sections
MORE

ഒരു വഴിയും ഇല്ലാത്തവരുടെ കൂട്ടത്തല്ല്; ചിരിച്ചു കഴിഞ്ഞെങ്കിൽ ഇത് കേൾക്കൂ...

1200-arattupuzha-conflict
SHARE

ആലപ്പുഴ∙ ആറാട്ടുപുഴയില്‍ നടന്ന കൂട്ടയടിയുടെ ആറാട്ടുകണ്ട് ചിരിച്ചുകഴിഞ്ഞെങ്കില്‍ ചില കാര്യങ്ങള്‍ പറയാനുണ്ട്. അത് തമ്മില്‍തല്ലിന്റെ രാഷ്ട്രീയത്തെക്കുറിച്ചോ കോവിഡ് കാലത്തെ സാമൂഹ്യഅകലത്തെക്കുറിച്ചോ ഒന്നുമല്ല. ആ കൂട്ടത്തല്ല് ആസ്വദിക്കുമ്പോഴും അടികൊണ്ടവരുടെ യഥാര്‍ത്ഥ വേദന അറിയാതെ പോകുന്നവരെക്കുറിച്ചാണ്. പറയാനുള്ളത് വഴിത്തര്‍ക്കത്തിന്റെ ആലപ്പുഴയെക്കുറിച്ചാണ്. ഈ നാടിന്റെ, നാട്ടുകാരുടെ വഴിപ്രശ്നങ്ങളെക്കുറിച്ചാണ്.

പഠനകാലത്ത് ഒരു സമരവുമായി ബന്ധപ്പെട്ട് വാഹനഗതാഗതം തടസപ്പെടുത്തിയതിനാണ് ജീവിതത്തില്‍ ആദ്യമായി ഞാന്‍ പൊലീസ് സ്റ്റേഷന്‍ കയറിയത്. പിന്നെ പലതവണ പല ജില്ലകളിലെയും പ്രധാന സ്റ്റേഷനുകളിലെല്ലാം തൊഴില്‍പരമായ ആവശ്യങ്ങള്‍ക്ക് പോയിട്ടുണ്ടെങ്കിലും കേസുമായി ബന്ധപ്പെട്ട് വീണ്ടും സ്റ്റേഷനില്‍ കയറേണ്ടിവന്നത് ആലപ്പുഴ വച്ചാണ്. ആലപ്പുഴയില്‍ എനിക്കൊരു പൊലീസ് കേസ് ഉണ്ട്. വഴി കെട്ടിയടച്ച കുടുംബത്തെ സഹായിക്കാന്‍ പുറപ്പെട്ട വകയില്‍ കിട്ടിയതാണ്.

വാര്‍ത്തപോലും പുറത്തുവന്നിട്ടില്ല, വാര്‍ത്താശേഖരണം കഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ വഴി കെട്ടിയടച്ചയാളിന്റെ സുഹൃത്തുക്കളും കുടുംബക്കാരും ഞങ്ങളെ വളഞ്ഞു. കാറില്‍കയറിയ എന്നെയും ക്യാമറാമാനെയും വാഹനംതടഞ്ഞ് ഭീകരാന്തരീക്ഷം ഉണ്ടാക്കി. ആക്രമിക്കാന്‍ ഒരുങ്ങി. വാഹനം ഇടിച്ചുപൊളിക്കുമെന്ന ഘട്ടത്തില്‍ പൊലീസ് സഹായംതേടിയാണ് അന്ന് രക്ഷപ്പെട്ടത്. ആലപ്പുഴയിലെ വഴിപ്രശ്നങ്ങളുടെ തീവ്രതയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.

അടുത്തകാലത്ത് സംസ്ഥാനത്തെ ഏതെങ്കിലും ജില്ലയില്‍ ഇതുപോലൊരു കൂട്ടത്തല്ല് ആരെങ്കിലും കണ്ടിട്ടുണ്ടോ? എന്നാല്‍ ആലപ്പുഴയില്‍ ഇതിന് മുന്‍പും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ഏപ്രില്‍ 21ന്. തുറവൂരിനടുത്ത് പാട്ടുകുളങ്ങരയില്‍ സ്ത്രീകള്‍ തമ്മിലായിരുന്നു കൂട്ടത്തല്ല്. വഴിത്തർക്കത്തിന്റെ പേരിൽ ഏറ്റുമുട്ടിയ അയൽവാസികളായ സ്ത്രീകൾക്കെതിരെ പൊലീസ് കേസ് എടുത്തു. ദൃശ്യങ്ങൾ വൈറൽ ആയതോടെ അന്ന് വഴി തർക്കത്തിന്  താൽക്കാലിക പരിഹാരമായിരുന്നു. 

പക്ഷേ അതിന് വീട്ടമ്മമാരും കൗമാരക്കാരായ മക്കളും സംഘട്ടനത്തിൽ ഏര്‍പ്പെടേണ്ടിവന്നു. അതിനും ഒരുമാസം മുന്‍പ് കുത്തിയതോട് പഞ്ചായത്തില്‍ വഴിത്തര്‍ക്കത്തില്‍ അഞ്ചംഗസംഘം വീട് കയറിയാണ് ആക്രമണം നടത്തിയത്. പിഞ്ചുകുട്ടികളും സ്ത്രീകളും ഉള്‍പ്പടെ എട്ടുപേര്‍ക്ക് പരുക്കേറ്റു. ഇരുവീട്ടുകാര്‍ തമ്മിലായിരുന്നു വഴിത്തര്‍ക്കം. ഒരുവര്‍ഷം മുന്‍പ് ജില്ലയുടെ തെക്കന്‍ മേഖലയായ കായംകുളത്തുമുണ്ടായിരുന്നു വീടുകയറി ആക്രമണം. ഹൃദ്രോഗിയായ യുവാവും ഇരുകാലുകളും തളര്‍ന്ന സഹോദരനുമാണ് അന്ന് ആക്രമണത്തിന് ഇരയായത്. 

വഴിത്തർക്കം മൂത്തപ്പോള്‍ എതിരാളികളായ പതിനാറുപേര് രാത്രിയില്‍ വീടിന്റെ മതില്‍ തകര്‍ത്താണ് ആക്രമണം നടത്തിയത്. എന്തിനധികം പറയുന്നു ഒന്നരമാസം മുന്‍പ് വഴിത്തര്‍ക്കത്തെത്തുടര്‍ന്ന് ഒരു വയോധികന്‍ കൊല്ലപ്പെട്ടതും ഇതേ ആലപ്പുഴയിലാണ്. ജൂണ്‍ 22ന് ചേര്‍ത്തലയില്‍. അയല്‍വാസികളായ സഹോദരങ്ങളുടെ അടിയേറ്റ് വീണാണ് ചേര്‍ത്തല തെക്ക് പഞ്ചായത്ത് ഏഴാംവാര്‍ഡില്‍ ആലുങ്കല്‍ മറ്റത്തില്‍ മണിയന്‍ മരിച്ചത്. അയല്‍വാസികളുമായുള്ള വഴിപ്രശ്നത്തില്‍ മരണമടയുമ്പോള്‍ അദ്ദേഹത്തിന്റെ പ്രായം എഴുപത്തിയെട്ടാണ്. ഇങ്ങനെ വഴിത്തര്‍ക്കത്തില്‍ ചെറുതും വലുതുമായ ഒട്ടേറെ അടികളാണ് ഈ ജില്ലയില്‍ നിത്യേന നടക്കുന്നത്.  

ആലപ്പുഴ മങ്കൊമ്പില്‍ പുതിയൊരു പാലം നാടിനായി തുറന്നുകൊടുത്തിട്ട് മാസങ്ങള്‍ കഴിയുന്നേയുളളൂ. കോവിഡ് പ്രോട്ടോകോള്‍ പൂര്‍ണമായും പാലിക്കാന്‍ പറ്റാത്തവിധം ആളുകളുണ്ടായിരുന്നു ഉദ്ഘാടനസമയത്ത്. മന്ത്രി ജി.സുധാകരന്‍ നാട്ടുകാരോട് അകലംപാലിക്കാന്‍ ഇടയ്ക്കിടെ ആവശ്യപ്പെടുന്നുണ്ടായിരുന്നു. എന്നിട്ടും ആള്‍ക്കൂട്ടത്തിന് കുറവുണ്ടായിരുന്നില്ല. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് മന്ത്രി പങ്കെടുത്ത ഉദ്ഘാടനചടങ്ങ് എന്ന പേരില്‍ ചിലരൊക്കെ വാര്‍ത്ത നല്‍കി. വാര്‍ത്തയില്‍ ഊന്നല്‍ മന്ത്രിക്ക് നേരെയാണെങ്കിലും തെറ്റുചെയ്തത് നാട്ടുകാരാണ്. 

അവര്‍ക്ക് ഈ മഹാമാരിയുടെ കാലത്ത് വീട്ടിലിരുന്നാല്‍ പോരെ? വെറുതെ ഒരു പാലം ഉദ്ഘാടനത്തിനായി തടിച്ചുകൂടണോ? ഇങ്ങനെയൊക്കെ ചോദിച്ചാല്‍ ശരിയാണെന്ന് തോന്നും. പക്ഷേ നല്ലൊരു ഉത്തരം കുട്ടനാട്ടുകാര്‍ക്കുണ്ട്. അവര്‍ നാലഞ്ചു പതിറ്റാണ്ടായി കാത്തിരിക്കുന്നൊരു പാലമാണ്. മണിയമലയാറിന് കുറുകെ അവരുടെ സഞ്ചാരവഴി തുറക്കുകയാണ്. കടവില്‍ കാത്തുനിന്ന് ജീവിതം കടന്നുപോയവരാണ് കുട്ടനാടിന്റെ നാലുദിക്കിലുമുള്ളവര്‍. അവരുടെ ജീവിതത്തിലേക്കൊരു പുതിയവഴി തുറക്കുമ്പോള്‍ ആ കാഴ്ചയില്‍ അവര്‍ അത്രമേല്‍ ആനന്ദം കൊള്ളുന്നത് കണ്ടുനിന്നുട്ടുണ്ട്.  ജീവിത പരിസരങ്ങളിലെ അടിസ്ഥാന പ്രശ്നങ്ങളുടെ ആഴം, ചിലപ്പോഴൊക്കെ സാഹചര്യങ്ങളെ സാധൂകരിക്കും.

തൊട്ടടുത്ത ജില്ലകളുമായി താരതമ്യം ചെയ്യുമ്പോള്‍ അത്ര വിലകൂടിയ ഭൂമിയല്ല ആലപ്പുഴയിലേത്. എന്നിട്ടും ഒരുപിടി മണ്ണിനായി അടിപിടികള്‍ നടക്കുകയാണ്. അതുകണ്ട് നമ്മളില്‍ പലരും ചിരിക്കുകയാണ്. ഇങ്ങനെ ചിരിക്കുന്നതിന് പകരം ചിന്തിക്കേണ്ടത് മറ്റൊന്നാണ്. കേരളഭരണം അറുപത്തിമൂന്ന് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ സ്വന്തം കൂരയിലേക്ക് സഞ്ചാരയോഗ്യമായൊരു വഴി അവര്‍ക്ക് സ്വപ്നം കാണാവുന്നതല്ലേ എന്നാണ്. അതെന്തുകൊണ്ടാണ് അവര്‍ക്ക് അനുവദിച്ചു കൊടുക്കാത്തത് എന്നാണ്. വഴിത്തര്‍ക്കങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണേണ്ടവര്‍ ആരാണ് എന്നാണ്.

മുഖ്യമന്ത്രിമാരായിരുന്ന എ.കെ.ആന്റണിയുടെയും  വി.എസ് അച്യുതാനന്ദന്റെയും ജില്ലയാണ് ആലപ്പുഴ. കെ.ആര്‍ ഗൗരിയമ്മയും ടി.വി.തോമസും സുശീല ഗോപാലനും മന്ത്രിമാരായ ജില്ല. കേന്ദ്രമന്ത്രിമാരായിരുന്ന വയലാര്‍ രവിയും കൊടിക്കുന്നില്‍ സുരേഷും കെ.സി വേണുഗോപാലും ഓടിനടന്ന ജില്ല, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നാട്. മന്ത്രിമാരായ തോമസ് ഐസക്കിന്റെയും ജി. സുധാകരന്റെയും പി.തിലോത്തമന്റെയും വോട്ടര്‍മാരാണ് സഞ്ചാരയോഗ്യമായൊരു വഴിയില്ലാത്തതിന്റെ പേരില്‍ തമ്മില്‍തല്ലുന്നത്. 

അവരെ തമ്മിലടിപ്പിക്കുന്നതിന് ത്രിതല ഭരണസംവിധാനം മുതല്‍ ഇന്ത്യന്‍ പാര്‍ലമെന്റിലെ പ്രതിനിധിവരെ ജനകീയ ജനാധിപത്യ വ്യവസ്ഥിതിയില്‍ മറുപടി നല്‍കേണ്ടവരാണ്. പക്ഷേ നമുക്കിപ്പോഴും ആറാട്ടുപുഴയില്‍ നടന്ന അടി പെണ്ണുങ്ങളുടെ ആസ്വാദനസുഖമുള്ളൊരു കൂട്ടത്തല്ലാണ്. അവര്‍ ചോദിക്കാനും പറയാനും ആളില്ലാത്ത അടിസ്ഥാനവിഭാഗമാണ്. അതുകൊണ്ടാണ് അവരെ കേള്‍ക്കാനും അവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമൊരുക്കാനും നമ്മുടെ ഭരണകൂടങ്ങള്‍ മുന്‍ഗണന നല്‍കാത്തത്. ഇത്തരം കൂട്ടയടികള്‍ നടക്കുമ്പോള്‍ ജനാധിപത്യ വ്യവസ്ഥിതിയുടെ അര്‍ത്ഥംപോലുമറിയാതെ ഫ്യൂഡല്‍ മാടമ്പിയുടെ ചിരിയോടെ ടെലിവിഷനുമുന്നിലിരുന്ന് മുറുക്കിത്തുപ്പുകയാണ് നമ്മുടെ ജനപ്രതിനിധികള്‍. ആ കസേരയ്ക്ക് താഴെ കോളാമ്പി പിടിക്കാന്‍ കുറേപ്പേര്‍ വേറെയും

ആറാട്ടുപുഴയിലെ അയല്‍വാസികളുടെ തമ്മില്‍ തല്ല് നാടിനൊരു വൈറല്‍ വിഡിയോ ആണ്. അത് മൊബൈലില്‍ പകര്‍ത്തിയ അര്‍ജുന്‍ എന്ന ഒന്‍പതാംക്ലാസുകാരന്‍ താരവുമാണ്. ഈ വിഡിയോ ഇത്രയധികം ആളുകള്‍ കണ്ടപ്പോള്‍ മോന് എന്തുതോന്നി എന്നുചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞൊരു മറുപടിയുണ്ട്. ഈ വിഡിയോ വൈറല്‍ ആകണ്ടായിരുന്നു, കാരണം എല്ലാ അടിയും കിട്ടിയത് ഞങ്ങള്‍ക്ക് തന്നെയല്ലേ?.തമ്മില്‍തല്ലിയിട്ടും അയല്‍വാസികളെക്കുറിച്ച് പറയുമ്പോള്‍ ഞങ്ങളെന്ന വാക്കാണ് ആ ഒന്‍പതാംക്ലാസുകാരന്‍ ഉപയോഗിച്ചത്. നാട്ടിന്‍പുറങ്ങളിലെ അയല്‍വാസികള്‍ കൂട്ടുകുടുംബംപോലെയാണ്. അവരെ നിങ്ങള്‍ തമ്മില്‍തല്ലിക്കരുത്. അവര്‍ക്ക് വേണ്ടത് എക്സ്പ്രസ് ഹൈവേയല്ല, നടന്നുപോകാന്‍ മൂന്നടി മണ്ണാണ്. അത് അവര്‍ക്കനുവദിച്ചുകൊടുക്കണം. അവര്‍ ഒരുവഴിയും ഇല്ലാത്തവരാണ്.

English Summary: Mass brawl in Arattupuzha:Real Facts 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA