ADVERTISEMENT

ബെംഗളൂരു∙ ഞായറാഴ്ച രാത്രി കോവിഡ് സ്ഥിരീകരിച്ച കർണാടക മുഖ്യമന്ത്രി യെഡിയൂരപ്പ (78) ബെംഗളൂരു മണിപ്പാൽ ആശുപത്രിയിൽ ചികിത്സയിൽ. പ്രമേഹരോഗമുള്ള യെഡിയൂരപ്പ 8-10 ദിവസം ആശുപത്രിയിൽ തുടരേണ്ടി വരുമെന്ന് മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ.കെ സുധാകർ പറഞ്ഞു. ചെറിയ ചുമയോടെയാണ് ആശുപത്രിയിലെത്തിച്ചത്.

തനിക്ക് കടുത്ത അസ്വാസ്ഥ്യമൊന്നും ഇല്ലെന്നും ആശങ്കപ്പെടേണ്ടെന്നും ഔദ്യോഗിക പ്രവർത്തനങ്ങൾ തുടരുമെന്നും വ്യക്തമാക്കി യെഡിയൂരപ്പ വിഡിയോ ക്ലിപ് പുറത്തുവിട്ടു. മകൾ ബി.വൈ പത്മാവതിക്കും കോവിഡ് പോസിറ്റീവായതിനെ തുടർന്ന് മണിപ്പാൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിനു പുറമേ ഔദ്യോഗിക വസതിയായ കാവേരിയിലെ 6 ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിച്ചു. ഗൺമാൻ, പാചകക്കാരൻ, ഒരു സ്ത്രീ ഉൾപ്പെടെ 2 സഹായികൾ, ഡ്രൈവർ, സുരക്ഷാ ജോലിയിലുള്ള പൊലീസുകാരൻ എന്നിവരാണ് പോസിറ്റീവായത്.

BS-Yediyurapp-hospitalised
മുഖ്യമന്ത്രി യെഡിയൂരപ്പയെ ചികിത്സിക്കുന്ന മണിപ്പാൽ ആശുപത്രിക്കു മുന്നിലെ പൊലീസ് സുരക്ഷ.

മന്ത്രിസഭാ വികസനം ഇനിയും വൈകും

മുഖ്യമന്ത്രി യെഡിയൂരപ്പ കോവിഡ‍് ചികിത്സയിലായതിനെ തുടർന്ന് ഈ മാസം നടക്കുമെന്നു പ്രതീക്ഷിച്ച മന്ത്രിസഭാ വികസനം നീളും. മന്ത്രി സ്ഥാനം മോഹിച്ച് രംഗത്തുള്ള മുതിർന്ന ബിജെപി നേതാക്കൾ ഉൾപ്പെടെയുള്ളവർക്ക് തിരിച്ചടി.  ബിജെപിയെ അധികാരത്തിലേറ്റാൻ കൂറുമാറിയവരിൽ മുൻനിരയിലുണ്ടായിരുന്ന ആർ.ശങ്കർ, എം.ടി.ബി.നാഗരാജ്, എ.എച്ച്.വിശ്വനാഥ് എന്നിവർ എംഎൽസിമാരായി കഴിഞ്ഞു. ഇവർക്കു പുറമേ ബിജെപി മുതിർന്ന നേതാക്കളായ സി.പി യോഗേശ്വർ, ഉമേഷ് കട്ടി തുടങ്ങിയവരും മന്ത്രിസ്ഥാനത്തിനായി രംഗത്തുണ്ട്.

ഈ വാരാന്ത്യത്തിൽ യെഡിയൂരപ്പ ഡൽഹിയിൽ ബിജെപി കേന്ദ്ര നേതൃത്വത്തെ സന്ദർശിച്ച് മന്ത്രിസഭാ വികസനത്തിന് അനുമതി തേടുമെന്ന സൂചനയാണ് നിലനിന്നിരുന്നത്. ഇതിനിടെയാണ് ഞായറാഴ്ച രാത്രി അദ്ദേഹം കോവിഡ് പോസിറ്റീവായത്. 6 ഒഴിവുകളിൽ  കുറഞ്ഞത് 3 എണ്ണമെങ്കിലും നികത്തുമെന്നും ചെറിയ തോതിൽ പുനസംഘനയുണ്ടാകുമെന്നും അഭ്യൂഹമുണ്ടായിരുന്നു.

മന്ത്രിമാരും കമ്മിഷണറും ഹോം ക്വാറന്റീനിൽ 

യെഡിയൂരപ്പയുമായി കഴിഞ്ഞ 3-4 ദിവസത്തിനിടെ അടുത്ത് ഇടപഴകിയവരോടു ഹോം ക്വാറന്റീനിൽ കഴിയാൻ ആരോഗ്യവകുപ്പ് നിർദേശിച്ചു. ഇതിൽ യെഡിയൂരപ്പയുടെ മകൻ ബി.വൈ വിജയേന്ദ്ര, ഉപമുഖ്യമന്ത്രി സി.എൻ അശ്വത്ഥ നാരായണ, ആഭ്യന്തര മന്ത്രി ബസവരാജ് ബൈമ്മൈ, ബെംഗളൂരു സിറ്റി പൊലീസ് കമ്മിഷണർ കമാൽപാന്ത് തുടങ്ങിയവരും  ഉൾപ്പെടുന്നു.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ഗവർണർ വാജുഭായ് വാലയുടെ സ്രവപരിശോധനാ ഫലം നെഗറ്റീവാണ്. കർണാടക മന്ത്രിസഭയിൽ കോവിഡ് സ്ഥിരീകരിച്ച നാലാമത്തെയാളാണ് യെഡിയൂരപ്പ. 23 –ാമത്തെ ജനപ്രതിനിധിയും. യെഡിയൂരപ്പയുടെ സ്വകാര്യ വസതിയായ ഡോളേഴ്സ് കോളനിയിലെ ധവളഗിരിയിലേയും ഓഫിസായ കൃഷ്ണയിലും കഴിഞ്ഞ മാസം ജീവനക്കാർക്കു കോവിഡ് സ്ഥിരീകരിച്ചിരുന്നു.

ഡി.കെ.ശിവകുമാർ ക്വാറന്റീനിൽ 

മുൻ എംഎൽസി ഐവാൻ ഡിസൂസ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്കു കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നു പിസിസി അധ്യക്ഷൻ ഡി.കെ.ശിവകുമാർ രണ്ടാഴ്ച ഹോം ക്വാറന്റീനിൽ. കഴിഞ്ഞ 31ന് മംഗളൂരു സന്ദർശന വേളയിൽ ശിവകുമാറിന്റെ സമ്പർക്കത്തിൽ ഉണ്ടായിരുന്നവരിൽ ഐവാൻ ഡിസൂസയും ഉൾപ്പെട്ടിരുന്നു. പാർട്ടി കാര്യങ്ങൾ ശിവകുമാർ വീട്ടിലിരുന്ന് നിയന്ത്രിക്കുമെന്ന് പിസിസി ഓഫിസ് അറിയിച്ചു.

English Summary: Karnataka Cabinet expansion to be delayed after BS Yediyurappa tests Covid positive

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com