sections
MORE

വിനു മോഹന്‍റെ വീട്ടില്‍ സദ്യക്ക് വന്ന അമര്‍ സിങ്; ആ ഉച്ചനേരത്തിന്‍റെ ഓര്‍മ

amar-singh-vinu-mohan
SHARE

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും തന്ത്രശാലിയായ രാഷ്ട്രീയക്കാരന്‍. ഒരുകാലത്ത് രാഷ്ട്രീയ ഇടനാഴികള്‍ പ്രകമ്പനംകൊണ്ടത് അമര്‍ സിങ് എന്ന നേതാവിന്റെ ആജ്ഞകളിലായിരുന്നു. അമര്‍ സിങ് വിടവാങ്ങുമ്പോള്‍ ഇങ്ങ് കേരളത്തിനുമുണ്ട് അദ്ദേഹത്തെകുറിച്ച് പറയാന്‍. കേരളത്തെ അതിയായി സ്നേഹിച്ചിരുന്ന അമര്‍ സിങ് മലയാള സിനിമയില്‍ അഭിനയിക്കുകയും ചെയ്തു. ബോംബെ മിഠായി എന്ന ചിത്രത്തില്‍ ഹിന്ദുസ്ഥാനി സംഗീതജ്ഞന്റെ വേഷം. ഡിമ്പിള്‍ കപാഡിയയും അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ കൊച്ചിയിലെത്തി. വിനുമോഹന്‍ നായകനായി അഭിനയിച്ച സിനിമയുടെ പശ്ചാത്തലം സംഗീതമായിരുന്നു. സിനിമ സാങ്കേതികമായ കാരണങ്ങളാല്‍ പുറത്തിറങ്ങിയില്ല. അഭിനയിച്ചു കഴിഞ്ഞശേഷം തിരിച്ചുപോയ അദ്ദേഹം സിനിമ റിലീസാകാത്തത് അറിഞ്ഞതുമില്ല.

വിനു മോഹന്‍ ആ ദിവസങ്ങള്‍ ഓര്‍ത്തെടുക്കുന്നത് ഇങ്ങനെ:  ബോംബെ മിഠായി പുറത്തിറങ്ങിയില്ലെങ്കിലും അമര്‍ സിങ് എന്ന കിങ് മേക്കറെ അടുത്തുപരിചയപ്പെടാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായിട്ടാണ് എപ്പോഴും തോന്നിയിട്ടുള്ളത്. പരിചയപ്പെട്ട ശേഷം വിനുമോഹന്‍ എന്ന് എന്നെ വിളിച്ചിരുന്നില്ല. ഹായ് മൈ ഹീറോ എന്നാകും വിളി.  

വീടിന്റെ പരിസരത്ത് ഷൂട്ടിങ് നടക്കുമ്പോള്‍ ഒരു ദിവസം ഹീറോയുടെ വീട്ടില്‍നിന്ന് ലഞ്ച് കഴിക്കണം എന്ന് പറഞ്ഞു. തമാശയാണെന്നും കരുതി. പക്ഷെ, പിറ്റേദിവസം രാവിലെ അദ്ദേഹം വിളിച്ച് അതു തമാശയല്ല, ഞങ്ങള്‍ ഇന്നുച്ചയ്ക്കുതന്നെ വീട്ടിലേക്ക് വരുമെന്ന് പറഞ്ഞു. ചില ഉപാധികളും മുന്നോട്ടുവച്ചു. ഭക്ഷണം ഇലയിലായിരിക്കണം. ആര്‍ഭാടം അരുത്. അത് അംഗീകരിച്ചെങ്കിലും അദ്ദേഹത്തിന്റെ സ്ഥാനം ഓര്‍ത്ത് ചില ഡിഷസൊക്കെ ഹോട്ടലില്‍നിന്നുകൊണ്ടുവന്നു. ചമ്മന്തിയും തീയലുമുള്‍പ്പെടെ കുറച്ചു വിഭവങ്ങള്‍ വീട്ടില്‍തന്നെയുണ്ടാക്കി. അദ്ദേഹവും ഡിമ്പിള്‍ കപാഡിയയും വാക്കുപാലിച്ചു. ലൊക്കേഷനില്‍ അദ്ദേഹം സ്പൂണ്‍ ഉപയോഗിച്ചാണ് കഴിക്കുന്നത് കണ്ടിട്ടുള്ളത്. വീട്ടില്‍ കൈകൊണ്ടുതന്നെ സദ്യ കഴിച്ചു. ഹോട്ടലില്‍നിന്നുള്ള ഒരുവിഭവവും കഴിച്ചില്ല എന്നതാണ് ഞങ്ങളെ അത്ഭുതപ്പെടുത്തിയത്. 

ഉച്ചയൂണിന് ശേഷം വിശ്രമിക്കുമ്പോള്‍ ഈ വീടുകാണുമ്പോള്‍ ഏത് പാട്ടാണ് ഓര്‍മവരുന്നതെന്ന് ഡിമ്പിളിനോട് ചോദിച്ചു. ചിരിക്കിടെ അദ്ദേഹം ‘ഹം തും ഏക് കമരേ മേം ബന്ധ് ഹോ..’ എന്ന പ്രശസ്തഗാനം പാടിയത് ഓര്‍ക്കുന്നു. ഷൂട്ടിങ് കഴിഞ്ഞുപോയ ശേഷം ഇടയ്ക്ക് വിളിക്കുമായിരുന്നു. സിനിമയെകുറിച്ച് ചോദിക്കുമ്പോള്‍ റിലീസ് ചെയ്തിട്ടില്ലെന്ന് പറഞ്ഞില്ല. അദ്ദേഹത്തപ്പോലൊരാളോട് അത് പറയാന്‍ തോന്നിയില്ല. 

അദ്ദേഹം വിടവാങ്ങുമ്പോള്‍ ഷൂട്ടിങ്ങിനെ അവസാനനാളുകളിലെ ഒരു സംഭവം കൂടി ഓര്‍ക്കുന്നു. ആരോഗ്യകാര്യത്തെകുറിച്ചൊക്കെ സംസാരിച്ചപ്പോള്‍ ശരീരത്തില്‍ പേസ് മേക്കര്‍ വച്ചിട്ടുണ്ടെന്ന് സൂചിപ്പിച്ചിരുന്നു. സുഖമല്ലേ എന്ന് ഏതുസമയം ചോദിച്ചാലും അദ്ദേഹം പറയുന്ന ഉത്തരം.

'ഞാന്‍ പകുതി റോബോട്ടല്ലേ..' എന്നായിരുന്നു. വലിയ സുരക്ഷയൊക്കെയുണ്ടായിരുന്നു അദ്ദേഹത്തിന്. പക്ഷേ, എല്ലാവരോടും അടുത്തിടപഴകും. സ്നേഹത്തോടെ സംസാരിക്കും.’ ബോംബെ മിഠായിയിലെ നായകന്‍ വിനുമോഹന്‍ അമര്‍ സിങ്ങിന്റെ ഓര്‍മകള്‍ പങ്കുവച്ചു.

English Summary: Rajya Sabha MP Amar Singh dies at 64, Actor Vinu Mohan  Recalls an Old Conversation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA