ADVERTISEMENT

പത്തനംതിട്ട∙ മഴയുടെ ശരാശരി ലഭ്യതയിൽ കഴിഞ്ഞ 2 മാസങ്ങളിൽ അനുഭവപ്പെട്ട കുറവു നികത്തി കേരളത്തെ സമ്പന്നമാക്കാൻ ന്യൂനമർദമെത്തി. ബംഗാൾ ഉൾക്കടലിൽ ഒഡിഷ തീരത്തുകൂടി കരയിലേക്കു കയറാൻ ഒരുങ്ങുന്ന ന്യൂനമർദം അടുത്ത 4 ദിവസം കേരളം മുതൽ ഗുജറാത്ത് വരെയുള്ള സംസ്ഥാനങ്ങളെ കുടക്കീഴിലാക്കും. അടുത്തയാഴ്ച ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദം രൂപപ്പെടുമെന്നാണു സൂചന. ഇതു തുടർമഴയ്ക്കും വഴിയൊരുക്കും. 

നികത്തേണ്ടത് 19% കുറവ് 

ജൂൺ 1 മുതൽ ഇന്നലെ വരെ 19% മഴയുടെ കുറവാണു സംസ്ഥാനത്തുള്ളത്. 7 ജില്ലകളിലാണു ശരാശരി മഴ ലഭിച്ചത്. ബാക്കിയുള്ളിടത്തു കുറവാണ്. വയനാട്ടിലും ഇടുക്കിയിലുമാണ് ഏറ്റവും കുറവ്. മുൻ വർഷങ്ങളിലേതു പോലെ കനത്ത പ്രളയത്തിനു സാധ്യതയില്ലെന്നാണു ദുരന്തനിവാരണവും കാലാവസ്ഥാ നിരീക്ഷണവുമായി ബന്ധപ്പെട്ട വിദഗ്ധർ പറയുന്നത്. തെക്കൻ കേരളത്തിൽ ശക്തി കുറഞ്ഞ വ്യാപകമഴയും വടക്കൻ കേരളത്തിൽ ശക്തമായ മഴയും ലഭിക്കാനാണു സാധ്യത. എന്നാലും തയാറെടുപ്പുകൾക്കു കുറവില്ല. എല്ലായിടത്തും പ്രളയത്തെ നേരിടാനുള്ള തയാറെടുപ്പിലാണ് അധികൃതർ. 

പ്രളയകാലത്തെ പോലെ പെയ്ത്തുരീതി

കേരളത്തിൽ 2018, 2019 വർഷങ്ങളിലെ അതേ രീതിയിൽ തന്നെയാണു ഇക്കുറിയും ഓഗസ്റ്റിൽ മൺസൂണിന്റെ പെരുമാറ്റം. ജൂണിലും ജൂലൈയിലും പതിവിലും കുറച്ചു പെയ്തശേഷം ഓഗസ്റ്റിൽ ആ കുറവു നികത്തുന്ന രീതി. കഴിഞ്ഞ 2 വർഷങ്ങളിലും പ്രളയം കൊണ്ടുവന്ന അതേ രീതി. 2018 ഓഗസ്റ്റിൽ ഇടുക്കി, പത്തനംതിട്ട, മലപ്പുറം, പാലക്കാട് ജില്ലകളിലായിരുന്നു അധികമഴ പെയ്തിറങ്ങിയത്. ജൂണിലും ജൂലൈയിലും കേരളം മുഴുവൻ അധികമഴ പെയ്തതിനു പിന്നാലെ 4 ജില്ലകളിൽ ഓഗസ്റ്റിലും അധികമഴ പെയ്തിറങ്ങിയതാണ് പ്രളയത്തിനു കാരണമായത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com