സ്വർണക്കടത്ത് കേസ്: അന്വേഷണം വഴിതെറ്റിക്കാൻ സിപിഎം ശ്രമമെന്ന് കെ.സുരേന്ദ്രൻ

k_surendran
കെ.സുരേന്ദ്രൻ
SHARE

തിരുവനന്തപുരം∙ നയതന്ത്ര ബാഗേജ് എന്ന വാദം ആവർത്തിച്ച് ഉന്നയിക്കുന്നത് വഴി സ്വർണക്കടത്ത് കേസ് അന്വേഷണം വഴിതെറ്റിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കേസിലെ മുഖ്യപ്രതികളുടെ വാദം തന്നെയാണ് തോമസ് ഐസക് അടക്കമുള്ളവർ ഉന്നയിക്കുന്നത്. എൻഐഎയുടെ വാർത്താക്കുറിപ്പ് ഉയർത്തിക്കാട്ടുന്നവർ അന്വേഷണ ഏജൻസി കോടതിയിൽ കൊടുത്ത റിപ്പോർട്ട് മറച്ചു പിടിക്കുകയാണ്. ഭരണതലപ്പത്തുള്ളവരുടെ അടുപ്പക്കാരെ രക്ഷിക്കാനുള്ള വ്യഗ്രതയാണ് ഇതിലൂടെ പുറത്ത് വരുന്നതെന്നും അദ്ദേഹം പറഞ്ഞു.

അന്വേഷണം നല്ല രീതിയിൽ പുരോഗമിക്കുന്നതിൽ സംസ്ഥാന സർക്കാരിന് എന്താണ് വെപ്രാളം? രാജ്യ വിരുദ്ധ പ്രവർത്തിയുടെ പങ്ക് പറ്റിയവരിലേക്കുള്ള അന്വേഷണ ഏജൻസിയുടെ പോക്ക് താക്കോൽ സ്ഥാനക്കാരിലെത്തുമെന്ന ആശങ്കയാണോ ഇത്തരം വാദങ്ങൾക്ക് പ്രചോദനം? സ്വർണ്ണക്കടത്തിന്റെ പൂർണ ഉത്തരവാദിത്വം യുഎഇയുടെ തലയിലിടാനുള്ള സിപിഎം ശ്രമം ആരെ രക്ഷിക്കാനാണ്? നയതന്ത്ര ഉദ്യോഗസ്ഥരെ ചട്ടവിരുദ്ധമായി പിടിച്ചു വയ്ക്കണമായിരുന്നു എന്ന് ആവശ്യപ്പെടുന്നവരുടെ ലക്ഷ്യം യുഎഇയുമായുള്ള ഇന്ത്യയുടെ നല്ല ബന്ധം ഇല്ലാതാക്കലാണെന്നും സുരേന്ദ്രൻ ആരോപിച്ചു.

നയതന്ത്ര ബാഗേജ് എന്നത് രണ്ട് രാജ്യങ്ങൾ തമ്മിൽ ഔദ്യോഗികമായി നടക്കുന്ന ഇടപാടാണ്. ഫൈസൽ ഫരീദെന്ന കള്ളക്കടത്തുകാരൻ അയച്ചത് നയതന്ത്ര ബാഗേജാണെന്ന് സ്ഥാപിക്കുന്നത് യുഎഇയെ അപമാനിക്കലാണ്. നയതന്ത്ര ബാഗേജാണെന്ന് തെറ്റിധരിപ്പിച്ചാണ് സ്വർണക്കടത്ത് നടത്തിയതെന്ന് എൻഐഎ റിപ്പോർട്ടിൽ വ്യക്തമായി പറയുന്നുണ്ട്. വിയന്ന കണ്‍വെൻഷൻ പ്രകാരം നയതന്ത്ര ബാഗേജിന്റെ നിർവചനം എന്തെന്ന് തോമസ് ഐസക് വായിച്ചു പഠിക്കണം.

വി.മുരളീധരനെതിരെ വായിൽ തോന്നിയത് പറയുന്ന കോടിയേരി ആദ്യം കെ.ടി. ജലീലിന്റെ ഇടപാടുകൾ പരിശോധിക്കണം. രാജ്യത്തെ ചട്ടങ്ങൾ മറികടന്ന് വിദേശരാജ്യവുമായി കൊടുക്കൽ വാങ്ങലുകൾ നടത്തിയ ജലീലിന്റെ രാജിയാണ് പാർട്ടി സെക്രട്ടറി ആവശ്യപ്പെടേണ്ടത്. വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രോട്ടോകോൾ ബുക്കിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ജലീൽ പാലിച്ചിട്ടുണ്ടോയെന്ന് ജനങ്ങൾക്കു മുന്നിൽ വിശദീകരിക്കാൻ കോടിയേരിയെ വെല്ലുവിളിക്കുന്നു. രാജ്യത്തെ ഒറ്റുകൊടുത്തവർക്ക് സ്വന്തം ഓഫിസ് താവളമാക്കാൻ അനുവദിച്ച മുഖ്യമന്ത്രിയോട് രാജിവെക്കാൻ ഉപദേശിക്കുകയാണ് കോടിയേരി ചെയ്യേണ്ടതെന്നും സുരേന്ദ്രൻ പറഞ്ഞു.

Content Highlight: Diplomatic Baggage Gold Smuggling, CPM, K Surendran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA