ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്ത് ബുധനാഴ്ച 1195 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 1234 പേർ രോഗമുക്തി നേടി. 971 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 79 പേരുടെ ഉറവിടം അറിയില്ല. വിദേശത്ത് നിന്ന് വന്ന 66 പേരും മറ്റ് സംസ്ഥാനങ്ങളിൽനിന്നെത്തിയ 125 പേരും രോഗികളായി. 13 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു.

7 മരണമാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. കോഴിക്കോട് ചോമ്പാല പുരുഷോത്തമൻ (66), ഫറോക്കിലെ പ്രഭാകരൻ (73), കക്കട്ട് മരക്കാർകുട്ടി (70), കൊല്ലം വെഴിനല്ലൂർ അബ്ദുൽ സലാം (58), കണ്ണൂര്‍ ഇരിക്കൂർ യശോദ (59), കാസർകോട് ഉടുമ്പുന്തല അസൈനാർ ഹാജി (76), എറണാതുളം തൃക്കാക്കര ജോർജ് ദേവസി (83) എന്നിവരാണു മരിച്ചത്. നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു.

പോസിറ്റീവ് ആയവർ, ജില്ല തിരിച്ച്

തിരുവനന്തപുരം 274

കൊല്ലം 30

പത്തനംതിട്ട 37

ഇടുക്കി 39

കോട്ടയം 51

ആലപ്പുഴ 108

എറണാകുളം 120

തൃശൂർ 86

പാലക്കാട് 41

മലപ്പുറം 167

കോഴിക്കോട് 39

വയനാട് 14

കണ്ണൂർ 61

കാസർകോട് 128

നെഗറ്റീവ് ആയവർ, ജില്ല തിരിച്ച്

തിരുവനന്തപുരം 528

കൊല്ലം 49

പത്തനംതിട്ട 46

ഇടുക്കി 58

കോട്ടയം 47

ആലപ്പുഴ 60

എറണാകുളം 35

തൃശൂർ 51

പാലക്കാട് 13

മലപ്പുറം 77

കോഴിക്കോട് 72

വയനാട് 40

കണ്ണൂർ 53

കാസർകോട് 105

കഴിഞ്ഞ 24 മണിക്കൂറിൽ 25,096 സാംപിളുകൾ പരിശോധിച്ചു. 1,47,074 പേര്‍ നിരീക്ഷണത്തിൽ. 11,167 പേർ ആശുപത്രികളിൽ. 1444 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആകെ 4,17,939 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതിൽ 6444 സാംപിളുകളുടെ ഫലം വരാനുണ്ട്. സെന്റിനൽ സർ‌വൈലൻസിൽ 1,30,614 സാംപിളുകൾ ശേഖരിച്ചു. 1980 എണ്ണം ഫലം വരാനുണ്ട്.

സംസ്ഥാനത്തെ ഹോട്സ്പോട്ടുകളുടെ എണ്ണം 515 ആയി. തിരുവനന്തപുരത്ത് ഇന്ന് സ്ഥിരീകരിച്ച 274ൽ 248ഉം സമ്പർക്ക രോഗമാണ്. പൂന്തുറ, വിഴിഞ്ഞം എന്നിവിടങ്ങളിൽ രോഗവ്യാപന സാധ്യത കുറയുന്നു. എന്നാൽ അപകടാവസ്ഥ അയഞ്ഞിട്ടില്ല. ലാർജ് കമ്യൂണിറ്റി ക്ലസ്റ്ററുകളിൽ ഇന്നലെ 2011 പരിശോധന നടത്തി. 203 എണ്ണം പോസിറ്റീവ്. കള്ളിക്കാട്, വെള്ളറട, നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി എന്നീ ലിമിറ്റഡ് ക്ലസ്റ്ററുകൾ ലാർജ് കമ്യൂണിറ്റി ക്ലസ്റ്റർ ആകാനുള്ള സാധ്യതയുണ്ട്. ഈ മൂന്നിടങ്ങളിലും പ്രതിരോധം ശക്തമാക്കി.

ഓഗസ്റ്റ് 5,6 തീയതികളിൽ മത്സ്യബന്ധനത്തിനു പോകരുതെന്ന നിർദേശം വന്നിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ ഇതിനുള്ള‌ അനുമതി ഓഗസ്റ്റ് ഏഴിലേക്ക് മാറ്റി. പത്തനംതിട്ടയിൽ‌ തെരുവിൽ അലയുന്ന സ്ത്രീക്കും ദന്തൽ ക്ലിനിക്ക് ജീവനക്കാരിക്കും രോഗം സ്ഥിരീകരിച്ചതിന്റെ ഉറവിടം വ്യക്തമാകാത്തതിനെ തുടർന്ന് പുറമുറ്റത്ത് ലിമിറ്റഡ് കമ്യൂണിറ്റി ക്ലസ്റ്റര്‍ രൂപീകരിച്ചു. ആലപ്പുഴ ക്ലോസ്‍ഡ് ക്ലസ്റ്ററുകളിൽ ഒന്നാണ് ഐടിബിപി മേഖല. അവിടെ കാര്യങ്ങൾ നിയന്ത്രണത്തിലായി വരുന്നു.

ഇന്നലെ പുതുതായി 35 കേസുകളുണ്ട്. ഇതര സംസ്ഥാനത്ത് നിന്നും പുതുതായി വന്നവർ‌ക്കാണ് രോഗം. റൊട്ടേഷനൽ ചേഞ്ച് ഓവറിന്റെ ഭാഗമായി ജൂലൈ 7ന് ജലന്ധറില്‍ നിന്നെത്തിയ 50 പേരിൽ 35 പേർക്കാണ് രോഗം വന്നത്. 50 പേരുടെ ടീമിനെ ജില്ലയിലെത്തിയ ഉടൻ ക്വാറന്റീൻ ചെയ്തു. ഇവർക്കു പൊതുജനങ്ങളുമായി സമ്പർ‌ക്കം ഉണ്ടായിട്ടില്ല. നൂറനാട് ഐടിബിപി ക്യാംപിലേക്ക് പുതുതായി ഉദ്യോഗസ്ഥരെ അയക്കരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എറണാകുളത്ത് ആലുവ ക്ലസ്റ്ററിലും ഫോർട്ട് കൊച്ചി മേഖലയിലും രോഗവ്യാപനം തുടരുകയാണ്.

അങ്കമാലി, തൃക്കാക്കര, ഇടപ്പള്ളി മേഖലകളിലും കഴിഞ്ഞ ദിവസം കുറെപ്പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഫോർട്ട് കൊച്ചി മേഖലയിൽ കർഫ്യൂ പ്രഖ്യാപിച്ചു. ജില്ലയിൽ 82 സ്വകാര്യ ആശുപത്രികളാണ് കോവി‍ഡ് പ്രവർത്തനത്തിൽ പങ്കാളികളായത്. മെഡിക്കൽ കോളജിൽ 80 പേരാണ് ഗുരുതര ലക്ഷണങ്ങളുമായി ചികിത്സയിലുള്ളത്. ഐസിയുവിൽ ആവശ്യമായ സൗകര്യമുണ്ട്. തൃശൂർ ജില്ലയ്ക്കു പുറത്തുള്ള പട്ടാമ്പി ക്ലസ്റ്ററിൽ സമ്പർക്ക രോഗബാധിതരാകുന്നവരുടെ എണ്ണം വർധിക്കുന്നത് ആശങ്ക ഉയർത്തുന്നു. പാലക്കാട് ജില്ലയിലെ ആദിവാസി കോളനികളിൽ കോവി‍‍ഡ് പ്രതിരോധ പ്രവര്‍ത്തനങ്ങൾ സമയബന്ധിതമായി നടപ്പാക്കുന്നുണ്ട്.

ഇവിടേക്കു പുറത്തുനിന്ന് ആളുകൾ വരുന്നത് തടയാൻ ആരോഗ്യം, ട്രൈബൽ, വനം വകുപ്പുകളുടെ നേതൃത്വത്തിൽ പറമ്പിക്കുളം ഉൾപ്പെടെയുള്ള മേഖലകളിൽ പരിശോധനയും ബോധവൽകരണവും നടക്കുന്നു. അട്ടപ്പാടി മേഖലയിലെ കോവി‍ഡ് ബാധിതർക്കായി 420 കിടക്കകളോടെ ഫസ്റ്റ്‌ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ സജ്ജമാക്കി. കോഴിക്കോട് കുട്ടികൾക്ക് കോവിഡ് സ്ഥിരീകരിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടു. കഴിഞ്ഞ ദിവസം ബന്ധുക്കൾ മരണവീട്ടിൽ കൊണ്ടുപോയ എട്ടുമാസം പ്രായമായ കുഞ്ഞിന് രോഗം വന്നു. 5 വയസ്സിന് താഴെയുള്ള 5 കുട്ടികൾക്കും സമ്പർക്കത്തിലൂടെ രോഗം കണ്ടെത്തി. കുഞ്ഞുങ്ങളുടെ കാര്യത്തിൽ ഒര‌ു ജാഗ്രതക്കുറവും ഉണ്ടാകാൻ പാടില്ല.

വയനാട്ടിൽ പേരിയ പുലച്ചിക്കുനി പട്ടികവർഗകോളനിയിലെ 2 വീടുകളിലായി 11 പേർക്ക് രോഗം വന്നു. പരിസരത്തെ മുഴുവൻ വീടുകളിലും കോളനികളിലും പരിശോധന ഊർജിതമാക്കി. ശക്തമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചു. കണ്ണൂർ മെഡിക്കൽ കോളജിലെ സ്ഥിതി മെച്ചപ്പെട്ടു. 93 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 125 പേർക്കാണ് രോഗം ബാധിച്ചത്. നിലവിൽ 60 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 93 പേർക്ക് കോവിഡുണ്ട്. ഇവിടെ 1292 ടെസ്റ്റുകൾ നടത്തി. കോവിഡ് ഇതര രോഗ ചികിത്സയ്ക്കുള്ള ഒപി നിയന്ത്രണം ഒരു ആഴ്ച കൂടി തുടരുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

English Summary: Kerala records 1,195 new COVID-19 cases, 1,234 recoveries on Wednesday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com