ADVERTISEMENT

കൊച്ചി∙ ‘തണുപ്പല്ലേ, എന്റെ പൊതി കഴിക്കുന്ന കുടുംബത്തിന് രണ്ടു ദിവസം ചായകുടിക്കാൻ ഇത് ഇതിരിക്കട്ടെ എന്നു മാത്രമാണ് കരുതിയത്.’- ചെല്ലാനത്ത് കടൽ കെടുതിയിലായവർക്കായി പൊതിച്ചോറിൽ നൂറു രൂപവച്ച കുമ്പളങ്ങിക്കാരി മേരി സെബാസ്റ്റ്യന്റെ പ്രതികരണം. ‘ഇത് ആരെയും അറിയിക്കാതെ വേണമെന്നു കരുതിയെങ്കിലും ഇപ്പോ എല്ലാവരും അറിഞ്ഞു. സിഐ സാറ് വന്നു സമ്മാനം നൽകി. സംഗതി വാർത്തയായതോടെ പള്ളികളിൽ നിന്ന് ഒരുപാട് അച്ചൻമാർ വിളിച്ചു. 

തണുപ്പുകാലമായാൽ ഞാൻ ഇടയ്ക്ക് ഓരോ ചായ കുടിക്കും. കുമ്പളങ്ങിയിൽ ദുരിതത്തിലുള്ള ഒരാൾക്കെങ്കിലും ചായകുടിക്കാൻ സഹായകമാകുമല്ലോ, ചോറ് പൊതി കെട്ടിക്കഴിഞ്ഞപ്പോൾ മോനോടു പറഞ്ഞു ഒരു കപ്പലണ്ടി വാങ്ങാൻ. അതിലെ കപ്പലണ്ടി എടുത്ത ശേഷം നൂറു രൂപ വച്ച് സെല്ലോടേപ്പ് ഒട്ടിച്ചാണ് ചോറിനൊപ്പം വച്ചത്. അല്ലെങ്കിൽ നനവ് പടർന്നാലോ? 

സംഗതിയറിഞ്ഞ് വാർത്തക്കാരൊക്കെ എത്തിയപ്പോൾ വെള്ളത്തിലൂടെയാണ് വീട്ടിലെത്തിയത്. കഴിഞ്ഞ തവണ അടുക്കളയിലും മുറികളിലും വെള്ളം കയറി, കോലായിൽ മാത്രം വെള്ളം കയറിയില്ല. കടൽ കയറി നിൽക്കുമ്പോൾ ഞങ്ങളെല്ലാം ഇത് അനുഭവിക്കുന്നതാണ്. ചെല്ലാനത്ത് രോഗം കൂടി ഉള്ളതിനാൽ അവർ ഒരുപാട് കഷ്ടപ്പെടുന്നുണ്ടാകും. പിന്നെ ഞങ്ങൾ കുമ്പളങ്ങിക്കാർ ഉള്ളതിൽ ഒരു പങ്ക് വരുന്നവർക്കും കൊടുക്കും. അത് ഭക്ഷണമായാലും.’– മേരിയുടെ വാക്കുകൾ നിറഞ്ഞ സന്തോഷം. 

മേരി കാറ്ററിങ് പണികൾക്ക് പോകുന്നുണ്ട്. കുറേനാൾ പണിയില്ലായിരുന്നു. കഴിഞ്ഞമാസം 15 ദിവസം പണി കിട്ടി. അതിൽ നിന്ന് കുറച്ചു പൈസ കിട്ടിയതിൽ നിന്നാണ് ഈ ‘കോടി’ കരുതൽ. ഭർത്താവ് സെബാസ്റ്റ്യൻ വള്ളം നിർമിക്കുന്ന പണിയാണ്. ഇപ്പോൾ പണിയില്ലാത്ത സമയവും. മക്കളുടെ രണ്ടു പേരുടെയും വിവാഹം കഴിഞ്ഞു. മകൻ സെബിൻ ഇന്നലെ ഫെയ്സ്ബുക്കിലെഴുതി ‘എന്റെ അമ്മയെക്കുറിച്ച് നിറയെ അഭിമാനമാണ്’ എന്ന്. 

sebin-fb-mary-sebastian
മേരിയുടെ മകൻ സെബിന്റെ ഫെയ്‌സ്ബുക് പോസ്റ്റ്, മേരി സെബാസ്റ്റ്യൻ

ഇന്നലെ ചെല്ലാനത്ത് കടൽ കയറി ദുരിതത്തിലായവർക്ക് വിതരണം ചെയ്യാൻ നാട്ടുകാരിൽ നിന്ന് സംഭരിച്ച ഭക്ഷണപ്പൊതികളിലൊന്ന് തുറന്ന പൊലീസുകാരിൽ ഒരാളാണ് നൂറു രൂപ കണ്ടതും വിവരം സിഐ പി.എസ്. ഷിജുവിനെ അറിയിച്ചതും. ഷിജുവും കുമ്പളങ്ങിക്കാരനാണ്. സ്വന്തം നാട്ടിലെ വീട്ടമ്മയുടെ ചെയ്തിയിൽ സന്തോഷം തോന്നിയാണ് അദ്ദേഹം ഇക്കാര്യം ഫെയ്സ്ബുക്കിലിട്ടത്. ‘ഒരു പഴം കൊടുത്താൽ പോലും സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിടുന്ന ഇക്കാലത്ത് വാങ്ങുന്നവന്റെ ആത്മാഭിമാനത്തെ മുറിവേൽപ്പിക്കാതെ പൊതിച്ചോറിൽ 100 രൂപ കരുതിയ മനസിനു മുന്നിൽ നമിക്കുന്നു’ എന്നായിരുന്നു പോസ്റ്റ്. 

English Summary : Kumbalangi native woman who put Rs 100 in pothichoru

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com