sections
MORE

ചൈന കടലിൽനിന്ന് ന്യൂനമർദമെത്തുന്നു; ഓഗസ്റ്റിൽ കേരളത്തിൽ കനത്ത മഴ, ജാഗ്രത

HIGHLIGHTS
  • സാധ്യത കണക്കിലെടുത്ത് തയാറെടുപ്പു വേണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി
rain-image
പ്രതീകാത്മക ചിത്രം
SHARE

പത്തംതിട്ട∙ ഓഗസ്റ്റിൽ സംസ്ഥാനത്ത് ശരാശരിയിലും കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രം (ഐഎംഡി). മൺസൂണിന്റെ രണ്ടാം പകുതിയിലെ പ്രകടനം സംബന്ധിച്ച പ്രവചനത്തിലാണ് ഐഎംഡി ഈ മുന്നറിയിപ്പു നൽകിയത്. ഓഗസ്റ്റിലും സെപ്റ്റംബറിലും ദീർഘകാല ശരാശരിയുടെ 104% വരെ മഴ ലഭിക്കാമെന്നാണു കാലാവസ്ഥാ വകുപ്പിന്റെ നിഗമനം. ഇത് 8% ഏറുകയോ കുറയുകയോ ചെയ്യാം. ഈ സാഹചര്യത്തിൽ മൺസൂണിലെ തയാറെടുപ്പുകൾ കാര്യക്ഷമമാക്കാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും പൊതുജനങ്ങളോടും ബന്ധപ്പെട്ട വകുപ്പുകളോടും നിർദേശിച്ചു. ഓറഞ്ച് ബുക്ക് 2020 അനുസരിച്ചുള്ള തയാറെടുപ്പുകളാണു നടത്തേണ്ടത്.

ന്യൂനമർദം വരുന്നത് ചൈന കടലിൽ നിന്ന്

ചൈന കടലിൽനിന്നാണ് ന്യൂനമർദം ചൊവ്വാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ എത്തുക. ഇതു നേരിയ തോതിൽ ശക്തിപ്പെട്ട് ഒഡീഷ തീരംവഴി കരയിലേക്കു കയറി ഇന്ത്യയുടെ ഹൃദയഭാഗത്തുകൂടി കടന്ന് ഗുജറാത്ത് വരെ സഞ്ചരിക്കാനാണു സാധ്യത. ആകാശത്തുകൂടിയുള്ള ഈ ‘ഹൈജംപി’നിടെ ഇരുകടലിൽ നിന്നുമുള്ള നീരാവി ഈ ന്യൂനമർദം വലിച്ചെടുക്കും.

അറബിക്കടലിൽ നിന്നുള്ള കാറ്റ് മധ്യ–വടക്കൻ കേരളത്തിനു മുകളിലൂടെയാവും വടക്കോട്ടു പോവുക. ഇതിനിടെ പശ്ചിമഘട്ടത്തിൽ തട്ടി നിൽക്കുന്ന മേഘങ്ങൾ സംസ്ഥാനത്ത് വ്യാപകമഴയ്ക്കു കളമൊരുക്കും. മുൻ വർഷങ്ങളിലും ന്യൂനമർദം കരയ്ക്കു കയറിയപ്പോഴെല്ലാം കേരളത്തിൽ ചില സ്ഥലങ്ങളിൽ തീവ്രമഴ പെയ്തിരുന്നു. ഓഗസ്റ്റ് പകുതിയോടെ വീണ്ടും ന്യൂനമർദത്തിനു സാധ്യതയുണ്ട്.

നിലവിൽ 20 ശതമാനത്തോളം മഴ സംസ്ഥാനത്ത് കുറവാണെങ്കിലും തുടർച്ചയായി ലഭിക്കുന്ന തീവ്രമഴയിൽ മലയോരത്തെ മണ്ണ് കുതിർന്നു നിൽക്കുന്നതിനാൽ ഉരുൾപൊട്ടലിനുള്ള സാധ്യത ഏറെയാണ്. ഇതിനെതിരെ ജാഗ്രതാ നിർദേശവുമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും രംഗത്തെത്തി.

മഴയ്ക്ക് സാധ്യതയെന്ന് ദുരന്തനിവാരണ അതോറിറ്റി

ഓഗസ്റ്റ് 6 വരെ കേരളത്തിൽ ശരാശരി മഴ കൂടുതൽ ആയിരിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും വ്യക്തമാക്കി. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമോ അതിശക്തമോ ആയ മഴ ലഭിക്കാനും സാധ്യതയുണ്ട്. 7 മുതൽ 13 വരെയുള്ള രണ്ടാമത്തെ ആഴ്ചയിൽ വടക്കൻ കേരളത്തിലും മധ്യ കേരളത്തിലും സാധാരണയിൽ കവിഞ്ഞ മഴയും തെക്കൻ കേരളത്തിൽ സാധാരണ മഴയുമാണ് ലഭിക്കാൻ സാധ്യത.

പ്രവചനത്തിന് 6 മാതൃകകൾ

എൻസിഇപി, ജിഎഫ്എസ്, ഐഎംഡി, ഇസിഎംഡബ്ലിയുഎഫ്, എൻഇപിഎസ്, എൻസിയുഎം എന്നീ 6 കാലാവസ്ഥാ മോഡലുകൾ ന്യൂനമർദ രൂപീകരണ സാധ്യത പ്രവചിക്കുന്നുണ്ട്. ഓഗസ്റ്റ് രണ്ടാം വാരത്തിലും അധികം ശക്തി പ്രാപിക്കാൻ നിലവിൽ സാധ്യത കാണാത്ത ന്യൂനമർദം പ്രതീക്ഷിക്കാം. ന്യൂനമർദ രൂപീകരണ സാധ്യത ഇനിയുള്ള ദിവസങ്ങളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പും ദുരന്ത നിവാരണ അതോറിറ്റിയും സൂക്ഷ്‌മമായി നിരീക്ഷിക്കുന്നതും കൂടുതൽ വ്യക്തതയും ഉറപ്പും വരുന്നതിന് അനുസരിച്ച് വിലയിരുത്തൽ ജനങ്ങളെ അറിയിക്കയും ചെയ്യും.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ദീർഘകാല പ്രവചനത്തിൽ നിന്ന് ഏതൊക്കെ പ്രദേശങ്ങളിലായിരിക്കും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മനസ്സിലാക്കാൻ സാധിക്കില്ല. എല്ലാദിവസവും പുറപ്പെടുവിക്കുന്ന 5 ദിവസത്തെ മഴ മുന്നറിയിപ്പിൽ ജില്ലാതല വിവരങ്ങൾ ലഭ്യമാകുന്നതാണ്. അതത് ആഴ്ചകളിലെ സ്ഥിതിഗതികൾ പരിശോധിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ് ദീർഘകാല പ്രവചനം കാലികമാക്കും.

English Summary: August is likely to receive above average rainfall

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA