ADVERTISEMENT

കോട്ടയം ∙ സമൂഹമാധ്യമങ്ങളിൽ പലരും കണ്ണീരോടെ പങ്കുവയ്ക്കുന്ന ചിത്രവും കുറിപ്പും വ്യാജമെന്ന് ചൂണ്ടിക്കാട്ടി യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ഉൾപ്പെടെയുള്ളവർ രംഗത്ത്. ഡോക്ടർ ഐഷ കോവിഡിനോട് പൊരുതി മരിച്ചെന്നും അവർ അവസാന നിമിഷം പങ്കുവച്ച വാക്കുകളാണിതെന്നും പറഞ്ഞാണ് പലരും ചിത്രവും കുറിപ്പും പങ്കുവയ്ക്കുന്നത്. സമൂഹമാധ്യമങ്ങളിൽ ഇതു ട്രെൻഡിങ്ങുമായിരുന്നു.

എന്നാൽ ഇങ്ങനെയൊരു വ്യക്തി തന്നെയില്ലെന്നും ഇതു വ്യാജമാണെന്നുമാണ് സമൂഹ മാധ്യമങ്ങളിലൂടെ തന്നെ ചിലർ പറയുന്നത്. 2017ലുള്ള ചിത്രമാണ് പ്രചരിക്കുന്നതെന്നും തെളിവ് സഹിതം സമര്‍ഥിക്കുന്നു. ഈ പോസ്റ്റ് ആദ്യം പങ്കുവച്ച ട്വിറ്റർ അക്കൗണ്ട് ഇപ്പോൾ നിലവിലില്ല. ആശുപത്രി കിടക്കയിലെ ചിത്രം എന്ന് പ്രചരിപ്പിക്കുന്നത് ഒരു ദന്താശുപത്രിയിലെ ചിത്രമാണെന്നുമാണു വ്യക്തമാകുന്നത്.

dr-aisha-fake-news

യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ പങ്കുവച്ച കുറിപ്പ്:

Fake News ...

ഇന്ന് ഏറ്റവും കൂടുതൽ കണ്ടത് ഡോക്ടർ ഐഷയുടെ വിയോഗമാണ്. ഏത് ഐഷ? എവിടെയാണ് നാട്? ഏത് ആശുപത്രിയിൽ മരിച്ചു? എന്ന ചോദ്യങ്ങളൊക്കെ നിലനിൽക്കെ തന്നെയാണ് ഈ വാർത്ത വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത്. ആരോ ഒരാൾ ഐഷ എന്ന പേരിൽ ക്രിയേറ്റ് ചെയ്ത ട്വിറ്റർ ഐഡിയിൽ നിന്നും തന്റെ അന്ത്യനിമിഷം എന്ന പേരിൽ കുറിച്ച എഴുത്താണ് ഇപ്പോൾ വൈറലായി ഓടുന്നത്.

ട്വിറ്റർ അക്കൗണ്ട് തിരഞ്ഞു പോയപ്പോൾ അക്കൗണ്ട് ഡിലീറ്റ് ചെയ്തതായാണ് കാണുന്നത്. ആശുപത്രിയിൽ ഉള്ള ചിത്രം എന്ന് പറഞ്ഞു പ്രചരിപ്പിക്കുന്നത് സാവിന ഡെന്റൽ ആശുപത്രിയുടെ സൈറ്റിലെ ഒരു ചിത്രവുമാണ്.

ഉറവിടമില്ലാത്ത ഇത്തരം വാർത്തകൾക്ക് എത്ര പെട്ടെന്നാണ് സമൂഹമാധ്യമങ്ങളിൽ പ്രചാരണം കിട്ടുന്നത് എന്നാണ് ചിന്തിക്കുന്നത്. ഇത്രയും ബലഹീനരാണോ മനുഷ്യർ?

സമൂഹമാധ്യമങ്ങളിൽ ധാരാളം പേർ പങ്കുവച്ച സന്ദേശം

കണ്ണീരോർമയായി.. ഡോക്ടർ ഐഷയ്ക്ക് പ്രണാമം. ഡോ. ഐഷയുടെ അവസാന സന്ദേശം. കോവിഡ് ബാധിച്ച് മരിക്കുന്നതിനു തൊട്ടുമുമ്പ്, വെന്റിലേറ്ററിലേക്ക് മാറ്റപ്പെടുന്നതിന് തൊട്ടുമുമ്പ്, ഡോ.ഐഷ ട്വിറ്ററിൽ കുറിച്ച അവസാന സന്ദേശം.!

ഹായ്, എന്നെ സംബന്ധിച്ചിടത്തോളം കോവിഡിനെ നേരിടുന്നത് അത്ര എളുപ്പമല്ല. ശ്വാസംമുട്ടൽ കൂടുന്നതേയുള്ളൂ. ഇന്ന് എപ്പോഴെങ്കിലും എന്നെ വെന്റിലേറ്ററിലേക്ക് മാറ്റും. എന്നെ ഓർക്കുക, എന്റെ പുഞ്ചിരി, എപ്പോഴും ഓർമയുണ്ടാകണം. സുരക്ഷിതമായിരിക്കുക. ഈ മാരകമായ വൈറസിനെ ഗൗരവമായി എടുക്കുക.

ലവ് യു, ബൈ
ഐഷ.

English Summary: Viral images and news of ‘Covid warrior Dr Aisha who died’ turn out to be fake

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com