ADVERTISEMENT

കൊച്ചി∙ നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയ കേസിൽ യുഎപിഎ നിലനിൽക്കുമോ എന്ന് എൻഐഎ കോടതി. സ്വപ്ന സുരേഷിന്റെ ജാമ്യ ഹർജി പരിഗണിക്കുമ്പോഴാണ് എൻഐഎ കോടതി നിർണായകമായ സംശയം ഉയർത്തിയത്. അതേസമയം, സ്വർണക്കടത്ത് സാമ്പത്തിക ഭീകരവാദമാണെന്ന വാദം എൻഐഎയ്ക്കു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ കോടതിയിൽ ആവർത്തിച്ചു. കേസ് ഡയറി ഉൾപ്പെടെ കൂടുതൽ തെളിവുകൾ അന്വേഷണ സംഘം കോടതിക്ക് കൈമാറിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ മറുവാദം.

കേസിലെ മുഖ്യ പ്രതികളുടെ ജാമ്യ ഹർജി പരിഗണിക്കുമ്പോഴാണ് കേസിൽ യുഎപിഎ നിലനിൽക്കുകയില്ലെന്ന് സ്വപ്ന സുരേഷിന്റെ അഭിഭാഷകൻ വാദിച്ചത്. അന്വേഷണ സംഘങ്ങളുടെ ചോദ്യം ചെയ്യൽ ഇതിനകം പൂർത്തിയാക്കിയിട്ടുണ്ടെന്നും ജാമ്യം അനുവദിക്കണമെന്നും സ്വപ്നയുടെ അഭിഭാഷകൻ വാദിച്ചു. സ്വർണക്കടത്തു കേസ് നികുതി വെട്ടിച്ച കേസ് മാത്രമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. കേസ് ഡയറി ഹാജരാക്കാൻ കോടതി എൻഐഎ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു.

സ്വർണക്കടത്തു കേസിനു പിന്നിൽ രാഷ്ട്രീയ താൽപര്യമെന്നും തന്നെ ബലിയാടാക്കുകയാണെന്നും സ്വപ്ന സുരേഷ് എൻഐഎ കോടതിയിൽ പറഞ്ഞു. അതേസമയം, കേസിന് രാഷ്ട്രീയ താൽപര്യം ഇല്ലെന്ന് അഡീഷനൽ സോളിസിറ്റർ ജനറൽ വിജയ കുമാർ കോടതിയിൽ പറഞ്ഞു. സ്വർണക്കടത്തിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ടത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം കോടതിയിൽ അറിയിച്ചു. കേസിൽ ഇതുവരെ അറസ്റ്റിലായ പ്രതികളുടെ തീവ്രവാദ ബന്ധത്തിന്റെ തെളിവുകളും അന്വേഷണ ഡയറിയിലെ വിവരങ്ങളും പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേസ് ഡയറി പരിശോധിച്ച ശേഷമായിരിക്കും സ്വപ്ന സുരേഷിന്റെയും സന്ദീപിന്റെയും ജാമ്യ ഹർജിയിൽ തീരുമാനം എടുക്കുക. 

Content Highlight: Diplomatic Baggage Gold Smuggling, NIA, Swapna Suresh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com