ADVERTISEMENT

തിരുവനന്തപുരം∙ സ്വര്‍ണക്കടത്തു കേസുമായി ബന്ധമുള്ള മന്ത്രി കെ.ടി ജലീലിന്റെ നടപടികൾ ദുരൂഹമാണെന്നും അദ്ദേഹം രാജിവയ്ക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. അന്വേഷണം അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. യുഎഇ കോൺസുലേറ്റിൽനിന്നു വരുന്ന പാർസലുകൾ സി ആപ്ടിൽ എന്തിന് എത്തിക്കണം? അവിടെനിന്നു 28 പാർസലുകൾ മലപ്പുറത്തെ എടപ്പാളിലേക്ക് എന്തിന് കൊണ്ടുപോയി?

ജലീൽ എത്തിച്ചത് ഭക്ഷ്യധാന്യ കിറ്റല്ല സ്വർണ്ണക്കിറ്റാണെന്ന് അന്ന് ബിജെപി പറഞ്ഞത് ഇന്ന് വ്യക്തമാവുകയാണ്. ഖുറാൻ കിറ്റാണ് കൊണ്ടുപോയതെന്നാണ് ജലീൽ പറയുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ ഇസ്‌ലാമിക പ്രസിദ്ധീകരണ ശാലകളുള്ള കേരളത്തിലേക്ക് യുഎഇയിൽനിന്നും ഖുറാൻ കൊണ്ടുവരേണ്ട ആവശ്യമെന്താണെന്നും സുരേന്ദ്രൻ ചോദിച്ചു. സി ആപ്ടിലെ നിയമനങ്ങളെല്ലാം അനധികൃതമാണ്. ജലീലിന്റെ താൽപര്യപ്രകാരം മാനേജിങ് ഡയറക്ടറെ നിയമിച്ചത് എല്ലാവിധ ചട്ടങ്ങളും കാറ്റിൽ പറത്തിയാണ്.

സ്വര്‍ണക്കടത്തിന്റെ വേരുകള്‍ ജുഡീഷ്യറിയിലേക്കും എത്തുന്നുണ്ട്. ഒരു റിട്ട. ജഡ്ജിയുടെ സാമ്പത്തിക ഇടപാടുകള്‍ സംശയാസ്പദമാണെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. തിരുവനന്തപുരം വഞ്ചിയൂരില്‍ ഡിആര്‍ഐ ഓഫിസ് കുത്തിത്തുറന്ന് ഫയലുകള്‍ കൊണ്ടു പോയി എന്നത് ഗൗരവകരമാണ്. മുഖ്യമന്ത്രിയുടെ മൂക്കിനു താഴെയാണ് ഇത്തരം സംഭവങ്ങള്‍ അരങ്ങേറുന്നത്. മഹാരാഷ്ട്രയിലെ കുപ്രസിദ്ധ ജ്വല്ലറി തട്ടിപ്പു കേസിലെ പ്രതികളുമായി സ്പീക്കർക്കും ഇ.പി. ജയരാജൻ, കടകംപളളി എന്നീ മന്ത്രിമാർക്കും സിഐടിയു നേതാവായ എളമരം കരീമിനുമുള്ള ബന്ധം പുറത്തുവന്നുകൊണ്ടിരിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.

∙ ഊരാളുങ്കലിന് സര്‍ക്കാര്‍ വഴിവിട്ട സഹായം നല്‍കി

ഊരാളുങ്കല്‍ സൊസൈറ്റിക്ക് സര്‍ക്കാര്‍ വഴിവിട്ട സഹായം നല്‍കി. ഒരു സംരംഭത്തിന് പരമാവധി 800 കോടിയുടെ ജോലികള്‍ മാത്രമേ നല്‍കാന്‍ പാടുള്ളൂ എന്ന നിയമം നിലനില്‍ക്കുമ്പോള്‍ 8000ല്‍ പരം കോടിയുടെ ജോലികളാണ് ഊരാളുങ്കലിന് നല്‍കിയിരിക്കുന്നതെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

∙ കേന്ദ്ര ഏജൻസിയെ ഏൽപ്പിക്കണം

ട്രഷറി തട്ടിപ്പ് കേസ് അന്വേഷിക്കാന്‍ ധനകാര്യ വകുപ്പ് ഉദ്യോഗസ്ഥരെ തന്നെ നിയമിച്ചത് വിചിത്രമാണെന്ന് കെ. സുരേന്ദ്രന്‍. ഉദ്യോഗസ്ഥരില്‍ ഒരാള്‍ നേരത്തെ തെറ്റായ രീതികളില്‍ മുന്നോട്ടു പോയ ആളാണ്. മറ്റൊരാൾ ധനകാര്യ സെക്രട്ടറിയാണ്. സിപിഎം ബന്ധമുള്ള എൻജിഒ യൂണിയൻ നേതാവ് രണ്ടു കോടി തട്ടിയത് ഇവർ അന്വേഷിച്ചിട്ട് എന്ത് കാര്യം? മുൻപും കണ്ണൂർ, കൊച്ചി, ഇടുക്കി എന്നിവിടങ്ങളിൽ ട്രഷറി തട്ടിപ്പ് നടന്നിട്ടുണ്ട്. ട്രഷറി തട്ടിപ്പ് അന്വേഷണം കേന്ദ്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കാന്‍ ധനകാര്യമന്ത്രി തോമസ് ഐസക് തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സാങ്കേതികവിദ്യ ഇത്രയും വികസിച്ചിട്ടും ട്രഷറികളിലെ പ്രശ്‌നങ്ങള്‍ കണ്ടെത്താന്‍ കഴിയാത്തത് എന്തുകൊണ്ടെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: K Surendran, K T Jaleel, Pinarayi Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com