ADVERTISEMENT

കൊച്ചി∙ കെഎസ്ഇബി ഡാറ്റാബേസ് ഹാക്ക് ചെയ്തതിനു പിന്നാലെ കമന്റുകളിലൂടെ ആക്രമിക്കാൻ വന്നവർക്ക് ടാസ്ക് നൽകാനൊരുങ്ങി ഹാക്കർമാരുടെ സംഘമായ കെ ഹാക്കേഴ്സ്. എത്തിക്കൽ ഹാക്കിങ്ങിലൂടെ സർക്കാർ സംവിധാനങ്ങളിലെ പാളിച്ചകൾ തുറന്നുകാട്ടുകയെന്ന ദൗത്യമാണ് നിർവഹിക്കുന്നതെന്നാണ് കെ ഹാക്കേഴ്‌സ് വെളിപ്പെടുത്തുന്നത്.

കമന്റുകളിലൂടെ കെ ഹാക്കേഴ്സിനെ ആക്രമിക്കുന്നവർക്ക് ബവ്റിജസ് കോർപ്പറേഷനു വേണ്ടി നിർമിച്ച ബവ്ക്യൂ ആപ്പിൽ കയറി എല്ലാവർക്കും ഒരു ഒടിപി അയച്ച് കഴിവുതെളിയിക്കാനുള്ള ടാസ്ക് നൽകുമെന്ന്  മനോരമ ഓൺലൈനുമായി നടത്തിയ ചാറ്റിങ്ങിൽ കെ ഹാക്കേഴ്‌സ് വ്യക്തമാക്കി. അല്ലെങ്കിൽ റാൻഡമായി 10,000 പേർക്ക് ഒടിപി അയയ്ക്കണം. അത് നൽകുന്നതിനു മുമ്പ് ‘പോയി എത്തിക്കൽ ഹാക്കിങ് എന്താണെന്നു പഠിക്ക്’ എന്നാവശ്യപ്പെട്ട് ട്യൂട്ടോറിയലും നൽകിക്കൊണ്ടാണ് പുതിയ വെല്ലുവിളി. നേരത്തെ ഇവരുടെ പേജിലെത്തി വെല്ലുവിളി നടത്തിയ നാലു പേരെ ബ്ലോക്ക് ചെയ്തിരുന്നു. ഇവരുടെ ബ്ലോക്ക് മാറ്റി നൽകിയ ശേഷമാണ് പഠിച്ച് പ്രവർത്തിച്ചു കാണിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

പാർട്ട് ഒൻപത് എന്ന പേരിലാണ് കഴിഞ്ഞ ദിവസം കെഎസ്ഇബിയുടെ കസ്റ്റമർ വിവരങ്ങൾ വിഡിയോ ആയും ഡോക് ഫയലായും കെഹാക്കേഴ്സ് പുറത്തു വിട്ടത്. തൊട്ടു പിന്നാലെ പെയ്മെന്റ് സംവിധാനം നിർത്തി വയ്ക്കുകയും സുരക്ഷാ സംവിധാനം വർധിപ്പിക്കാൻ കെഎസ്ഇബി നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. ഇതു തന്നെയാണ് വേണ്ടതെന്നും കെഎസ്ഇബി നടപടി എടുത്തത് നന്നായെന്നും കാണിച്ച് ഹാക്കർമാർ അവരുടെ ഫെ‌യ്‌സ്ബുക്ക് പേജിൽ പോസ്റ്റിട്ടിരുന്നു. മൂന്നാഴ്ചയ്ക്കകം സെർവർ സുരക്ഷ ശക്തമാക്കിയില്ലെങ്കിൽ അടുത്ത ഘട്ടത്തിൽ വിവര നഷ്ടം ഉണ്ടാകുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

‘നിലവിലെ പ്രഖ്യാപനം അനുസരിച്ച് എല്ലാ ഉപഭോക്താക്കളുടെയും വിവരങ്ങൾ സുരക്ഷിതമാക്കാൻ അധികൃതർ നടപടി സ്വീകരിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്. നല്ലകാര്യം.’ – ഇവർ ‌ഫെയ്‌സ്ബുക്ക് പേജിൽ പറയുന്നു. അതേ സമയം പുറത്തു വിട്ടതിനെക്കാൾ കൂടുതൽ വിവരങ്ങൾ ഡാറ്റാബേസിൽ നിന്ന് എടുത്തിരുന്നെന്നും ഇവർ അവകാശപ്പെടുന്നുണ്ട്. ഹാക്കിങ്ങിനു പിന്നാലെ കെഎസ്ഇബി അധികൃതർ സമീപിച്ചിരുന്നു. അവരോട് ആർക്കിടെക്ചർ കറക്ടാക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും കെ ഹാക്കേഴ്സ് പറഞ്ഞു. അതേസമയം കെഎസ്ഇബിയുടെ വെബ്സൈറ്റ് ദുരുപയോഗപ്പെടുത്തിയതിന് കെ ഹാക്കേഴ്സിനെതിരെ സൈബർ സെല്ലിനും ഐടി വിഭാഗത്തിനും പരാതി നൽകിയതായി കെഎസ്ഇബി അറിയിച്ചു.

‘പാർട്ട് എട്ടാ’ണ് അടുത്ത ഹാക്കിങ് എന്നാണ് പ്രഖ്യാപനം. ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ സംഘം തയാറായിട്ടില്ല. അത് പ്രഖ്യാപിക്കുന്നതിനു മുന്നോടിയായാണ് ഫെ‌യ്‌സ്ബുക്ക് പേജിൽ വന്ന് വെല്ലുവിളിച്ചവർക്കും ആക്രമിക്കാൻ ശ്രമിച്ചവർക്കും മിടുക്കൻമാരാണെങ്കിൽ തെളിയിക്കാൻ ആവശ്യപ്പെട്ട് ടാസ്ക് കൊടുക്കാൻ തീരുമാനിച്ചിരിക്കുന്നത്.  പത്തു ദിവസം കൊണ്ട് എത്തിക്കൽ ഹാക്കിങ് പഠിക്കാനാണ് നിർദേശം. 15 ദിവസത്തിനകം വെല്ലുവിളി ഏറ്റെടുത്ത് വിജയിക്കുന്നവരെ പേജിലൂടെ പ്രമോട്ട് ചെയ്യുമെന്നും ഹാക്കർമാർ പറയുന്നു. സർട്ടിഫിക്കറ്റും നൽകും. ഇനി സാധിച്ചില്ലെങ്കിൽ അത് കെ ഹാക്കേഴ്സ് ചെയ്തു കാണിക്കുമെന്നും ഇവർ പറയുന്നു.

പാർട്ട് ഏഴിൽ ഹാക്കർമാർ ലക്ഷ്യമിട്ടിരിക്കുന്നത് ബവ്ക്യൂ ആപ്പിനെ തന്നെയാണ്. സംസ്ഥാനത്തെ മദ്യപാനികളുടെ വിവരങ്ങളെല്ലാം പൊതുജനത്തിനു കൊടുക്കും. കുടിയൻമാരെ കേരളം കാണട്ടെ എന്നാണ് നിലപാട്. പക്ഷെ ‘പാർട്ട് എട്ട്’ അതുക്കും മേലെ എന്നാണ് പറഞ്ഞിട്ടുള്ളത്. ‘പാർട്ട് അഞ്ചി’ൽ കേരളം ശരിക്കും ഞെട്ടുമെന്നും ഇവർ അവകാശപ്പെടുന്നു. ഇങ്ങനെ ‘പാർട് ഒന്നു’ വരെയുള്ള വെല്ലുവിളികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇതിനകം സർക്കാരിന്റെ നെറ്റ്‍വർക്ക് സംവിധാനം പൂർണ സുരക്ഷിതമാക്കിയിട്ടുണ്ടാകണം. ഹാക്കിങ് തൊഴിലാക്കിയവരല്ല ഞങ്ങൾ. ആപ്പുകളുടെ സുരക്ഷിതത്വം പരിശോധിക്കാൻ ഹാക്ക് ചെയ്യാറുണ്ടെങ്കിലും അതിലൂടെ പണം സമ്പാദിക്കുക ലക്ഷ്യമല്ലെന്നും ഇവർ മനോരമ ഓൺലൈനോടു പറഞ്ഞു.

അതേസമയം, കെ ഹാക്കേഴ്സിന്റെ ഫെയ്സ്ബുക് പേജ് തിങ്കളാഴ്ച വൈകിട്ടുമുതൽ അപ്രത്യക്ഷമായി.

Content Highlight: Ethical hacking, K Hackers, KSEB online portal hacking

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com