ADVERTISEMENT

ഫ്ലോറിഡ∙ യുഎസിലെ ഫ്ലോറിഡയിൽ ഒരു കോടി രൂപയുടെ ചെക്ക് നൽകി കാസി വില്യം കെല്ലി എന്നയാൾ ആഡംബര വാഹനമായ പോർഷെ കാർ വാങ്ങി. ഒകലൂസയിലെ പോർഷെ ഷോറൂമിൽനിന്ന് ‘നിയമപര’മായി തന്നെ വാങ്ങിയ‍‌‌ പുതിയ കാറുമൊത്തുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ പോസ്റ്റ് ചെയ്യുകയും ചെയ്തു.

പക്ഷേ കുറച്ചു ദിവസം കഴിഞ്ഞപ്പോൾ കാസിയെ വാൽട്ടൻ കൗണ്ടി പൊലീസ് അറസ്റ്റ് ചെയ്തു. കാസി ഷോറൂമിൽ നൽകിയ ചെക്ക് അയാൾ തന്നെ വീട്ടിൽ നിർമിച്ചതായിരുന്നു അറസ്റ്റിനുള്ള കാരണം. മാത്രമല്ല തന്റെ ചെക്ക് ഉപയോഗിച്ച് വിലകൂടിയ റോളക്സ് വാച്ച് വാങ്ങിക്കാനുള്ള ശ്രമവും കാസി നടത്തി. ബുധനാഴ്ചയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

സംഭവം ഇങ്ങനെ:

കാസി വില്യം കെല്ലി (42) ജൂലൈ 27ന് ഒകലൂസയിലെ പോര്‍ഷെ ഡീലർഷിപ്പ് സെന്ററിൽ എത്തുന്നു. സ്വന്തം ചെക്ക് കൊടുത്ത് 911 ടർബോ എൻജിനുള്ള പോർഷെ വാങ്ങിക്കുന്നു. ഒരു കോടിയോളം രൂപ വില വരുന്ന കാറാണ് ഇത്. എന്നാൽ അധികൃതർ ചെക്ക് മാറാൻ ബാങ്കിനെ സമീപിച്ചപ്പോഴാണ് തട്ടിപ്പ് മനസ്സിലാകുന്നത്. ഇതിനെത്തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

പോർഷെയുമായി പോയവഴി മിറാമർ ബീച്ചിലെ ഒരു ജ്വല്ലറിയിൽനിന്ന് 61,521 ഡോളറിന്റെ മറ്റൊരു വ്യാജ ചെക്ക് ഉപയോഗിച്ച് മൂന്ന് റോളക്സ് വാച്ചുകൾ വാങ്ങാനും കാസി ശ്രമിച്ചതായി പൊലീസ് അറിയിച്ചു. എന്നാൽ ചെക്ക് മാറുന്നതിനു മുൻപ് വാച്ച് നൽകാൻ അധികൃതര്‍ തയാറാകാതിരുന്നതോടെ ശ്രമം പരാജയപ്പെട്ടു.

ജ്വല്ലറിക്കാരും പിന്നീട് പൊലീസിൽ പരാതി നൽകി. വീട്ടിലെ കംപ്യൂട്ടറിൽ തന്നെയാണ് ചെക്ക് പ്രിന്റ് ചെയ്തതെന്ന് കാസി പൊലീസിനോട് സമ്മതിച്ചു. ബാങ്കിൽനിന്ന് ചെക്ക് ലഭിക്കാത്തതു കൊണ്ടാണ് സ്വയം ചെക്ക് നിർമിച്ചതെന്നും പറഞ്ഞു. ഇയാളെ വാൽട്ടൻ കൗണ്ടി ജയിലിലേക്ക് മാറ്റി.

English Summary: Man Buys Porsche Worth ₹ 1 Crore With Cheque Printed At Home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com