മിസൈൽ ഘടിപ്പിച്ച പോർവിമാനങ്ങൾ ദക്ഷിണ ചൈനാ കടലിൽ; യുഎസിന് മുന്നറിയിപ്പ്

1200-south-china-sea
ദക്ഷിണ ചൈനാ കടലിൽ നിരീക്ഷണം നടത്തുന്ന യുഎസ് നാവിക സേന (ഫയൽ ചിത്രം).
SHARE

വാഷിങ്ടൻ ∙ വിയറ്റ്‌നാം, മലേഷ്യ, തയ്‌വാൻ, ബ്രൂണെയ് തുടങ്ങിയ രാജ്യങ്ങൾ അവകാശവാദം ഉന്നയിക്കുന്ന ദക്ഷിണ ചൈന കടലിലെ യുഎസ് സൈനിക ഇടപെടലുകൾക്കു മറുപടിയായി ചൈനയുടെ സൈനികാഭ്യാസം. ചൈന അവരുടേതെന്ന് അവകാശപ്പെടുന്ന സ്പ്രാറ്റി ദ്വീപിനു മുകളിലൂടെ ചൈനീസ് യുദ്ധവിമാനങ്ങൾ വട്ടമിട്ടു പറന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അത്യാധുനിക മിസൈലുകളും യുദ്ധ ഉപകരണങ്ങളും ഘടിപ്പിച്ച യുദ്ധവിമാനങ്ങൾ മണിക്കൂറുകളോളം ഈ മേഖലയിൽ പറന്നതായാണ് റിപ്പോർട്ട്.

പീപ്പിൾസ് ലിബറേഷൻ ആർമി പാരസെല്‍ ദ്വീപിൽ സൈനിക പരിശീലനം നടത്തുന്നുവെന്നും ഈ പരിശീലനം മേഖലയിലെ മറ്റു രാജ്യങ്ങള്‍ക്ക് ഭീഷണിയാണെന്നും ആരോപിച്ചാണ് മേഖലയിൽ യുഎസ് സൈനിക നീക്കം ശക്തമാക്കിയത്. രാജ്യാന്തര വേദികളിലെ വാക്പ്പോരിലൂടെയും ആയുധപരീക്ഷണം നടത്തിയും മറ്റും സ്വന്തമെന്നു സ്ഥാപിക്കാന്‍ ലക്ഷ്യമിടുന്ന മേഖലയിൽ അമേരിക്കയുടെ പടക്കപ്പലുകൾ വെല്ലുവിളിയുമായി എത്തിയതോടെയാണു ശക്തമായ മുന്നറിയിപ്പുമായി ചൈന രംഗത്തെത്തിയത്. ആശങ്കയോടെയാണ് ലോകരാജ്യങ്ങൾ ഇതിനെ നോക്കിക്കാണുന്നത്.

1200-south-china-sea-china

തങ്ങളുടെ പരമാധികാരത്തിലുള്ളതെന്ന് അവകാശപ്പെടുന്ന മേഖലകളിലെ, മറ്റു രാജ്യങ്ങളുടെ വ്യോമ, നാവിക സാന്നിധ്യങ്ങളെ എന്നും ശക്തമായി എതിർക്കുന്ന ചൈന മേഖലയിൽ യുഎസ് നടത്തുന്ന ഇടപെടലുകളിൽ അസ്വസ്ഥരാണ്. ദക്ഷിണ ചൈന കടല്‍ ചൈനയുടെ സമുദ്ര സാമ്രാജ്യമല്ലെന്നും രാജ്യാന്തര നിയമം ലംഘിക്കുകയാണെന്നുമുള്ള യുഎസ് മുന്നറിയിപ്പ് അവഗണിച്ചാണ് മേഖലയിൽ ചൈന ചുവടുറപ്പിക്കുന്നത്. ചൈനയും യുഎസും പരസ്പരം പോർവിളികളുമായി മേഖലയിൽ നിലയുറപ്പിച്ചതോടെ മേഖലയിലെ സമാധാന ശ്രമങ്ങൾക്ക് കടുത്ത തിരിച്ചടി നേരിട്ടു.

ദക്ഷിണ ചൈന കടലിലെ സമുദ്രാതിര്‍ത്തികളില്‍ മിക്കതിലും ചൈനീസ് അവകാശവാദത്തെ നിരസിക്കുന്ന നിലപാടാണ് യുഎസ് ഇതുവരെ സ്വീകരിച്ചിരുന്നത്. ദക്ഷിണ ചൈനാ കടലിൽ ചൈന സ്ഥാപിച്ച കൃത്രിമ ദ്വീപുകൾ പിടിച്ചെടുക്കുമെന്ന് നേരത്തേ അമേരിക്ക മുന്നറിയിപ്പ് നൽകിയിരുന്നു. പാരസെൽ ദ്വീപുകൾക്കു 12 നോട്ടിക്കൽ ൈമൽ ദൂരത്ത് അമേരിക്കൻ യുദ്ധക്കപ്പലുകൾ പതിവായി നിരീക്ഷണം നടത്തുന്നുണ്ട്. ട്രീ, ലിങ്കൺ, ട്രിറ്റൺ, വൂഡി ദ്വീപുകളിലും യുഎസ് കപ്പലുകൾ പരിശോധന നടത്തിയിരുന്നു. ദ്വീപുകൾ നിർമിച്ചിരിക്കുന്ന കടൽ ഭാഗങ്ങൾ രാജ്യാന്തര പാതയുടെ ഭാഗമാണെന്നും ഇവിടെ ഏതു രാജ്യത്തിന്റെ കപ്പലുകൾക്കും സഞ്ചരിക്കാമെന്നുമാണ് യുഎസ് വാദം.

1200-us-navy
യുഎസ് നേവിയുടെ സൈനിക സന്നാഹങ്ങൾ(ഫയൽ ചിത്രം)

രാജ്യാന്തര പാതകൾ കടന്നു പോകുന്ന ഇടമായതിനാലും ധാരാളം മത്സ്യസമ്പത്തുള്ളതിനാലുമാണ് ചൈന ഈ പ്രദേശം നോട്ടമിടുന്നതെന്നും മറ്റു രാജ്യങ്ങളുടെ മത്സ്യബന്ധനം അടക്കമുള്ള പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന ചൈനയുടെ ഇത്തരം പ്രവൃത്തികൾ അംഗീകരിക്കാൻ സാധിക്കില്ലെന്നും യുഎസ് മുൻപു വ്യക്തമാക്കിയിരുന്നു. ദക്ഷിണ ചൈനാ കടലിനെ തങ്ങളുടെ സമുദ്രസാമ്രാജ്യമാക്കാൻ ചൈനയെ അനുവദിക്കില്ലെന്നും യുഎസ് പറയുന്നു.

ദക്ഷിണ ചൈന കടലിന്റെ ഭൂരിഭാഗവും തങ്ങളുടെ അധീനതയിലാണെന്നും ഇവിടത്തെ ദ്വീപുകൾ തങ്ങളുടേതാണെന്നുമുള്ള ചൈനയുടെ അവകാശവാദത്തെ ബ്രൂണെയ്, മലേഷ്യ, ഫിലിപ്പീൻസ്, തയ്‌വാൻ, വിയറ്റ്നാം എന്നീ രാജ്യങ്ങൾ എതിർക്കുന്നതാണ് ഇവിടെ സംഘർഷം മുറുകാൻ കാരണം. വൻതോതിൽ എണ്ണ, വാതക നിക്ഷേപമുള്ളതാണ് ഈ മേഖല. വിലപിടിച്ച വ്യാപാരപാത കൂടിയാണ് ഇവിടം.

English Summary: South China Sea on knife-edge after Chinese fighters swoop low over disputed islands

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA