വെള്ളം കിട്ടാതെ അലറിക്കരഞ്ഞു, കൊലയാളി സ്രാവുകള്‍ ഇരച്ചെത്തി, നടുക്കടലില്‍ 316 പേര്‍

men-of-coverage-film
യുഎസ്എസ് ഇന്ത്യാനപൊളിസ് : മെൻ ഓഫ് കറേജ് സിനിമയിലെ രംഗം
SHARE

ലോകം ഇന്നേവരെ കണ്ടിട്ടുള്ളതില്‍വച്ച് ഏറ്റവും ക്രൂരമായ ആക്രമണം– 1945 ഓഗസ്റ്റില്‍ ഹിരോഷിമയില്‍ യുഎസ് നടത്തിയ അണുബോംബ് സ്ഫോടനത്തെ അങ്ങനെയല്ലാതെ വിശേഷിപ്പിക്കാനാകില്ല. അന്നു സ്‌ഫോടനം നടത്താനാവശ്യമായ അണുബോംബിന്റെ ഭാഗങ്ങള്‍ ആദ്യം എത്തിച്ചത് ടിനിയന്‍ ദ്വീപുകളിലായിരുന്നു. അതീവ രഹസ്യമായി അത് എത്തിച്ചതാകട്ടെ യുഎസ്എസ് ഇന്ത്യാനപൊളിസ് എന്ന യുദ്ധക്കപ്പലിലും. 1197 നാവികരുമായി യാത്ര തിരിച്ച ആ കപ്പല്‍ ബോംബിന്റെ ഭാഗങ്ങള്‍ ദ്വീപില്‍ എത്തിച്ചതിനു ശേഷം ഫിലിപ്പീന്‍സിലെ ലേയ്റ്റി ദ്വീപിലേക്കു പരിശീലനത്തിനായി യാത്ര തിരിച്ചു.

സംപുഷ്ട യുറേനിയവും ലിറ്റില്‍ ബോയ് എന്ന് കുപ്രസിദ്ധമായ ബോംബിന്റെ മറ്റു ഭാഗങ്ങളുമാണ് കപ്പല്‍ ടിനിയന്‍ ദ്വീപിലേക്കു കൈമാറിയത്. എന്നാല്‍ ചരിത്രത്തിലെ ഏറ്റവും വലിയ ബോംബാക്രമണത്തിനു വഴിമരുന്നിട്ട ആ കപ്പലിലെ നാവികരെയും സൈനികരെയും നടുക്കടലില്‍ കാത്തിരുന്നതു മറ്റൊരു ദുരന്തമായിരുന്നു. അകമ്പടികളേതുമില്ലാതെയായിരുന്നു യുഎസ്എസ് ഇന്ത്യാനപൊളിസിന്റെ യാത്ര. ടിനിയനില്‍നിന്നു ലേയ്റ്റിയിലേക്കുള്ള യാത്രയ്ക്കിടെ, നാലാം നാള്‍, ജപ്പാന്റെ അന്തര്‍വാഹിനികളിലൊന്ന് കപ്പലിലേക്ക് ടോര്‍പിഡോകള്‍ പായിച്ചു. തുടർ സ്‌ഫോടനത്തില്‍ കപ്പല്‍ പിളര്‍ന്നു, വെള്ളം ഇരച്ചുകയറി.

uss-indianapolis-sailors
യുഎസ്എസ് ഇന്ത്യാനപൊളിസിലെ നാവികർ(ഫയൽ ചിത്രം)

1945 ജൂലൈ 30നായിരുന്നു സംഭവം. വെറും 12 മിനിറ്റുകൊണ്ട് മുന്നൂറോളം നാവികരുമായി കടലിന്റെ അടിത്തട്ടിലേക്ക് കപ്പല്‍ മറഞ്ഞു. അപായസിഗ്നല്‍ അയയ്ക്കാന്‍ പോലും സമയം കിട്ടിയില്ല. കപ്പലിന്റെ അവശിഷ്ടങ്ങളില്‍ പിടിച്ചു കിടന്ന് രക്ഷപ്പെടാന്‍ പലരും ശ്രമിച്ചു. ഏകദേശം എണ്ണൂറോളം പേര്‍ അത്തരത്തില്‍ കടലിനോടു മല്ലിട്ട് രക്ഷകരെത്തുമെന്ന പ്രതീക്ഷയില്‍ കാത്തിരുന്നു. എന്നാല്‍ ഒന്ന്, രണ്ട്, മൂന്ന് എന്നിങ്ങനെ ദിവസങ്ങള്‍ കൊഴിഞ്ഞുവീണു.

ഒരിറ്റു വെള്ളം കിട്ടാതെ തൊണ്ടപൊട്ടി ചിലര്‍ മരിച്ചു. സൂര്യന്റെ പൊള്ളുന്ന ചൂടിലായിരുന്നു ചിലരുടെ മരണം. ചിലര്‍ അതിശക്തമായ നിര്‍ജലീകരണത്തിനു വിധേയരായി. ചിലര്‍ മുങ്ങിമരിച്ചു. മുറിവേറ്റവരുടെ ദേഹത്തുനിന്നൊലിച്ചിറങ്ങിയ ചോരയുടെ മണം പിടിച്ച് കൊലയാളി സ്രാവുകളുമെത്തി. അവയ്ക്കും സൈനികര്‍ ഇരയായി. അഞ്ചു ദിവസത്തെ ജീവന്മരണ പോരാട്ടത്തിനൊടുവില്‍ രക്ഷാകരങ്ങളെത്തുമ്പോള്‍ അവശേഷിച്ചിരുന്നത് 316 പേര്‍ മാത്രം! ഏറ്റവും കൂടുതല്‍ നാവികരെയും സൈനികരെയും കടലില്‍ നഷ്ടപ്പെട്ട ദുരന്തമായി യുഎസ് നാവിക ചരിത്രത്തില്‍ എഴുതിച്ചേര്‍ത്ത ഏടു കൂടിയാണ് യുഎസ്എസ് ഇന്ത്യാനപൊളിസിന്റേത്.

uss-indianapolis-sailors-2
യുഎസ്എസ് ഇന്ത്യാനപൊളിസിൽ നിന്നു നാവികരെ രക്ഷപ്പെടുത്തുന്നു (ഫയൽ ചിത്രം)

ലേയ്റ്റി ദ്വീപിലേക്കു വരുന്ന യുഎസിന്റെ കപ്പലിനെപ്പറ്റി തുറമുഖം അധികൃതര്‍ക്കും അറിവുണ്ടായിരുന്നില്ല. അതിനാലാണ് ആദ്യ ദിവസങ്ങളില്‍ യുഎസ്എസ് ഇന്ത്യാനപൊളിസിന്റെ തിരോധാനം ആരുടെയും ശ്രദ്ധയില്‍പ്പെടാതിരുന്നത്. അതിനിടെ ആകാശപട്രോളിങ് നടത്തിയ ഒരു വിമാനത്തിന്റെ പൈലറ്റാണ് കടലില്‍ വ്യാപകമായി എണ്ണ കലര്‍ന്നതായി കണ്ടെത്തിയത്. സൂക്ഷ്മനിരീക്ഷണത്തില്‍ കടലില്‍ ജീവനോടു മല്ലിട്ട് ഒഴുകിനടക്കുന്ന സൈനികരെയും കണ്ടെത്തി. അതിനോടകം ജീവിതത്തിലെ ഏറ്റവും ദയനീയവും ദാക്ഷിണ്യരഹിതവുമായ അധ്യായത്തിലൂടെയായിരുന്നു ആ നാവികര്‍ ഓരോരുത്തരും കടന്നു പോയത്.

ടോര്‍പിഡോ ആക്രമണത്തില്‍ തകര്‍ന്ന കയ്യും കാലുമായി, ചോരയൊലിപ്പിച്ച് കപ്പലിന്റെ അവശിഷ്ടങ്ങളില്‍ പറ്റിക്കിടക്കുമ്പോള്‍ ചുറ്റിലും ഭീതിയുടെ വലിയ സ്രാവിന്‍ചിറകുകള്‍ നീന്തിനടന്നു. വമ്പന്‍ സ്രാവുകള്‍ മറ്റുള്ളവരുടെ കണ്മുന്നില്‍വച്ചാണു പലരെയും വെള്ളത്തിലേക്കു വലിച്ചു താഴ്ത്തിയത്. അവയെ തടയാന്‍ പോലും സാധിക്കാത്തവിധം മറ്റുള്ളവര്‍ തളര്‍ന്നിരുന്നു. വിശപ്പും ദാഹവും സഹിക്കാനാകാതെ പലരും കടല്‍വെള്ളം കോരിക്കുടിച്ചു. അത് ആരോഗ്യനില കൂടുതല്‍ വഷളാക്കി. കൂട്ടത്തിലെ ഒരു മെഡിക്കല്‍ ഓഫിസര്‍ എല്ലാവരെയും ഓര്‍മപ്പെടുത്തുന്നുണ്ടായിരുന്നു, കടല്‍വെള്ളം കുടിക്കരുതെന്ന്. അതു കേള്‍ക്കാതെ കുടിച്ചവരെല്ലാം ഏതാനും മണിക്കൂറുകള്‍ക്കകം മരിച്ചുവീണു. ചൂടേറ്റ് പലരുടെയും ദേഹം വിണ്ടുകീറി.

uss-indianapolis-film-5
യുഎസ്എസ് ഇന്ത്യാനപൊളിസ്: മെൻ ഓഫ് കറേജ് സിനിമയിലെ രംഗം

മറ്റു ചിലരുടെ മാനസികനില തകര്‍ന്നതിനും സഹപ്രവര്‍ത്തകര്‍ സാക്ഷ്യം വഹിച്ചു. ദൂരെ സാങ്കല്‍പിക ദ്വീപുകള്‍ സ്വപ്‌നം കണ്ട് പലരും കടലിലേക്കു നീന്തിയിറങ്ങി. ആ യാത്ര അവസാനിച്ചതാകട്ടെ മരണത്തിലും. കൺമുന്നില്‍ സുഹൃത്തുക്കള്‍ മുങ്ങിത്താഴുന്നതും സ്രാവുകളുടെ കൂര്‍ത്ത പല്ലുകള്‍ക്കിടയില്‍ ഒടുങ്ങുന്നതും എല്ലാവര്‍ക്കും നിസ്സഹായതോടെ കണ്ടുനില്‍ക്കാനേ സാധിച്ചിരുന്നുള്ളൂ.

വളരെ കുറച്ചു പേര്‍ക്കു മാത്രമേ ലൈഫ് ജാക്കറ്റുകള്‍ ലഭിച്ചിരുന്നുള്ളൂ. ചിലര്‍ക്ക് ലൈഫ് ബോട്ടുകളും ലഭിച്ചു. ഇവരെല്ലാം ഒരുമിച്ചു ചേര്‍ന്നിരുന്നാണ് സ്രാവുകളെ നേരിട്ടത്. ആരെങ്കിലും വിട്ടുമാറിപ്പോയാല്‍ ഒന്നുകില്‍ സ്രാവുകളുടെ ഇരയാകും, അല്ലെങ്കില്‍ മുങ്ങിമരിക്കും. പസിഫിക് സമുദ്രത്തിലെ ഏകദേശം 25 ചതുരശ്ര മൈല്‍ വരുന്ന പ്രദേശത്തായിരുന്നു രക്ഷപ്പെട്ട എല്ലാവരും ഒരുമിച്ചുനിന്നത്. അതിനിടെ പലരും കയ്യിലുള്ള എമര്‍ജന്‍സി ഫ്‌ളെയറുകള്‍ ആകാശത്തേക്കു പായിച്ചു. ഫ്‌ളെയറുകളില്‍ ചെറുപാരച്യൂട്ടുകളില്ലാത്തതിനാല്‍ അവ ആകാശത്ത് അധികസമയം കത്തിനിന്നതുമില്ല, അതിനാല്‍ വിമാനങ്ങള്‍ക്കു കണ്ടെത്താനും സാധിച്ചില്ല.

1945 ഓഗസ്റ്റ് രണ്ടു വരെ പ്രതീക്ഷയുടെ ഓളത്തള്ളിച്ചയില്‍ ആ നാവികര്‍ മുകളിലെ ആകാശത്തെയും താഴെ കടലിനെയും നോക്കിക്കിടന്നു. അതിനിടെയെത്തിയ പട്രോളിങ് വിമാനത്തിലെ പൈലറ്റ് ലഫ്. അഡ്രിയാന്‍ മാര്‍ക്ക്‌സിന്റെ സമയോചിത ഇടപെടലില്‍ 56 പേരെ ആദ്യം രക്ഷപ്പെടുത്തി. രക്ഷിക്കാന്‍ കപ്പലുകള്‍ വരുമെന്ന് ഉറപ്പായതോടെ നാവികരും ആവേശത്തിലായി. പരസ്പരം രക്ഷാകവചം തീര്‍ത്ത് അവര്‍ സ്രാവുകളെ ആട്ടിയോടിച്ചു. വൈകാതെ കപ്പലുകളെത്തി എല്ലാവരെയും രക്ഷപ്പെടുത്തുകയും ചെയ്തു.

uss-indianapolis-4
യുഎസ്എസ് ഇന്ത്യാനപോളിസിലെ നാവികരെ രക്ഷപ്പെടുത്തിയപ്പോൾ (ഫയൽ ചിത്രം)

അതിനിടെ വിലപ്പെട്ട പല ജീവനുകളും വിട പറഞ്ഞിരുന്നു. അതിലൊരാളായിരുന്നു ക്യാപ്റ്റന്‍ എഡ്വേഡ് പാര്‍ക്ക്. തന്റെ സഹപ്രവര്‍ത്തകരെ ഒരുമിച്ചു നിര്‍ത്താനുള്ള ശ്രമത്തിലായിരുന്നു അദ്ദേഹം. തനിക്കു കിട്ടിയ ലൈഫ് ബോട്ട് പലപ്പോഴായി പലരിലേക്കായി എത്തിച്ച് അദ്ദേഹം ഓരോരുത്തരുടെയും ജീവന്‍ നിലനിര്‍ത്താന്‍ ശ്രമിച്ചു. പക്ഷേ കടലില്‍ കുടുങ്ങി രണ്ടാം നാള്‍ അദ്ദേഹം ജീവന്‍ വെടിഞ്ഞു.

ഹിരോഷിമയിലേക്കുള്ള അണുബോംബുമായി പോയതിന്റെ ശാപമാണ് യുഎസ്എസ് ഇന്ത്യാനപൊളിസിന് ഏറ്റതെന്ന് പിന്നീട് പലരും പറഞ്ഞിരുന്നു. എന്നാല്‍ കപ്പലില്‍ എന്തായിരുന്നുവെന്ന് ആര്‍ക്കും അറിയില്ലായിരുന്നുവെന്നതാണു സത്യം. എന്താണെന്നു ചോദിച്ചവരോട് അധികൃതര്‍ പറഞ്ഞത് ഒരൊറ്റ മറുപടി മാത്രം- നിങ്ങള്‍ ഇത് എത്ര പെട്ടെന്ന് ടിനിയന്‍ ദ്വീപിലെത്തിക്കുന്നോ അത്രയും പെട്ടെന്ന് രണ്ടാം ലോകമഹായുദ്ധം അവസാനിക്കും എന്ന്.

ലോകമഹായുദ്ധ സമയത്ത് കപ്പലുകള്‍ ഓരോ തുറമുഖത്തും റിപ്പോര്‍ട്ട് ചെയ്യുന്നതു സംബന്ധിച്ച് നിര്‍ബന്ധമുണ്ടായിരുന്നില്ല. അതിനാലാണ് ഇന്ത്യാനപൊളിസിന്റെ തിരോധാനം ആദ്യം ശ്രദ്ധയില്‍പ്പെടാതെ പോയതും. എന്നാല്‍ രണ്ടാം ലോക മഹായുദ്ധത്തോടെ കപ്പലുകളുടെ റിപ്പോര്‍ട്ടിങ് കൂടുതല്‍ കര്‍ശനമാക്കി. മാത്രവുമല്ല 500 പേരില്‍ കൂടുതലുമായി പോകുന്ന കപ്പലുകള്‍ക്ക് ഒരു അകമ്പടിക്കപ്പലും ഉറപ്പാക്കി, മിക്കവാറും അതൊരു ‘ഡിസ്‌ട്രോയര്‍’ കപ്പലും ആയിരിക്കും. ജീവന്‍ രക്ഷാ സംവിധാനങ്ങളും കൂടുതല്‍ കാര്യക്ഷമമാക്കി.

uss-indianapolis-3
യുഎസ്എസ് ഇന്ത്യാനപൊളിസിലെ നാവികരെ ആശുപത്രിയിലേക്കു മാറ്റുന്നു (ഫയൽ ചിത്രം)

879 പേര്‍ മരിച്ച, യുഎസ് കണ്ട ഏറ്റവും വലിയ യുദ്ധക്കപ്പല്‍ ദുരന്തത്തിന് ഓഗസ്റ്റ് രണ്ടിന് 75 വയസ്സ് തികയുകയാണ്. അന്ന് രക്ഷപ്പെട്ട നാവികര്‍ക്ക് കഴിഞ്ഞ ദിവസം യുഎസ് കോണ്‍ഗ്രസിന്റെ പരമോന്നത ബഹുമതിയായി സ്വര്‍ണമെഡല്‍ സമ്മാനിച്ചിരുന്നു. 2016ല്‍ ‘യുഎസ്എസ് ഇന്ത്യാനപൊളിസ്: മെന്‍ ഓഫ് കറേജ്’ എന്ന പേരില്‍ ഹോളിവുഡ് സിനിമയും പുറത്തിറങ്ങിയിരുന്നു.

English Summary: Remembering the Sinking of USS Indianapolis battleship, after 75 years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA