ADVERTISEMENT

മുംബൈ∙ സുശാന്ത് സിങ് രജ്പുത്തിന്റെ ജീവൻ അപകടത്തിലാണെന്ന് ചൂണ്ടിക്കാട്ടി പരാതി നൽകിയിരുന്നുവെന്ന കുടുംബത്തിന്റെ വാക്കുകൾ തള്ളി മുംബൈ പൊലീസ്. ഫെബ്രുവരി 25ന് ബാന്ദ്ര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നതായി സുശാന്തിന്റെ പിതാവ് നേരത്തെ പറഞ്ഞിരുന്നു. സുശാന്ത് മരിക്കുന്നതിനും നാലു മാസം മുൻപായിരുന്നു ഇതെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ വാർത്താ കുറിപ്പിൽ സുശാന്തിന്റെ കുടുംബത്തിന്റെ പ്രസ്താവന പൊലീസ് തള്ളിക്കളഞ്ഞു. സുശാന്തിന്റെ ജീവനു ഭീഷണിയുണ്ടെന്ന് കാണിച്ച് എഴുതി തയാറാക്കിയ പരാതി ലഭിച്ചിട്ടില്ലെന്ന് ബാന്ദ്ര പൊലീസ് സ്റ്റേഷന്‍ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ഐപിഎസ് ഉദ്യോഗസ്ഥനും സുശാന്തിന്റെ സഹോദരീ ഭർത്താവുമായ ഒ.പി.സിങ് ഇതുമായി ബന്ധപ്പെട്ട് സോൺ 9 ഡിസിപിക്ക് വാട്സാപ്പിൽ സന്ദേശമയച്ചിരുന്നു. എഴുതി തയാറാക്കിയ പരാതിയില്ലാതെ അന്വേഷണം നടത്താനാവില്ലെന്ന് ഡിസിപി അദ്ദേഹത്തെ അറിയിക്കുകയും ചെയ്തിരുന്നുവെന്ന് വാർത്തക്കുറിപ്പിൽ പറയുന്നു.

എന്നാൽ വിഷയം പരമാവധി പുറത്തറിയാതെ ഒത്തുതീർപ്പ് ആക്കുന്നതിനാണ് ഒ.പി.സിങ് താൽപര്യപ്പെട്ടിരുന്നത്. പക്ഷേ, പരാതി ലഭിക്കാതെ അന്വേഷിക്കാനാകില്ലെന്ന നിലപാടിൽ ഡിസിപി ഉറച്ചുനിന്നു. പരാതി നൽകിയിട്ടും ബാന്ദ്ര പൊലീസ് അന്വേഷിച്ചില്ലെന്നും മുംബൈ പൊലീസ് ബിഹാർ പൊലീസിന് അവശ്യമായ സഹായങ്ങൾ ചെയ്തു കൊടുക്കുന്നില്ലെന്നും സുശാന്തിന്റെ പിതാവ് കെ.കെ.സിങ് ആരോപിക്കുന്നു.

ജൂൺ 14നാണ് ബാന്ദ്രയിലെ വീട്ടിൽ സുശാന്ത് സിങ്ങിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സുശാന്ത് വിഷാദത്തിന് ചികിൽസയിലായിരുന്നുവെന്ന് അടുപ്പമുള്ളവർ പറഞ്ഞിരുന്നു. അതേസമയം, കാമുകി റിയ ചക്രവർത്തിക്കെതിരെ സുശാന്തിന്റെ കയ്യിൽനിന്ന് പണം തട്ടിയതടക്കമുള്ള കേസുകളിൽ അന്വേഷണം നടക്കുന്നുണ്ട്.

English Summary: Did not get any complaint from Sushant family in Feb: Cops

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com