ADVERTISEMENT

കൊച്ചി∙ ആലുവ കടങ്ങല്ലൂരിൽ നാണയം വിഴുങ്ങിയ മൂന്നു വയസ്സുകാരൻ മരിച്ചു. കടുങ്ങല്ലൂരില്‍ വാടകയ്ക്കു താമസിക്കുന്ന നന്ദിനി-രാജ്യ ദമ്പതികളുടെ ഏക മകന്‍ പൃഥിരാജ് ആണ് ആലുവ ജില്ലാ ആശുപത്രിയിൽ മരിച്ചത്. കുട്ടിക്ക് മൂന്ന് സർക്കാർ ആശുപത്രികളിൽ ചികിത്സ നിഷേധിച്ചെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. ശനിയാഴ്ച രാവിലെ പതിനൊന്നോടെയാണ് കുട്ടി നാണയം വിഴുങ്ങിയത്. തുടർന്ന് ആലുവ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെനിന്ന് എറണാകുളം ജനറൽ ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു. അവിടെനിന്ന് വിദഗ്ധ ചികിത്സയ്ക്ക് ആലപ്പുഴ മെഡിക്കൽ കോളജിലേക്കും അയച്ചു.

എന്നാൽ പഴവും ചോറും നൽകിയാൽ വയറിളകി നാണയം പുറത്ത് വരുമെന്ന് പറഞ്ഞതിനാൽ തിരികെ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. ഇന്നലെ രാത്രിയോടെ കുട്ടിയുടെ സ്ഥിതി മോശമായി. ആലുവ ജില്ലാ ആശുപത്രിയിലെത്തിക്കും മുൻപു മരിച്ചു. കുട്ടിയുടെ സ്രവം കോവിഡ് പരിശോധനയ്ക്കെടുത്തിട്ടുണ്ട്. മരണം വിവാദമായതിനാൽ പോലീസ് സർജൻ പോസ്റ്റ് മോർട്ടം നടത്തും. ഇതിന്റെ റിപ്പോർട്ട് വന്നാൽ മാത്രമേ മരണകാരണം അറിയാനാകൂവെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. അതിനിടെ, കോവിഡ് വ്യാപനം രൂക്ഷമായ പ്രദേശത്തുനിന്നു വന്നതിനാലാണ് കുട്ടിയെ ചികിത്സിക്കാതിരുന്നതെന്നും ബന്ധുക്കളുടെ പരാതിയുണ്ട്.

ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

ആലുവയില്‍ നാണയം വിഴുങ്ങി 3 വയസുകാരന്‍ മരിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അന്വേഷണത്തിന് ഉത്തരവിട്ടു. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് എത്രയും വേഗം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി ആവശ്യപ്പെട്ടു. അത്യന്തം ദൗര്‍ഭാഗ്യകരമായ സംഭവമാണിത്. സംഭവത്തില്‍ വീഴ്ചയുണ്ടെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

English Summary: Three-year-old boy dies after swallowing coin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com