ADVERTISEMENT

ന്യൂഡൽഹി∙ കിഴക്കൻ ലഡാക്കിലെ പാംഗോങ് സോയിൽനിന്നുൾപ്പെടെ പിന്തിരിയുന്നതു സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ഇന്ത്യ–ചൈനീസ് സൈനിക കമാൻഡർമാര്‍ കൂടിക്കാഴ്ച നടത്തുന്നു. രാവിലെ 11 മുതൽ ഇന്ത്യ–ചൈന യഥാർഥ നിയന്ത്രണ രേഖയുടെ ചൈനീസ് ഭാഗത്തുള്ള മോൾഡോയിൽ വച്ചാണു ചർച്ച. കോപ്സ് കമാൻഡർ തലത്തിലുള്ള അഞ്ചാമത്തെ ചർച്ചയാണിത്.

മേഖലയിലെ സംഘർഷം കുറയ്ക്കുന്നതിന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി എന്നിവർ ജൂലൈ അഞ്ചിന് ഫോണിലൂടെ ചർച്ച നടത്തിയിരുന്നു. പിറ്റേന്ന് ഇരുവിഭാഗം സൈന്യവും പിന്മാറ്റ പ്രക്രിയ ആരംഭിച്ചിരുന്നു. ഗൽവാൻ താഴ്‌വരയിൽനിന്ന് ഇതിനോടകം ചൈന പിന്മാറിക്കഴിഞ്ഞു. എന്നാൽ ഫിംഗർ പോയിന്റുകഴിൽ ഇപ്പോഴും തുടരുകയാണ്. ഫിംഗർ 4, 8 എന്നിവയ്ക്കിടയിലുള്ള പ്രദേശങ്ങളിൽ നിന്ന് ചൈന സൈന്യത്തെ പിൻവലിക്കണമെന്നാണ് ഇന്ത്യ ആവശ്യപ്പെടുന്നത്.

അതിർത്തി വിഷയത്തിൽ ജൂലൈ 24 ന് ഇരുരാജ്യങ്ങളും നയതന്ത്ര ചർച്ചകൾ നടത്തിയിരുന്നു. രണ്ടു സേനകളും തമ്മിലുള്ള നാലു കോപ്സ് കമാൻഡർതല ചർച്ചകളിൽ സമ്മതിച്ച പ്രകാരം പിൻവാങ്ങുന്നത് നടപ്പാക്കണമെന്ന് ഇന്ത്യ ചൈനീസ് പക്ഷത്തിന് മുന്നറിയിപ്പ് നൽകിയതായും പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു.

പാംഗോങ്ങിലെ ‘കൈവിരലുകൾ’

സമുദ്രനിരപ്പില്‍നിന്നു 14,000 അടി ഉയരത്തിൽ കിഴക്കന്‍ ലഡാക്കിലുള്ള പാംഗോങ് തടാകത്തിന്റെ വടക്കൻ തീരത്തെ എട്ടു മലനിരകളാണ് ഇന്ത്യ–ചൈന അതിർത്തി മേഖലകളിലൊന്ന്. കൈവിരൽ പോലെ നീളുന്ന ഇവയ്ക്ക് സേനാഭാഷയിൽ 8 ഫിംഗേഴ്സ് എന്നാണു വിളിപ്പേര്. ആദ്യത്തെ നാലു മലനിരകൾ ഇന്ത്യയുടെ ഭാഗത്ത്. അവിടെനിന്ന് 8 വരെയുള്ള മലനിരകൾ (8 കി.മീ ദൂരം) തര്‍ക്കമേഖലയും.

എട്ടാമത്തെ മലനിര (ഫിംഗർ 8) വരെയാണ് യഥാർഥ അതിർത്തിയെന്ന് ഇന്ത്യ പറയുന്നു. നാലാമത്തേതിൽ (ഫിംഗർ 4) അതിർത്തി അവസാനിക്കുന്നെന്ന് ചൈനയും. ഇവിടെ 8 കിമീ ദൂരം അതിക്രമിച്ചുകയറിയാണ് ചൈന പ്രകോപനം സൃഷ്ടിച്ചത്.

തർക്കം പരിഗണിച്ച്, ഫിംഗർ നാലിനും എട്ടിനുമിടയിലെ മലനിരകളിൽ ഇരുസേനകളും പരസ്പരം പട്രോളിങ് നടത്താനായിരുന്നു തീരുമാനം. പട്രോളിങ്ങിനു ശേഷം തിരികെ പോകണം. ആ വ്യവസ്ഥ ലംഘിച്ച് ഫിംഗർ നാലിൽ ടെന്റ് ഉൾപ്പെടെ സ്ഥാപിച്ച് ചൈനീസ് സേന നിലയുറപ്പിച്ചതാണ് സംഘർഷത്തിലേക്കു നയിച്ചത്. നാലിൽനിന്ന് എട്ടിലേക്ക് നീങ്ങുന്നതിൽനിന്ന് ഇന്ത്യൻ സേനയെ ചൈന തടയുകയും ചെയ്തു.

English Summary: Indian, Chinese commanders to hold talks on Sunday on further disengagement in eastern Ladakh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com