sections
MORE

മധുരഗാനം പാടി സണ്ണി ആശുപത്രിവിട്ടു; ഇനി അനുജിത്തിന്റെ ‘ഹൃദയ’താളം

SHARE

കൊച്ചി∙ ‘വിശ്വം കാക്കുന്ന നാഥാ വിശ്വൈകകനായകാ.. ആത്മാവിലെരിയുന്ന തീയണയ്ക്കൂ...’ ലിസി ആശുപത്രിയുടെ ഹൃദയ ശസ്‌ത്രക്രിയ വിഭാഗത്തിന്റെ മുന്നിൽ നിന്ന് സണ്ണി തോമസ് മധുരമായി പാടിയപ്പോള്‍ ഉള്ളിലിരുന്ന് അനുജിത്തിന്റെ ഹൃദയം അത് ഏറ്റുപാടിയിട്ടുണ്ടാകും. ആ ഈരടികളിലെ പ്രാർഥനാംശങ്ങൾ അനുജിത്തിന്റെ പ്രിയതമയുടെയും പ്രിയപ്പെട്ടവരുടെയും ഉള്ളിലെരിയുന്ന തീയണച്ചിട്ടുണ്ടാകും.

anujith-sunny-thomas
അനുജിത്ത്, സണ്ണി തോമസ് ആശുപത്രിയിൽ കേക്ക് മുറിക്കുന്നു.

അനുജിത്തിന്റെ ഹൃദയം വച്ചുപിടിപ്പിച്ച സണ്ണി പത്തു ദിവസം കഴിഞ്ഞപ്പോഴേയ്ക്ക് ലിസി ആശുപത്രി വിട്ടു. അനുജിത്തിന്റെ ഹൃദയത്തോട് നന്ദി പറയാനായിരുന്നു ഇന്ന് ആശുപത്രിയിൽ തനിക്കു പുതുജന്മം തന്നവരോട് വിടപറയുമ്പോൾ നിത്യഗന്ധര്‍വ്വന്‍ പാടി അനശ്വരമാക്കിയ ഗാനത്തെ കൂട്ടുപിടിച്ചത്.

ഹൃദയവും കൈകളും ഉൾപ്പടെ സാധ്യമായ എട്ട് അവയവങ്ങള്‍ ദാനം ചെയ്ത അനുജിത്ത് ഇനി വെറും ഒരുപിടി ചാരത്തില്‍ മറഞ്ഞ ഓർമയല്ല. പകരം മരണത്തെയും അതിജീവിച്ചിരിക്കുകയാണ് അദ്ദേഹം. ജൂലൈ 14നാണ് കൊട്ടാരക്കരയില്‍ വാഹനാപകടത്തില്‍ അനുജിത്തിന് ഗുരുതരമായി പരുക്കേറ്റത്. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മസ്തിഷ്‌കമരണം സംഭവിക്കുകയായിരുന്നു.

തന്റെ പ്രാണനായവനെ തിരികെ കിട്ടില്ലെന്ന് മനസ്സിലാക്കിയ ഭാര്യ പ്രിന്‍സിയും സഹോദരി അഞ്ജലിയും അവയവദാനത്തിന് മുന്നോട്ട് വരികയായിരുന്നു. നാട്ടിലെ സാമൂഹിക-സാംസ്‌കാരിക രംഗത്ത് നിറസാന്നിധ്യമായിരുന്ന അനുജിത്ത് അവയവദാനമുള്‍പ്പടെയുള്ള മേഖലകളില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നയാളാണ്. അതുകൊണ്ടു തന്നെ വലിയ വേദനക്കിടയിലും അവയവദാനത്തിന് അവർ മുന്നോട്ടു വരികയായിരുന്നു.

sunny-thomas
സണ്ണി തോമസ് ആശുപത്രിയിൽ

ലിസി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തൃപ്പുണിത്തുറ സ്വദേശി സണ്ണി തോമസിനാണ് അനുജത്തിന്റെ ഹൃദയം വച്ചു പിടിപ്പിച്ചത്. ആശുപത്രി ഡയറക്ടര്‍ ഫാ. പോള്‍ കരേടന്റെ അഭ്യർഥനയെത്തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് സംസ്ഥാന സര്‍ക്കാര്‍ വാടകയ്ക്കെടുത്തിരിക്കുന്ന ഹെലികോപ്റ്റര്‍ ഹൃദയം എത്തിക്കുവാന്‍ വിട്ടുനല്‍കിയത്. പൂര്‍ണ്ണമായും സൗജന്യമായായിരുന്നു ഈ സേവനം. 21ന് രാവിലെ 5.30ന് ഹൃദയം എടുക്കുവാനുള്ള മെഡിക്കല്‍ സംഘം ലിസി ആശുപത്രിയില്‍ നിന്നു പുറപ്പെട്ടു. ഉച്ചയ്ക്ക് 1.50 ന് ഹൃദയവുമായി തിരുവനന്തപുരത്ത് നിന്നു തിരിച്ച സംഘം 2.45 ന് ബോള്‍ഗാട്ടി ഗ്രാന്റ് ഹയാത്തിലെ ഹെലിപ്പാഡില്‍ വന്നിറങ്ങി.

എറണാകുളം അസിസ്റ്റന്റ് കമ്മിഷണര്‍ കെ. ലാല്‍ജിയുടെ നേതൃത്വത്തില്‍ ഗ്രീന്‍ കോറിഡോര്‍ സൃഷ്ടിച്ച് നാലുമിനിറ്റില്‍ താഴെ സമയംകൊണ്ട് ലിസി ആശുപത്രിയില്‍ എത്തിച്ച് ശസ്ത്രക്രിയ ആരംഭിക്കുകയായിരുന്നു. അനുജിത്തില്‍ നിന്നും വേര്‍പെടുത്തിയ ഹൃദയം മൂന്ന് മണിക്കൂര്‍ 11 മിനിറ്റ് കൊണ്ട് സണ്ണിയില്‍ മിടിച്ചു തുടങ്ങി. അടുത്ത ദിവസം തന്നെ വെന്റിലേറ്ററിന്റെ സഹായം ഒഴിവാക്കിയ സണ്ണിയെ നാലാം ദിവസം അതിതീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് മുറിയിലേക്ക് മാറ്റുകയായിരുന്നു.

ആരോഗ്യമന്ത്രി കെ. കെ. ഷൈലജ വിഡിയോ കോണ്‍ഫറന്‍സിലൂടെ സണ്ണിയുമായി സംസാരിച്ച് ശുഭാശംസകള്‍ നേര്‍ന്നു. അനുജിത്തിന്റെ കുടുംബത്തിന് കേരളത്തിന്റെ ആദരവ് ടീച്ചർ അറിയിച്ചു. ഹൃദയം മാറ്റവച്ച് ഇത്രയും വേഗം ആശുപത്രി വിടാനാകുന്നത് വലിയ നേട്ടമാണെന്ന് പറഞ്ഞ മന്ത്രി ശസ്ത്രക്രിയയ്ക്കും ചികിത്സയ്ക്കും നേതൃത്വം നല്‍കിയ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തെയും ലിസി ആശുപത്രി അധികൃതരെയും പ്രത്യേകം അഭിനന്ദിച്ചു.

sunny-thomas-1

കേക്ക് മുറിച്ച് സന്തോഷം പങ്കുവച്ചാണ് സണ്ണി ആശുപത്രിയില്‍നിന്നു യാത്രയായത്. ഡയറക്ടര്‍ ഫാ. പോള്‍ കരേടന്‍, അസിസ്റ്റന്റ് ഡയറക്ടര്‍മാരായ ഫാ. ജെറി ഞാളിയത്ത്, ഫാ. ഷനു മൂഞ്ഞേലി എന്നിവരും ചടങ്ങിനെത്തിയിരുന്നു. ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിനൊപ്പം ഡോ. ജേക്കബ് എബ്രഹാം, ഡോ. റോണി മാത്യു കടവില്‍, ഡോ. ഭാസ്‌കര്‍ രംഗനാഥന്‍, ഡോ: ജോ ജോസഫ്, ഡോ. ജീവേഷ് തോമസ്, ഡോ. സൈമണ്‍ ഫിലിപ്പോസ്, ഡോ. പി. മുരുകന്‍, ഡോ. ജോബ് വില്‍സണ്‍, ഡോ. ഗ്രേസ് മരിയ, ഡോ. ആന്റണി ജോര്‍ജ്ജ് തുടങ്ങിയവരും, നഴ്സിങ് പാരാമെഡിക്കൽ ജീവനക്കാരും ശസ്ത്രക്രിയയിലും തുടര്‍ചികിത്സയിലും പങ്കാളികളായിരുന്നു. ലിസി ആശുപത്രിയിൽ നടന്ന 25–ാമത് ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയായിരുന്നു ഇത്.

English Summary: Sunny Thomas Left Hospital After Heart Surgery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA