ADVERTISEMENT

അയോധ്യ∙ രാമക്ഷേത്ര നിര്‍മാണത്തിനു തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തില്‍ ബുധനാഴ്ച നടക്കാനിരിക്കുന്ന ഭൂമിപൂജയുടെ ഭാഗമായി അയോധ്യയില്‍ ചടങ്ങുകള്‍ ആരംഭിച്ചു. രാം കി പൗഡിയില്‍ ആരതിയും  ഹോമവും നടന്നു. സരയു നദിക്കു കുറുകെയുള്ള പാലവും അയോധ്യയിലെ എല്ലാ ക്ഷേത്രങ്ങളും ദീപങ്ങളാല്‍ അലംകൃതമാണ്. ഹനുമാൻ ക്ഷേത്രത്തിലും ഇന്നു പൂജകള്‍ നടക്കും. 12 പുരോഹിതരുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച ഗണപതി പൂജ നടന്നിരുന്നു. 

പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച മൂന്നു മണിക്കൂര്‍ അയോധ്യയില്‍ ചെലവഴിക്കും. മോദിയും മറ്റു നാലു പേരും മാത്രമേ വേദിയില്‍ ഉണ്ടാകൂ എന്നാണു റിപ്പോര്‍ട്ട്. രാവിലെ ഡല്‍ഹിയില്‍നിന്ന് പ്രത്യേക വിമാനത്തില്‍ ലക്‌നൗവിലെത്തുന്ന പ്രധാനമന്ത്രി അവിടെനിന്ന് ഹെലികോപ്ടറിലാണ് അയോധ്യയിലേക്കു പോകുന്നത്. സരയൂ നദിക്കരയിലെ ഒരു കോളജില്‍ തയാറാക്കിയിരിക്കുന്ന ഹെലിപാഡിലാണ് മോദി ഇറങ്ങുന്നത്. മോദി ആദ്യം ഹനുമാന്‍ഗ്രാഹി ക്ഷേത്രത്തില്‍ പത്തു മിനിറ്റ് പൂജ നടത്തും. തുടര്‍ന്ന് രാംലല്ലയെ പ്രതിഷ്ഠിച്ചിരിക്കുന്ന സ്ഥലത്തെത്തി പ്രാര്‍ഥിക്കും. പിന്നീടാണ് ഭൂമിപൂജയും 40 കിലോയുള്ള വെളളിശില സ്ഥാപിക്കുന്നതും. കനത്ത സുരക്ഷയാണ് അയോധ്യയില്‍ ഒരുക്കിയിരിക്കുന്നത്. 

മുമ്പില്ലാത്ത വിധത്തിലുള്ള ദീപങ്ങളുടെ ഉത്സവമായിരിക്കും നാളെയെന്ന് രംഗ് മഹല്‍ പുരോഹിതന്‍ ശ്രാവണ്‍ ദാസ് മഹാരാജ് പറഞ്ഞു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തിങ്കളാഴ്ച ഹനുമാന്‍ ക്ഷേത്രത്തില്‍ പ്രത്യേക പൂജ നടത്തിയിരുന്നു. ക്ഷണിച്ചവര്‍ മാത്രമേ നാളെ അയോധ്യയിലേക്ക് എത്താവൂ എന്നും യോഗി പറഞ്ഞു. 

ചടങ്ങിലേക്കു ആകെ ക്ഷണിച്ചിരിക്കുന്ന 175 പേരില്‍ 135 പേരും സന്യാസിമാരും മതനേതാക്കളുമാണ്. കോവിഡ് പശ്ചാത്തലത്തില്‍ ചിലര്‍ പങ്കെടുക്കാന്‍ സാധ്യതയില്ലെന്ന് ശ്രീരാം ജന്മഭൂമി തീര്‍ഥ് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. അയോധ്യയ്ക്കു പുറത്ത് ഭജനകള്‍ നടത്തുകയാണു ഭക്തര്‍ ചെയ്യേണ്ടതെന്നും ട്രസ്റ്റ് ഭാരവാഹികള്‍ പറഞ്ഞു. ചടങ്ങുകള്‍ ദൂരദര്‍ശന തല്‍സമയം സംപ്രേഷണം ചെയ്യും. 

ഭൂമിതര്‍ക്കത്തില്‍ കക്ഷിയായിരുന്ന ഇക്ബാല്‍ അന്‍സാരിയെയാണ് ആദ്യമായി ചടങ്ങിലേക്കു ക്ഷണിച്ചത്. തീര്‍ച്ചയായും പങ്കെടുക്കുമെന്ന് ഇക്ബാല്‍ പറഞ്ഞു. തര്‍ക്കം കഴിഞ്ഞു കോടതി വിധി വന്നിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഹര്‍ജിയില്‍ ഭാഗമായിരുന്ന ഇക്ബാലിന്റെ പിതാവ് ഹാഷിം അന്‍സാരി 2016ല്‍ നിര്യാതനായി.

English Summary: At Ayodhya, Rituals Start Ahead Of Foundation Stone Laying By PM Modi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com