ADVERTISEMENT

കൊച്ചി∙ എത്തിക്കൽ ഹാക്കിങ് പഠിക്കാൻ യുട്യൂബ് ലിങ്ക് നൽകി ടാസ്ക് പ്രഖ്യാപനവും നടത്തിയതിനു പിന്നാലെ കെ ഹാക്കേഴ്സ് ഫെയ്സ്ബുക് പേജ് പൂട്ടി സ്ഥലം വിട്ടു. സെർവർ ഹാക്ക് ചെയ്തതിന് കെഎസ്ഇബി കേരള പൊലീസിന്റെ സൈബർ ഡോമിനും ഐടി സെല്ലിനും പരാതി നൽകിയതിനു പിന്നാലെ അന്വേഷണം മുറുകിയതോടെയാണ് എത്തിക്കൽ ഹാക്കർമാർ എന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ മലയാളി ഹാക്കർമാരുടെ സംഘം പേജ് പിൻവലിച്ചത്. തിരിച്ചറിയാതെ മറഞ്ഞിരുന്ന് ഓഫ് നെറ്റിലൂടെയും ഐപി ഒളിപ്പിച്ചും നടത്തിയ ഹാക്കിങ് വെളിച്ചത്താകാൻ ഇടയുണ്ട് എന്ന തിരിച്ചറിഞ്ഞതാകണം ഈ ഒളിച്ചോട്ടത്തിനു പിന്നിലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

സർക്കാർ സെർവറുകളുടെ സുരക്ഷാ വീഴ്ചകൾ കണ്ടെത്തി അത് തിരുത്തുന്നതിന് മുന്നറിയിപ്പു നൽകുകയാണ് ദൗത്യം എന്നായിരുന്നു കെഹാക്കേഴ്സിന്റെ പ്രഖ്യാപനം. എന്നാൽ മൂന്നാഴ്ചയ്ക്കുള്ളിൽ പോരായ്മ പരിഹരിച്ചില്ലെങ്കിൽ വിവരനഷ്ടമുണ്ടാകുമെന്നും കെഎസ്ഇബിക്ക് മുന്നറിയിപ്പു നൽകിയിരുന്നു. ഈ സാഹചര്യത്തിൽ പേയ്മെന്റ് സംവിധാനം നിർത്തിവച്ച് കെഎസ്ഇബി സെർവർ സുരക്ഷയ്ക്ക് നടപടി സ്വീകരിച്ചിരുന്നു. ഇതാണു വേണ്ടതെന്നും അടുത്ത പാര്‍ട്ട് ഉടനെ വരുമെന്നും പ്രഖ്യാപിച്ചെങ്കിലും പൊലീസ് ഐടി വിദഗ്ധർ അന്വേഷണം തുടങ്ങിയതോടെ അപകടം മണത്ത് സംഘം മറയുകയായിരുന്നെന്നാണ് വിലയിരുത്തൽ. അടുത്ത പാർട്ടിനുശേഷം ബവ്ക്യു ആപ്പിൽനിന്ന് വിവരങ്ങളെടുത്ത് പബ്ലിഷ് ചെയ്യുമെന്നായിരുന്നു വെളിപ്പെടുത്തൽ. അഞ്ചാം പാർട്ട് കേരളത്തെ ഞെട്ടിക്കുന്നതായിരിക്കുമെന്നും വീരവാദം മുഴക്കിയിരുന്നു.

സംസ്ഥാനത്ത് ആദ്യ ഘട്ടത്തിൽ കമ്പ്യൂട്ടർ സംവിധാനം ഏർപ്പെടുത്തിയ സ്ഥാപനമാണ് കെഎസ്ഇബി. അതുകൊണ്ടുതന്നെ വേണ്ടത്ര അപ്ഡേഷനുകൾ നടത്താത്തതിനാൽ സുരക്ഷാ വീഴ്ചകളും ഉണ്ടായിട്ടുണ്ടാകും. ഇത് ചൂണ്ടിക്കാണിക്കുന്നത് നല്ലതാണെങ്കിലും സ്ഥാപനത്തെ ഭീഷണിയുടെ മുൾമുനയിൽ നിർത്തുന്നതു ശരിയല്ലെന്ന നിലപാടാണു നല്ലൊരു പങ്ക് ആളുകളും പങ്കുവയ്ക്കുന്നത്. അതുകൊണ്ടു തന്നെ കെ ഹാക്കേഴ്സ് നടത്തിയത് എത്തിക്കൽ ഹാക്കിങ് അല്ലെന്ന വാദം ശക്തമാണ്. എത്തിക്കൽ ഹാക്കിങ്ങിനെ വൈറ്റ്, ഗ്രേ, ബ്ലാക് എന്ന് തിരിച്ചിട്ടുണ്ട്. ഇതിൽ ഗ്രേ ഹാക്കിങ്ങായിരുന്നു കെഹാക്കേഴ്സിന്റെത്.

വൈറ്റ് ഹാക്കിങ് എന്നാൽ ഇരു വിഭാഗവും അറിഞ്ഞ് സുരക്ഷ ശക്തമാക്കുന്നതിനായി നടത്തുന്നതാണ്. ഇതിന് ആദ്യം ഇരുവിഭാഗങ്ങളും തമ്മിൽ ഒരു ധാരണയുണ്ടാക്കിയിട്ടുണ്ടാകണം. കെഹാക്കേഴ്സ് ശരിക്കും എത്തിക്കലായിരുന്നെങ്കിൽ അവർ ആദ്യം കെഎസ്ഇബിയോട് പറയുകയായിരുന്നു വേണ്ടിയിരുന്നത്. ഇവർ ഉദ്ദേശിച്ചതു സ്വന്തമായി ഒരു ഹൈക്കുണ്ടാക്കുക എന്നതാണ്. ഹാക്കിങ് നടത്തി ഭീഷണിപ്പെടുത്തുന്നത് ഗ്രേ ഹാക്കിങ്ങാണ്. ഗ്രേഹാക്കിങ് ആണെങ്കിൽ പോലും ഒരു തവണ സെർവറുകളും പ്രവർത്തന സംവിധാനങ്ങളും നിർത്തി വയ്ക്കേണ്ടി വരുമ്പോഴുണ്ടാകുന്ന നഷ്ടം ലക്ഷങ്ങളാണ്. ചിലപ്പോഴത് വലിയ തുകകളാകും. അതുകൊണ്ടു തന്നെ ഗ്രേഹാക്കിങ് ഒരുകാരണവശാലും അനുവദിക്കാനാവില്ലെന്നും ഈ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നു. എന്തായാലും നിലവിലുള്ള സാഹചര്യത്തിൽ പൊലീസിന് ഇവരെ പിടികൂടാനായാൽ വിചാരണ നേരിടേണ്ടി വരുമെന്നും ഉദ്യോഗസ്ഥർ പറയുന്നു.

English Summary: K hackers closed its FB page

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com