ADVERTISEMENT

കോവിഡ് തുടങ്ങിയ ശേഷമുള്ള റെക്കോർഡ് ഉയരത്തിലെത്തിയശേഷം വീഴ്ചയുടെ മൂന്ന് ദിനങ്ങളായിരുന്നു ഇന്ത്യൻ വിപണിൽ. റിലയൻസിന്റെയും എച്ച്ഡിഎഫ്സിയുടെയും ആദ്യ പാദഫലങ്ങൾ വിപണിയുടെ പ്രതീക്ഷ കാക്കാതെ പോയതും ഇന്ത്യൻ ഫണ്ടുകൾ 2446 കോടിയുടെയും വിദേശഫണ്ടുകൾ 1311 കോടിയുടെയും അധികവിൽപന നടത്തിയതും ഇന്ത്യൻ സൂചികകളുടെ മുന്നേറ്റം തടഞ്ഞു. എന്നാൽ ഇന്ത്യൻ സൂചികകളുടെ കഴിഞ്ഞ ആഴ്ചയിലെ നഷ്ടം ഒരുശതമാനത്തിനും താഴെ ഒതുങ്ങിയത് പ്രതീക്ഷയാണ്. ഓഹരി വിപണിയുടെ നഷ്ടങ്ങളും പ്രതീക്ഷകളും വിലയിരുത്തുകയാണ് ബഡ്ഡിങ് പോർട്ഫോളിയോ ഇൻവെസ്റ്റ്മെന്റ് കൺസൾട്ടന്റ് അഭിലാഷ് പുറവൻതുരുത്തിൽ.

ചരിത്രത്തിൽ ആദ്യമായി ജർമനിയുടെ ആഭ്യന്തര ഉൽപാദനം 10% ചുരുങ്ങുന്ന വാർത്ത യൂറോപ്യൻ വിപണിക്ക് കനത്ത ആഘാതമായി. ജർമനിയുടെ ഡാക്സ് സൂചികയ്ക്ക് 4.29%വും ഫ്രഞ്ച് സൂചികയായ കാക് ഡാക്സ് 3.24 ശതമാനവും ബ്രിട്ടിഷ് സൂചിക 3.69 ശതമാനവും നഷ്ടം കഴിഞ്ഞ ആഴ്ച നേരിട്ടു. എന്നാൽ വൻ ജിഡിപി വീഴ്ച റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടും അമേരിക്കൻ വിപണി താളം തിരിച്ചുപിടിച്ചു. അന്നേ ദിവസം തന്നെ രണ്ടാം പാദഫലങ്ങളുമായി ആപ്പിളും ഫെയ്സ്ബുക്കും ആൽഫബെറ്റും ആമസോണും എത്തിയത് സഹായകമായി.

അമേരിക്കയുടെ  ചരിത്രത്തിലെ ഏറ്റവും മോശം ജിഡിപി കണക്കുകൾ പുറത്തുവന്ന ദിനം തന്നെ നേട്ടമാഘോഷിച്ചുകൊണ്ട് അമേരിക്കൻ ടെക് സൂചികയയായ നാസ്ഡാകും ചരിത്രത്തിന്റെ ഭാഗമായി. ആപ്പിളും ഫെയ്സ്ബുക്കും ആമസോണും ജൈത്രയാത്ര തുടരുകയാണ്. 10% മുകളിലാണ് ആപ്പിൾ വെള്ളിയാഴ്ച മുന്നേറിയത്. എന്നാൽ ആൽഫബെറ്റിന് (ഗൂഗിൾ) വരുമാന വളർച്ച നേടാനാകാതെ പോയത് ഓഹരിക്ക് തിരിച്ചടിയാണ്. അമേരിക്കൻ വിപണിയുടെ തിരിച്ചുവരവ് ഇന്ത്യൻ വിപണിക്ക് അടുത്തവാരം മെച്ചപ്പെട്ട തുടക്കം നൽകിയേക്കാം.

ജിഡിപി വീഴ്ചകൾ

1970-ൽ ജർമനിയിൽ ആഭ്യന്തര ഉൽപാദനം അനുമാനിച്ച് തുടങ്ങിയതിന് ശേഷം ആദ്യമായി ജിഡിപി ചുരുങ്ങിയത് വിപണി പ്രതീക്ഷിച്ചതായിരുന്നില്ല. യൂറോപ്പിലെ ഏറ്റവും വലിയ വ്യാവസായിക ശക്തിയായ ജർമ്മനിയുടെ കണക്കുകൾ ലോകത്തിന് തന്നെ ക്ഷീണമായി. എങ്കിലും കൂടുതൽ വ്യക്തമായ കണക്കുകൾ ഓഗസ്റ്റ് 25 പുറത്തുവരുന്നതുവരെ വിപണിക്ക് പ്രതീക്ഷയുണ്ട്. ബ്യൂറോ ഓഫ് ഇക്കണോമിക് അനാലിസിസ് പുറത്തുവിട്ട ആദ്യഘട്ട കണക്കുകൾ പ്രകാരം അമേരിക്കയുടെ റിയൽ ഗ്രോസ് ഡൊമസ്റ്റിക് പ്രൊഡക്ട് 32.9 ശതമാനമാണ് ഇടിഞ്ഞത്.

കഴിഞ്ഞ പാദത്തിൽ 5 ശതമാനമായിരുന്നു അമേരിക്കൻ ജിഡിപി വീഴ്ച. ഓഗസ്റ്റ് 27നു വരുന്ന അവസാനവട്ട ജിഡിപി കണക്കുകളിൽ ഇനിയും പ്രതീക്ഷയുണ്ട്. ആഗോള സമ്പദ്‍വ്യവസ്ഥ പ്രതീക്ഷിച്ചതിലും വേഗം ചുരുങ്ങുന്നു എന്ന വാർത്ത ലോക വിപണിക്ക് പ്രതികൂലമാണ്. രണ്ടാം ഘട്ട ഉത്തേജന പാക്കേജുകൾ തയ്യാറാകുന്നത് വിപണികൾക്ക് പ്രതീക്ഷയാണ്. യുഎസ് ഫെഡ് പലിശ നിരക്കുകൾ പൂജ്യത്തിനടുത്തു തന്നെ തുടരുന്നത് സമ്പദ് വ്യവസ്ഥയ്ക്ക് അനുകൂലമാണ്. ഊതിപ്പെരുപ്പിച്ച ഓഹരി വിലകളും പ്രതീക്ഷകൾക്കപ്പുറം സഞ്ചരിച്ചു തുടങ്ങിയ സൂചികകളിലും ശ്രദ്ധ വയ്‌ക്കേണ്ടതുണ്ട്.

ഗോൾഡ് ബോണ്ട്

സ്വർണം പുതിയ തലങ്ങൾ തേടുകയാണ്. ഔൺസിന് 2100 ഡോളർ എന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണം തുടരുകയാണ് രാജ്യാന്തര വിപണിയിൽ സ്വർണവില. ഇന്ത്യൻ വിപണിയിലെ സ്വർണ വില വർധനവ്, സോവറിൻ ഗോൾഡ് ബോണ്ടിന്റെ ജൂലൈ ആദ്യവാരത്തിലെ നാലാം സീരിസിന്റെയും നാളെ മുതൽ ഓഗസ്റ്റ് 7 വരെ നടക്കുന്ന അഞ്ചാം സീരിസിന്റെയും വില വ്യത്യാസത്തിൽ നിന്നും വ്യക്തമാണ്. ഒരു ഗ്രാമിന് 4852 രൂപ നിരക്കിലായിരുന്നു കഴിഞ്ഞ മാസം ഗോൾഡ് ബോണ്ട് ഇഷ്യൂ ചെയ്തതെങ്കിൽ നാളെ മുതൽ നടക്കുന്ന അഞ്ചാം ശ്രേണിയിലെ ഒരു ഗ്രാം സ്വർണ്ണത്തിന് 5334 രൂപ നിക്ഷേപകൻ നൽകേണ്ടിവരുന്നു. 9 ശതമാനമാണ് വില വർധനവ്.

എന്നാൽ 11 ശതമാനമാണ് രാജ്യാന്തര വിപണിയിലെ കഴിഞ്ഞ 30 ദിവസത്തെ സ്വർണ വിലക്കയറ്റം. ഗോൾഡ് ബോണ്ടിന്റെ ആറാമത്തെയും അവസാനത്തെയും ശ്രേണി സെപ്റ്റംബർ ആദ്യവാരം വിപണിയിലിറങ്ങും. ഒരു ഗ്രാം മുതൽ 4 കിലോ സ്വർണം വരെ 8 വർഷം നിക്ഷേപ കാലാവധിയുള്ള ഈ ബോണ്ട് പദ്ധതി പ്രകാരം ഒരു വ്യക്തിഗത നിക്ഷേപകന് സ്വന്തമാക്കാം. ട്രസ്റ്റുകൾക്ക് 20 കിലോ വരെയും. 2.5% വാർഷിക പലിശയും ക്യാപിറ്റൽ ഗെയിൻ ടാക്സ് ഒഴിവാക്കുന്നതും നിക്ഷേപകന് അനുകൂലമാണ്. പോർട്ട്ഫോളിയോയുടെ 10% വരെ സ്വർണത്തിലാകുന്നത് വിപണിയിലെ മാന്ദ്യം മറികടക്കാനായി ദീർഘകാല നിക്ഷേപകർക്ക് പരിഗണിക്കാവുന്നതാണ്.

ഓഹരികളും സെക്ടറുകളും

∙ ഇന്ത്യൻ ഓട്ടോ സെക്ടറിന് പുതുജീവൻ നൽകുന്നതാണ് ജൂലൈയിലെ വാഹന വിൽപനക്കണക്കുകൾ. മാരുതിയും ഹീറോയും കഴിഞ്ഞ വർഷത്തെ കണക്കുകളിലേക്ക് തിരികെ പോയി. ജൂണിൽ നിന്നും 8% വളർച്ചയോടെ 1,08,064 കാറുകളാണ് മാരുതി കഴിഞ്ഞ മാസം വിറ്റത്. ജൂണിലെക്കാൾ 14% കൂടുതൽ വിൽപനയോടെ 5,14,509 ബൈക്കുകളാണ് ഹീറോ ജൂലൈയിൽ വിറ്റത്. 2019 ജൂലൈയിലേക്കാൾ 5% മാത്രം കുറവ്. കോവിഡ് പൊതു ഗതാഗതമൊഴിവാക്കാൻ ഇന്ത്യൻ ജനതയെ പ്രേരിപ്പിക്കുന്നത് ബൈക്ക് കമ്പനികൾക്ക് അനുകൂലമാണ്.

ടിവിഎസിന്റെ ബൈക്ക് വിൽപന ജൂണിലേതിനെക്കാൾ 27.5% വളർച്ചയോടെ 2,52,744 ബൈക്കുകളിലെത്തി. മഹീന്ദ്ര മൂന്നാമത്തെ മാസവും എസ്‍യുവികളേക്കാൾ കൂടുതൽ ട്രാക്ടറുകൾ വിറ്റു. ഐഷർ മോട്ടോർസ് കഴിഞ്ഞ മാസം 40,334 ബുള്ളറ്റുകൾ വിറ്റു. 2019- ജൂലൈയിൽ 54,185 ബുള്ളറ്റുകൾ വിറ്റസ്ഥാനത്താണിത്. അടുത്തമാസം കൂടുതൽ ഡെലിവറി സാധ്യമാകുന്നത് ഓഹരിക്ക് അനുകൂലമാണ്. അശോക് ലെയ് ലാൻഡിന്റെ വിൽപന 4,775 യൂണിറ്റുകൾ മാത്രമാണ്. 2019 ജൂലൈയിൽ 10,926 വണ്ടികൾ വിൽപന നടന്ന സ്ഥാനത്താണിത്.

∙ ടാറ്റയുടെ ജൂലൈ കണക്കുകൾ വിപണി പ്രതീക്ഷകൾക്കും അപ്പുറത്താണ്. 2019 ജൂലൈയിൽ 10,485 കാറുകളും ജൂണിൽ 11,419 വാഹനങ്ങളും വിൽപന നടത്തിയ ടാറ്റ മോട്ടോർസ് 15,000 വാഹനങ്ങൾ വിൽപന നടത്തി മാരുതിക്കും, ഹ്യൂണ്ടായിക്കും പിന്നിലായി മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഓഹരി വിലയിൽ വൻമുന്നേറ്റം പ്രതീക്ഷിക്കാം. കഴിഞ്ഞവർഷം 5.3% മാത്രം വിപണി വിഹിതമുണ്ടായിരുന്ന ടാറ്റ നെക്സൺ, ടിയാഗോ, ടിഗർ, ഹെക്സ, ഹാറിയർ മുതലായ പുത്തൻ നിര വാഹനങ്ങളുമായി ഇന്ത്യൻ വാഹന വിപണിയുടെ 7.6% പിടിച്ചെടുത്തത് നിക്ഷേപകർ പ്രത്യേകം ശ്രദ്ധിക്കുക. ഓഹരി അതി ദീർഘകാല നിക്ഷേപത്തിന് സങ്കോചം കൂടാതെ പരിഗണിക്കാം.

∙ റിലയൻസിന്റെ അറ്റാദായം 31% വർധനവോടെ 13,233 കോടി രൂപയായി ഉയർന്നെങ്കിലും കമ്പനിയുടെ മൊത്തവരുമാനം ഒരു ലക്ഷം കോടി എന്ന ലക്ഷ്യം തെറ്റി 88,253 കോടിയിലൊതുങ്ങിയത് തിരിച്ചടിയാണ്. ബ്രിട്ടീഷ് പെട്രോളിയവുമായുള്ള ജോയിന്റ് വെഞ്ച്വറിനു വേണ്ടി റിലയൻസിന്റെ പെട്രോളിയം മാർക്കറ്റിങ് ബിസിനസ് വിട്ടുകൊടുക്കുന്നതിലേക്കായി ലഭിച്ച 4966 കോടി രൂപയാണ് റെക്കോർഡ് അറ്റാദായത്തിന്റെ അടിത്തറ.

കമ്പനിയുടെ പ്രവർത്തന ലാഭം മുൻ വർഷത്തിൽനിന്നും 21% കുറഞ്ഞ് 16,875 രൂപയിലേക്ക് വീണതും റിഫൈനിങ് മാർജിൻ ബാരലിന് 8.1 ഡോളറിൽനിന്ന് 6.3 ഡോളർ ആയതും, പെട്രോ കെമിക്കൽ ബിസിനസിലെ വരുമാനം 33% കുറഞ്ഞതും വിപണിക്ക് ആശങ്കയാണ്. വർക്ക് ഫ്രം ഹോമും, ഓൺലൈൻ ക്ലാസ്സുകളും ജിയോയുടെ ലാഭമുയർത്തിയത് റിലയൻസിന്റെ മുഖം രക്ഷിച്ചു. ഓഹരിയുടെ അടുത്ത വില ലക്ഷ്യം 2500 രൂപയാണ്.

∙ ഐഎംഡിയുടെ റിപ്പോർട്ട് പ്രകാരം 4% മഴ കൂടുതലായി രാജ്യത്ത് ലഭിച്ചുകഴിഞ്ഞത് ഇന്ത്യൻ സമ്പദ് വ്യവസ്ഥക്ക് അനുകൂലമാണ്. എഫ്എംസിജി, ബൈക്ക്, കൺസ്യൂമർ ഡ്യൂറബിൾ ഓഹരികൾക്ക് അനുകൂലമാണ്.

∙ അൾട്രാടെക് സിമെന്റിന് സിഎ്‍എസ്എയും സിറ്റിയും 5000 രൂപ ലക്ഷ്യം കാണുന്നു. കമ്പനിയുടെ എബിറ്റ് മാർജിനും, റിയലൈസേഷനും വർധിച്ചതും, കടബാധ്യത കുറയുന്നതും അനുകൂലമാണ്. സിമെന്റ് സെക്ടർ നിക്ഷേപത്തിന് അനുകൂലമാണ്. എസിസി, ബിർള കോർപറേഷൻ, അംബുജ സിമന്റ്, ജെകെ സിമന്റ് മുതലായ ഓഹരികൾ പരിഗണിക്കാം.

∙ ഭാരതി എയർടെല്ലിന് സിഎൽഎസ്എ 690 രൂപ ലക്ഷ്യം കാണുമ്പോൾ മാക്വിർ 700 രൂപയാണ് ഓഹരിക്ക് വിലയിട്ടിരിക്കുന്നത്. എജിആർ വിഷയത്തിൽ പിഴയൊടുക്കാനായി 10,744 കോടി രൂപ മാറ്റിവച്ചത് നഷ്ടം കാണിച്ചെങ്കിലും ബില്ലിങ് വർധിക്കുന്നത് ഓഹരിക്ക് അനുകൂലമാണ്.

∙ മാരുതിക്ക് ജെപി മോർഗൻ 6750 രൂപയാണ് വിലയിട്ടത്. കമ്പനിയുടെ നഷ്ടം 249 കോടിയിലൊതുങ്ങിയത് അനുകൂലമാണ്. ഓഹരിക്ക് വൻമുന്നേറ്റം പ്രതീക്ഷിക്കുന്നു.

∙ ഡോക്ടർ റെഡ്‌ഡിസിന് സിഎൽഎസ്എ 5000 രൂപ വില കാണുന്നുണ്ട്. കമ്പനിയുടെ അറ്റാദായം മുൻവർഷത്തിൽനിന്നും കുറഞ്ഞെങ്കിലും മാർജിൻ വർധിച്ചത് അനുകൂലമാണ്.

∙ ബിപിസിഎല്ലിനുവേണ്ടി താൽപര്യപത്രം സമർപ്പിക്കാനുള്ള തീയതി ഒരിക്കൽക്കൂടി മാറ്റിവെക്കപ്പെട്ടേക്കാം. നവംബറിൽ കമ്പനിയുടെ വിൽപന നടപടികൾക്ക് തുടക്കമായേക്കാം. ഓഹരി അതിദീർഘകാല നിക്ഷേപത്തിനായി പരിഗണിക്കാം. ഓഹരി വില ആകർഷകമാണ്.

∙ എസ്ബിഐ 20,000 കോടിയുടെ മൂലധനസമാഹരണം നടത്തുന്നത് ഓഹരിക്ക് അനുകൂലമാണ്. 220 രൂപയാണ് ഓഹരിയുടെ അടുത്ത ലക്ഷ്യം.

∙ കൊട്ടക് മഹിന്ദ്ര ബാങ്ക് വിപണിയുടെ പ്രതീക്ഷ കാത്തില്ല. ബാങ്ക് മുൻവർഷത്തിൽനിന്ന് 8.5% കുറവോടെ 1244 കോടി രൂപയുടെ അറ്റാദായം നേടി. തിരിച്ചടവുകൾ മുടങ്ങുന്നതും കിട്ടാക്കടം വർധിക്കുന്നതും പ്രശ്നമാണ്. പലിശ വരുമാനം 17.8% വർധിച്ച് 3724 കോടിയായി.

∙ എച്ച്ഡിഎഫ്സി ലിമിറ്റഡും വിപണി പ്രതീക്ഷയ്ക്കൊപ്പമെത്തിയില്ല. എങ്കിലും പലിശ വരുമാനവും ആസ്തിമൂല്യവും വർധിച്ചതും 1.25 ലക്ഷം കോടിയുടെ ഫണ്ട് സമാഹരണം നടത്തുന്നതും ഓഹരിക്ക് അനുകൂലമാണ്. സിഎൽഎസ്എ ഓഹരിക്ക് 2100 രൂപയാണ് ലക്ഷ്യം കാണുന്നത്.

∙ മാരികോയുടെ മൊത്തവരുമാനം 11% കുറഞ്ഞെങ്കിലും അറ്റാദായം 18.6% വർധിച്ചത് ഇഫ്എംസിജി മേഖലയ്ക്ക് അനുകൂലമാണ്. ഓഹരി ദീർഘകാല നിക്ഷേപത്തിന് പരിഗണിക്കാം.

∙ ടാറ്റ സ്റ്റീൽ ബ്രിട്ടനിൽ പുതിയ ഏറ്റെടുക്കലുകൾ നടത്തുന്നത് ഓഹരിക്ക് അനുകൂലമാണ്.

∙ മോർഗൻ സ്റ്റാൻലി എംസിഎക്സിന് 2000 രൂപയാണ് ലക്ഷ്യം വയ്ക്കുന്നത്. സിഡിഎസ്എൽ, ബിഎസ്ഇ, ഐഇഎക്സ് എന്നിവയും ദീർഘകാല നിക്ഷേപത്തിന് പരിഗണിക്കാം.

∙ ഇൻഡസ് ഇൻഡ് ബാങ്കിന് സിഎൽഎസ്എ 665 രൂപയാണ് വിലയിട്ടിരിക്കുന്നത്. ബാങ്കിന്റെ ലാഭം കുറഞ്ഞെങ്കിലും എല്ലാ സെഗ്‌മെന്റിലും ബാങ്കിന്റെ പ്രകടനം മെച്ചപ്പെടുന്നത് അനുകൂലമാണ്.

∙ സ്‌പൈസ് ജെറ്റ്് രാജ്യാന്തര വ്യോമയാന മേഖലയിലേക്ക് കാലെടുത്തു വയ്ക്കുന്നത് ഓഹരിക്ക് അനുകൂലമാണ്. ജെറ്റ് എയർവെയ്‌സും പുതിയ പ്രഖ്യാപനങ്ങളിലൂടെ പുതു പ്രതീക്ഷകൾ നൽകുന്നുണ്ട്. ഇൻഡിഗോ ഉന്നത ശ്രേണിയിലുള്ളവർക്ക് ശമ്പളം കുറക്കുന്നത് കമ്പനിക്ക് അനുകൂലമാണ്.

∙ യെസ് ബാങ്ക് 45 കോടി രൂപയുടെ അറ്റാദായം റിപ്പോർട്ട് ചെയ്തു. മുൻപാദത്തിലെ 3668 കോടി രൂപ നഷ്ടം കാണിച്ചിടത്താണിത്. ബാങ്കിന്റെ പലിശ വരുമാനം 1908 കോടിയായി. ഉയർന്ന വിലക്ക് ഓഹരി കൈവശം വച്ചിരിക്കുന്നവർ ആവറേജ് ചെയ്യാൻ മറക്കാതിരിക്കുക.

∙ ജിഎംഎം ഫോഡ്‌ലെർ മുൻവർഷത്തിൽ നിന്നും 8.5% വർധനവോടെ 19.2 കോടി ലാഭം നേടി. ഓഹരി ചൈനീസ് ഉൽപന്ന നികുതികളുടെ കാലഘട്ടത്തിൽ ദീർഘകാല നിക്ഷേപത്തിന് പരിഗണിക്കാം.

∙ ടാറ്റ കോഫി മുൻവർഷത്തിൽ നിന്ന് 77% വർധനവാണ് അറ്റാദായത്തിൽ നേടിയത്. കമ്പനിയുടെ മൊത്തവരുമാനം 26% മുന്നേറി.

∙ മണപ്പുറം ഫിനാൻസിന്റെ അറ്റാദായം 38% വർദ്ധിച്ച് 368 കോടി രൂപയായി. കമ്പനിയുടെ മൊത്തവരുമാനം 27 ശതമാനവും വർധിച്ചു.

Mail: buddingportfolios@gmail.com, Whatsapp: +91 8606666722

Content Highlight: Stock Exchange and World Market Analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com