ്രയാസം. സൂചിയും രോഗിയുടെ വിരലറ്റവും തമ്മിലുള്ള അകലം സംബന്ധിച്ച് അവർ മനസിൽ കണക്കാക്കിയതിൽനിന്നും ഭിന്നമാകും സൂചി കുത്തുമ്പോഴത്തെ അവസ്ഥ. സൂചിക്കുത്തിന് സാധാരണയിൽക്കവിഞ്ഞ വേദനയാകും ഫലം. എന്നാലും അവർ അനുഭവിക്കുന്ന പ്രയാസങ്ങൾക്കിടെ ആ സൂചിക്കുത്തിന്റെ വേദന എത്രയോ നിസ്സാരം.

ഇത്ര ശാന്തമോ മരണം

Covid 19 | Corona Virus

കോവിഡ് സംശയിക്കപ്പെടുന്നവരുടെ ഐസിയുവിൽ വലത് ഭാഗത്ത് മൂന്നാമത്തെ കട്ടിൽ. എനിക്ക് മുൻപേ അവിടെ ഇടം ലഭിച്ച ആളാണ് ആ കട്ടിലിൽ. കോവിഡ് പരിശോധനാ ഫലം കാത്തുകിടക്കുന്ന ആളെ മറ്റു രോഗങ്ങളും അലട്ടുന്നുണ്ട്. വെൻ‌‌റിലേറ്ററിന്റെ സഹായവുമുണ്ട്. ഭക്ഷണം ട്യൂബ് വഴി. ജ്യൂസ് പരുവത്തിൽ നൽകിയ കഞ്ഞി കഴിച്ച് മയങ്ങിയ അദ്ദേഹത്തിന്റെ വെൻ‌റിലേറ്റർ മീറ്ററിൽ പെട്ടെന്നുണ്ടായ വ്യതിയാനം ശ്രദ്ധയിൽ‌പ്പെട്ട നഴ്സ് സഹപ്രവർത്തകയെയും വിളിച്ച് ആ കട്ടിലിനടുത്തേക്ക് നീങ്ങി.

പൾസ് റേറ്റ് താഴ്ന്നത് മനസിലായതറിഞ്ഞ് രണ്ടു ഡോക്ടർമാരുമെത്തി. യന്ത്രസഹായത്താലും അല്ലാതെയും നാലഞ്ചുപേർ ചേർന്നുള്ള കഠിന പരിശ്രമം. പ്രതികരണമൊന്നുമില്ല. ഡോക്ടർമാർ മടങ്ങി. അയാൾ മരിച്ചിരിക്കുന്നു. ഏതെങ്കിലും തരത്തിലുള്ള ബഹളമോ വെപ്രാളമോ ഒന്നുമുണ്ടായില്ല. മരണം ഇത്ര ശാന്തമോ എന്നോർത്തുപോയി. കുറേ കഴിഞ്ഞപ്പോൾ കോവിഡ് പ്രോട്ടോകോൾ പ്രകാരം ശരീരം പ്ലാസ്റ്റിക് കവറിനകത്താക്കി. . രാത്രിയോടെ മൃതദേഹം അവിടെ നിന്നു മാറ്റി. ആ കട്ടിൽ അടുത്ത രോഗിയ കാത്തിരിപ്പായി.

അരികത്ത് വീണ്ടും മരണം

Covid - Corona Virus

ആദ്യ ഐസിയുവിൽ മരണം നേരിട്ടു കാണുകയാണെങ്കിൽ കോവിഡ് പോസിറ്റീവ് ഐസിയുവിൽ മരണം ‘കേൾക്കുകയായിരുന്നു’. നാലു പേരുണ്ടായിരുന്ന ഐസിയുവിൽ ഇടത് ഭാഗത്ത് തൊട്ടടുത്ത കട്ടിലിൽ 70കാരൻ. അയാളെ ഒന്നുരണ്ട് തവണ ഡയാലിസിസിനു കൊണ്ടുപോകുന്നത് കണ്ടിട്ടുണ്ട്. വെൻ‌റിലേറ്ററിന്റെ സഹായമുള്ള ആൾ ഒന്നും സംസാരിക്കുന്നതായി കേട്ടിട്ടുമില്ല. ഒരു ദിവസം വൈകിട്ട് എനിക്കും അയാൾക്കുമിടയിൽ പെട്ടെന്ന് താത്ക്കാലിക കർട്ടൻ വരുന്നു. കർട്ടന് അപ്പുറത്ത് കാലൊച്ചകളുടെ എണ്ണം കൂടി. നഴ്സുമാർക്ക് പുറമേയെത്തിയ ഡോക്ടർമാരാകാം. ആ ശബ്ദങ്ങൾ പതുക്കെ ഇല്ലാതായി. പിന്നെ കേൾക്കുന്നത് പ്ലാസ്റ്റിക് കവറിന്റെ ശബ്ദം. പ്ലാസ്റ്റിക് കവറിന്റെ ശബ്ദം മരണത്തിൻ‌റേതാണെന്ന് ആദ്യ ഐസിയുവിലെ അനുഭവമുള്ളത് കൊണ്ടുതന്നെ തൊട്ടപ്പുറത്തെ ആളും മരിച്ചതായി ഉറപ്പിച്ചു. അടുത്ത പുലരിയിൽ ആ കട്ടിലും കാലി.

തൊട്ട് മുൻപിലുള്ള കട്ടിലിലുണ്ടായ ആൾ പ്രസ്തുത കട്ടിലിലേക്ക്. കോവിഡ് നെഗറ്റീവ് ആയശേഷവും മറ്റു രോഗങ്ങൾക്കായി ചികിത്സ തുടരുന്ന ഒരാൾ. മകനെക്കുറിച്ച് നിരന്തരം നഴ്സുമാരോട് ചോദിക്കുമായിരുന്നു വൃദ്ധനായ അയാൾ. എന്റെ മകനെവിടെ, അവൻ പുറത്തുണ്ടോ എന്ന് അന്വേഷിച്ച് കൊണ്ടേയിരിക്കും. ഈ പ്രായത്തിലും മകനുമായുള്ള അടുപ്പമാകാം ആവർത്തിച്ചുള്ള ചോദ്യത്തിന് കാരണം. ഞാൻ വാർഡ് മാറിയതിന്റെ തൊട്ടടുത്ത ദിവസം അദ്ദേഹവും മരിച്ചതായി പിന്നീട് അറിഞ്ഞു. (ചികിൽസ കഴിഞ്ഞിറങ്ങിയ ശേഷമാണ് ഈ മൂന്നു മരണങ്ങളും കോവിഡ് കാരണമല്ലെന്നതറിഞ്ഞത്)

health-official-covid
പ്രതീകാത്മക ചിത്രം

കണ്ടു, അതിജീവനവും

കോവിഡ് രോഗികൾക്ക് പരിയാരം മെഡിക്കൽ കോളജിൽ നൽകിയ ആദ്യ പ്ലാസ്മ തെറപ്പിക്ക്  സാക്ഷിയാകാനും അവസരം ലഭിച്ചു. തൊട്ട് വലതുവശത്തെ കട്ടിലിലുണ്ടായിരുന്ന ആൾക്കാണ് പ്ലാസ്മ തെറപ്പി നൽകിയത്. എന്നെപ്പോലെ കുവൈത്തിൽനിന്ന് എത്തിയ മലയാളിയാണ് അദ്ദേഹവും. എണ്ണമേഖലയിലെ പ്രോജക്റ്റ് കാലാവധി കഴിഞ്ഞതിനെ തുടർന്ന് നാട്ടിൽ തിരിച്ചെത്തിയ ആൾ.

ചുമ കാരണം ഫോണിൽ സംസാരിക്കാനാകാത്ത അവസ്ഥയിലായിരുന്നു പത്തോളം ദിവസം. ആശുപത്രി അധികൃതരുടെ നിയന്ത്രണം വേറെയും. ഫോണിൽ സംസാരിക്കാവുന്ന ഘട്ടമായപ്പോൾ ആശുപത്രി സൂപ്രണ്ട് ഡോ.സുദീപിന്റെ കോൾ. ‘‘താങ്കൾ ഇവിടെ എത്തുമ്പോഴുള്ള അവസ്ഥയും ഇപ്പോഴത്തെ അവസ്ഥയും നല്ല വ്യത്യാസമുണ്ട്. ഇനി ഭയപ്പെടാനൊന്നുമില്ല. വീട്ടുകാരെ നേരത്തെ ബോധവത്കരിക്കാനായതും നല്ല തീരുമാനമായി.’’

Covid - Corona Virus

നേരെ ആശുപത്രിയിലേക്ക് വരാനും രോഗം സംശയിച്ചിട്ടും അതിനെക്കുറിച്ച് വേവലാതിപ്പെടാതിരിക്കാനും കാണിച്ച ജാഗ്രതയാണ് കാര്യങ്ങൾ എളുപ്പമാക്കിയതെന്നും ഡോക്ടർ പറഞ്ഞു. എന്നെക്കുറിച്ചു തന്നെയാണോ ഈ പറയുന്നതെന്ന് അദ്‌ഭുതപ്പെട്ടു.

ക്വാറൻ‌റീൻ വിശേഷങ്ങൾ

14 ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം അത്ര തന്നെ ദിവസം ഹോം ക്വാറൻ‌റീനും വിധിച്ചിരുന്നു. `ഗൃഹപ്രവേശം` തന്നെ പുതിയ അനുഭവമായി. ഓരോ യാത്ര കഴിഞ്ഞെത്തുമ്പോഴും `പൂമുഖ വാതിലിൽ എന്നവണ്ണം സ്വീകരിക്കാറുള്ള പ്രിയതമ ഇത്തവണ ഹസ്തദാനം പോലും നിഷേധിക്കപ്പെട്ട നിലയിൽ കാഴ്ചക്കാരിയായി. വീടിന്റെ ഒന്നാം നിലയിൽ കഴിഞ്ഞ ഞാൻ താഴത്തെ നിലയിലുള്ള ഭാര്യയെ കാണുന്നത് ഭക്ഷണം തരാനെത്തുമ്പോൾ മാത്രം. തൊട്ടടുത്തുണ്ടായിട്ടും വളരെ അകലെയന്നത് 14 ദിവസത്തെ ആശുപത്രി ജീവിതത്തെക്കാൾ ‘ക്വാറന്റീൻ’ കടുപ്പമേറിയതാക്കി.

തരൂരും ഒ.വി.വിജയനും സി.പി.നായരും കൂട്ട്

Covid - Corona Virus

ആശുപത്രിയിൽ ശശി തരൂരും (ഞാൻ എന്തുകൊണ്ട് ഒരു ഹിന്ദുവാണ്) ഒ.വി.വിജയനും (പ്രവാചകൻന്റെ വഴി) എം.പി.നാരായണപിള്ള (മറുമൊഴി) യുമായിരുന്നു കൂട്ട്. ക്വാറൻ‌റീനിൽ മുൻ ചീഫ് സെക്രട്ടറി സി.പി.നായരെയാണ് കൂട്ടുപിടിച്ചത്. അദ്ദേഹത്തിന്റെ ആത്മകഥയായ ‘എന്തരോ മഹാനുഭാവുലു’വിലൂടെ പോയപ്പോൾ കോവിഡ് കാല വിവാഹാഘോഷ നിയന്ത്രണത്തിന് സമാനമായ നിയന്ത്രണം 1968 ലും ഉണ്ടായിരുന്നുവെന്ന് മനസ്സിലാക്കാനായി. അഭൂതപൂർവമായ ഭക്ഷ്യക്ഷാമത്തെ തുടർന്ന് പ്രഖ്യാപിച്ച നിയന്ത്രണപ്രകാരം വിവാഹ ചടങ്ങിന് 100 പേരെയും മരണാനന്തര ചടങ്ങുകൾക്ക് 50 പേരെയും മാത്രമേ വിളിക്കാൻ പാടുണ്ടായിരുന്നുള്ളൂ. സി.പി.നായരുടെ വിവാഹവും അങ്ങനെ നിയന്ത്രണങ്ങൾ പാലിച്ചായിരുന്നു.

നന്ദി എല്ലാവർക്കും, സർവേശ്വരനും

മഹാമാരി ശരീരത്തിൽ കൈവച്ചിട്ടും രക്ഷ നൽകിയ സർവേശ്വരന് സർവസ്തുതിയും. ശക്തമായ പരീക്ഷണത്തിനൊപ്പം ദൈവം ഇങ്ങനെയൊരു അനുഭവജ്ഞാനത്തിനും അവസരം നൽകിയതാകാം എന്ന് വിശ്വസിക്കാനാണ് ഇഷ്ടം.

Covid - Corona Virus

നന്ദി പറയാൻ ഒത്തിരിപേരുണ്ട്. ശാരീരികാവസ്ഥ വഷളായപ്പോൾ കുവൈത്തിലെ റൂമിൽ പരിചരിച്ച സഹതാമസക്കാർ, യാത്രാസൗകര്യം ഒരുക്കാൻ പ്രയത്നിച്ചവർ, ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിച്ച് കൊണ്ടേയിരുന്നവർ, ചികിത്സ ലഭ്യമാക്കാൻ പ്രയത്നിച്ച ആരോഗ്യപ്രവർത്തകർ, അഞ്ചരക്കണ്ടിയിലും പരിയാരം മെഡിക്കൽ കോളജിലും ചികിത്സിച്ച ഡോക്ടർമാരും പരിചരിച്ച നഴ്സുമാരും, കൂടെയുണ്ടെന്ന് ധൈര്യം തന്ന സുഹൃത്തുക്കൾ, ജോലി ചെയ്യുന്ന സ്ഥാപനത്തിലെ വിവിധ തലങ്ങളിലുള്ളവർ, പത്രപ്രവർത്തക സുഹൃത്തുക്കൾ, ബന്ധുമിത്രാദികൾ, മനസ്സാന്നിധ്യത്തോടെ സാഹചര്യങ്ങൾ നേരിടാൻ കരുത്തേകിയ പ്രിയപത്നിയും മക്കളും മരുമക്കളും. ഫോണിൽ ലഭിച്ചപ്പോഴൊക്കെ ‘ഉപ്പാപ്പാക്ക് സുഖമല്ലേ’ എന്ന് അവളുടേതായ ശൈലിയിൽ അന്വേഷിച്ചുകൊണ്ടിരുന്ന രണ്ടരവയസുള്ള പേരക്കുട്ടി ആയിഷ മർവ - നന്ദി എല്ലാവർക്കും. 

English Summary: Quarantine diary of a news reporter 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com