മീൻപിടിക്കാൻ പോയ യുവാവിന് പാടത്തെ വേലിയിൽനിന്നു ഷോക്കേറ്റ് ദാരുണാന്ത്യം

sonnet-mathew-death
സോണറ്റ് മാത്യു
SHARE

അങ്കമാലി ∙ പൂതംകുറ്റിയിൽ മീൻപിടിക്കാൻ പോയ യുവാവിനു പാടശേഖരത്തിലെ വേലിയിൽനിന്നു ഷോക്കേറ്റ് ദാരുണാന്ത്യം. മൂക്കന്നൂർ ഇഞ്ചയ്ക്ക പാലാട്ടി മാത്യുവിന്റെയും ആനിയുടെയും മകൻ സോണറ്റ് മാത്യുവാണ് (32) മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് താബോർ പാലയ്ക്കാപ്പിള്ളി ജോസഫിന്റെ (ബേബി) മകൻ റോബിൻ പി.ജോസഫ് (34) ആശുപത്രിയിൽ ചികിത്സയിലാണ്.

രാത്രിയിലാണു സംഭവം. കാട്ടുപന്നികളിൽനിന്നു കപ്പക്കൃഷി സംരക്ഷിക്കാനായി വേലിയിൽ ഇട്ടിരുന്ന വൈദ്യുതകമ്പിയിൽ നിന്നാണു ഷോക്കേറ്റതെന്നു പൊലീസ് പറഞ്ഞു. പാടശേഖരത്തിനു സമീപത്തെ തോട്ടിൽ മീൻപിടിക്കാൻ പോകവെ മുന്നിൽ നടന്ന സോണറ്റ് ഷോക്കേറ്റ് കമിഴ്ന്നടിച്ചു വീണു. പിന്നിൽ വന്ന റോബിൻ ഷോക്കേറ്റു തെറിച്ചുവീണു. ബഹളംവച്ച് റോബിൻ നാട്ടുകാരെ വിളിച്ചു കൂട്ടുകയായിരുന്നു.

പാടത്തു വൈദ്യുതിയുണ്ടെന്നും വെള്ളത്തിലേക്ക് ഇറങ്ങരുതെന്നും റോബിൻ വിളിച്ചു പറഞ്ഞു. നാട്ടുകാർ ട്രാൻസ്ഫോമറിൽനിന്നു വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷമാണു രക്ഷാപ്രവർത്തനം നടത്തിയത്. ഇരുവരെയും മൂക്കന്നൂരിലെ ആശുപത്രിയിലേക്കു കൊണ്ടുവന്നെങ്കിലും സോണറ്റ് ഇതിനോടകം മരിച്ചിരുന്നു. കൃഷിയിടത്തിലെ വേലിയിലേക്ക് എവിടെ നിന്നാണു വൈദ്യുതി എത്തിച്ചതെന്ന് അറിവായിട്ടില്ല.

കൃഷിയിടത്തിലെ വേലിക്കു സമീപത്തേക്കു വൈദ്യുതി ബന്ധിപ്പിച്ച കമ്പികളോ മറ്റു തെളിവുകളോ കണ്ടെത്താനായിട്ടില്ലെന്നു മൂക്കന്നൂർ ഇലക്ട്രിക് സെക്‌ഷൻ അധികൃതർ അറിയിച്ചു. ഒന്നര മീറ്ററോളം ഉയരത്തിലുള്ള മരത്തിന്റെ കുറ്റികളിൽ അലുമിനിയം കമ്പികൾ വലിച്ചുകെട്ടിയാണു കൃഷിയിടത്തിൽ വേലി നിർമിച്ചിരിക്കുന്നത്.

ഇലക്ട്രിക്കൽ ഇൻസ്പെക്ടർ ഉൾപ്പെടെയുള്ള വിദഗ്ധരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു കേസന്വേഷണം നടത്തുകയെന്നു പൊലീസ് പറഞ്ഞു. സോണറ്റിന് അങ്കമാലിയിൽ ബേക്കറി ബിസിനസാണ്. ഭാര്യ: എടലക്കാട് മഞ്ഞളി അഞ്ജു. മക്കൾ: സിയോൺ, സിമിൽ.

English Summary: Youth Electrocuted While Going for Fishing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA