ADVERTISEMENT

തിരുവനന്തപുരം ∙ ട്രഷറിയിൽനിന്ന് പണംവെട്ടിച്ച എം.ആർ.ബിജുലാൽ തന്റെ രണ്ടു ട്രഷറി അക്കൗണ്ടുകളിൽനിന്ന് സ്വകാര്യ ബാങ്കുകളിലെ അഞ്ച് അക്കൗണ്ടുകളിലേക്കു പണം കൈമാറിയതായി അന്വേഷണത്തിൽ വ്യക്തമായി. സീനിയർ അക്കൗണ്ടന്റ് ബിജുലാലിനു രണ്ട് അക്കൗണ്ടുകളാണ് ട്രഷറിയിൽ ഉണ്ടായിരുന്നത്– (നമ്പർ: 70103140000005, 799010100191819). ഈ രണ്ട് അക്കൗണ്ടുകളിൽനിന്നും സഹോദരിയുടെയും ഭാര്യയുടെയും സ്വകാര്യ ബാങ്ക് അക്കൗണ്ടുകളിലേക്കു പണം കൈമാറിയിട്ടുണ്ട്.

ട്രഷറിയിലെ ഐഎസ്എംസി (ഇൻഫർമേഷൻ സിസ്റ്റം മാനേജ്മെന്റ് സെൽ) വിഭാഗത്തിന്റെ വീഴ്ചയാണ് തട്ടിപ്പു നടക്കാൻ കാരണമെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. ഐഎസ്എംസി പാസ്‌വേഡ് ലോക്ക് ചെയ്തിരുന്നെങ്കിൽ വിരമിച്ച ഉദ്യോഗസ്ഥന്റെ പേരിൽ തട്ടിപ്പു നടത്താൻ കഴിയുമായിരുന്നില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഭരണകക്ഷിയിൽപ്പെട്ട ഐഎസ്എംസി ഉദ്യോഗസ്ഥരെ രക്ഷപ്പെടുത്താൻ സാധാരണക്കാരായ ഉദ്യോഗസ്ഥരെ ബലിയാടാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും ആരോപണമുണ്ട്.

വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസ് റിപ്പോർട്ട് തേടി. ബിജുലാലിന്റെ പേരിൽ എച്ച്ഡിഎഫ്സി ബാങ്കിലുള്ള 50100360374383, എസ്ബിഐയിലുള്ള 33240063799, ബിജുലാലിന്റെ സഹോദരിയുടെ പേരിൽ ധനലക്ഷ്മി ബാങ്കിലുള്ള 4000900000826, ഭാര്യയുടെ പേരിൽ എച്ച്ഡിഎഫ്സി ബാങ്കിലുള്ള 50100313931286, ഭാര്യയുടെ പേരിൽ ഫെഡറൽ ബാങ്കിലുള്ള 20180100000211 എന്നീ അക്കൗണ്ടുകളിലേക്കാണ് പണം കൈമാറിയത്.

തട്ടിപ്പുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥതലത്തിലെയും സോഫ്റ്റ്‌വയറിലെയും വീഴ്ചകൾ അന്വേഷിക്കാൻ ഡയറക്ടർ നിർദേശം നൽകി. ഐഎസ്ഒ സർട്ടിഫിക്കറ്റു ലഭിക്കാനായി കോടികൾ ചെലവഴിച്ചു ട്രഷറിയിൽ പരിഷ്കരണ നടപടികൾ നടക്കുമ്പോഴാണ് തട്ടിപ്പു നടന്നത്. താഴെതട്ടിലുള്ള അക്കൗണ്ടന്റ്, പാസിങ് ഓഫിസർ എന്നിവരെ പഴിചാരി ശിക്ഷാ നടപടികളിൽനിന്ന് രക്ഷപ്പെടാനുള്ള ശ്രമങ്ങളാണ് ഐഎസ്എംസി വിഭാഗത്തിൽനിന്ന് നടക്കുന്നത്. വിരമിച്ച ഉദ്യോഗസ്ഥര്‍ ഉപയോഗിച്ചിരുന്ന അക്കൗണ്ടുകൾ ഇല്ലാതാക്കുന്നതിൽ ഈ വിഭാഗത്തിന് ഗുരുതര വീഴ്ച സംഭവിച്ചതായി ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കി.

English Summary: Details of Bank Transaction of Treasury Officer Bijulal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com