ADVERTISEMENT

തിരുവനന്തപുരം∙ നയതന്ത്ര ബാഗേജിലൂടെ അല്ല സ്വര്‍ണം കടത്തിയതെന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്റെ പ്രസ്താവന ആയുധമാക്കാനൊരുങ്ങി സിപിഎം. എന്‍ഐഎ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലും കസ്റ്റംസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലും നയതന്ത്ര ബാഗേജ് എന്ന് ഉറപ്പിച്ചു പറയുമ്പോള്‍ വി. മുരളീധരന്‍ എന്തുകൊണ്ടാണ് നയതന്ത്ര ബാഗേജ് അല്ല എന്ന് ആവര്‍ത്തിക്കുന്നതെന്നാണു സിപിഎം നേതാക്കള്‍ ഉന്നയിക്കുന്ന ചോദ്യം.

യുഎഇ അറ്റാഷെയുടെ പേരില്‍ സ്വര്‍ണം അയച്ച ഫൈസല്‍ ഫരീദിനെ അറസ്റ്റ് ചെയ്തു നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്‍കൈ എടുക്കുന്നില്ലെന്നും സിപിഎം ആരോപിക്കുന്നു. യുഎഇയില്‍നിന്ന് അയച്ചയാളും ആരുടെ വിലാസത്തിലാണോ അയച്ചത് ആ ആളും ഇപ്പോള്‍ വിദേശത്താണെന്നും സിപിഎം ചൂണ്ടിക്കാട്ടുന്നു. 

മുരളീധരന്റെ സത്യഗ്രഹവും തുടര്‍ച്ചയായ പ്രസ്താവനകളും കേസ് അട്ടിമറിക്കാനാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. കേന്ദ്ര ഏജന്‍സികളാണ് കേസ് അന്വേഷിക്കുന്നത്. എന്നാല്‍ അത്തരം കേസില്‍ കേന്ദ്രമന്ത്രി തന്നെ പ്രത്യക്ഷ സമരത്തിനെത്തുന്നത് അനുചിതമാണെന്നും കോടിയേരി പറയുന്നു. 

സ്വര്‍ണം കടത്തിയത് നയതന്ത്ര ബാഗേജിലല്ലെന്ന് കേസിന്റെ തുടക്കം മുതല്‍ കഴിഞ്ഞ ദിവസം വരെ ആവര്‍ത്തിക്കുന്ന മുരളീധരന്‍ എന്‍ഐഎയെ പരസ്യമായി തള്ളിപ്പറയുകയാണ്. കസ്റ്റംസ് ഉദ്യോഗസ്ഥനെ മാറ്റിയതു പോലെ മുരളീധരനെ തിരുത്തിയ എന്‍ഐഎ സംഘത്തെയും മാറ്റുമോ എന്നും കോടിയേരി ചോദിച്ചു. 

നയതന്ത്ര ബാഗേജിലല്ല സ്വര്‍ണം കടത്തിയതെന്ന മുരളീധരന്റെ പ്രസ്താവനയ്‌ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. രാജീവും രംഗത്തെത്തിയിരുന്നു. എന്‍ഐഎ സൈറ്റില്‍നിന്ന് ഇതിന്റെ വിശദാംശങ്ങള്‍ മന്ത്രിക്കു ലഭിക്കുമെന്ന് രാജീവ് സമൂഹമാധ്യമത്തില്‍ കുറിച്ചിരുന്നു. തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിന്റെ വിലാസത്തിലുള്ള നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് എന്ന് എന്‍ഐഎ വ്യക്തമായി പത്രക്കുറിപ്പ് ഇറക്കിയത് ആരെ ഉദ്ദേശിച്ചാണാവോ എന്നും പി. രാജീവ് ചോദിക്കുന്നു. 

English Summary: CPM against V Muralidharan on diplomatic baggage gold smuggling

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com