ADVERTISEMENT

വാഷിങ്ടൻ ∙ ലബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിലുണ്ടായ ഇരട്ട സ്ഫോടനം ഭീകരാക്രമണമെന്നു സംശയിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സ്ഫോടനം ഏതെങ്കിലും തരത്തിലുള്ള ബോംബ് മൂലമാകാമെന്ന് യുഎസ് ജനറൽമാർ തന്നോട് പറഞ്ഞതായി ട്രംപ് വൈറ്റ്ഹൗസിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

യുഎസ് ജനറൽമാരുടെ അഭിപ്രായത്തിൽ ഇരട്ട സ്ഫോടനം വെയർഹൗസിൽ ഉണ്ടായ ഒരു പൊട്ടിത്തെറിയല്ലെന്നും ഇതിനെ ഒരു ആക്രമണമായാണ് അവർ കരുതുന്നതെന്നും ട്രംപ് പറഞ്ഞു. ലബനന് ആവശ്യമായ എല്ലാ സഹായങ്ങളും ട്രംപ് വാഗ്ദാനം ചെയ്തു.

കോവിഡ് ഭീതിയിലും സാമ്പത്തിക പ്രതിസന്ധിയിലും വലയുന്ന ബെയ്റൂട്ടില്‍ കുറേ വർഷങ്ങൾക്കിടയിലുണ്ടാകുന്ന ഏറ്റവും ശക്തമായ സ്ഫോടനമാണിത്. ലബനന്റെ മുൻ പ്രധാനമന്ത്രി റഫീഖ് ഹരീരി 2005 ല്‍ കാർബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ട കേസിലെ വിധി വരാനിരിക്കെയാണ് സ്ഫോടനം. ഈ സാഹചര്യത്തിലാണ് അട്ടിമറി സാധ്യത ചൂണ്ടിക്കാട്ടി യുഎസ് രംഗത്തെത്തിയിരിക്കുന്നത്.

സ്ഫോടനത്തിൽ 100 പേർ കൊല്ലപ്പെട്ടതായാണ് ഇതുവരെയുള്ള വിവരം. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ അറിയിക്കുന്നത്. നാലായിരത്തോളം പേർക്ക് പരുക്കേറ്റു. ഒട്ടേറെ കെട്ടിടങ്ങൾ തകർന്നു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരുടെയും മുറിവേറ്റവരുടെയും ദൃശ്യങ്ങൾ പ്രാദേശിക വാർത്താ ചാനലുകൾ പുറത്തുവിട്ടു.

1200-lebanon-explosions

എന്നാൽ യുഎസിന്റെ വാദത്തോട് ലബനൻ അനുകൂലമായി പ്രതികരിച്ചിട്ടില്ല. ബെയ്റൂട്ടിലെ തുറുമുഖത്തിനടുത്തുള്ള വെയർഹൗസിൽ വർഷങ്ങളായി സൂക്ഷിച്ചിരുന്ന 2750 കിലോ ടൺ അമോണിയം നൈട്രേറ്റ് െപാട്ടിത്തെറിച്ചാണ് സ്ഫോടനം ഉണ്ടായതെന്നാണ് ഔദ്യോഗിക വിശദീകരണം. വർഷങ്ങൾക്കു മുൻപ് കണ്ടുകെട്ടിയ സ്ഫോടന വസ്തുക്കളും ഈ വെയർഹൗസിലാണ് സൂക്ഷിച്ചിരുന്നത്. സംഭവത്തിന് ഉത്തരവാദികൾ ആരായിരുന്നാലും വലിയ വില നൽകേണ്ടി വരുമെന്ന് ലബനൻ പ്രധാനമന്ത്രി ഹസൻ ദയബ് മുന്നറിയിപ്പ് നൽകി.

English Summary: Lebanon Explosions "Looks Like A Terrible Attack", Says Trump

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com